സംശയങ്ങളും മറുപടിയും - ✍🏼മരണാനുബന്ധമുറകൾ
📍1) ആത്മഹത്യ ചെയ്തവന്‍റെ മേല്‍ മയ്യിത്ത് നിസ്കരിക്കേണ്ടതുണ്ടോ..?
ഉ: ഉണ്ട്. മാത്രമല്ല ആത്മഹത്യ ചെയ്തവനും അല്ലാതെ മരിച്ചവനും നിസ്കാരം, കുളിപ്പിക്കല്‍, മറ്റു പരിപാലനങ്ങള്‍ എന്നിവയില്‍ ഒരുപോലെയാണ്. കാരണം മരണപ്പെട്ട എല്ലാ മുസ്‌ലിം പുരുഷന്‍റെയും സ്ത്രീയുടെയും മേല്‍ മയ്യിത്ത് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. അവന്‍ നല്ലവനോ തെമ്മാടിയോ മഹാപാപിയോ ആണെങ്കിലും ശരി എന്ന്‍ നബി ﷺ പറഞ്ഞിട്ടുണ്ട്.
എന്നാല്‍, ആത്മഹത്യ ചെയ്ത ഒരു മയ്യിത്തിന്‍റെ മേല്‍ നിസ്കരിക്കാതെ നബി ﷺ വിട്ടു നില്‍ക്കുകയും എന്നിട്ട് സ്വാഹാബികള്‍ നിസ്കരിക്കുകയും ചെയ്തു എന്ന്‍ മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. അത് ആത്മഹത്യയില്‍ നിന്ന്‍ ജനങ്ങളെ പിന്തിരിപ്പിക്കാനായിരുന്നു. ഇത് നബിﷺക്ക് മാത്രം ബാധകവുമാണ്. മറ്റുള്ളവര്‍ നിസ്കരിക്കാതിരിക്കേണ്ടതില്ല.
(തുഹഫ, ശര്‍വാനി, ഇബ്നുഖാസിം 3/192, 193)
*📍2) മരിക്കുമ്പോള്‍ 'ലാഇലാഹ ഇല്ലള്ളാഹ്' എന്നു മാത്രം ചൊല്ലിയാല്‍ മതിയോ അതോ 'മുഹമ്മദ്‌റസൂലുള്ളാഹ്' എന്നു കൂടി ചേര്‍ത്ത് ചോല്ലേണ്ടതുണ്ടോ..?*
ഉ: "മരണാസന്നരായവര്‍ക്ക് നിങ്ങള്‍ 'ലാഇലാഹ ഇല്ലള്ളാഹ്' എന്നു ചൊല്ലിക്കൊടുക്കുക" എന്ന്‍ നബി ﷺ കല്‍പ്പിച്ചതായി ഇമാം മുസ്‌ലിം രേഖപ്പെടുത്തിയുട്ടുള്ളതിനാല്‍ 'ലാഇലാഹ ഇല്ലള്ളാഹ്' എന്ന്‍ മാത്രം ചൊല്ലിയാല്‍ മതി.
(തുഹഫ 3/102)
📍3) ഒരാള്‍ മരണപ്പെട്ടാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്..?*
ഉ: "ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാ" എന്നു ചൊല്ലിക്കൊണ്ട് രണ്ടു കണ്ണുകളും അടച്ചുകൊടുക്കണം.
(തുഹഫ 3/104)
*📍4) പിന്നീട് എന്താണ് ചെയ്യേണ്ടത്..?*
ഉ: ഒരു ശീലകഷ്ണം കൊണ്ട് താടി കെട്ടുക, കെണിപ്പുകള്‍ മടക്കി നിവര്‍ത്തുക, മുഴുവന്‍ മൂടുന്ന ഒരു തുണി കൊണ്ട് ശരീരം മുഴുവന്‍ മൂടുക, മരിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റുക.
