കണ്ണീര്‍ മഴ
കണ്ണീര്‍ തോര്‍ന്ന ദിവസങ്ങളില്ല അസ്മാക്ക്. എന്നും സങ്കടം. തന്‍റെ ദുഃഖം ആരറിയാന്‍. ഭര്‍ത്താവ് സ്ത്രീയെ ഉപദ്രവിക്കാനും പീഡിപ്പിക്കാനും ഒരുങ്ങിയാല്‍....?
അടിയും തൊഴിയും പരുപരുക്കന്‍ സ്വഭാവവും അസ്മ ഏറെ സഹിച്ചു. സഹികെട്ടപ്പോഴാണ് പരാതിയുടെ ഭാണ്ഡവുമായി പിതാവായ അബൂബക്കര്‍(رضي الله عنه)വിന്‍റെ അടുക്കല്‍ എത്തിയിരിക്കുന്നത്.
എന്ത് കുറവാണ് തന്‍റെ ഭര്‍ത്താവിനുള്ളത്? ഒന്നുമില്ല. എല്ലാം തികഞ്ഞ മാന്യന്‍. പതിനഞ്ചാം വയസ്സില്‍ ഇസ്‌ലാം സ്വീകരിച്ച സ്വഹാബി. സുബൈര്‍ ബിന്‍ അവ്വാം (رضي الله عنه). ആ പേരുതന്നെ ശത്രുക്കള്‍ക്ക് അരോചകമാണ്. തികഞ്ഞ ധൈര്യശാലി, പോരാളി, മുഹമ്മദ് നബി(ﷺ)യെ കൊല്ലാന്‍ ശത്രുക്കള്‍ ഒരുങ്ങിയപ്പോള്‍ ചെറുപ്പത്തിലേ വാള്‍പ്പയറ്റുമായി രംഗത്തുവന്ന യുവാവ്. ധനികന്‍. ഒട്ടുമുക്കാല്‍ യുദ്ധങ്ങളിലും നബി(ﷺ)യോടൊത്ത് പങ്കെടുത്ത യോദ്ധാവ്. സ്വര്‍ഗംകൊണ്ട് സന്തോഷം അറിയിക്കപ്പെട്ട ഭാഗ്യവാന്‍. പലതവണ ഞാനദ്ദേഹത്തിന്‍റെ കുഞ്ഞുങ്ങളെ ഗര്‍ഭം ചുമന്നു. പ്രയാസകരങ്ങളായ എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. ധൈര്യത്തില്‍ അദ്ദേഹത്തെക്കാള്‍ പിന്നിലല്ല ഞാന്‍. പക്ഷേ അദ്ദേഹത്തിന്‍റെ പരുഷമായ സ്വഭാവം സഹിക്കാവുന്നതിലുമപ്പുറമാണ്.
സൈനിക വരുമാനങ്ങളും കച്ചവടവും അഭിവൃതിപ്പെട്ട് ഇപ്പോള്‍ അദ്ദേഹം കോടിക്കണക്കിന് ദിര്‍ഹമുകളുടെ അധിപനാണ്. ഒന്നുമില്ലാത്ത കാലത്ത് അദ്ദേഹത്തോടൊപ്പവും അല്ലാതെയും കൃഷിപ്പണിയെടുക്കാന്‍ പോയിട്ടുണ്ട്.ഗോതമ്പും മുത്താറിയും ചോളവുമൊക്കെ വട്ടികളിലാക്കി തലയിലേറ്റി ബഹുദൂരം നടന്നിട്ടുണ്ട്. ഒരിക്കല്‍ നടന്നു വരുന്നത് നബി(ﷺ) കാണാനിടവന്നു. നബി(ﷺ) വാഹനം നിര്‍ത്തി എന്നോടും പിന്നില്‍ കയറാനാവശ്യപ്പെട്ടു. ഞാന്‍ കയറിയില്ല. കാരണം അദ്ദേഹത്തിന്‍റെ സ്വഭാവം എനിക്ക് നന്നായി അറിയാം. നബി(ﷺ)യുടെ കൂടെ വേറെ കുറെ യാത്രക്കാരുള്ളതല്ലേ; അദ്ദേഹം ഇഷ്ടപ്പെടില്ല അത്. അന്നദ്ദേഹത്തിന് ഒരടിമയോ ഒരു സവാരിക്കുതിരപോലുമോ ഇല്ല. ഇന്നദ്ദേഹം ആയിരക്കണക്കിന് അടിമകളുടെ ഉടമയാണ്. അടുക്കളപണി മുഴുവന്‍ ഞാനാണ് ചെയ്തിരുന്നത്. റൊട്ടി ചുടാന്‍ വശമില്ലാതിരുന്ന എന്നെ അയല്‍പക്കത്തെ സ്ത്രീകളാണ് അത് പഠിപ്പിച്ചുതന്നത്.
