പ്രതിഫലത്തിന്റെ വിളനിലങ്ങള്‍



            സത്കര്‍മ്മങ്ങളോടുള്ള ആത്മാര്‍ത്ഥമായ ആഭിമുഖ്യത്തിന്റെ തോതനുസരിച്ചാണ് വിശ്വാസിക്ക് മഹത്വം വര്‍ദ്ധിക്കുന്നത് മുസ്‌ലിമിന്റെ ഓരോ ചലന നിശ്ചലനങ്ങളിലും പരലോകത്തേക്ക് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാന്‍ പര്യാപ്തമായ നിരവധി അവസരങ്ങള്‍ അവസരങ്ങള്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നുണ്ട്.
ഇബാദത്തുകള്‍ എത്ര ചെയ്യുന്നുവോ അത്രയും ഔന്നത്യം വിശ്വാസികള്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നു. വിശ്വാസിയുടെ ഭൗതികലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ് എന്ന തിരുമൊഴി, പരമാവധി നന്മ വിളയിക്കാനുള്ള ആഹ്വാനമാണ് ഒരു മുസ്‌ലീമിനു നല്‍കുന്നത്. നബി(സ) പറഞ്ഞു. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് ദീര്‍ഘകാലം ജീവിക്കുന്നവനാണ്. (തുര്‍മുദി -2330)

       ആരെങ്കിലും നല്ലൊരു കാര്യം ചെയ്താല്‍ അവനു പത്തിരട്ടി പ്രതിഫലമുണ്ട്. ആരെങ്കിലും തിന്മ ചെയ്താല്‍ അതിനു കൃത്യമായ ശിക്ഷയേ നല്‍കുകയുള്ളൂ. അവരോട് അതിക്രമം കാണിക്കപ്പെടുകയില്ല.(വി.ഖു 6-160)
പുണ്യങ്ങള്‍ ചെയ്ത് പ്രതിഫലം നേടുക എന്നത് വിശ്വാസിയുടെ ആത്മീയ ബിസിനസ്സ് ആണെന്നു നന്നായി മനസിലാക്കി വേണം കര്‍മ്മ രംഗത്ത് സജീവമാവാന്‍. വിശ്വാസി ചെയ്യുന്ന എല്ലാ സല്‍കര്‍മ്മങ്ങല്‍ക്കും പൊതുവെ പത്തിരട്ടി പ്രതിഫലമാണ് ഔദാര്യവാനായ അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പത്തിരട്ടി മുതല്‍ ആയിരവും ലക്ഷവും കടലിലെ മണല്‍ തരിയോളവും ആകാശ ഭൂമികള്‍ നിറയെയും പ്രതിഫലങ്ങള്‍ പ്രത്യേകമായി വാഗ്ദാനം ചെയ്യപ്പെടുന്ന അത്യപൂര്‍വ്വമായ ചില കര്‍മ്മങ്ങളുണ്ട്. വിലമതിക്കാനാവാത്ത ഇത്തരം കര്‍മ്മങ്ങലെ കുറിച്ച് വിശ്വാസികള്‍ ബോധവാന്‍ മാരായാല്‍ പരലോക സുരക്ഷിതത്തിനും അല്ലാഹുവിന്റെ സ്‌നേഹത്തിനും അതു വന്‍ മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ ഉണര്‍ത്തുന്നതു കാണുക.നിങ്ങളിലെ വിശ്വാസികളുടേയും വിജ്ഞാനം നല്‍കപ്പെട്ടവരുടേയും പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങളെക്കുറിച്ച് സൂക്ഷമ ജ്ഞാനമാണ് (വി. ഖു. 58-11).നബി (സ)പറയുന്നു. ഒരാള്‍ ഒരു പുണ്യം ചെയ്യാന്‍ തീരുമാനിക്കുകയും അതു പ്രവര്‍ത്തിക്കാന്‍ അവസരം എത്താതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവനു ഒരു പ്രതിഫലം രേഖപ്പെടുത്തും. ഇനിയതു പ്രവര്‍ത്തിക്കുക കൂടി ചെയ്താല്‍ അല്ലാഹു അവനു പത്തു നന്മകള്‍ മുതല്‍ എഴുനൂറ് നന്മകള്‍ തുടങ്ങി അനേക പ്രതിഫലങ്ങള്‍ ഇരട്ടിയായി രേഖപ്പെടുത്തുന്നുണ്ട്. (ബുഖാരി)-6491)