(തുഹഫ 3/106)
*📍5) ഏതു വെള്ളം കൊണ്ടാണ് മയ്യിത്തിനെ കുളിപ്പിക്കേണ്ടത്..?*
ഉ: പ്രകൃത്യായുള്ള തണുത്ത ഉപ്പുരസമുള്ള വെള്ളമാണുത്തമം. കാരണം അത് മയ്യിത്തിന്‍റെ ശരീരത്തെ ശക്തിപ്പെടുത്തും. ചൂടുവെള്ളം ശരീരത്തിന്‍റെ ഉറപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുക.
എന്നാല്‍, ശക്തിയായ തണുത്ത കാലാവസ്ഥ, പച്ചവെള്ളം കൊണ്ട് കഴുകിയാല്‍ വൃത്തിയാവാത്ത അഴുക്ക് എന്നീ കാരണങ്ങളുണ്ടെങ്കില്‍ ചൂടുവെള്ളമാവാം.
(തുഹഫ, മിന്‍ഹാജ് 3/139)
📍6) കഫന്‍ ചെയ്ത ശേഷം മയ്യിത്തിനെ മൂന്ന്‍ കെട്ട് കെട്ടും. ആ കെട്ട് അഴിക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എപ്പോഴാണ് അഴിക്കേണ്ടത്..?*
ഉ: മയ്യിത്തിനെ ഖബറില്‍ വെച്ച ഉടന്‍ കെട്ടുകളെല്ലാം അഴിക്കേണ്ടതാണ്.
(മിന്‍ഹാജ് 3/139)
*📍7) മയ്യിത്ത് നിസ്കാരത്തില്‍ ഇമാം രണ്ടോ മൂന്നോ തക്ബീര്‍ ചൊല്ലിയ ശേഷം ഒരാള്‍ തുടര്‍ന്നാല്‍ അയാള്‍ എന്തു ചെയ്യണം..?*
ഉ: ഇമാം സലാം വീട്ടുമ്പോള്‍ സലാം വീട്ടാതെ ബാക്കി തക്ബീറും അതിന്‍റെ ദിക്റും ചൊല്ലി സലാം വീട്ടിയാല്‍ മതി. (മറ്റു നിസ്കാരങ്ങളില്‍ പിന്തിത്തുടര്‍ന്നാലെന്നപോലെ)
(തുഹ്ഫ 3/159)
*📍8) മയ്യിത്ത് നിസ്കാരത്തിന് ഇമാമാവാന്‍ ഏറ്റവും അര്‍ഹതയുള്ളത് ആര്‍ക്കാണ്..?*
ഉ: ക്രമപ്രകാരം മയ്യിത്തിന്‍റെ ഉപ്പ, പിന്നെ ഉപ്പാപ്പ, പിന്നെ മകന്‍, പിന്നെ മകന്‍റെ മകന്‍, പിന്നീട് സഹോദരന്‍, സഹോദര പുത്രന്‍മാര്‍ തുടങ്ങിയ അനന്തരാവകാശികളാണ് ഇമാമായി നില്‍ക്കേണ്ടത്.
(തുഹഫ 3/168)
*📍9) ഇമാം മയ്യിത്തിന്‍റെ ഏതു ഭാഗത്താണ് നില്‍ക്കേണ്ടത്..?*
ഉ: മുമ്പിലുള്ള മയ്യിത്ത് പുരുഷനാണെങ്കില്‍ തലയുടെ ഭാഗത്തും സ്ത്രീയാണെങ്കില്‍ അരയുടെ ഭാഗത്തുമാണ് നില്‍ക്കേണ്ടത്.
