ചിത്രം

ചിത്രകാരനായ
ഒരു സെൻ ഗുരു ഒരു പുതിയ ക്ഷേത്രത്തിന്റെ ഒരു പഗോഡയുടെ രൂപരേഖ വരയ്ക്കുകയായിരുന്നു. ഇത്തരം സന്ദർഭത്തിൽ തന്നെ ഒരു പ്രമുഖ ശിഷ്യനെ
കൂടെ നിർത്തുക എന്ന ശീലം ആ ഗുരുവിന് ഉണ്ടായിരുന്നു. ചിത്രം വരച്ച ശേഷം ഈ ശിഷ്യനോട് അദ്ദേഹം ചോദിക്കു മായിരിന്നു.
"എങ്ങനെയുണ്ട് "
ശിഷ്യൻ ഇങ്ങനെ മറുപടി പറയും.
" ഇത് നിങ്ങളുടെ കഴിവിന് ഒപ്പമായില്ല"
ഇങ്ങനെ തൊണ്ണൂറ്റി ഒമ്പതു തവണ ചിത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു.
മൂന്നു മാസങ്ങൾ കടന്നു പോയി രാജാവ് ചിത്രം ആവശ്യപ്പെട്ടു തുടങ്ങി. ചിത്രം കിട്ടിയാലെ ക്ഷേത്രത്തിന്റെ പണി തുടങ്ങാൻ കഴിയുമായിരുന്നുള്ളൂ. ഒരു ദിവസം ചിത്രം വരച്ചുകൊണ്ടിരിക്കുമ്പോൾ മഷി തീരാറായി. പുറത്തു പോയി  കുറച്ചു മഷി കൂട്ടാൻ ഗുരുശിഷ്യനോട് പറഞ്ഞു.
പുറത്തു പോയി തിരിച്ചു വന്ന ശിഷ്യൻ വരച്ചു തീർത്ത ഒരു ചിത്രത്തെ നോക്കി ഇങ്ങനെ പറഞ്ഞു.
"എന്തത്ഭുതം താങ്കൾ അതു ചെയ്തു കഴിഞ്ഞു. പക്ഷെ ഈ മൂന്നു മാസക്കാലമായി താങ്കൾക്ക് എന്തുകൊണ്ട് അതു കഴിഞ്ഞില്ല?
ഗുരു പറഞ്ഞു.
" അതിനു കാരണം നീയാണ്. നീയെന്റെ അടുത്തിരിക്കുമ്പോൾ എനിക്ക് ശൈഥില്യം സംഭവിക്കുന്നു. നീയെന്നെ നോക്കി കൊണ്ടിരിക്കുമ്പോൾ എനിക്ക് ഒരു ലക്ഷ്യം മുഴുമിപ്പിക്കണം എന്ന് തോന്നുന്നു. അപ്പോൾ ചിത്രരചന ഒരു തമാശയല്ലാതാവുന്നു.
നീ ഇവിടെ ഇല്ലാത്തപ്പോൾ എനിക്ക് ശമം സംഭവിക്കുന്നു. നോക്കി നിൽക്കാൻ ആരുമില്ലാതാകുമ്പോൾ ഞാൻ സമഗ്രതയിൽ ലയിക്കുന്നു. ഈ ചിത്രം ഞാൻ വരച്ചതല്ല. അത് നൈസർഗികമായി സംഭവിച്ചതാണ്. ഇക്കഴിഞ്ഞ മൂന്നു മാസത്തിലും ഇതു സംഭവിക്കുമായിരുന്നില്ല. കാരണം ഞാൻ എന്ന " പ്രയോഗി" സന്നിഹിതമായിരുന്നു എന്നതു തന്നെ ".