       അബൂഹുറൈ(റ) വില്‍ നിന്ന് ഉദ്ദരിക്കുന്നു. അല്ലാഹു പറയുന്നതായി നബി (സ) അരുള്‍ ചെയ്യുന്നു. എന്റെ അടിമ സുന്നത്തുകള്‍ മുഖേന എന്നിലേക്ക് അടുത്തു കൊണ്ടേയിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നതു വരെ. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതു ഞാനാകും. കാണുന്ന കണ്ണ് ഞാനാകും. പിടിക്കുന്ന കൈ ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനവനു നല്‍കും. അവന്‍ എന്നോട് അഭയം തേടിയാല്‍ തീര്‍ച്ചയായും ഞാന്‍ അഭയം നല്‍കും. (ബുഖാരി)

       സല്‍കര്‍മ്മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്ത വ്യക്തിക്ക് പരലോകത്തെ പ്രതിഫലങ്ങള്‍ക്ക് പുറമെ ഭൗതീക ലോകത്തു തന്നെ പ്രതിഫലങ്ങള്‍ ഔദാര്യവാനായ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ്‌മേല്‍ ഹദീസ് നമ്മെ ബോധ്യപ്പടുത്തുന്നത്.ഓഫറുകളും സമ്മാനങ്ങളും ലഭിക്കുമ്പോള്‍ കര്‍മ്മരംഗത്ത് സജീവമാവുക എന്നത് മനുഷ്യന്റെ പ്രത്യേകതയാണ്. പൂര്‍വ്വ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ടതിനേക്കാള്‍ നിരവധി വിസ്മയിപ്പിക്കുന്ന ഓഫറുകള്‍ അല്ലാഹു തിരുനബി(സ)യുടെ സമുദായത്തിനു നല്‍കിയിട്ടുണ്ട്. അവരെ അപേക്ഷിച്ച് മഹമ്മദ് നബി(സ)യുടെ സമുദായത്തിന് ആയുസ്സ് വളരെ കുറവാണ്. പൂര്‍വ്വികര്‍ ചെയ്ത സല്‍കര്‍മ്മങ്ങളുടെ സ്ഥാനത്ത് എത്തിച്ചേരാന്‍ വേണ്ടിയാണ് അല്ലാഹു ഇത്തരത്തിലുള്ള ഔദാര്യങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചത്.


•വിശ്വാസിയുടെ സമയബോധം...
          ഒരാള്‍ക്ക് ലഭിക്കുന്ന സമയത്തിന്റെ ആകെത്തുകയാണ് അവന്റെ ആയുസ്സ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ കാലയളവാണ് പരലോകത്തേക്കുള്ള മൂലധനം. അല്ലാഹു നമ്മെ ഏല്‍പിച്ച അമൂല്യ നിധിയായ സമയത്തെ അതി സൂക്ഷമതയോടെ വിനിയോഗിച്ചില്ലെങ്കില്‍ പരലോക സൗഭാഗ്യം നഷ്ടപ്പെട്ടുപോകും. അപ്പോള്‍ വിശ്വാസി ഏറ്റവും ബോധവാനാകേണ്ടത് ആയുസ്സിലെ നിമിഷങ്ങളെക്കുറിച്ചാണ്. നഷ്ടപ്പെട്ട സമയങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടില്ല. എന്റെ സമൂഹത്തിന്റെ ആയുസ്സ് അറുപതിന്റേയും എഴുപതിന്റെയും ഇടയിലാണെന്ന തിരുവരുള്‍ പ്രത്യേകം കണക്കിലെടുക്കണം.

