ആത്മാവില്‍ നിന്നുയരുന്ന സ്നേഹം
മക്കയിലെ ഹറം സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ഭൂ പ്രദേശം വളരെ സവിശേഷതകള്‍ നിറഞ്ഞ ഒരു പ്രദേശമായി തന്നെയാണ് ഇസ്ലാമീക ലോകം കണക്കാക്കുന്നത് അത് കൊണ്ട് തന്നെ അതൊരു പുണ്യസ്ഥലവുമാണ് ; ആ ഭാഗത്ത് പാലിക്കേണ്ട ചില രീതികളുണ്ട്
അതിലൊന്ന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ സൌന്ദര്യം കൊണ്ടൊ,വിരൂപത കൊണ്ടൊ അംഗ വൈകല്യം കൊണ്ടൊ അതുമല്ല നിറം കൊണ്ടൊ വ്യത്യസ്ഥരാകുന്നവരെ കൂടുതല്‍ ശ്രദ്ധിക്കാനൊ, ആശ്ചര്യപ്പെടാനൊ, മുഖം കറുപ്പിക്കാനൊ വിസ്മയത്തോടെ നോക്കി നില്‍ക്കാനൊ പാടില്ല കാരണം എല്ലാം പടച്ചവന്റെ സൃഷ്ടികളാണ് അതവന് മാത്രം വിട്ട് നല്കുക
മക്ക എന്ന പുണ്യഭൂമിയിലെ ഈ നിയമം ലോകത്തെമ്പാടും നടപ്പാക്കേണ്ട ഒന്ന് തന്നെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
കാരണം ശരീരത്തിന്റെ ,നിറത്തിന്റെ,രൂപത്തിന്റെ ഭംഗി,അഭംഗിയനുസരിച്ച് കൂട്ടുകൂടുന്ന ഒരു വലിയ സമൂഹമുണ്ട് അത് കുട്ടികളിലുണ്ടായാലൊ എത്രമാത്രം മാനസ്സീക വിഷമം അവരില്‍ ഉടലെടുക്കുമെന്ന് പ്രവചിക്കാനാവില്ല
പക്ഷെ ചില കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരുടെ ഹൃദയം നോക്കി മാത്രം കൂട്ടുകൂടുന്നവരുണ്ട്
റിയാദിലുണ്ടായിരുന്ന സമയത്ത് അങ്ങനെ ഒരു കുട്ടിയെ സ്ഥിരം കാണുമായിരുന്നു ; തീരെ ചെറുപ്പത്തില്‍ പൊള്ളലേറ്റതാണ്
മുഖ സൌന്ദര്യം നഷ്ടം വന്നിരിക്കുന്നു പക്ഷെ അവന്റെ സൌഹാ൪ദ്ദങ്ങള്‍ അവനെ നെഞ്ചോട് ചേ൪ത്ത് നി൪ത്തിയിരിക്കുന്ന കാഴ്ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു
അത് പോലെ തന്നെ എന്റെ ചെറുപ്പകാല സൌഹാ൪ദ്ദങ്ങളില്‍ ഒരാളായിരുന്നു അബ്ദുള്‍ ജബ്ബാ൪....
അരക്ക് കീഴെ തള൪ന്നത് കൊണ്ട് കയ്യില്‍ ചെരുപ്പ് ധരിച്ച് റോഡിലൂടെ സഞ്ചരിക്കുകയും മറ്റുള്ളവരുടെ സഹായത്തോടെ വീല്‍ ചെയറും ഉപയോഗിച്ചിരുന്ന അവന്റെ ഒപ്പം എന്ത് സഹായത്തിനും,കൂട്ടുകൂടാനും നിരവധി കുട്ടികളുണ്ടായിരുന്നു എന്നത് നാടിന്റെ നന്മയായി കണക്കാക്കുന്നു
അകാലത്തില്‍ ഞങ്ങളെ വിട്ട് അവ൯ പോകും വരെ അത് തുട൪ന്നു...
പറഞ്ഞ് വന്നത് ഒറ്റ കാലനെന്നൊ,കയ്യനെന്നൊ,വിരൂപനെന്നൊ,കുള്ളനെന്നൊ,കറുമ്പനെന്നൊ,പൊട്ടനെന്നൊ,ചെകിടനെന്നൊ പരിഹസിക്കുന്നവ൪ക്കിടയിലൂടെ
"എടാ ഇത് ഞങ്ങളുടെ ചങ്കാണെന്ന്" ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കൂടെ നടത്താന്‍ ഒരു വലിയ മനസ്സുണ്ടാകണം അത് ആരും പഠിപ്പിച്ച് കൊടുക്കേണ്ടതൊ, അല്ലെങ്കിൽ ആരെയെങ്കിലും കാണിക്കാനൊ വേണ്ടിയാകരുത്...
അത് ആത്മാവില്‍ നിന്ന് ഉയ൪ന്ന് വരേണ്ട ഒരു ദിവ്യ സ്നേഹമാവണം, അങ്ങനെയാണ് മനുഷ്യത്വമുള്ള മനുഷ്യനുണ്ടാകുന്നത്...
Fareedjas
Comments
Post a Comment