മക്കാ മുശ്രിക്കുകളുടെ ദ്രോഹം കഠിനമായപ്പോഴാണ് ഞാനദ്ദേഹത്തിന്‍റെ കൂടെ മദീനയിലേക്ക് പലായനം ചെയ്തത്. അന്ന്‍ ഞാന്‍ മൂത്ത മകന്‍ അബ്ദുള്ളയെ ഗര്‍ഭം ചുമന്നിരുന്നു. മദീനയില്‍ എത്തിയ ഉടനെ ഞാന്‍ പ്രസവിച്ചു. അഭയാര്‍ത്ഥികളിലെ ആദ്യത്തെ പ്രസവം. ഞാന്‍ പ്രസവിച്ചുവെന്ന് കേട്ടപ്പോള്‍ മദീനയില്‍ മുസ്‌ലിംകളും അല്ലാത്തവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി. കാരണം, യഹൂദികള്‍ മുസ്‌ലിംകള്‍ക്ക് മാരണം ചെയ്തിരിക്കുന്നതിനാല്‍ ഇനി അവരില്‍ ഒരു സ്ത്രീപോലും പ്രസവിക്കില്ലായെന്ന് പ്രചാരം നടക്കുന്നതിനിടയിലായിരുന്നു എന്‍റെ പ്രസവം.
ഏതൊരു മനുഷ്യനും ചില പോരായ്മകളുണ്ടാവും. അത് സ്വാഭാവികമാണ്. നബിമാരും മലക്കുകളും മാത്രമേ അതില്‍നിന്നൊഴിവുള്ളൂ. അതായിരിക്കും തന്‍റെ ഭര്‍ത്താവിന്‍റെയും കുഴപ്പം. എന്‍റെ അനുജത്തിയല്ലേ ആഇശ. എന്നെക്കാള്‍ പത്ത് വയസ്സ് കുറവാണ് ആഇശക്ക്. (رضي الله عنها). എത്ര സുഖകരമായാണ് നബി(ﷺ)ക്ക് കീഴില്‍ അവള്‍ കഴിയുന്നത്. അവരുടെ ജീവിതത്തില്‍ വല്ല കല്ലുകടിയുമുണ്ടോ?
ക്രൂരതക്കും പീഡനങ്ങള്‍ക്കും മധ്യേയാണ് എന്‍റെ ഭര്‍ത്താവ് വളര്‍ന്നത്. അതുകൊണ്ടാകുമോ അദ്ദേഹം പരുഷ സ്വഭാവക്കാരനായത്? ഗോത്രസംഘട്ടനങ്ങളില്‍ പോരാളിയാകുന്നതിനുവേണ്ടി ചെറുപ്പത്തിലേ മാതാപിതാക്കള്‍ അദ്ദേഹത്തെ ആയോധനകല ശീലിപ്പിച്ചിരുന്നു. കഠിനപ്രയത്നത്തിലൂടെയാണ് അദ്ദേഹം അതിന് വഴങ്ങിയിരുന്നത്. ഇസ്‌ലാം സ്വീകരിച്ചതിന്‍റെ പേരില്‍ സ്വന്തം പിതൃവ്യന്‍ അദ്ദേഹത്തെ കെട്ടിത്തൂക്കി പുകയിട്ടു ശിക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും സുബൈര്‍ വിന്‍റെ മനസ്സ് മാറിയിട്ടില്ല. ആ ഉറച്ച മനസ്സിന്‍റെ മുന്നില്‍ ഭാര്യമാരുടെ സങ്കടം പറച്ചിലും തേങ്ങലും പ്രശ്നമല്ല.