     75 വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക്27375 ദിവസങ്ങളാണ്. ആകെ ലഭിക്കുന്നത് ഒരു ദിവസം 24 മണിക്കൂറേയുള്ളു.1440 മിനുട്ട്. ഒരു മിനുട്ട് കൂട്ടാനോ കുറയ്ക്കാനോ മനുഷ്യന് കഴിയില്ല. സമയം എത്ര ലഭിച്ചു എന്നതിനേക്കാള്‍ ലഭ്യമായ സമയങ്ങള്‍ എങ്ങനെ വിനിയോഗിച്ചു എന്നതാണ് പ്രധാനം. വിശ്വാസിയുടെ സമയം ഫലപ്രദമായിത്തീരണമെങ്കില്‍ ആയുഷ്‌കാല സമയമെത്രയും ഇബാദത്തായി മാറണം. മനുഷ്യ ജിന്നു വര്‍ഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിന് ഇബാദത്തുചെയ്യാന്‍ വേണ്ടി മാത്രമാണ് എന്ന ഖുര്‍ആന്‍ വിളബരം സമയം ഫലപ്രദമാക്കേണ്ടതിന്റെ അനിവാര്യതയെ വിളിച്ചറിയിക്കുന്നുണ്ട്. നബി(സ) പറയുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഒരാളെ വ്യപൃതനാക്കലാണ് മനുഷ്യനെ അല്ലാഹു കൈവിട്ടു എന്നതിന്റെ അടയാളം അല്ലാഹുവിന്റെ കല്‍പ്പനകളെ ശിരസ്സാവഹിക്കലല്ലാതെ മറ്റേതെങ്കിലും സംഗതികള്‍ക്കായി ഒരാളുടെ സമയത്തില്‍ നിന്ന് എപ്പോഴെങ്കിലും നഷ്ടപ്പെട്ടുപോയാല്‍ അവന്‍ വല്ലാതെ സങ്കടപ്പെടേണ്ടി വരും. നാല്‍പ്പതു വയസ്സ് കഴിഞ്ഞിട്ടും തന്റെ തിന്മയേക്കാള്‍ നന്മ വര്‍ദ്ധിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അവന്‍ നരകപ്രവേശനത്തിന് തയ്യാറായിക്കൊള്ളട്ടെ. തിരുനബിയുടെ ഈ ഉപദേശത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് എമ്പാടും മതി.( അയ്യുഹല്‍ വലദ്-ഗസ്സാലി)

     ഹസന്‍ ബസ്വരിയ്യ്(റ) സമയത്തിന്റെ ഗൗരവത്തെ ഉണര്‍ത്തുന്നത് കാണുക. ഓരോ പ്രഭാത വേളയിലും ആകാശത്ത് നിന്ന് ഒരു വിളമ്പരം ഉയരും. ഓ മനുഷ്യരെ ഞാനൊരു പുതിയ സൃഷ്ടിയാണ്. സല്‍ക്കര്‍മ്മങ്ങളാല്‍ എന്നെ പൊതിയുക ഞാന്‍ പോയാല്‍ അന്ത്യ നാള്‍ വരെ എന്നെ ഉപയോഗപ്പെടുത്താന്‍ കിട്ടില്ല. വിശ്വാസിയുടെ സമയ ബോധവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് മുന്‍ഗണനാക്രമം പാലിക്കുക എന്നത്. മുന്‍ഗണനാക്രമം പാലിക്കാത്തവര്‍ക്ക് സമയത്തെ വിജയപ്രദമായി വിനിയോഗിക്കാന്‍ കഴിയില്ല. കുറേ പ്രധാന കാര്യങ്ങള്‍, അവയില്‍ ഏറ്റവും പ്രധാനമായി ഇപ്പോള്‍ ചെയ്തിരിക്കേണ്ടത് ഏത്? ഇതൊന്നും ആലോചിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍ഗണനാക്രമത്തിന്റെ കര്‍മ്മ ശാസ്ത്രം അറിയാത്തവരാണ്. സുന്നത്തായ ഇബാദത്തിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഫര്‍ളായ കര്‍മ്മങ്ങള്‍ക്കാണ്. ഫര്‍ളായ കര്‍മ്മങ്ങള്‍ക്ക് സുന്നത്തിനേക്കാള്‍ അനേകമിരട്ടി പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷലഭിക്കുന്നതുമാണ്. ഫര്‍ളു കീഫായ ( സാമൂഹ്യ ബാദ്ധ്യത) യായ ഇബാദത്തുകളേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് ഫര്‍ളു ഐനായ (വ്യക്തിപരം) കാര്യങ്ങള്‍ക്കാണ്.