(തുഹ്ഫ 3/171)
*📍10) മയ്യിത്തിനെ ഖബറിലേക്ക് ഇറക്കേണ്ടത് ആരാണ്..?*
ഉ: മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നില്‍ക്കാന്‍ അര്‍ഹതപ്പെട്ട മയ്യിത്തിന്‍റെ പുരുഷന്മാരായ കുടുംബക്കാര്‍ (ഉപ്പ, മകന്‍, സഹോദരന്‍ തുടങ്ങിയവര്‍). എന്നാല്‍ മയ്യിത്ത് ഭര്‍തൃമതിയായ പെണ്ണാണെങ്കില്‍ ഭര്‍ത്താവാണ് ഏറ്റവും ഉത്തമം.
(തുഹ്ഫ 3/185)
📍11) പ്രസവിച്ച ഉടനെ മരണപ്പെട്ട കുട്ടിയുടെ മേല്‍ നിസ്കരിക്കേണ്ടതുണ്ടോ..?
ഉ: കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തതിനു ശേഷം മരണപ്പെട്ടതാണെങ്കില്‍ വലിയവരുടെ അതേ വിധി തന്നെയാണ്.
ജീവന്‍റെ യാതൊരു ലക്ഷണവും പ്രകടിച്ചിട്ടില്ലാത്ത കുഞ്ഞാണെങ്കില്‍ കുളിപ്പിക്കേണ്ടതില്ല, നിസ്കരിക്കേണ്ടതുമില്ല. കഫന്‍ ചെയ്യലും മറമാടലും നിര്‍ബന്ധമാണ്.
(തുഹ്ഫ 3/162)
📍12) മയ്യിത്തിന്‍റെ കുടുംബക്കാര്‍ക്ക് മയ്യിത്തിനെ ചുംബിക്കല്‍ അനുവദനീയമാണോ..?*
ഉ: അനുവദനീയമാണ്. ഇസ്മാനുബ്നുമളുഗൂന്‍(റ) എന്ന സ്വഹാബി മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ട്. നബി ﷺ വാഫാതായപ്പോള്‍ അബൂബക്കര്‍(റ) നബിﷺതങ്ങളെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അത്കൊണ്ട് മയ്യിത്തിന്‍റെ കുടുംബക്കാര്‍ക്കും മയ്യിത്ത് സ്വാലിഹായ വ്യക്തിയാണെങ്കില്‍ കുടുംബക്കാരല്ലാത്തവര്‍ക്കും മയ്യിത്തിനെ ചുംബിക്കാം.
(തുഹഫ മിന്‍ഹാജ്, ശര്‍വാനി 3/201)
*📍13) മറമാടിയ ശേഷം ഖബറിനുമേല്‍ വെള്ളം ഒഴിക്കുന്നത് എന്തിനാണ്..?*
ഉ: ഒരു ചാണ്‍ ഉയരത്തില്‍ ഖബര്‍ മണ്ണിട്ടു ഉയര്‍ത്തല്‍ സുന്നത്താണ്. ആ മണ്ണ്‍ പാറിപ്പോകാതെ ഉറച്ചുനില്‍ക്കാന്‍ വേണ്ടിയും അതുപോലെ ഈ മയ്യിത്ത് കിടക്കുന്ന സ്ഥലം അല്ലാഹു ﷻ തണുപ്പിക്കുകയും അത് പരലോക മോക്ഷത്തിന്‍റെ സൂചനയാകാനും വേണ്ടിയാണ് വെള്ളം ഒഴിക്കുന്നത്.
(തുഹഫ 3/198, ഇആനത്ത് 2/119)
*📍14) ഗര്‍ഭിണിയായ സ്ത്രീ മരണപ്പെട്ടാല്‍ വയറ്റിലുള്ള കുഞ്ഞിനെ എന്തുചെയ്യണം..?*
ഉ: അതിന് ജീവനുണ്ടെന്ന്‍ ബോധ്യപ്പെട്ടാല്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുക്കല്‍ നിര്‍ബന്ധമാണ്. ജീവനില്ലാ എന്ന്‍ ഉറപ്പാണെങ്കില്‍ പുറത്തെടുക്കേണ്ടതില്ല. മയ്യിത്തിനെ അങ്ങിനെതന്നെ മറമാടാം.