__________________________
അസ്മാ തന്‍റെ ഓര്‍മകള്‍ ചികഞ്ഞെടുത്തുകൊണ്ട് നടന്നു. പിതാവിന്‍റെ വീട്ടുമുറ്റത്തെത്തി. വിവാഹം ചെയ്തയച്ച പുത്രിമാര്‍ സങ്കടവും പരാതിയുമായി മാതാപിതാക്കളുടെ അടുത്തേക്കല്ലാതെ എവിടെ ചെല്ലാനാണ്? സങ്കടം പറയാന്‍ പറ്റിയ ആദര്‍ശപ്പൊരുത്തമുള്ള സ്ത്രീയല്ല അസ്മയുടെ ഉമ്മ. അവര്‍ അവിശ്വാസിനിയാണ്. ഖുതൈല എന്നാണ് പേര്. ബാപ്പ അവരെ മൊഴിചൊല്ലി ഒഴിവാക്കിയതാണ്. ഒരുദിവസം കുറേ പാരിതോഷികങ്ങളുമായി ഉമ്മ എന്‍റെയടുത്ത് വിരുന്നുവന്നു. ഉമ്മ വേറെ മതക്കാരിയായതുകൊണ്ട് വീട്ടില്‍ സ്വീകരിക്കാന്‍ പാടുണ്ടോയെന്ന് എനിക്ക് സംശയംതോന്നി. ഞാന്‍ നേരെ ആഇശായെ സമീപിച്ചു. വിവരം നബി(ﷺ)യെ ധരിപ്പിച്ച് സംശയം തീര്‍ക്കാനാവശ്യപ്പെട്ടു. നബി(ﷺ) പറഞ്ഞു: ‘അവരെ സ്വീകരിക്കാം. അവരുടെ പാരിതോഷികങ്ങള്‍ വാങ്ങാം. അതുസംബന്ധമായി സൂറത്തു മുംതഹിനയിലെ എട്ടാം ആയത്ത് അവതരിച്ചു:’
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്തവരും നിങ്ങളുടെ ഭവനങ്ങളില്‍നിന്ന്‍ പുറത്താക്കാത്തവരുമായി സഹവര്‍ത്തിക്കുന്നതും അവര്‍ക്ക് ഉപകാരം ചെയ്യുന്നതും അവര്‍ക്ക് വല്ലതും നല്‍കുന്നതും തെറ്റല്ല”.
‘എന്താ മകളെ വര്‍ത്തമാനം?’ അബൂബക്കര്‍(رضي الله عنه) ചോദിച്ചു.
അസ്മാ വിങ്ങിപ്പൊട്ടി. പരാതികള്‍ ഏറെ പറയാനില്ല. ഒരേയൊരു പരാതിമാത്രം. അദ്ദേഹത്തിന്‍റെ സ്വഭാവം പരുഷമാണ്, ചിലപ്പോഴൊക്കെ തൊഴിയും മര്‍ദ്ദനവും.
കരുണാമയനായ ആ പിതാവിന്‍റെ ഹൃദയം തേങ്ങി. സ്വന്തം മകള്‍ കെട്ടിയവനാല്‍ മര്‍ദ്ദിക്കപ്പെടുന്നത് ഏത് പിതാവാണ് സഹിക്കുക? പക്ഷേ അതിന്‍റെ പേരില്‍ മകളെ വിവാഹമോചിതയാക്കാന്‍ പറ്റുമോ? പാടില്ല. സ്വിദ്ദീഖ്(رضي الله عنه) ആശ്വസിപ്പിച്ചു.
‘പൊന്നുമോളെ സാരമില്ല. നീ അങ്ങേയറ്റം ക്ഷമിക്കുക. സുബര്‍(رضي الله عنه) നല്ലവനാണ്. സ്വാലിഹായ ഒരു ഭര്‍ത്താവിനെ ലഭിക്കുകയും മരണംവരെ ഒരുമിച്ചുകഴിയുകയും അദ്ദേഹത്തിന്‍റെ മരണശേഷം അവള്‍ പുനര്‍വിവാഹം ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അവര്‍ ഇരുവരെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കുന്നതാണ്’.
പിതാവിന്‍റെ ഉപദേശത്തിനുമുന്നില്‍ അസ്മാബീവി മറുത്തൊന്നും പറഞ്ഞില്ല. അങ്ങനെയാണ് അനുസരണയുള്ള സന്താനങ്ങള്‍. അസ്മാക്ക് ഭര്‍ത്താവുമായി വഴിപിരിയാനുള്ള അനുകൂല മറുപടിയൊന്നും ലഭിച്ചില്ല. ഇനിയും സഹിക്കുകതന്നെ. സഹനത്തിനു അള്ളാഹു പ്രതിഫലം തരാതിരിക്കില്ല. സഹികെട്ട വേറെ ചില ഭാര്യമാര്‍ സുബൈര്‍(رضي الله عنه)വിനെ പിരിഞ്ഞുപോയിട്ടുണ്ട്. മൊഴി ആവശ്യപ്പെടുന്നവരെ അദ്ദേഹം ഒഴിവാക്കിക്കൊടുക്കുകയില്ല. ഉഖ്ബയുടെ പുത്രി ഉമ്മുകുല്‍സും അദ്ദേഹത്തിന്‍റെ ഭാര്യയായിട്ടുണ്ട്. പെരുമാറ്റദൂഷ്യം കാരണമായി ത്വലാഖ് ആവശ്യപ്പെട്ടു. ഒന്നല്ല പല തവണ. ഓരോ തവണയും അത് നിരസിക്കപ്പെട്ടു.