      ചിലര്‍ തഹജ്ജുദ് നിസ്‌ക്കാരത്തിനു കാണിക്കുന്ന ആവേശം ഇശാ നിസ്‌ക്കരിക്കുന്നതിനോ സുബഹ് നിസ്‌ക്കിരിക്കുന്നതിനോ കാണിക്കുന്നില്ല. പുണ്യങ്ങള്‍ പൂത്തുലയുന്ന റമളാന്‍ നാളുകളില്‍ കിടന്നുറങ്ങിയിട്ട് പെരുന്നാള്‍ പിറ്റെന്ന് ഇബാദത്തുമായി ചടഞ്ഞുകൂടാന്‍ താല്പര്യം കാണിക്കുന്ന ആബിദ് ബിസിനസ് പൊടിപൊടിക്കുന്ന വ്യാപാരോത്സവസമയത്ത് ലാഭം കൊയ്യാതെ അലസനായി നടന്ന് ആളുംകോളും ഒഴിഞ്ഞ നേരത്ത കച്ചവടം നടത്തുന്ന വ്യാപാരിയെ പോലെയാണ്. മുന്തിക്കേണ്ടതിനെ പിന്തിക്കുകയും പിന്തിക്കേണ്ടതിനെ മുന്തിക്കുകയും ചെയ്യുന്നവന്‍ സമയ ബോധമില്ലാത്തഷണ്ഡന്മാരാണ്. വിശ്വാസികള്‍ ഈ വിധം തരം താഴരുത്. ചുരുക്കത്തില്‍ സമയ ബോധമാണ് വിശ്വാസിയുടെ വിജയത്തിന്റെ അടിസ്ഥാനം. ദുനിയാവുകൊണ്ട് നീ നോമ്പെടുക്കുകയും ആഖിറം കൊണ്ട് നോമ്പു തുറക്കുകയും ചെയ്യുക,രാവും പകലും നിന്നില്‍ പ്രവര്‍ത്തിക്കുന്നു.അവ രണ്ടിലും നീയും പ്രവര്‍ത്തിക്കുക എന്നതാണല്ലോ നന്മുടെ ചിന്തകന്‍മാര്‍ ഉപദേശിച്ചത്.


 

*♻സല്‍കര്‍മ്മങ്ങള്‍  വിചിത്ര പ്രതിഫലങ്ങള്‍ - 07*

*🔅ചെയ്യുന്നതെല്ലാം ഇബാദത്ത്?.*
          വിശ്വാസികളടെ ഐഹിക ജീവിതത്തില്‍ ലഭ്യമാകുന്നതത്രയും തീര്‍ത്തും ആരാധനയാക്കി മാററാമെന്ന് ഇസ്‌ലാമിക തത്വ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നു. ദൈനം ദിന ജീവിതത്തില്‍ ചെയ്തു കൂട്ടുന്ന എല്ലാ അനുവദനീയ കര്‍മ്മങ്ങളും അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാകുന്ന ഇബാദത്താക്കി തീര്‍ക്കാവുന്നതാണ്. അജ്ഞതകൊണ്ടും അശ്രദ്ധകൊണ്ടും ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തവരാണ് നമ്മില്‍ പലരും
ഇന്നു നാം ചെയ്യുന്ന പലകാര്യങ്ങളുടെയും മൂല്യവും ഗംഭീര്യതയും അറിഞ്ഞിരുന്നുവെങ്കില്‍ എന്തൊക്കെയോ നഷ്ടപ്പെടുന്നതായി നമുക്ക് ബോധ്യം വരുന്നതാണ്.
ടൈമാനേജ് ചെയ്യുന്നതില്‍ വിശ്വാസി വിജയിക്കുന്നത് ശുദ്ധ മനോഭാവ( നിയ്യത്ത്) ത്തിന്റെ അടിയൊഴുക്കോടു കൂടിയാണ്. ഉദാഹരണത്തിന് ഒരാള്‍ ഉറങ്ങുന്നു. ഉറക്കം ഒരു പ്രകൃതി സുഖമാണ്. അത് ഭൗതികമായ ഒരു പ്രവര്‍ത്തിയാണ് ഒരു ദിവസത്തില്‍ ഉറക്കിനു മാത്രം ധാരാളം മണിക്കൂറുകള്‍ നാം ചെലവഴിക്കുന്നുണ്ട് പക്ഷെ ഉറക്കം ആരോഗ്യത്തിന്റെ നിലനില്‍പ്പിനും ഉന്മേഷത്തിനും അനിവാര്യ ഘടകമാണ്.

