മരിച്ചാലും മരിക്കാത്തവര്‍
കിഴക്കുനിന്ന് സൂര്യന്‍ ഉദിച്ചുയരുന്നതിനു മുമ്പ് തന്നെ അബ്ദുള്ള (رضي الله عنه) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും (رضي الله عنه) പുത്രിമാരെയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. തന്‍റെ കടം വീട്ടണമെന്ന് ജാബിര്‍(رضي الله عنه)വിനെ ഏല്‍പിച്ചിരുന്നു. പടവാളും പടകുപ്പായവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുന്നത് മക്കള്‍ കണ്ണുമറയുന്നത് വരെ നോക്കിനിന്നു. അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ വീടിന്‍റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്‍റെ ശത്രുക്കളോട് സമരത്തിനു പോകുന്ന സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങുന്ന സ്വഹാബി സംഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(ﷺ)യാണ് സര്‍വ്വസൈന്യാധിപന്‍. എഴുനൂറുപേരാണ് സൈന്യത്തിലുള്ളത്. മക്കയില്‍ നിന്ന്‍ അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ വന്നിട്ടുള്ള മുവ്വായിരം പേരെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.
അബ്ദുള്ള(رضي الله عنه)വിന്‍റെ വാക്കുകള്‍ അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ജാബിറിന്‍റെയും (رضي الله عنه) കുടുംബത്തിന്‍റെയും മനസ്സില്‍ അത് തേട്ടിതേട്ടി വന്നുകൊണ്ടിരുന്നു. നാളെ ഉഹ്ദില്‍ കൊല്ലപ്പെടുന്നവരില്‍ ആദ്യത്തേതില്‍ ഞാനുണ്ടാകും. അവര്‍ യുദ്ധമുഖത്തെ വാര്‍ത്തകളറിയാന്‍ കാതോര്‍ത്തുകൊണ്ടിരുന്നു. ഹിജ്റാബ്ദം മൂന്ന്‍ ശവ്വാല്‍ പതിനഞ്ചായിരുന്നു അന്ന്‍. ഉഹ്ദിലെ മലകളും കുന്നുകളും ചെഞ്ചായമണിഞ്ഞ ദിനം. മുസ്‌ലിംകളും ശത്രുക്കളും ഏറ്റുമുട്ടി. പൊരിഞ്ഞ യുദ്ധം. തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് ജയം. അവസാനം പരാജയം. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍, ആര്‍ത്തനാദങ്ങള്‍, പരക്കംപാച്ചില്‍. ശത്രുശവങ്ങള്‍ ഒന്നൊന്നായി വീഴുന്നു. ഉബയ്യുബിന്‍ ഖലഫിനെ പോലെയുള്ള മല്ലന്മാര്‍ മലക്കം മറിഞ്ഞുവീഴുന്നു. ശവംതീനിപ്പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. മാംസകഷ്ണങ്ങള്‍ കൊത്തിവലിച്ചു അവ പറന്നുയരുന്നു. ഭൂമിയിലും ആകാശത്തിലും പച്ചമാംസത്തിന്‍റെ ഗന്ധം. പക്ഷികളുടെ ചുണ്ടുകള്‍ക്ക് ചോരയുടെ നിറം. ഭീതിജനകമായ വാര്‍ത്ത മദീനയാകെ പടര്‍ന്നു. കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ ബഹുദൈവവിശ്വാസികള്‍ മുന്‍പന്തിയിലായിരുന്നു.
