ദർസ് മുടക്കരുത്, നിങ്ങൾ കള്ളന്മാരാകും



കുറച്ചുനാളുകൾക്കു മുമ്പ് സമസ്ത അധ്യക്ഷർ  റഈസുൽ ഉലമ സുലൈമാൻ ഉസ്താദിന്റെ തിരു സവിധത്തിൽ അൽപനേരം ഇരിക്കാൻ ഭാഗ്യമുണ്ടായി മുന്നിൽ കൂടി നിന്ന മുസ്ലിയാക്കന്മാരോടായി ഉസ്താദ് ചോദിച്ചു

നിങ്ങൾ ദർസ് നടത്തുന്ന വരല്ലേ?
എങ്കിൽ ദർസ് മുടക്കരുത് കള്ളന്മാരാകും.മാതാപിതാക്കൾ അമാനത്തായിട്ടാണ് മക്കളെ നിങ്ങുടെ കയ്യിൽ ഏല്പിച്ചത്.

ചുരുങ്ങിയ വാക്കുകളാണെങ്കിലും ഹൃദയത്തിൽ തട്ടുന്ന സംസാരം. മഹത്തുക്കളുടെ നോട്ടത്തിലും സംസാരത്തിലും പ്രത്യേക സ്വാധീനം ഉണ്ടാകുമല്ലോ.നാം  മണിക്കൂറുകളോളം തൊള്ള കീറി സംസാരിച്ചാലും ഇതിന്റെ ഏഴയലത്ത് എത്തുകയില്ല എന്നതാണ് ശരി.

 പറഞ്ഞതിന് സാരം-
 ദറസ് നടത്തുന്നവർ അതിനായി മുഴുസമയം മാറ്റിവെക്കണം. ചെറിയ കാരണങ്ങൾ പറഞ്ഞു ദർസ്  മുടക്കരുത്. ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ വരുമ്പോൾ ദർസ്  മുടക്കേണ്ടി വരുന്നത് സ്വാഭാവികം. എങ്കിലും മറ്റു ദിവസങ്ങളിൽ അത് പരിഹരിക്കാനുള്ള നിതാന്തജാഗ്രത ഉണ്ടാകണം.

 സംഘടന ഉത്തരവാദിത്വങ്ങൾ ഉള്ളവർ ദർസിനു ഭംഗം വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ താല്പര്യമുള്ളത്  തെരഞ്ഞെടുത്ത്  ആ വഴിക്ക് നീങ്ങാം.

 സിയാറത്ത് നല്ലതും ആവശ്യവുമാണ് എങ്കിലും ഒഴിവുസമയങ്ങളിലേക്ക് മാറ്റി വെക്കാൻ പരമാവധി ശ്രദ്ധിക്കണം. എപ്പോഴും സിയാറത്തുമായി കഴിയുന്നവർ ദർസ്  നടത്താതിരിക്കലാണ്  കുട്ടികളുടെ ഭാവിക്ക് നല്ലത്. ചുരുക്കത്തിൽ നമ്മുടെ മുന്നിൽ നിൽക്കുന്ന ഒരു കുട്ടിയുടെയും ആയുസ്സ് നാം കാരണം തുലച്ചു കളയരുത്. കഴിയുന്നില്ലെങ്കിൽ പ്രാപ്തരായ മുദരിസുമാരുടെ  ദർസിലേക്ക് പറഞ്ഞുവിടുക. വിചാരണ നേരിടേണ്ടി വരുമെന്ന് നന്നായി ബോധ്യം ഉള്ളവരാണല്ലോ നാം. കുല്ലുക്കും റാഇൻ വ കുലുക്കുൻ........ എന്ന ഹദീസ് ഓതി കൊടുക്കാൻ മാത്രമുള്ളതല്ലല്ലോ.

ദർസ് ഉണ്ടെന്ന് പറയാനും മുതൽ മുദരിസ് പോസ്റ്റ് ലഭിക്കാനും വേണ്ടിയാകരുത് ദറസ്. തീർത്തും ഇലാഹി തൃപ്തിയാകണം ലക്ഷ്യം.

 ഉസ്താദിന്റെ ദർസ് കാര്യക്ഷമല്ലാത്തതിനാൽ നന്നായി പഠിക്കണം എന്ന് ആഗ്രഹിച്ചു മറ്റൊരിടത്തേക്ക് പോകാൻ സമ്മതം ചോദിക്കുന്ന കുട്ടിയെ സന്തോഷത്തോടെ പറഞ്ഞു വിടാനുള്ള മനസ്സുണ്ടാകണം. ഗുരുത്തക്കേട് പറഞ്ഞു പേടിപ്പിക്കരുത്. അവരുടെ കാര്യത്തിൽ നീതി  കാണിച്ചില്ലെങ്കിൽ പടച്ചവന്റെ പൊരുത്തക്കേടാകും കിട്ടുക.

 മറ്റൊരുകാര്യം മുതഅല്ലിമുകളെ  എപ്പോഴും പിരിവിനു മറ്റ് പ്രവർത്തനങ്ങൾക്കുമായി വിടരുത്. ആവശ്യത്തിന് വേണമെന്ന് പറയേണ്ടതില്ലല്ലോ. ഉസ്താദിന്റെ വീടുപണിക്കും വീട് വൃത്തിയാക്കാനും മറ്റു  വിശേഷങ്ങൾക്കും   ക്ലാസ്  മുടക്കി നിരന്തരമായി അവരെ ഉപയോഗിക്കുന്നത് ദയവായി നിർത്തണം.നല്ല ഏർപ്പാടല്ല.
അതുപോലെ ക്ലാസ് മുടക്കി ഖാദിമായും ഡ്രൈവറാക്കിയും കൊണ്ടുനടക്കുന്നതും നല്ല സമ്പ്രദായമല്ല തിരുത്തിയെ പറ്റൂ.

തഹ്ഖീക്കൊടെ പഠിപ്പിക്കാനാണെന്നും   പറഞ്ഞ് വർഷങ്ങളോളം കുട്ടികളെ ദർസിൽ പിടിച്ചുനിർത്തുന്നവരുണ്ട്. പയ്യെ ഓതി പഠിച്ചാലെ  തഹ്ഖീഖ്  ഉണ്ടാകൂ എന്ന്  ഉസ്താദിന്റെ വല്ല്യ  ഉപദേശവും!!
സത്യത്തിൽ ഇവിടെ തഹ്ഖീഖ്  പോയിട്ട് കൃത്യമായ ദർസ് പോലും നടക്കാറില്ല എന്നതാണ് വാസ്തവം.

 മേലുദ്ധരിച്ചത് ചില ദർസ് സ്ഥാപനങ്ങളുടെ സാഹചര്യമാണ്. നന്നായി ദർസ് നടത്തുന്ന പ്രഗൽഭരായ മുദരിസുമാർ ഉണ്ട്.  അവർ ഈ ചർച്ചയുടെ ഭാഗമെ അല്ല. നല്ലത്  ഉൾക്കൊള്ളാനും കുറവ് മനസ്സിലാക്കി തിരുത്താനും നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ.

🖊️അബ്ദുള്ള മുസ്‌ലിയാർ, പുരയിൽ

Comments