മാന്ത്രിക ദണ്ഡ്
ഉസ്താദും മുരീദും എവിടേക്കോ ഉള്ള യാത്രയിലാണ്. മുളങ്കൊമ്പു കൊണ്ടുള്ള വടിയും ഊന്നിക്കൊണ്ടാണ് വൃദ്ധന്റെ നടപ്പ്. അതൊരു മാന്ത്രികവടിയാണെന്നായുരുന്നു ഗുരുവിന്റെ പൂര്‍വ്വിക ശിഷ്യന്മാര്‍ക്കിടയിലുള്ള അടക്കം പറച്ചില്‍.
ആ സമയം അതുവഴി വന്ന തടിയനായ ഒരു പൂര്‍വ്വ ശിഷ്യന്‍ ഗുരുവിന്റെ വടി തട്ടിയെടുത്തുകൊണ്ട് ഓടി. തന്റെ സ്വന്തം ആശ്രമ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഈ മാത്രിക ദണ്ഡിന്റെ കുറുവു മാത്രമേയുള്ളൂ എന്ന് വിശ്വസിച്ച് നടക്കുകയായിരുന്നല്ലോ കുറേക്കാലമായി അയാള്‍.
തടിയന്‍ വടി പിടിച്ചു പറിച്ച് മുന്നോട്ടോടിയതും അയാള്‍ക്കെതിരെയെന്നവണ്ണം രണ്ടു നായ്ക്കള്‍ ഓടി വരുന്നതാണ് കണ്ടത്. പേപ്പട്ടികളാണോയെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം. അവ അയാള്‍ക്കെതിരെ കുരച്ചു ചാടി തന്നെ കടിച്ചു കീറുമെന്നായപ്പോള്‍ ആ ശിഷ്യന്‍ വടി വീശി. അതിന്റെ ആഘാതത്തില്‍ പട്ടികളുടെ തലക്കും ഉടലിനും കാലിനുമൊക്കെ കനത്ത പരിക്കേറ്റെന്നു തോന്നി. അതെന്തായാലും പിന്നീട് വടി പേടിച്ച് കരഞ്ഞു കൊണ്ടവ ഓടി മറയുന്നതാണ് കണ്ടത്.
പക്ഷേ അതുകൊണ്ടൊന്നും തടിയനെതിരെയുള്ള ഭീഷണി തീര്‍ന്നിരുന്നില്ല. അല്‍പദൂരം കൂടി ഓടിയപ്പോള്‍ ബഞ്ചാരകളുടെ വിവാഹ ഘോഷയാത്ര വഴിനിറഞ്ഞ് എതിരെ വരുന്നു. ഒരു വടിയും ചുഴറ്റി ഒരുവന്‍ ഓടി വരുന്നതു കണ്ടപ്പോള്‍തന്നെ അത് വധുവിനെ തട്ടിയെടുക്കാനുള്ള പരിശ്രമമായിരിക്കുനെന്നവര്‍ തീര്‍ച്ചപ്പെടുത്തി. ബഞ്ചാരകളുടെ സ്ത്രീകളേയും കുട്ടികളേയും തദ്ദേശീയര്‍ തട്ടിക്കൊണ്ട് പോയി ചൂഷണത്തിനും പീഢനത്തിനുമിരയാക്കുക യുഗങ്ങളായുള്ള പ്രക്രിയയാണല്ലോ എല്ലാ നാട്ടിലും.
ബഞ്ചാരകള്‍ തടിയനെ വളഞ്ഞു വെച്ച് ആക്രമിക്കാന്‍ തുടങ്ങിയെങ്കിലും അവന്‍ വടിവീശലിനിടയില്‍ നിരായുധരായ അവര്‍ക്ക് വളരെയൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആ ശിഷ്യന്‍ അവരില്‍ നിന്നും കുതറിമാറി കഷ്ടിച്ച് രക്ഷപ്പെട്ടു.
കഷ്ടിച്ച് എന്നു പറയാന്‍ കാരണമുണ്ട്. ഇപ്പോള്‍ ശിഷ്യനു പിന്നില്‍ ഒരു കാളക്കൂറ്റന്‍ മുക്രയിട്ടോടുന്നുണ്ട്. മുന്നോട്ടാഞ്ഞ അതിന്റെ കൂര്‍ത്ത കൊമ്പുകള്‍ക്കിടയില്‍ പിടഞ്ഞു വീണവര്‍ ധാരാളമാണ്. അതറിയാവുന്ന തടിയന്‍ ഓട്ടത്തിനിടയില്‍ വഴിയരികിലെ ആഴമേറിയ കുളത്തിലേക്ക് വീഴുകയോ ചാടുകയോ ചെയ്തു. ശത്രുവിന്റെ തിരോധാനം ഉറപ്പു വരുത്തിയ കാള എങ്ങോ പോയി മറയുകയും ചെയ്തു.
അപ്പോഴേക്കും ഉസ്താദും മുരീദും അവിടെ എത്തിയിരുന്നു. വടിയുടെ പൊക്കിക്കൊടുത്ത അറ്റം പിടിച്ചു മുരീദ് തടിയനെ കുളത്തില്‍ നിന്നും മുങ്ങിച്ചവുന്നിതിനു മുമ്പേ പിടിച്ചു കയറ്റി.
വടി ഉസ്താദിനു തിരിച്ചു കൊടുത്തുകൊണ്ടവന്‍ പറഞ്ഞു: “കണ്ടില്ലേ വടിയുടെ മാന്ത്രികശക്തി. ഇതു കൈക്കലാക്കാന്‍ ശ്രമിച്ച എന്നെ സര്‍വ്വ ശക്തികളും ഒന്നിച്ചു വന്നാണല്ലോ എതിര്‍ത്തു തോല്‍പ്പിച്ചത്. പട്ടികളും ബഞ്ചാരകളും കാളയും കുളവുമൊക്കെ പൊടുന്നനെ ശത്രുക്കളായി മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അങ്ങനെ ഞാന്‍ തോറ്റു.”
അതുകേട്ടു ഗുരു അവനെ ആശ്വസിപ്പിച്ചു:
“സംഭവിച്ചതൊന്നും അങ്ങനെയല്ല. എല്ലാ തടസ്സങ്ങള്‍ക്കെതിരെയും മാന്ത്രിക ദണ്ഡ് നിന്റെ പാത സുഗമമാക്കുകയായിരുന്നു. അതുമൂലും മേല്‍പ്പറഞ്ഞ എതിര്‍പ്പുകളെയൊക്കെ നിനക്കു മറികടക്കാന്‍ കഴിഞ്ഞു.”
ശേഷം ഗുരു വടി അവനു കൈമാറിക്കൊണ്ട് കൂട്ടിച്ചേര്‍ത്തു : “നിനക്കെതിരെ തീര്‍ത്ത പ്രതിരോധങ്ങളെ പഴിക്കുകയല്ല മറിച്ച് നിന്റെ കയ്യിലുള്ള ഉപകരണങ്ങളെയാണ് നീ അവസരമാക്കേണ്ടത്. അങ്ങനെയേ അവനെത്തേടിയുള്ള പാതയില്‍ മുന്നേറാന്‍ കഴിയൂ.”
🔚🔚🔚🔚🔚🔚🔚🔚🔚🔚
Comments
Post a Comment