ധീര മാതാവ്


        വലിയ ഒരു പെട്ടിയുമായി മുന്‍ദിര്‍ ഇറാഖില്‍നിന്ന്‍ യാത്രയായി. വിദേശത്തുപോയ മുന്‍ദിറിന്‍റെ വരവും കാത്ത് കഴിയുന്ന കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാനാണീ വലിയ പെട്ടി. അതില്‍ നിറയെ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമാണ്. ഫോറിന്‍ പെട്ടി പൊട്ടിക്കുമ്പോള്‍ ഉമ്മാക്കും വല്ലതും കൊടുക്കണം. മുന്‍ദിര്‍ ആത്മഗതം ചെയ്തു. ഉമ്മയെ ഉപ്പ സുബൈര്‍(رضي الله عنه) മൊഴി  ചൊല്ലിയതാണ്. ഉമ്മ അസ്മ(رضي الله عنها) ഇപ്പോള്‍ തനിച്ചാണ് കഴിയുന്നത്. പ്രായം കുറേ ആയി. മുഴുവന്‍ സമയവും ഇബാദത്തും ടിക്റും ഖുര്‍ആന്‍ പാരായണവുമായി കഴിയുകയാണ്. ഇക്കാക്ക അബ്ദുള്ളാഹിബ്നു സുബൈര്‍ തന്നെ മതി ഉമ്മയുടെ സമ്പാദ്യത്തിന്. ഉമ്മയെക്കാള്‍ വലിയ ഇബാദത്താണ് ഇക്കാക്കയുടേത്.
   ശരീരസൗഖ്യം കുറവാണെങ്കിലും ഇബാദത്തില്‍ ഉമ്മ യാതൊരു കുറവും വരുത്താറില്ല. ചിലപ്പോള്‍ നിസ്കരിക്കുന്നത് മറ്റുള്ളവരുടെ സഹായത്താലാണ്. വുളു ചെയ്ത് നിസ്കരിക്കാനൊരുങ്ങിയാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഓര്‍മയില്ലാത്തതുപോലെയാണ്. ഒരാള്‍ അരികെനിന്ന്‍ നില്‍ക്കുക, ഇനി സുജൂദ് ചെയ്യുക, ഇരിക്കുക എന്നിങ്ങനെ ഓരോന്നും പറഞ്ഞുകൊടുക്കണം. എന്നാലും നിസ്കാരവും ഇബാദത്തും ഒഴിവാക്കുന്ന സ്വഭാവമില്ല.
   ഉമ്മാക്ക് കൊടുക്കാന്‍ നല്ലത് ഒരു ജോഡി വസ്ത്രം തന്നെ. ഇറാഖിയന്‍ നിര്‍മിതമായ നേര്‍ത്ത വിലപിടിപ്പുള്ള ഒരു വസ്ത്രം മുന്‍ദിര്‍ വാങ്ങി. നാട്ടിലെത്തി. ഉമ്മയുടെ വസ്ത്രം കയ്യില്‍പിടിച്ച് ബഹുമാന പൂര്‍വ്വം ഉമ്മയുടെ അരികെയെത്തി.
   “ഇതാ, ഉമ്മാ, ഞാന്‍ നിങ്ങള്‍ക്ക് വാങ്ങിയതാണ്. ഇത് സ്വീകരിക്കണം. എന്നെ അനുഗ്രഹിക്കണം”.
   ഉമ്മ അതൊന്ന് തടവിനോക്കി. കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. നേര്‍ത്ത വസ്ത്രമാണെന്ന് തടവിയപ്പോള്‍ മനസ്സിലായി. ഉമ്മാക്ക് ദേഷ്യം വന്നു.
  ‘കൊണ്ടുപോടാ ഇത്. എനിക്ക് വേണ്ട ഇത്’.
   മുന്‍ദിറിന്‍റെ മുഖം വാടി. ആകെ പരിഭ്രമമായി. ഒരുവിധത്തില്‍ ധൈര്യം സംഭരിച്ചു പറഞ്ഞൊപ്പിച്ചു. ‘ഉമ്മാ, അത് ശരീരത്തിന്‍റെ നിറം കാണാത്ത വസ്ത്രമാണ്’.
