നല്ല മാതാവ്
മാതാവിന്റെ മഹത്വം അതുല്യവും അത്യുന്നതവുമാണ്. സ്‌നേഹത്തിന്റെ ഉറവിടവും കരുണക്കടലുമാണവർ. പവിത്രകളായ പല സ്ത്രീരത്‌നങ്ങളെയും വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. സർവകാല സ്ത്രീജനങ്ങൾക്കു പഠിക്കാനും പകർത്താനുമുള്ള മാതൃകാ മഹതികൾ.
ഈസാ നബിയുടെ മാതാവിനെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നു. അവർ ‘ദൃഢ വിശ്വാസിയും സത്യസന്ധയും’ ആയിരുന്നു എന്നും, അല്ലാഹു അവരെ മറ്റു സ്ത്രീകളെക്കാൾ വിശിഷ്ടയും വിശുദ്ധയും ആക്കിയിരിക്കുന്നു എന്നും ഖുർആൻ അറിയിക്കുന്നു. പവിത്ര ജീവിതത്തിന്റെയും ചാരിത്ര്യ സംരക്ഷണത്തിന്റെയും ഉദാത്ത മാതൃകയാണ് ആ ജീവിതം. ദൃഢവിശ്വാസത്തിന്റെയും തീക്ഷ്ണ ക്ഷമയുടെയും മൂല്യമേറിയ പാഠങ്ങൾ ആ മഹതി മാതാക്കൾക്ക് നൽകുന്നു. കാരണം മാതാവിന്റെ സ്വഭാവമാണ് മക്കളിൽ പ്രതിഫലിക്കുന്നത്.
മൂസാ നബിയുടെ മാതാവിനെയും വിശുദ്ധ ഗ്രന്ഥം വിവിധയിടങ്ങളിൽ പരമാർശിക്കുന്നുണ്ട്. അവരുടെ ക്ഷമയും മകനോടുള്ള ആത്മാർഥ സ്‌നേഹവും മാനസിക ബന്ധവും ഖുർആൻ പ്രശംസിക്കുന്നു. ഒരു സന്ദർഭത്തിൽ ‘മൂസാ (അ) മാത്രമായിരുന്നു അവരുടെ മനസ് നിറയെ’ എന്നും അവരുടെ സന്തോഷത്തിനായി നബിയെ അവരുടെ സമീപത്തേക്ക് തിരിച്ചെത്തിച്ചുവെന്നും ഖുർആൻ പറയുന്നു.
ഒരു നല്ല മാതാവ് നല്ല മാതൃകയാണ്. സന്താനങ്ങളെ സംസ്‌കരിക്കുന്നതിനും ധാർമികമൂല്യങ്ങളും ഉപചാര മര്യാദകളും അവരുടെ മനസ്സിൽ സന്നിവേശിപ്പിക്കുന്നതിനും അവൾ ശ്രമിക്കും. *മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുക, കുട്ടികളോട് കരുണ കാണിക്കുക, കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക, അതിഥികളെ ആദരിക്കുക, അയൽവാസികൾക്ക് നന്മ ചെയ്യുക, മറ്റു ജനങ്ങൾക്ക് പരോപകാരം ചെയ്യുക, മഹാന്മാരെ പിൻപറ്റുക തുടങ്ങിയവ അവയിൽ പ്രധാനമാണ്.
മകനെ ഉപരിപഠനത്തിനു യാത്രയാക്കുമ്പോൾ ഇമാം മാലിക് (റ)വിന്റെ മാതാവ് പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. ‘ഗുരു റബീഇൽ നിന്നു നീ അറിവ് പഠിക്കും മുമ്പ് മര്യാദ പഠിക്കുക’!
