ഷാജിയുടെ കൂട്ടുകാർ



ഷാജിയുടെ മൃതദേഹം വെള്ള പുതപ്പിച്ച് പള്ളിയിൽ കൊണ്ട് വച്ചപ്പോ നീളൻ താടി വച്ചൊരാൾ അടുത്ത് വന്ന് മുഖമെന്റെ ചെവിയോടു ചേർത്ത് മെല്ലെ പറഞ്ഞു..

ഉസ്താദേ...
ഒരു പാടു സ്ഥലങ്ങളിൽ ഗാനമേളക്ക് പാടാൻ  പോയവനാണ്.
അങ്ങാടിയിൽ ഒത്തിരി കൂട്ടുകെട്ടും സഹവാസവുമൊക്കെയുള്ള ആളായിരുന്നു ഷാജി മോൻ.
ഉസ്താദ് അവൻ ആർക്കെങ്കിലും വല്ല ദോശവും ചെയ്തിട്ടുണ്ടെങ്കി അവനോട് ക്ഷമിക്കണമെന്ന് എല്ലാവരോടുമൊന്ന് പറയണം..

ഞാൻ പള്ളിയിലുള്ളവരെ നോക്കി.
ഒന്നോ രണ്ടോ നിരയായി ഇത്തിരി പേർ മാത്രം.
ഏറ്റവും മുമ്പിലായി ചുവന്ന ടീ ഷർട്ടിട്ട് ഒരാൾ നിന്നിരുന്നു.
ഷാജിയുടെ അടുത്ത കൂട്ടുകാരനോ മറ്റോ ആയിരിക്കും.
പിന്നെ അൽപം പ്രായം ചെന്നവരും മധ്യവയസ്കരും...

എവിടെ പോയി ഷാജിയുടെ കൂട്ടുകാരൊക്കെ..?
അവന്റെ ചിലവിൽ ടൂറിന് പോവാനും വെള്ളമടിക്കാനും തല്ലുണ്ടാക്കാനുമൊക്കെ കൂടെയുണ്ടാകുമായിരുന്ന അനേകം ചെറുപ്പക്കാർ അവന് കൂട്ടുകാരായി ഉണ്ടായിരുന്നല്ലോ...?

മുന്നിൽ വച്ച മൃതദേഹത്തിൽ ഒരാൾ വന്ന് അത്തർ കുടഞ്ഞു.
എന്തിനായിരിക്കും ഇടക്കിടക്കിങ്ങനെ അത്തർ കുടയുന്നത്..?

മൂന്ന് ദിവസം മുമ്പ് കാണായതാണ് ഷാജിയെ..
മൂന്നാം ദിവസം ഹാർബറിനടുത്ത് കടലിൽ ആളു പോവാത്തിടത്ത് ഒരു വെള്ളക്കെട്ടിൽ നിന്ന് തോലുരിഞ്ഞു തുടങ്ങിയ രീതിയിൽ അവന്റെ മൃതദേഹം കിട്ടി.
ശരീരത്തിൽ മീനുകൾ കൊത്തിയതോ മറ്റോ ആയി ഒത്തിരി വൃണങ്ങൾ ഉണ്ടായിരുന്നു പോലും.

എങ്ങനെയാവും അവൻ വെള്ളക്കെട്ടിൽ വീണത്..?
വെള്ളമടിച്ച് വീണതായിരിക്കുമോ...?
ഏയ്...
അവൻ തനിയെ വെള്ളമടിക്കാറില്ലല്ലോ...
ഇനി വല്ലവരും തല്ലിക്കൊന്ന് വെള്ളത്തിലിട്ടതാവുമോ...?
ആ....
ആർക്കറിയാം..

ഹിറ്റ്ലറെയും അലക്സാണ്ടറെയും രാഷ്ട്രപിതാവിനെ പോലും അനായാസം കീഴ്പെടുത്തിയ മരണത്തിനു മുമ്പിൽ ആരും നിസ്സാരൻ...!

മുഴുത്ത മസിലുകൾ എഴുന്ന് നൽകുന്ന രീതിയിൽ ടീ ഷർട്ടുകളണിഞ്ഞ് ഗാനമേള വേദികളിൽ പാടാറുള്ള കാൽപന്തു കളി മൈതാനങ്ങളിൽ നിത്യം തല്ലുണ്ടാക്കാറുള്ള കവലയിൽ അനാവശ്യ സീനുകൾ നിത്യം സൃഷ്ടിക്കാറുള്ള ഷാജി നിസ്സഹായനായി ഒരു പറ്റം ജനങ്ങൾക്കു മുമ്പിൽ കിടക്കുന്നു.
അവന്റെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കാതിരിക്കാൻ ഇടക്കിടക്ക് അത്തർ കുടയേണ്ടി വരുന്നു.
എന്നിട്ടും അവന്റെ സന്തത സഹചാരികളൊട്ടു പേരും അവിടെയില്ല താനും..