(ഫത്ഹുല്‍മുഈന്‍ 155)
*📍15) ഖബറിനു മുകളില്‍ ചെടി നടുന്നതെന്തിനാണ്..?*
ഉ: ചെടി ചൊല്ലുന്ന തസ്ബീഹിന്‍റെ പ്രതിഫലം മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി. കേവലമൊരു ചെടി ചൊല്ലുന്ന തസ്ബീഹ് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുമെങ്കില്‍ ചെടിയേക്കാള്‍ ഉന്നത സൃഷ്ടിയായ മനുഷ്യന്‍ ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ ഇബാദത്തുകള്‍ മയ്യിത്തിന് ഗുണം ചെയ്യില്ല എന്ന്‍ ഒരിക്കലും കരുതാനാവില്ല. എന്ന്‍ ഇമാം ഇബ്നു ഖയ്യിം(റ) പറഞ്ഞിട്ടുണ്ട്.
(കിതാബുര്‍റൂഹ് പേജ് 41)
*📍16) ഖബറാളികള്‍ക്ക് സലാം പറഞ്ഞാല്‍ അവരത് കേള്‍ക്കുമോ..?*
ഉ: കേള്‍ക്കും. അതുകൊണ്ടാണല്ലോ ഖബറിന് അരികില്‍ ചെന്ന്‍ സലാം പറയാന്‍ നബി ﷺ പഠിപ്പിച്ചത്. ഇല്ലെങ്കില്‍ വീട്ടില്‍ ഇരുന്നോ മറ്റോ സലാം പറഞ്ഞാല്‍ മതിയല്ലോ.
മാത്രമല്ല മയ്യിത്തിന്‍റെ പരിചയക്കാരനായ ഒരാള്‍ ഖബറിങ്ങല്‍ ചെന്ന്‍ സലാം പറഞ്ഞാല്‍ ആ മയ്യിത്തിന് ഉടനെത്തന്നെ അല്ലാഹു ﷻ റൂഹ് തിരിച്ചുനല്‍കുകയും സലാം മടക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
(കിതാബുര്‍റൂഹ് 9)
📍17) മയ്യിത്ത് നിസ്കാരത്തില്‍ നിന്നും സലാം വീട്ടുമ്പോള്‍ സാധാരണ നിസ്കാരം സലാം വീട്ടുമ്പോള്‍ ചൊല്ലുന്ന സലാം തന്നെ മതിയോ..?*
ഉ: 'വബറകാതുഹു' എന്നു കൂടി ചേര്‍ത്ത് "അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു" എന്നാണ് സലാം വീട്ടേണ്ടത്.
(തുഹഫ 3/148)
*📍18) മരണാസന്നനായ ആള്‍ക്ക് വെള്ളം കൊടുക്കല്‍ സുന്നത്തുണ്ടോ..?*
ഉ: ഉണ്ട്. മാത്രമല്ല നാവ് നീട്ടിയോ മറ്റോ ആവശ്യപ്പെട്ടാല്‍ വെള്ളം കൊടുക്കല്‍ നിര്‍ബന്ധമാണ്. കാരണം മരണസമയത്ത് നല്ല ദാഹമുണ്ടാകും.
(തുഹഫ 3/104)
*📍19) മരണാസന്നനായ വകതിരിവുള്ള കുട്ടിക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കേണ്ടതുണ്ടോ..?*
ഉ: ഉണ്ട്. എന്നാല്‍ ഖബറിങ്ങല്‍ തല്‍ഖീന്‍ ചൊല്ലേണ്ടതില്ല. കാരണം ഖബറിലെ ചോദ്യം ചെയ്യല്‍ ശിക്ഷ എന്നിവയില്‍ കുട്ടി നിര്‍ഭയനാണ്.
