കൃഷിയിടം നല്‍കിയ പാഠം


 ✍ അബൂബക്കര്‍  അഹ്‌സനി പറപ്പൂർ.
💠💠💠💠

യൂനുസ് ബ്‌നു മുഹമ്മദ് പറയുകയാണ്:

'ആ കൃഷി വിളവെടുപ്പിന് പാകമായിട്ടുണ്ട്. നിറഞ്ഞു വിളഞ്ഞു നില്‍ക്കുന്ന ആ തോട്ടം കണ്ടാല്‍ ആരും ഒരുനിമിഷമൊന്ന് നോക്കി നില്‍ക്കും. ത്വാഇഫിലാണ് ഈ കൃഷിയിടമുള്ളത്. എന്തോ..നിര്‍ഭാഗ്യകരം എന്നു പറയട്ടെ, ആ കൃഷി ഒരു സുപ്രഭാതത്തില്‍ പാടെ നശിച്ചിരിക്കുന്നു.
ആ പൂര്‍ണ്ണ വിളവിനെത്തിയ കൃഷി നശിച്ചതറിഞ്ഞ ഞങ്ങള്‍ക്ക് തന്നെ സങ്കടം വന്നു. അപ്പോള്‍ തീര്‍ച്ചയായും അതിന്റെ ഉടമസ്ഥനുള്ള സംങ്കടമെത്രയായിരിക്കും. ഇതു കരുതിയിട്ടാണ് അദ്ദേഹത്തെ സമാധാനിപ്പിക്കാം എന്ന ധാരണയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് കയറി ചെല്ലുന്നത്. ഞങ്ങളെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണ് നില്‍ക്കാതെ നീരോഴുക്കി. കരഞ്ഞു കൊണ്ട് അദ്ദേഹം ഞങ്ങളോട് പറഞ്ഞു:

'അല്ലാഹുവാണേ സത്യം, ഞാനീ കൃഷി നശിച്ചതിന്റെ പേരിലല്ല കരയുന്നത്. അങ്ങനെ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. പക്ഷെ, അല്ലാഹു ഖുര്‍ആനില്‍  പറഞ്ഞതായി ഞാന്‍ കണ്ടിട്ടുണ്ട്:

مَثَلُ مَا يُنفِقُونَ فِي هَـٰذِهِ الْحَيَاةِ الدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ اللَّـهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ ﴿آل عمران  ١١٧﴾

(അവര്‍ ഈ ഭൗതിക ലോകത്ത് ചെലവഴിക്കുന്ന ധനത്തിന്റെ ഉപമ കഠിനശൈത്യമുള്ള ഒരു കാറ്റുപോലെയാണ്; ഒരു കൂട്ടം ആത്മദ്രോഹികളുടെ കൃഷിയിടത്തിലത് ആഞ്ഞടിച്ചു നശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം കാണിച്ചിട്ടില്ല; പ്രത്യുത അവര്‍ സ്വന്തത്തോടു തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.)

നാളെ ആഖിറത്തില്‍ ചെല്ലുമ്പോള്‍; അല്ലാഹു ഖുര്‍ആനില്‍ നിഷേധികളെ കുറിച്ചു പറഞ്ഞ ഈ ആയത്തിലെ ഉപമ പോലെ ഞാനും ആകുമോ എന്നോര്‍ത്തിട്ടാണ് ഞാന്‍ കരഞ്ഞത്.

75 - قَالَ يُونُسُ بْنُ مُحَمَّدٍ الْمَكِّيُّ : زَرَعَ رَجُلٌ مِنْ أَهْلِ الطَّائِفِ زَرْعًا، فَلَمَّا بَلَغَ أَصَابَتْهُ آفَةٌ فَاحْتَرَقَ، فَدَخَلْنَا عَلَيْهِ نُوَاسِيهِ عَنْهُ فَبَكَى وَقَالَ: " وَاللَّهِ مَا عَلَيْهِ أَبْكِي وَلَكِنِّي سَمِعْتُ اللَّهَ تَبَارَكَ وَتَعَالَى يَقُولُ:
مَثَلُ مَا يُنفِقُونَ فِي هَـٰذِهِ الْحَيَاةِ الدُّنْيَا كَمَثَلِ رِيحٍ فِيهَا صِرٌّ أَصَابَتْ حَرْثَ قَوْمٍ ظَلَمُوا أَنفُسَهُمْ فَأَهْلَكَتْهُ ۚ وَمَا ظَلَمَهُمُ اللَّـهُ وَلَـٰكِنْ أَنفُسَهُمْ يَظْلِمُونَ ﴿آل عمران  ١١٧﴾
فَأَخَافُ أَنْ أَكُونَ مِنْ هَذِهِ الصِّفَّةِ فَذَلِكَ الَّذِي أَبْكَانِي "  ( الرضا عن الله بقضائه  / ابن أبي الدُّنيا (208 – 281  هـــــــ )


*☀ഗുണപാഠം:*

കാത്ത്...കാത്ത് വിളവെടുപ്പിന് പാകമായ ഒരു കൃഷിയിടം, അതവരുടെ ഉപജീവന മാര്‍ഗമായിരിക്കാം, ഒരു സുപ്രഭാതത്തില്‍ അത് പാടെ നശിച്ചിരിക്കുന്നു! മുന്നില്‍ മറ്റു ജീവിത മാര്‍ഗങ്ങളൊന്നുമില്ല. ഒരു നിലയിലും നഷ്ടപരിഹാരം ലഭിക്കില്ല.

എന്നിട്ടും, ആ കര്‍ഷകന്റെ ആവലാതി തന്റെ കൃഷി നശിച്ചതിലായിരുന്നില്ല. അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍ആനില്‍ കൃഷിയെ ഉപമപ്പെടുത്തി കൊണ്ടു പറഞ്ഞ ഈ അയത്തിലായിരുന്നു. അതാലോചിച്ചദ്ദേഹം കരയുകയായിരുന്നു. *അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന എത്ര വലിയ പരീക്ഷണങ്ങളും അവര്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഉപാദികളായിരുന്നു.*

Comments