ജീവിച്ചിരിക്കുന്നവരുടെ കര്‍മ്മം മരിച്ചവര്‍ക്കും പ്രതിഫലം



     ”വീട്ടിലേക്ക് കൊണ്ടു പോയ്‌ക്കൊളൂ എന്നു പറഞ്ഞ് ഡോക്ടര്‍ കൈയൊഴിഞ്ഞു. എല്ലാ ബന്ധുക്കളേയും വിവരമറിയിക്കാന്‍ ആളെ ഏര്‍പ്പാടാക്കി…..അങ്ങനെ ഒടുവില്‍ ബാപ്പ…….” അയാള്‍ പറഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു.എന്നിട്ട്? എന്നിട്ടെന്തു പറയാന്‍? ശ്മശാനത്തിൽ  കൊണ്ടുപോയി കുഴി മൂടി. ഇന്നത്തേക്ക് ഒരാഴ്ച തികയുന്നു. ആറടി മണ്ണില്‍ എല്ലിന്‍ കൂട്ടങ്ങള്‍ ബാക്കി അയാള്‍ ലാഘവത്തോടെ മൊഴിഞ്ഞു.

       അതല്ല ഞാന്‍ ചോദിക്കുന്നത് ? പിന്നെ? ”മരിച്ചുപോയ നിന്റെ പിതാവിന്റെ ഗുണത്തിനു വേണ്ടി നീ ഒന്നും ചെയ്തില്ലെന്നാണോ പറയുന്നത്. -മയ്യിത്ത് നിസ്‌ക്കരിച്ചു മരിച്ചവര്‍ക്കുവേണ്ടി വേറെന്തു ചെയ്യാന്‍- അയാള്‍ സംശയത്തോടെ ചോദിച്ചു. അയാള്‍ അങ്ങനെ ചോദിക്കാന്‍ കാരണമുണ്ട് .

          എന്തെന്നാല്‍ അവന്‍ ജീവിക്കുന്നത് മതയുക്തിവാദികള്‍ക്കിടയിലാണ്. പവിത്രമായ ഇസ്‌ലാമിക പാരമ്പര്യത്തെ പഴിപറഞ്ഞ്, മത നവീകരണത്തിനു യുക്തി ചിന്തയെ സമീപിക്കുന്നവര്‍ക്കിടയിലാണ് അവന്‍ ജനിച്ചതും വളര്‍ന്നതും ആരെങ്കിലും മരണപ്പെട്ടാല്‍ പള്ളിപ്പറമ്പില്‍ കൊണ്ടുപോയി കുഴിച്ചു മൂടി തിരിച്ചുപോരുക. അതു മാത്രം പരിചയിച്ചവര്‍ക്ക് അങ്ങനെ ചോദിക്കാനേ കഴിയൂ.. പക്ഷേ വസ്തുക്കളുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ ചില പാഠങ്ങള്‍ വിവരിക്കാം.

      പരലോക സൗഭാഗ്യമാണ് സത്യ വിശ്വാസികളുടെ സദാചാര നിഷ്ഠകളുടെ ചാലക ശക്തി. എന്നാല്‍ മരണപ്പെട്ട വിശ്വാസികള്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങള്‍ പരലോക സൗഭാഗ്യത്തിനുതകും വിധം മരണപ്പെട്ടവര്‍ക്ക് പ്രതിഫലാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

       ബിദഈ പ്രസ്ഥാനങ്ങളുടെ ആചാര്യനും ആശ്രയ സ്രോതസ്സുമായ ഇബ്‌നു തീമിയ്യ പറയുന്നതു കാണുക. ജീവിച്ചിരിക്കുന്നവരുടെ സദഖ പോലുള്ള ധനപരമായ സത്കര്‍മ്മങ്ങളുടെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. വിശ്വാസിയായ ഒരാള്‍ക്ക് മറ്റുള്ളവരുടെ ദുആയും ശുപാര്‍ശയും ദാനവുമെല്ലാം ഉപകരിക്കുമെന്ന് കഴിഞ്ഞു പോയ മുസ്‌ലിം സമൂഹം മുഴുവനും ഹദീസ് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകരിച്ച വസ്തുതയാണ്. കഴിഞ്ഞു പോയ പണ്ഡിത സമൂഹമടക്കമുള്ള മുസ്‌ലിം ഉമ്മത്തില്‍ ആര്‍ക്കും ഇതില്‍ അഭിപ്രായവ്യത്യാസമില്ല. (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം -345, 402)

        ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യങ്ങള്‍ മാത്രമേ അവന്റെതെന്നു അവകാശപ്പെടാന്‍ നിവൃത്തിയുള്ളുവെങ്കിലും മറ്റൊരാള്‍ അയാള്‍ക്ക് സംഭാവന കൊടുത്താലോ? അതും അവന്റേതു തന്നെയല്ലെ. ഇതു പോലെ മരിച്ചുപോയ വ്യക്തി ചെയ്തു കൂട്ടിയ സത്കര്‍മ്മങ്ങള്‍ മാത്രമേ അവന്റേതെന്നു അവകാശപ്പെടാനുള്ളു. ഇനിയൊരാള്‍ സംഭാവന നല്‍കിയാല്‍ അതും അവന്റെ സത്കര്‍മ്മത്തിന്റെ പട്ടികയില്‍ വരും.

       *🍊തിരുനബി(സ) യുടെ അരികെ ഒരാള്‍ വന്നു ചോദിക്കുന്നു.*
*എന്റെ വന്ദ്യ മാതാവ് പെട്ടെന്ന് മരിച്ചുപോയി. സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ വല്ലതും ദാനം ചെയ്യാന്‍ കല്‍പ്പിച്ചേനെ. എന്റെ ഉമ്മാക്കുവേണ്ടി ഞാന്‍ വല്ലതും ദാനം ചെയ്താല്‍ അതവര്‍ക്കുപകരിക്കുമോ? അതെ, പ്രതിഫലം അവര്‍ക്കും ലഭിക്കുന്നതാണ്. റസൂല്‍(സ) മറുപടി പറഞ്ഞു. (ബുഖാരി).*

      *🍊തിരുനബി (സ) സഅദ് (റ) വിനോട് നിര്‍ദ്ദേശിച്ചത് ഒരു കിണര്‍ കുഴിച്ച് അതിന്റെ പ്രതിഫലം മാതാവിനു സംഭാവന ചെയ്യാനാണെങ്കില്‍, മാതാവ് ചെയ്യാത്ത ഗുണത്തിനു മാതാവ് അര്‍ഹയാകുന്ന രംഗം നോക്കൂ.*

       ആഹാര വിതരണം, വസ്ത്ര വിതരണം,തഹ്‌ലീല്‍ എന്നിവയെല്ലാം, സംഭാവന ചെയ്യാന്‍ ഉതകുന്ന സത്കര്‍മ്മങ്ങളാണ്.

      ഇമാം നവവി(റ) പ്രഖ്യാപിക്കുന്നതു കാണുക: ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്നതൊന്നും ഫലപ്പെടുകയില്ലെന്ന വാദം അടിസ്ഥാന രഹിതവും ഖുര്‍ ആനിനും സുന്നത്തിനും ഇജ്മാഇനും ഘടക വിരുദ്ധമാണ്,.(ശറഹുസ്‌ലീം-1-12)

Comments