(തുഹഫ, ശര്‍വാനി 3/92)
*📍20) മരണവെപ്രാളത്തിലുള്ളവന്‍റെ അടുക്കല്‍ ഓതേണ്ട സൂറത്തുകള്‍ ഏതാണ്..?*
ഉ: യാസീന്‍, റഅദ്.
(തുഹഫ 2/103)
*📍21) മരണസമയത്ത് യാസീന്‍ ഓതാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചത് എന്തുകൊണ്ടാണ്..?*
ഉ: നരകശിക്ഷ, സ്വര്‍ഗ്ഗാനുഗ്രഹം, ദുനിയാവിന്‍റെ അന്ത്യവും വ്യതിയാനവും, പരലോകത്തെ ഭീകരത തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് യാസീന്‍ അപ്പോള്‍ മരണവേളയില്‍ അത് കേള്‍ക്കുമ്പോള്‍ അവയെല്ലാം ഓര്‍മ്മ വരികയും ചങ്കുറപ്പ് ലഭിക്കുകയും ചെയ്യും.
(തുഹഫ 3/103)
*📍22) മരണസമയത്ത് പിശാച് കുടിവെള്ളവുമായി വരികയും മനുഷ്യനെ പിഴപ്പിക്കുകയും ചെയ്യുമെന്ന് കേള്‍ക്കുന്നത് ശരിയാണോ..?*
ഉ: ശരിയാണ്, 'ഞാനല്ലാതെ ഇലാഹില്ല' എന്ന്‍ പറഞ്ഞാല്‍ വെള്ളം തരാമെന്ന്' പറയുകയും ചെയ്യും. അത് കുടിക്കാതിരിക്കാനും കൂടിയാണ് മരണാസന്നനായവര്‍ക്ക് നാം വെള്ളം കൊടുക്കണം എന്ന്‍ പറയുന്നത്.
(തുഹഫ 3/104)
*📍23) മരിച്ചോ ഇല്ലയോ എന്ന്‍ ഉറപ്പാവാതെ അനന്തരക്രിയകള്‍ തുടങ്ങാന്‍ പറ്റുമോ..?*
ഉ: കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയുമൊക്കെയാവാം, എന്നാല്‍ മറ മാടണമെങ്കില്‍ മരിച്ചു എന്ന്‍ ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്.
മരണം ഉറപ്പിക്കാന്‍ ധാരാളം അടയാളങ്ങള്‍ ഉണ്ടെങ്കിലും അവ കൊണ്ടും മനസ്സിലാക്കാന്‍ പറ്റാതെ വന്നാല്‍ മയ്യിത്തിന്‍റെ വാസന മാറുന്നത് പോലെയുള്ള അടയാളങ്ങള്‍ വഴി മരണം ഉറപ്പിക്കല്‍ നിര്‍ബന്ധമാണ്.
(തുഹഫ 3/108)
*📍24) മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ നിയ്യത്ത് വെക്കേണ്ടതുണ്ടോ..?*
ഉ: സുന്നത്താണ്. നിര്‍ബന്ധമില്ല.
(തുഹ്ഫ 3/109)
*📍25) എന്താണ് നിയ്യത്ത്..?*
ഉ: ഈ മയ്യിത്തിന്‍റെ മേലുള്ള കുളി ഞാന്‍ വീട്ടുന്നു എന്നോ ഈ മയ്യിത്തിന്‍റെ മേലുള്ള നിസ്കാരം ഹലാലാക്കാന്‍ വേണ്ടി ഞാന്‍ കുളിപ്പിക്കുന്നു എന്നോ കരുതണം.
(തുഹ്ഫ 3/109)
*📍26) അന്യ സ്ത്രീയുടെ മയ്യിത്ത് അന്യ പുരുഷന് കാണാമോ..?*
ഉ: ഇല്ല.