     ഉമ്മായുടെ മറുപടി: ‘തൊലിയുടെ വര്‍ണം കാണില്ലെങ്കിലും ശരീരത്തിന്‍റെ തുടിപ്പ് പ്രകടിപ്പിക്കും’. മുന്‍ദിര്‍ വേഗംപോയി വേറെ ഒരു വസ്ത്രം വാങ്ങി. ആദ്യം വാങ്ങിയ ഇനത്തില്‍ തന്നെ പെട്ട മുന്തിയതരം കട്ടിയുള്ള വസ്ത്രം. അത് ഉമ്മാക്ക് വലിയ ഇഷ്ടമായി. ഉമ്മ പറഞ്ഞു: ‘ഇമ്മാതിരി വസ്ത്രമാണ് മോനേ സ്ത്രീകള്‍ ധരിക്കേണ്ടത്’.
     ഒരു ദിവസം മകന്‍ അബ്ദുള്ള(رضي الله عنه) ഉമ്മയുടെ അരികെവന്നു. പരിഭ്രമിച്ചു വിളറിയ മുഖവുമായാണ് വന്നത്. ഭര്‍ത്താവ് സുബൈറില്‍ നിന്ന്‍ വഴിപിരിഞ്ഞതില്‍ശേഷം അസ്മ(رضي الله عنها)യുടെ തുണയും തണിയും അബ്ദുള്ള(رضي الله عنه) മാത്രമാണ്. അവന് വല്ല വിഷമവും വരുന്നത് ഉമ്മയെ വിഷമിപ്പിക്കും. ഏതോ ഗുരുതരമായ പ്രശ്നം മകനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണവന്‍റെ മുഖം ഇത്രമാത്രം വിളറിയിരിക്കുന്നത്. എന്തു സംഭവിച്ചാലും കുലുങ്ങാത്ത പ്രകൃതക്കാരനാണവന്‍. അസ്മ(رضي الله عنها)യുടെ ഓര്‍മകള്‍ ഒന്നൊന്നായി തുറന്നു.
      അന്നൊരുനാള്‍ അവന്‍ നിസ്കരിക്കുകയായിരുന്നു. അപ്പോഴാണ്‌ വീടിന്‍റെ മുകളില്‍ നിന്നൊരു പാമ്പ് താഴേക്ക് വീണത്. അബ്ദുള്ളയുടെ മകന്‍ ഹാശിമിന്‍റെ ശരീരത്തിലാണ് വീണത്. സ്ത്രീകളും കുട്ടികളും വീട്ടുകാരും ബഹളം വെച്ചു. അവര്‍ കുട്ടിയുടെ സരീരത്തില്‍നിന്ന്‍ പാമ്പിനെ മാറ്റി അടിച്ചുകൊന്നു. ഇത്രയൊക്കെ നടന്നിട്ടും അബ്ദുള്ള അതൊന്നും ശ്രദ്ധിച്ചതേയില്ല. നിസ്കാരത്തിന്‍റെ മധുരം മനസ്സിനെ മയക്കിയിരുന്നു.
    ഏഴ് ദശാബ്ദം മുമ്പുള്ള ചില നാളുകളിലേക്ക് അസ്മ(رضي الله عنها)യുടെ ഓര്‍മകള്‍ ഇഴഞ്ഞുനീങ്ങി....