ശരിക്കും ആരാണ് സനേഹിതൻ.
നിർലോഭം പണം ചിലവഴിക്കുന്നവന് തന്റെ സ്നേഹിതനാരെന്ന് മനസിലാക്കാൻ കഴിയില്ലേ..

ശരിക്കും അവരൊക്കെ ഷാജിയുടെ പണത്തിനെയായിരുന്നോ സ്നേഹിച്ചത്..?

ഷാജിക്ക് വേണ്ടി യുള്ള നിസ്കാരം കഴിഞ്ഞ് പകുതിയലധികം പേരും പിരിഞ്ഞു പോയി..

മൃതദേഹം പള്ളിക്കാട്ടിലേക്കെടുത്തു..
ഒരാൾക്ക് ഇടുക്കത്തിൽ ചെരിഞ്ഞ് മാത്രം കിടക്കാവുന്ന ഖബറിൽ അവനെ താഴ്ത്തി.
മൂട് കല്ലുകൾ വച്ചു.
അനേകം പച്ചിലകൾ വച്ച് കല്ലുകൾക്കിടയിലെ ദ്വാരങ്ങൾ ഭദ്രമായടച്ചു.
മേൽ ഖബറിലേക്ക് മന്ത്രോച്ചാരണങ്ങളോടെ ചുറ്റുമുള്ളവർ മുന്ന് പിടി മണ്ണ് വാരിയിട്ടു.
നാലു ഭാഗത്തും കിളച്ചു നീക്കി വച്ചിരുന്ന മൺകൂമ്പാരങ്ങൾ ഖബർ കിളക്കുന്നവർ തൂമ്പകളാൽ നീക്കിയിടാൻ തുടങ്ങി.
രണ്ട് മീസാൻ കല്ലുകൾ ഇരു വശത്തും നാട്ടി നിർത്തി..

അൽപ സമയത്തിനകം രണ്ടു മീസാൻ കല്ലുകൾക്കിടയിൽ നീളത്തിൽ അൽപമുയരത്തിൽ ഒരു മൺകൂന രൂപാന്തരപ്പെട്ടു..

ഷാജിയുടെ ഖബർ....!
ഇനിയവന് ഇരുളാണ് കൂട്ട്..

എയർ കണ്ടീഷൻ ചെയ്ത വിശാലമായ ബെഡ് റൂമിലെ പട്ടുമെത്തയിൽ നിന്ന് ഇടുങ്ങിയ ഇരുൾ മുറ്റിയ മണ്ണറയിലേക്കൊരു മാറ്റം..

മനുഷ്യൻ എത്ര നിസാരൻ.

ഈ ലോകത്തേറ്റവും അത്ഭുതകരമായ മഹാ അനിശ്ചിതത്തമേ...
മരണമേ....

നിനക്കറിയുമോ..
നിന്റെ വരവിന്റെ ശക്തിയിൽ കടപുഴകിയത് എന്റെ അനന്തമായ വർണ്ണസ്വപ്നങ്ങളാണ്..

ലോകമടക്കി ഭരിച്ച മഹാ ചക്രവർത്തിയുടെ യാചനകളിൽ പോലും മനസ്സ് പതറാത്ത മഹാ പ്രതിഭാസമേ..
മരണമേ...

നിന്റെ മുന്നിൽ ഞാനെത്ര നിസാരൻ..

#ഒരുനിമിഷം...

ഒരു പക്ഷെ അടുത്ത നിമിഷം മരണം നിങ്ങളെയും തേടിയെത്താം..
ഒന്ന് മനസ്സിലാക്കുക..
നിങ്ങൾ എന്നാൽ നിങ്ങളുടെ മാംസ രൂപിയായ ശരീരമേ അല്ല.
നിങ്ങളുടെ വ്യക്തിത്തത്ത്വമാണ്.
നിങ്ങളുടെ വ്യക്തിത്ത്വം ശരിക്കും നിങ്ങളുടെ സഹോദരന്റെ ഹൃദയത്തിലാണ് കുടിയിരിക്കുന്നത്.

വ്യക്തിത്ത്വത്തെ ശുദ്ധീകരിക്കുക..
എന്നാൽ നിങ്ങൾ എന്നും പുകഴ്ത്തപ്പെടും.
ഇല്ലെങ്കിൽ നിങ്ങൾ എന്നും ഒരു വെറുപ്പായി അവശേഷിക്കും...
                            ...........

✍Zainu omy
——————!————!

Comments