*📍27) വൃത്തിയാക്കാന്‍ വേണ്ടി മയ്യിത്തിന്‍റെ നഖം, മുടി എന്നിവ മുറിക്കാമോ..?*
ഉ: ഇല്ല. കറാഹത്താണ്.
(തുഹ്ഫ 3/103)
നഖത്തിന്‍റെ അടിയിലുള്ള അഴുക്ക് ഈര്‍ക്കിള്‍ കൊണ്ടോ മറ്റോ വൃത്തിയാക്കാം. മുടി കഴുകി വൃത്തിയാക്കാം.
*📍28) അസഹ്യമായ വേദന കൊണ്ട് പുളയുന്ന, സുഖപ്പെടില്ലെന്ന്‍ ഡോക്ടര്‍മാര്‍ വിധിക്കുകയും ചെയ്ത രോഗിയുടെ ആവശ്യപ്രകാരം ദയാവധം നടത്താന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?*
ഉ: ഇല്ല.
(ശര്‍വാനി 9/194)
*📍29) ഏതെങ്കിലും അവയവം മുറിച്ചു മാറ്റിയാല്‍ വേദന പോവുമെങ്കില്‍ മുറിക്കാമോ..?*
ഉ: മുറിക്കാം.
(ശര്‍വാനി 9/194)
*📍30) മയ്യിത്തിനെ കട്ടിലില്‍ കൊണ്ടുപോകുമ്പോള്‍ തലഭാഗമാണോ കാല്‍ഭാഗമാണോ മുമ്പിലാവേണ്ടത്..?*
ഉ: തലഭാഗം.
(ബുശ്റല്‍ കരീം 1/32)
*31) മയ്യിത്ത് ചുമക്കാന്‍ വുളൂഅ് എടുക്കേണ്ടതുണ്ടോ?*
ഉ: സുന്നത്താണ്.
(ശര്‍വാനി 2/467)
*📍32) മയ്യിത്തിന്‍റെ ഏത് ഭാഗത്ത് നടക്കലാണ് ഉത്തമം..?*
ഉ: മുന്‍ഭാഗത്ത്.
(ബുജൈരിമി 2/258)
*📍33) പിന്‍ഭാഗത്ത് നടന്നാല്‍ കൂലി ലഭിക്കില്ലേ..?*
ഉ: അടിസ്ഥാനകൂലി ലഭിക്കും.
(നിഹായ 2/467)
*📍34) കഫന്‍ തുണിയില്‍ ഖുര്‍ആനോ മറ്റോ എഴുതാന്‍ പാടുണ്ടോ..?*
ഉ: ഇല്ല. ഹറാമാണ്.
(നിഹായ 2/464, ഫത്ഹുല്‍മുഈന്‍ 108)
*📍35) മയ്യിത്ത് കൊണ്ടുപോകുന്നത് കാണുമ്പോള്‍ എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ..?*
ഉ: ഉണ്ട്. 'സുബ്ഹാനല്‍ ഹയ്യില്ലദീലായമൂത്ത്'
(സാരം: ഒരിക്കലും മരിക്കാതെ എന്നും ജീവിക്കുന്ന അല്ലാഹു ﷻ എത്ര പരിശുദ്ധന്‍)
(ശര്‍വാനി 3/131)
*📍36) ജനാസയെ അനുഗമിക്കുമ്പോള്‍ വാഹനത്തില്‍ പോകാമോ..?*
ഉ: കറാഹത്താണ്. എന്നാല്‍ ഖബര്‍സ്ഥാന്‍ ദൂരെയാവുകയോ നടക്കാന്‍ ദുര്‍ബലനാവുകയോ മറ്റു കാരണങ്ങളോ ഉണ്ടെങ്കില്‍ വാഹനം ഉപയോഗിക്കാം കറാഹത്തില്ല.