മാതൃകാ മാതാവ് സ്‌നേഹ വാത്സല്യത്തിന്റെ മൂർത്തിമദ്ഭാവമാണ്. സ്വന്തം സന്തതികൾക്ക് പുറമെ സമൂഹത്തിലാകമാനം അതു വ്യാപരിക്കും.*
ആഇശ(റ) നിവേദനം ചെയ്യുന്നു. സാധുവായ ഒരു സ്ത്രീ രണ്ടു കുട്ടികളെയും ചുമന്നു എന്റെ അരികിൽ വന്നു. ഞാനവർക്ക് മൂന്ന് കാരക്ക നൽകി. ഓരോ കുട്ടിക്കും ഓരോന്നു നൽകിയ ശേഷം മൂന്നാമത്തേത് മാതാവ് ഭക്ഷിക്കാൻ ഒരുങ്ങുമ്പോൾ മക്കൾ അതാവശ്യപ്പെട്ടു. അപ്പോൾ അതു ഭാഗിച്ചു അവർക്ക് തന്നെ നൽകി. കൗതുകകരമായ ഈ കാര്യം ഞാൻ തിരുദൂതരോട് പറഞ്ഞപ്പോൾ, അവർക്ക് അതു കാരണം അല്ലാഹു സ്വർഗം നിർബന്ധമാക്കി എന്നായിരുന്നു തങ്ങളുടെ മറുപടി.
പെൺകുട്ടികളുടെ പരിപാലനവും സ്വഭാവ രൂപീകരണവും മാതാവിന്റെ പ്രത്യേക പരിഗണയിലുണ്ടാവണം. അവരുടെ ചാരിത്ര്യവും ശാലീനതയും സംരക്ഷിക്കാനുള്ള പാഠങ്ങൾ മാതാവിൽ നിന്നാണ് പഠിക്കേണ്ടത്. അതുപോലെ മനസമാധാനവും സന്തോഷവും കളിയാടുന്ന വിധം ഗൃഹ ഭരണവും കുടുംബ ഭദ്രതയും ഉറപ്പുവരുത്താനും അവർ വൈദഗ്ധ്യം നേടണം.
മകൾ ഫാത്വിമ ബീവി (റ) യോട് തിരുനബി (സ) പറഞ്ഞു: ‘നല്ല സ്ത്രീ കുടുംബത്തിന് ഉപകാരമുള്ളവളാണ്’ ഏറ്റവും പ്രധാനമായ പ്രയോജനം മക്കളുടെ മാനസികവും വൈകാരികവുമായ സംസ്‌കരണമാണ്. അവരുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിനും ആത്മ വിശ്വാസവും നിശ്ചയ ദർഢ്യതയും സ്ഥിരോത്സാഹവും വളർത്തുന്നതിനും മാതാവ് സഹായിക്കണം. വെല്ലുവിളികൾ നേരിടുന്നതിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.
ഓരോരുത്തർക്കും ബാധ്യതകൾ ഉണ്ടെന്നും അതു സംബന്ധിച്ചു അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം.
മാതാവിന്റെ മഹത്തായ സ്ഥാനത്തിനനുസരിച്ചു നാം അവരോടു പെരുമാറാൻ ബാധ്യസ്ഥരാണ്. അവർക്ക് നന്മ ചെയ്യുന്നതിനേക്കാൾ വലിയ സത്കർമമില്ല എന്നാണ് മഹാനായ ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത്. അവരെ സന്ദർശിക്കുകയും സേവനം ചെയ്യുകയും ഉപദേശം തേടുകയും അനുസരിക്കുകയും ആദരിക്കുകയും സന്തോഷിപ്പിക്കുകയും വേണം.
രക്തസാക്ഷികളുടെ മാതാക്കൾ പ്രത്യേകം സ്മരണീയമാണ്. അവരുടെ ത്യാഗവും സേവനവും ആണ് നാടിനു തന്നെ അഭിമാനം നൽകുന്നത്. രാജ്യസ്‌നേഹവും പാരമ്പര്യ മൂല്യങ്ങളും മറ്റു നന്മകളും മക്കൾക്ക് പകർന്നു നൽകുന്നതിൽ അവരുടെ മാതൃക അതി മഹത്തരമാണ്. വരും തലമുറകൾ ബഹുമാന പുരസ്വരം ഓർമിക്കുകയും പാഠമുൾകൊള്ളുകയും ചെയ്യും വിധം അസൂയാവഹമായ സ്ഥാനമാണ് ആ മാതാക്കൾ അലങ്കരിക്കുന്നത്. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ.
✍മുഹമ്മദ് ബാഖവി മാണിയൂർ
Comments
Post a Comment