നാനാ ഭാഗത്തുനിന്നും ജനങ്ങള്‍ ഉഹ്ദിലേക്കൊഴുകി. ജാബിര്‍(رضي الله عنه) അക്കൂട്ടത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട എഴുപതോളം ശുഹദാക്കളുടെ ശരീരങ്ങള്‍ ഉഹ്ദിലെ മണല്‍പരപ്പില്‍ മലര്‍ത്തിക്കിടത്തിയിരുന്നു. ഹംസത്തുല്‍ കര്‍റാര്‍, തലേന്നാള്‍ വിവാഹം കഴിഞ്ഞ ഹന്‍ളല, മുടന്തനായ അംറുബ്നുല്‍ ജമൂഹ് തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. ജാബിര്‍(رضي الله عنه) അതിനിടയില്‍ പിതാവിനെ അന്വേഷിച്ചു കണ്ടെത്തി. ആദ്യം ശഹീദായത് പിതാവ് തന്നെയായിരുന്നു. മലര്‍ന്നുകിടക്കുന്ന പിതാവിന്‍റെ മുഖത്തിട്ടിരിക്കുന്ന തുണിനീക്കി ജാബിര്‍(رضي الله عنه) ഒന്നുനോക്കി. നെറ്റിയില്‍ ഒരമ്പുതറച്ചിരിക്കുന്നു. അമ്പിന്‍റെ അളയില്‍നിന്ന്‍ രക്തം വാര്‍ന്നൊഴുകിയാവണം ശഹീദായത്. അമ്പ് തറച്ചപ്പോള്‍ കൈ നെറ്റിയില്‍ വെച്ചമര്‍ത്തിയിരുന്നു. ആ കൈ നെറ്റിയില്‍തന്നെ അതേപടി. ആ കൈ മെല്ലെ നീര്‍ത്തി ശരിയാക്കിവെക്കാന്‍ ശ്രമിച്ചു ജാബിര്‍(رضي الله عنه). പക്ഷേ സ്പ്രിങ്ങ് മടങ്ങുംപോലെ കൈ നെറ്റിയിലേക്ക് തന്നെ ചെന്നിടിച്ചുനിന്നു. രക്തകണങ്ങള്‍ മുഖത്തും നെറ്റിയിലും കട്ടപിടിച്ചു കിടന്നു. മുഖം കണ്ടയുടനെ ജാബിര്‍ (رضي الله عنه) പൊട്ടിക്കരഞ്ഞു. അടക്കാന്‍ കഴിയാത്ത കരച്ചില്‍. സങ്കടം അണപൊട്ടിയൊഴുകി. ജാബിര്‍(رضي الله عنه)വിന്‍റെ അമ്മായി ഫാത്വിമബിന്‍ത് അംറ് ഓടിയെത്തി. അവരും അലമുറയിട്ടുകരയാന്‍ തുടങ്ങി. കൂട്ടക്കരച്ചിലിനിടയില്‍ നബി(ﷺ) പറഞ്ഞു: നിങ്ങള്‍ കരഞ്ഞാലും ഇല്ലെങ്കിലും മലക്കുകള്‍ അവരുടെ ചിറക് വിരിച്ച് അബ്ദുള്ള(رضي الله عنه)വിന് തണലേകികൊണ്ടിരിക്കുന്നു. നിങ്ങള്‍ ഈ മയ്യിത്ത് എടുത്ത്കൊണ്ട് പോകുന്നത് വരെ അത് തുടരുന്നതാണ്. നബി(ﷺ)യുടെ വചനങ്ങള്‍ ജാബിറിനും (رضي الله عنه) കുടുംബത്തിനും വലിയ സാന്ത്വനമായി. സമാധാനത്തിന്‍റെ പ്രകാശനാമ്പുകള്‍.................
__________________________
വൃഥ വിട്ടുമാറാത്ത ജാബിറിനെ (رضي الله عنه) കണ്ടപ്പോള്‍ പിന്നീടൊരിക്കല്‍ നബി(ﷺ) ചോദിച്ചു: ജാബിറെ ഉപ്പയുടെ കാര്യത്തില്‍ നിനക്കെന്താണ് ഇത്രവലിയ ദുഃഖം?
“ഒന്നുമില്ല തിരുദൂതരെ”.
ജാബിര്‍(رضي الله عنه)വിന്‍റെ അവ്യക്തമറുപടി കേട്ടപ്പോള്‍ നബി(ﷺ) വീണ്ടും ചോദിച്ചു. പറയൂ ജാബിറെ, എന്താണ് നിന്‍റെ പ്രയാസം. ജാബിര്‍(رضي الله عنه) ചെറിയരൂപത്തില്‍ മനസ്സുതുറന്നു.
എന്‍റെ ഉപ്പ കൊല്ലപ്പെട്ടല്ലോ, അദ്ദേഹം വലിയകുടുംബഭാരം വെച്ചുകൊണ്ടാണ് മരണപ്പെട്ടത്. മാത്രമല്ല അദ്ദേഹത്തിന് ധാരാളം കടവുമുണ്ട്.