(തുഹ്ഫ 3/130)
*📍37) വീട്ടില്‍ നിന്ന്‍ മയ്യിത്ത് എടുക്കുമ്പോള്‍ ചില സ്ത്രീകള്‍ മയ്യിത്തിന്‍റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ് അലമുറയിട്ട് കരയാറുണ്ട്. ഇത് തെറ്റല്ലേ..?*
ഉ: അതെ. ഹറാമാണ്.
(നിഹായ 3/23)
*📍38) രാത്രിയില്‍ മൂങ്ങ ശബ്ദിച്ചാല്‍ അവിടെ മരണം ഉണ്ടാകും എന്നത് അന്ധവിശ്വാസമല്ലേ..?*
ഉ: അതെ. ജാഹിലിയ്യാ കാലത്തെ ജനങ്ങളുടെ വിശ്വാസമായിരുന്നു അത്.
(ഫത്ഹുല്‍ബാരി 10/241)
*📍39) സ്വന്തം വീട്ടുമുറ്റത്ത് മയ്യിത്ത് മറവ് ചെയ്യാമോ..?*
ഉ: ചെയ്യാം. പക്ഷെ, സിയാറത്തിന് വരുന്നവരുടെ സലാമും പ്രാര്‍ത്ഥനയുമൊക്കെ കിട്ടുന്നത്കൊണ്ട് ഖബറുസ്ഥാനില്‍ മറവ് ചെയ്യലാണ് ഉത്തമം.
(തുഹ്ഫ 3/193)
⭕️
📍40) നബിﷺയെ മറവു ചെയ്തത് പൊതു ഖബറിസ്ഥാനിലാണോ..?*
ഉ: അല്ല, ഭാര്യ ആയിഷബീവി(റ) യുടെ വീട്ടിനകത്താണ് മറവ് ചെയ്തത്. കാരണം എവിടെ വച്ചാണോ മരിക്കുന്നത് അവിടെത്തന്നെ മറവ് ചെയ്യണം എന്നത് പ്രവാചകന്‍മാരുടെ പ്രത്യേകതയാണ്.
(തുഹ്ഫ 3/193)
*📍41) വിദേശത്ത് മരണം നടന്നാല്‍ മറമാടുന്നതിന്‍റെ മുമ്പ് നാട്ടില്‍ മയ്യിത്ത് നിസ്കരിക്കാമോ..?*
ഉ: നിസ്കരിക്കാം. എന്നാല്‍ കുളിപ്പിക്കുന്നതിനു മുമ്പ് പാടില്ല.
(തുഹ്ഫ 3/149)
*📍42) നല്ല മരണം തിരിച്ചറിയാന്‍ വല്ല അടയാളങ്ങളുമുണ്ടോ..?*
ഉ: ഉണ്ട്. നബി ﷺ പറയുന്നു: മരണ സമയത്ത് നെറ്റിത്തടം വിയര്‍ക്കുകയും കണ്ണ്‍ നിറയുകയും മൂക്കിന്‍റെ ദ്വാരങ്ങള്‍ വികസിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അയാളില്‍ ഇറങ്ങിയ അല്ലാഹുﷻവിന്‍റെ റഹ്മത്താണ്.
(തുര്‍മുദി, തദ്കിറ പേജ് 19)
*📍43) ഈ അടയാളങ്ങള്‍ മൂന്നും ഒരുമിച്ചുണ്ടാവണമെന്നുണ്ടോ..?*
ഉ: ഇല്ല. ചിലരില്‍ മുഴുവനും കാണാം. ചിലരില്‍ ഒന്നോ രണ്ടോ മാത്രവും. ആളുകളുടെ അമലുകളിലെ ഏറ്റ വിത്യാസം പോലെയിരിക്കും.