__________________________


     മദീനയിലേക്കുള്ള യാത്ര, ഖുബായില്‍ പ്രവേശിച്ചപ്പോഴാണ് ഇവനെ ഞാന്‍ പ്രസവിച്ചത്. നബി(ﷺ) മധുരം കൊടുത്തു ഓമനിച്ചു അബ്ദുള്ളായെന്ന്‍ പേരുവിളിച്ചു. മദീനായിലെ ആദ്യ മുസ്‌ലിം പ്രസവം. ഇന്നിപ്പോള്‍ ഇവന്‍ വളര്‍ന്നുവലുതായി. സത്യത്തിന്‍റെ പാതയില്‍ ആരെയും കൂസാതെ മുന്നോട്ടുനീങ്ങുന്നു. പരിശുദ്ധ മക്കയും മദീനയുമൊക്കെ ഉള്‍പ്പെടുന്ന ഹിജാസ്, ഇറാഖ് എന്നീ പ്രവിശ്യകളില്‍ ഭരണം നടത്തുന്ന ഖലീഫയായിരിക്കുന്നു. ഉമവിയ്യ ഭരണകൂടത്തിലെ രണ്ടാം സ്ഥാനപതി യസീദ് ബിന്‍ മുആവിയ ഭരണമേറ്റപ്പോള്‍ അതംഗീകരിക്കാതെ ചില പ്രമുഖര്‍ മാറിനിന്നു. അതില്‍ ഒരാളായിരുന്നു തന്‍റെ മകന്‍ അബ്ദുള്ള. അക്കാരണത്താല്‍ മദീനാശരീഫ് വിട്ട് മക്കയിലേക്ക് പോയി. സോച്ഛാധിപതിയായ യസീദിനെ അംഗീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ അദ്ദേഹത്തിന്‍റെ പട്ടാളം സ്വീകരിച്ചിരുന്നു. ഹിജാസിന്‍റെ വിവിധ പ്രവിശ്യകളില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ യസീദിന്‍റെ ദുര്‍ഭരണത്തെ വെറുത്തുകഴിയുന്നവരായിരുന്നു. യസീദ് മരണപ്പെട്ടപ്പോഴാണ് അബ്ദുള്ള ഖലീഫയായത്. സിറിയ, ഈജിപ്ത് അല്ലാത്ത ഒട്ടുമുക്കാല്‍ രാഷ്ട്രങ്ങളിലെ ജനങ്ങളും തന്‍റെ മകന് ഉടമ്പടി ചെയ്തു ഭരണം സ്വീകരിച്ചു. ആ രണ്ടു രാജ്യങ്ങളില്‍ ആദ്യം യസീദിന്‍റെ പുത്രനും പിന്നീട് അബ്ദുല്‍മലിക്കും അധികാരം സ്ഥാപിച്ചു. തുടര്‍ന്ന്‍ വിശാലമായി സൈനികവിന്യാസങ്ങള്‍ നടത്തി ഇറാഖും അബ്ദുല്‍മലിക് കയ്യടക്കി. ഇപ്പോള്‍ ഹിജാസിന്‍റെ മാത്രം ഭരണമേ മകന്‍റെ കൈവശമുള്ളൂ.

   ഉമ്മ എന്തൊക്കെയോ ഓര്‍ക്കുകയാണെന്ന്‍ അബ്ദുള്ളക്ക് ബോധ്യമായി. മൗനം ഭഞ്ജിച്ചുകൊണ്ട് അബ്ദുള്ള തുടങ്ങി: “ഉമ്മാ, ഞാനൊരു കാര്യം കൂടിയാലോചിക്കാനാണിങ്ങ് വന്നത്”.
   “പറയൂ മോനേ, എന്താണ് കാര്യം?”.
  “അബ്ദുല്‍മലിക് പരിശുദ്ധ മക്കയെ ഉപരോധിക്കുന്നതിനുവേണ്ടി ഹജ്ജാജ്ബിന്‍ യൂസുഫിന്‍റെ നേതൃത്വത്തില്‍ ഒരു വന്‍ സൈന്യത്തെ അയച്ചിട്ടുണ്ട്”.

   ‘ഓഹോ, എന്നിട്ട്’.

  ‘അവര്‍ ഉപരോധം തുടങ്ങിയിട്ട് മാസങ്ങളായി’.
   ‘എന്താണവരുടെ ഉദ്ദേശ്യം’.
  ‘എന്‍റെ ഭരണം തകര്‍ക്കണം. ഞാന്‍ അബ്ദുല്‍മലികിന്‍റെ ഭരണത്തെ അംഗീകരിക്കണം’.
       ‘ശരി, ജനങ്ങള്‍ എവിടെ നില്‍ക്കുന്നു?’
  ‘ജനങ്ങള്‍ നാലഞ്ചുമാസമായി പട്ടിണികിടക്കുന്നു. വെള്ളമില്ല, ഭക്ഷണമില്ല, ചികിത്സയില്ല. അതിനെല്ലാംപുറമേ ഇടക്കിടെയുള്ള ഒളിയമ്പുകളും അക്രമങ്ങളും കൊണ്ട് അവര്‍ പൊറുതിമുട്ടിയിരിക്കുന്നു. വളരെകുറച്ചു പേരല്ലാതെ മറ്റെല്ലാ ജനങ്ങളും ഉറച്ചുനില്‍ക്കാന്‍ കഴിയാതെ ഹജ്ജാജിലേക്ക് അഭയംതേടി കീഴടങ്ങിയിരിക്കുന്നു.