“ശരി നിന്‍റെ ഉപ്പയും അള്ളാഹുവും തമ്മില്‍ നടന്ന ഒരു സംഭാഷണം സന്തോഷംകൊണ്ട് ഞാന്‍ നിന്നോട് പറയട്ടെ”, “ങ്ഹാ: പറഞ്ഞാലും തിരുദൂതരെ”. നിന്‍റെ പിതാവിനെ അള്ളാഹു പുനരുജീവിപ്പിച്ചു, അതിനുശേഷം നേരില്‍ സംസാരിച്ചു. അള്ളാഹു പറഞ്ഞു: എന്‍റെ ദാസാ, നീ നിനക്കാഗ്രഹമുള്ളത് പറയൂ, ഞാന്‍ നിറവേറ്റിത്തരാം. അപ്പോള്‍ നിന്‍റെ പിതാവിന്‍റെ മറുപടികേള്‍ക്കണോ? ഞാന്‍ പറയാം.
അള്ളാഹുവേ, ഭൂലോകത്തേക്ക് എന്നെവീണ്ടും തിരിച്ചയക്കണം, നിന്‍റെ പോര്‍ക്കളത്തില്‍ എനിക്ക് വീണ്ടും സമരം ചെയ്യണം. അങ്ങനെ വീണ്ടും വീണ്ടും കൊല്ലപ്പെടണം. ഇതാണെന്‍റെ ആഗ്രഹം.
അള്ളാഹുവിന്‍റെ മറുപടി, മരിച്ചവരെ വീണ്ടും ഭൂമിയിലേക്ക് പുനര്‍ജന്മം നല്‍കില്ലെന്ന എന്‍റെ തീരുമാനം മുന്‍ നിശ്ചയമാണ്. അതിനി ലംഘിക്കില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറയൂ.
നാഥാ, എങ്കില്‍ ഞങ്ങള്‍ക്കുനല്‍കി ആദരിച്ച സ്വര്‍ഗ്ഗീയ സുഖാനുഭൂതികളും ഞങ്ങളുടെ ജീവിതരീതിയും ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഞങ്ങളുടെ പിന്‍ഗാമികള്‍ക്ക് അറിയിച്ചുകൊടുക്കേണമേ.
അങ്ങനെ ഖുര്‍ആന്‍ മൂന്നാം അദ്ധ്യായത്തിലെ 169-ാം സൂക്തം അവതരിച്ചു. നിശ്ചയം; അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയെന്ന്‍ നിങ്ങള്‍ കരുതരുത്. പ്രത്യുത അവര്‍ അവരുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നല്‍കപ്പെടുന്നവരുമാണ്.
നബി(ﷺ)യുടെ സാന്ത്വനം ജാബിര്‍(رضي الله عنه)വിന്‍റെ മനഃസമാധാനം വര്‍ദ്ധിപ്പിച്ചു. കൊല്ലപ്പെട്ട പിതാവ് തന്‍റെ കുടുംബത്തിന് അഭിമാനമായി. ശുഹദാക്കളുടെ പ്രതിഫലം ഓര്‍ത്തു സന്തോഷവാനായി. പിതാവിനെ മറവുചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഉഹ്ദില്‍ എഴുപതു മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ശുഹദാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ ഒരു ഖബ്റില്‍ ഒന്നിലധികം പേരെ മറവുചെയ്യണമെന്ന് നബി(ﷺ) നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശത്തിന് ജാബിര്‍(رضي الله عنه)വും വഴങ്ങി.
ജാബിര്‍(رضي الله عنه) ഉപ്പയുടെ ശരീരം ശ്രദ്ധിച്ചുനോക്കി. ഒരുവരയന്‍ കമ്പിളിവസ്ത്രമാണ് ഉപ്പ ഉടുത്തിരിക്കുന്നത്. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടിപുതക്കാന്‍ ആ വസ്ത്രം തികയില്ല. കാലുകള്‍ മറയുന്നതിനു വലിച്ചു പൊതിഞ്ഞാല്‍ ശിരസ്സു പുറത്ത്കാണുകയും ചെയ്യും... പുതിയ വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല. ജാബിര്‍(رضي الله عنه) ഒരുനിമിഷം എന്തോ ആലോചിച്ചുനിന്നു............