(തദ്കിറ 19)
*📍44) ദുര്‍മരണത്തിന്ന്‍ അടയാളങ്ങളുണ്ടോ..?*
ഉ: ഉണ്ട്. നബി ﷺ പറയുന്നു: 'മരിക്കുമ്പോള്‍ കഴുത്ത് ഞെക്കി കൊല്ലപ്പെടുമ്പോലെ ശ്വാസം വലിച്ചു ശബ്ദമുണ്ടാക്കുക, ചുവന്ന നിറമാകുക, ചുണ്ടുകള്‍ മണ്ണിന്‍റെ നിറമാകുക എന്നീ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അയാളിലിറങ്ങിയ അല്ലാഹുﷻവിന്‍റെ ശിക്ഷയാണത്'
(തുര്‍മുദി തദ്കിറ 19, ഇഹ്യാ ഉലൂമിദ്ദീന്‍ 4/450)
*📍45) ചില മയ്യിത്തുകള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കിടക്കുന്നത് കാണാറുണ്ട്. ഇത് ശുഭലക്ഷണമാണോ..?*
ഉ: ശുഭലക്ഷണമാണ്.
(തദ്കിറ 39)
*📍46) മയ്യിത്ത് നിസ്കാരത്തില്‍ ഇമാം സലാം വീട്ടിയപ്പോള്‍ വബറകാത്തുഹു എന്ന്‍ ചേര്‍ക്കാതെ സലാം വീട്ടിയാല്‍ നിസ്കാരം ശരിയാകുമോ..?*
ഉ: ശരിയാകും. അത് ചേര്‍ക്കല്‍ സുന്നത്തേയുള്ളൂ.
*📍47) അയല്‍വാസിയായ അമുസ്‌ലിം രോഗിയായാല്‍ സന്ദര്‍ശിക്കല്‍ നമുക്ക് സുന്നത്തുണ്ടോ..?*
ഉ: ഉണ്ട്.
(ശര്‍വാനി 101)
*📍48) കഫന്‍ ചെയ്യുമ്പോള്‍ മയ്യിത്തിന്‍റെ കൈകള്‍ നിസ്കാരത്തില്‍ വെക്കുന്നതുപോലെ നെഞ്ചിനടുത്ത് വെക്കലാണോ അതോ താഴ്ത്തിവെക്കുകയാണോ വേണ്ടത്..?*
ഉ: രണ്ടും അനുവദനീയമാണ്.
(മുഗ്നി 1/339, ശര്‍വാനി 3/126)
*📍49) മയ്യിത്ത് വീട്ടില്‍ നിന്ന്‍ എടുക്കുമ്പോള്‍ ഒരു കൂട്ടപ്രാര്‍ത്ഥന പതിവുണ്ടല്ലോ ഇതിന് തെളിവുണ്ടോ..?*
ഉ: ഉണ്ട്. നബി ﷺ വഫാതായപ്പോള്‍ കുളിപ്പിച്ച് കട്ടിലില്‍ കിടത്തിയ ശേഷം അലി(റ) പ്രാര്‍ത്ഥിച്ചു: ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളെയും നബിﷺയെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടണേ റബ്ബേ..! ഇത് പ്രാര്‍ത്ഥിക്കുമ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ആമീന്‍ എന്നു പറഞ്ഞിരുന്നു.
(ത്വബഖാതുല്‍ ഖുബ്റ 1/219)
*📍50) ഖബറിനു മുകളില്‍ ചവിട്ടാന്‍ പാടുണ്ടോ..?*
ഉ: കറാഹത്താണ്. എങ്കിലും സിയാറത്ത് ചെയ്യാനും മറ്റുമൊക്കെ മറ്റു ഖബറിലേക്ക് നീങ്ങുമ്പോള്‍ ആവശ്യമാണെങ്കില്‍ കറാഹത്തില്ല.
(ഫത്ഹുല്‍ മുഈന്‍ 110)
*📍51) ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് മയ്യിത്ത് കുളിപ്പിക്കാമോ..?*
ഉ: കുളിപ്പിക്കാം. കറാഹത്തില്ല.
(തുഹ്ഫ 3/184)
Comments
Post a Comment