അവസാനം ഉമ്മുകുല്‍സൂം ഒരു പൊടിക്കൈ പ്രയോഗിച്ചു. സുബൈര്‍(رضي الله عنه) നിസ്കാരത്തിനായി വുളൂചെയ്യുകയായിരുന്നു. തല്‍സമയം പിന്നാലെകൂടി. തനിക്ക് മൊഴിവേണമെന്നുതന്നെ നിര്‍ബന്ധിച്ചു. ഉമ്മുകുല്‍സൂമിന് സുഖമില്ലായിരുന്നു. പത്തുമാസം ഗര്‍ഭിണിയായിരുന്നു. ഈ വിവരം ഭര്‍ത്താവിനെ അറിയിച്ചിരുന്നില്ല. സുബൈര്‍(رضي الله عنه) പെട്ടെന്ന്‍ ഒരു ത്വലാഖ് ചൊല്ലി. ഉമ്മുകുല്‍സൂം രക്ഷപ്പെട്ടു. പ്രസവത്തോടെ ദീക്ഷാകാലം കഴിഞ്ഞു. ഒന്നോരണ്ടോ ത്വലാഖ് ചൊല്ലിയാല്‍ ദീക്ഷകാലത്ത് വേണമെങ്കില്‍ മടക്കിയെടുക്കാം. ഞാന്‍ ഭാര്യയെ തിരിച്ചെടുത്തുവെന്ന് പറഞ്ഞാല്‍ മതി. പുതിയ നിക്കാഹിന്‍റെ ആവശ്യമില്ല. അപ്രകാരം വീണ്ടും ഉമ്മുകുല്‍സൂമിനെ തിരിച്ചെടുക്കാമെന്ന് കരുതിയാണ് അദ്ദേഹം മൊഴിചൊല്ലിയത്. ദീക്ഷാകാലം മൂന്ന്‍ ശുദ്ധികാലം ഏകദേശം മൂന്നുമാസക്കാലമുണ്ടല്ലോയെന്ന്‍ കരുതിയാണ് അദ്ദേഹം മൊഴിചൊല്ലാനൊരുങ്ങിയത്. മൂന്നുമാസം ഉമ്മുകുല്‍സൂം സ്വതന്ത്രയായി ജീവിക്കട്ടേയെന്ന്‍ കരുതിയതാണ്. പക്ഷേ, അവള്‍ ഗര്‍ഭിണിയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.
ഗര്‍ഭിണിയുടെ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്. മൊഴി ചൊല്ലിയ ഉടനെ പ്രസവം കഴിഞ്ഞാല്‍ പുനര്‍വിവാഹം നടത്താവുന്നതാണ്. ഇനി അവളെ കിട്ടണമെങ്കില്‍ പുനര്‍വിവാഹം തന്നെ നടത്തണം. സുബൈര്‍(رضي الله عنه) നബി(ﷺ)യെ സമീപിച്ചു. ചതിയില്‍ പെട്ടവിവരം ധരിപ്പിച്ചു. നബി(ﷺ) പറഞ്ഞു: ‘അത് അള്ളാഹുവിന്‍റെ മുന്‍വിധിയാണ്. നീ സങ്കടപ്പെട്ടിട്ട് കാര്യമില്ല. ആവശ്യമെങ്കില്‍ പുനര്‍വിവാഹം നടത്തുക’.
സുബൈര്‍(رضي الله عنه) പറഞ്ഞു: ‘അവളെ എനിക്കിനി ഒരിക്കലും വേണ്ട’.
ഉമ്മുകുല്‍സൂം രക്ഷപ്പെട്ടു. അവളിന്ന്‍ അബ്ദുറഹ്മാനുബ്നു ഔഫിനോടൊത്ത് സസുഖം ജീവിക്കുന്നു. സ്വത്തും പണവും ഒന്നുമില്ലെങ്കിലും സമാധാനത്തില്‍ ജീവിച്ചാല്‍ മതിയായിരുന്നു. എന്‍റെ വിധി വീണ്ടും അദ്ദേഹത്തോടൊപ്പം കഴിയാന്‍ തന്നെയാണ്. അസ്മ മനസ്സില്‍ നിശ്ചയിച്ചു. ഇല്ല. എനിക്കും വഴിപിരിയണം. പ്രായം കൂടിവരികയാണ്. മകന്‍ അബ്ദുള്ളയുടെ തുണ ഇപ്പോഴുണ്ടല്ലോ.
ഒരുദിവസം ഏതോ കാര്യത്തില്‍ അവര്‍ തര്‍ക്കംകൂടി. മകന്‍ ഇടപെട്ടു നന്നാക്കിനോക്കി. നടന്നില്ല. സുബൈര്‍(رضي الله عنه) ക്ഷുഭിതനായി. അവസാനം അത് നടന്നു, "ത്വലാഖ്."
══════════════
Comments
Post a Comment