__________________________
ഉറക്കത്തില്‍നിന്ന്‍ ഞെട്ടിയുണര്‍ന്നതുപോലെ പെട്ടെന്ന്‍ ജാബിര്‍(رضي الله عنه) സജീവമായി. കമ്പിളിയുടെ ഒരറ്റം പിടിച്ചു ശിരസ്സിന്‍റെ ഭാഗത്തേക്ക് വലിച്ചു. ഉപ്പയുടെ ശരീരം അതില്‍ മലര്‍ത്തിക്കിടത്തി. ഒരു കൈ നെറ്റിയില്‍ത്തന്നെ. ആണിഅടിച്ചു തറച്ചുവെച്ചതുപോലെ ആ കൈ നെറ്റിയില്‍ തറച്ച അമ്പിന്‍ അളയില്‍ ഇരിക്കുകയാണ്. ഇളക്കാനോ മാറ്റാനോ കഴിയുന്നില്ല. കാലുകള്‍ നേരെയാക്കിവച്ചു. കമ്പിളി ഇരുവശങ്ങള്‍ ഓരോന്നായി നെഞ്ചിലേക്ക് ചേര്‍ത്തുവച്ചു. തുണി എത്താതെ പുറത്തായി നില്‍ക്കുന്ന കാല്‍പാദങ്ങളില്‍ അരുതചെടി പറിച്ചുവെച്ചു. കഫന്‍ ചെയ്യല്‍ ഒരുവിധത്തില്‍ പൂര്‍ത്തിയാക്കി.
ഇനി ഖബ്റില്‍ വെക്കണമല്ലോ. ആരുടെ കൂടെയാണ് നബി(ﷺ) കല്‍പിക്കുന്നതെന്നറിയില്ല. യുദ്ധക്കളത്തില്‍ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ശുഹദാക്കളുടെ സമീപങ്ങളില്‍ ഓടിനടന്ന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് നബി(ﷺ). കഫന്‍ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇതില്‍ ആരാണ് കൂടുതല്‍ ഖുര്‍ആന്‍ പഠിച്ചവര്‍? എന്ന്‍ നബി(ﷺ) ചോദിക്കുന്നു. ഏതെങ്കിലും ഒരു മയ്യിത്തിലേക്ക് വിരല്‍ ചൂണ്ടിയാല്‍ “എങ്കില്‍ അദ്ദേഹത്തെ ആദ്യം ഖബ്റിലിറക്കൂ, ശേഷം വേറെയൊരാളെ അദ്ദേഹത്തിന്‍റെ പിന്നില്‍ കിടത്തൂ”. എന്നിങ്ങനെ നിര്‍ദ്ദേശിക്കുന്നു. ജാബിര്‍(رضي الله عنه) വിന്‍റെ സമീപത്തെത്തിയപ്പോള്‍ നബി(ﷺ) നിര്‍ദ്ദേശിച്ചു. ജാബിറെ! ഉപ്പയെയും അംറ്ബിന്‍ ജമൂഹിനെയും ഒരു ഖബ്റില്‍ മറമാടുക. അവരിരുവരും ശുദ്ധഹൃദയരും സ്നേഹിതന്‍മാരുമായിരുന്നു. ജാബിര്‍(رضي الله عنه) നിര്‍ദ്ദേശത്തിനു വഴങ്ങി.
അബ്ദുള്ള(رضي الله عنه)വിന്‍റെ ഭൗതികശരീരം പൊക്കി ഖബറില്‍ ഇറക്കി. ഖിബിലയുടെ ഭാഗത്തുള്ള മണ്‍ ഭിത്തിയോട് ചേര്‍ത്തിക്കിടത്തി. അംറിനെ (رضي الله عنه) അതിന്‍റെ തൊട്ടുപിന്നിലായി ചരിച്ചുകിടത്തി. മൂടുകല്ലു വെച്ചു. വിറയാര്‍ന്ന കരങ്ങള്‍കൊണ്ട് മണ്ണ്‍ വാരിയിട്ടു. കൂടെയുള്ള സ്വഹാബികളില്‍ പലരും ജബിര്‍(رضي الله عنه)വിനെ സഹായിച്ചുകൊടുത്തു. തിരിച്ച് മദീനയിലേക്ക് മടങ്ങുമ്പോള്‍ ജാബിര്‍(رضي الله عنه)വിന്‍റെ മനസ്സില്‍ ആ വാക്കുകള്‍ തേട്ടിതേട്ടി വന്നു. തലേന്നാള്‍ രാത്രി ഉപ്പ പറഞ്ഞ വാക്കുകള്‍; നാളെ ഉഹ്ദില്‍ കൊല്ലപ്പെടുന്ന ആദ്യസംഘത്തില്‍ ഞാനുമുണ്ടാകും........
v വര്‍ഷങ്ങള്‍ക്ക് ശേഷം......