   “മോനേ, നീ സത്യത്തിലാണ് കഴിയുന്നത്. നീ ഭരണം പിടിച്ചടക്കിയതല്ല. സ്വേച്ഛാധിപത്യം വെറുത്ത ജനങ്ങള്‍ നിന്നെ അധികാരത്തിലേറ്റിയതാണ്. ആ വഴിയില്‍ നിന്നോടൊപ്പം ഉറച്ചുനിന്ന കൂട്ടുകാര്‍ സത്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞുപോയി. നിനക്കും ആ മാര്‍ഗം സ്വീകരിക്കാം. മരണംവരെ പൊരുതുക. സത്യസന്ധമായ ഭരണം നടത്തുന്ന ഒരു ഖലീഫയെ നിഷ്കാസനം ചെയ്യാന്‍ പ്രക്ഷോഭം കൂട്ടുകയും അധിനിവേശം നടത്തുകയും ചെയ്ത അബ്ദുല്‍മലികാണ് തെറ്റുകാരന്‍. അവന്‍റെ സൈന്യവും സൈന്യാധിപന്‍ ഹജ്ജാജും അക്രമകാരികളാണ്. അക്രമത്തിന് വഴങ്ങാന്‍ പാടില്ല. പൊരുതുക. മരണം പൂമാലയായി സ്വീകരിക്കുക”. ഉമ്മയുടെ ഉപദേശംകേട്ട് പൂര്‍വ്വോപരി ആത്മധൈര്യം സംഭരിച്ച് അബ്ദുള്ള മടങ്ങി. ഹിജ്റ 64 മുതല്‍ 73 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ ഭരണം അദ്ദേഹത്തോടൊപ്പം നിലംപതിച്ചു. ഉമ്മായുടെ ഉപദേശം പോലെ കാര്യങ്ങള്‍ നീങ്ങി. അവസാനശ്വാസം വരെ സധൈര്യം പോരാടി. എഴുപത്തിമൂന്നാം വയസ്സില്‍ ജമാദുല്‍അവ്വല്‍ 17ന് ചൊവ്വാഴ്ച അദ്ദേഹം കൊല്ലപ്പെട്ടു.
   ജീവിതത്തിന്‍റെ സായംസന്ധ്യയിലെത്തിയ അസ്മ(رضي الله عنها)ക്ക് കദനഭാരം തന്നെ പേറേണ്ടിവന്നു. പക്ഷേ ദുഃഖമില്ല. സത്യത്തിന്‍റെ വഴിയില്‍ വേലിക്കെട്ടുകള്‍ സാധാരണമാണ്. അള്ളാഹുവിന്‍റെ മാര്‍ഗത്തിലാണ് മകന്‍ ജീവന്‍ നല്‍കിയതെന്ന്‍ അസ്മ(رضي الله عنها)ക്ക് നല്ലഉറപ്പുണ്ട്. അതിനാല്‍ ഏത് ശത്രുവിനെ നേരിടാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അക്രമിയായ ഭരണാധികാരിയുടെ മുഖത്തുനോക്കി കാര്യം തുറന്നുപറയുന്നത് ഏറ്റവും നല്ല കര്‍മമാണെന്ന് അസ്മ(رضي الله عنها)ക്കറിയാം. മകന്‍ അബ്ദുള്ളയുടെ വധത്തിനുശേഷം വീണ്ടും മാനസികമായി ആ വന്ദ്യമാതാവിനെ നോവിക്കാന്‍ ഹജ്ജാജ് ശ്രമിച്ചു. അയാള്‍ ചോദിച്ചു: “നിങ്ങളുടെ അബ്ദുള്ളയെ ഞാന്‍ വധിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടോ?”
   അസ്മ(رضي الله عنها) പറഞ്ഞു: “എന്‍റെ മകന്‍റെ ദുനിയാവ് നീ നഷ്ടപ്പെടുത്തു. നിന്‍റെ ആഖിറവും നീ നശിപ്പിച്ചു. നിശ്ചയം സഖീഫ് ഗോത്രത്തില്‍ ഒരു വ്യാജനും ഒരു നാശകാരിയും ഉണ്ടാകുമെന്ന് നബി(ﷺ) ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. വ്യാജന്‍ ആരാണെന്ന് ഞങ്ങള്‍ കണ്ടുകഴിഞ്ഞു. നാശകാരി നീയാണ്”.
   അബ്ദുള്ളയുടെ വേര്‍പ്പാടിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അസ്മാബീവി(رضي الله عنها)യും ഈ ലോകത്തോട് വിടപറഞ്ഞു........
══════════════

Comments