ആ വാര്‍ത്ത വളരെ വേഗത്തില്‍ മദീനയില്‍ പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ ആശ്ചര്യത്തോടെ ഉഹ്ദിലേക്കോടി. ഉഹ്ദ് ശുഹദാക്കളെ മറവ്ചെയ്ത ഖബ്റുകള്‍ പൊളിഞ്ഞു ശരീരഭാഗങ്ങള്‍ പുറത്ത് വന്നുവെന്നായിരുന്നു ആ വാര്‍ത്ത! നാവുകളും കതുകളും കൈമാറി സര്‍വ്വജനങ്ങളുടെയും കാതുകളില്‍ വാര്‍ത്തയെത്തി. ഉഹ്ദ് യുദ്ധം കഴിഞ്ഞിട്ട് വര്‍ഷം നാല്‍പത്തിയാറായി. നാടും നഗരവും മാറി. ഭരണം പലതും കഴിഞ്ഞു. മുആവിയ(رضي الله عنه) മദീനയിലെ ഗവര്‍ണ്ണറായിരിക്കുന്നു. ഉഹ്ദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും അല്ലാത്തവരുമായി നിരവധി ജനങ്ങള്‍ വീണ്ടും ഉഹ്ദില്‍ തടിച്ചുകൂടി. കൂട്ടത്തില്‍ ജാബിര്‍(رضي الله عنه)വും ഉണ്ടായിരുന്നു. മലവെള്ളം ഒഴുകിപോകുന്ന സ്ഥലത്തുണ്ടായിരുന്ന ഖബറുകള്‍ വെള്ളപ്പാച്ചിലില്‍ പൊളിഞ്ഞിരിക്കുന്നു. ജാബിര്‍(رضي الله عنه) പിതാവിന്‍റെ ഖബ്റിന്നരികെ ചെന്ന്‍ നിന്നു. ആ ഖബറും തകര്‍ന്നിരിക്കുന്നു. അതില്‍ മറവ് ചെയ്ത രണ്ട് ഭൗതിക ശരീരങ്ങളും അതേപടി കിടക്കുന്നു. യാതൊരു മാറ്റവുമില്ലാതെ; അഴുകുകയോ ദ്രവിക്കുകയോ ചെയ്തിട്ടില്ല. നെറ്റിയില്‍ വെച്ച കൈ അതേപോലെ. രക്തകണങ്ങള്‍ ഉണങ്ങിയിട്ടില്ല. ഇന്നലെ മരിച്ച പുതുമ. ജാബിര്‍(رضي الله عنه) പിതാവിന്‍റെ ശരീരം മെല്ലെ പൊക്കിയെടുത്ത് പുറത്ത് കിടത്തി. ശരീരത്തില്‍ കൈവിരല്‍ കൊണ്ട് കുത്തിനോക്കി. യാതൊരു തകരാറുമില്ല. നെറ്റിയിലെ കൈ അനക്കി നോക്കി, അപ്പോഴതാ ആ കൈ യഥാസ്ഥാനത്തേക്ക് മടങ്ങുന്നു. മാത്രമല്ല, തല്‍സ്ഥാനത്ത് നിന്ന്‍ രക്തകണങ്ങള്‍ പൊടിയുന്നു. കാല് മറയ്ക്കാനുപയോഗിച്ച ചെടികള്‍ ഉണങ്ങാതെ അതേ പടി കാലിലിരിക്കുന്നു. കൂടെയുള്ള അംറിന്‍റെ (رضي الله عنه) ശരീരവും ഇപ്രകാരം തന്നെ. ഉറങ്ങി തളര്‍ന്ന കുട്ടികളെ പൊക്കി തോളില്‍ ഇടുന്ന ക്രമത്തില്‍ ജാബിര്‍(رضي الله عنه) പിതാവിനെ പൊക്കി തോളിലിട്ടു നടന്നു. വേറെ ഖബര്‍ കുഴിച്ച് അതില്‍ മറവ് ചെയ്തു. അല്‍പം സുഗന്ധം വല്ലതും പുരട്ടിയെങ്കിലോയെന്ന്‍ ജാബിര്‍(رضي الله عنه) ആലോചിച്ചു. പക്ഷേ സ്വഹാബികള്‍ അനുവദിച്ചില്ല. പഴയതില്‍ ഒരു മാറ്റവും വരുത്തരുതെന്നവര്‍ ഉപദേശിച്ചു......
══════════════
Comments
Post a Comment