      ഉന്മേഷമുണ്ടായാല്‍ നിസ്‌ക്കരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റുകാര്യങ്ങള്‍ ചെയ്യാനും കഴിയുമല്ലോ എന്ന കരുത്തോടുകൂടി ഒരാള്‍ ഉറങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഒരു സദ്കര്‍മ്മമായി പരിണമിക്കുന്നതാണ്. കുടുംബം പുലര്‍ത്തുക എന്നത് അല്ലാഹുവിന്റെ കല്പനയാണ്. അത് നിറവേറ്റണമെങ്കില്‍ ജോലി ചെയ്യണം. അങ്ങനെ ചിന്തിക്കുമ്പോള്‍ അതും ഇബാദത്തായി. ഇബാദത്തിനും ജോലി ചെയ്യാനും മറ്റും ഭക്ഷണം കഴിക്കണം വെള്ളം കുടിക്കണം ആകയാല്‍ അതും ഇബാദത്തായി. ഇങ്ങനെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം നല്ല വിചാരത്തോടെയും ആത്മാര്‍ത്ഥതയോടും ചെയ്യുകയാണെങ്കില്‍ സമയം ഫലപ്രദമായിത്തീരുന്നതും വിശ്വാസത്തിന്റ നിരന്തരമായ തിരയിളക്കം അവനില്‍ നിലകൊള്ളുകയും ചെയ്യും.
ചെരുപ്പ് ധരിക്കലും മുടിചീകലും താനുമായി ഇടപഴകുന്നവര്‍ക്കിടയില്‍ പോകുമ്പോള്‍ കുളിച്ചു വൃത്തിയാകലും സുന്നത്താണല്ലോ എന്നു കരുതിക്കൊണ്ട് നിര്‍വ്വഹിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതാണ്.

       ഭാര്യാ സന്താനങ്ങളെ സന്തോഷിപ്പിക്കലും വിശ്വാസികളെ അഭിമുഖീകരിക്കുമ്പോള്‍ പുഞ്ചിരിക്കലും സന്തോഷം പങ്കുവെക്കലും പ്രതിഫലാര്‍ഹമായ പുണ്യങ്ങളാണെന്നു തിരു നബി (സ) പഠിപ്പിച്ച കാര്യങ്ങളാണല്ലോ എന്നുകരുതി അനുഷ്ഠിച്ചു പോരുകയാണെങ്കില്‍ നമ്മുടെ പരലോകത്തെ എക്കൗണ്ടിലേക്ക് വളരെ എളുരപ്പത്തില്‍ ധാരാളം സമ്പാദിക്കാവുന്നതാണ്. ഇത്തരം കര്‍മ്മങ്ങലുടെ നിയ്യത്തുകൊണ്ടുള്ള താല്പര്യം ഹൃദയത്തിന്റെ സ്വമേധയായുള്ള പ്രചോദനമാണ്. ഭൗതികതയില്‍ പൂര്‍ണ്ണമായി ലയിച്ചുപോയവര്‍ക്ക് ഇഖ്‌ലാസും നിയ്യത്തും ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞെന്നു വരില്ല എന്നാള്‍ ഭൗതിക താല്പര്യങ്ങളില്‍ നിന്നു അകന്നു കഴിയുന്ന ഹൃദയ ശുദ്ധിയുള്ളവര്‍ക്കിതു നിഷ്പ്രയാസം നേടിയെടുക്കാവുന്നതാണ്.

     സദ്കര്‍മ്മങ്ങളുടെ ചാലക ശക്തികള്‍
ഇബാദത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒന്നാമത്തെ വഴി മതപരമായ അറിവു നേടലാണ്. മതപരമായ അറിവു നേടല്‍ തന്നെ സദ്കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും പുണ്യകരവും ശ്രേഷ്ഠവുമാണ്. മുആവിയ(റ) വില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. ആര്‍ക്കെങ്കിലും വലിയൊരു നന്മ ചെയ്യാന്‍ അല്ലാഹു ഉപദേശിച്ചാല്‍ അയാള്‍ക്ക് മതപരമായ വിഷയങ്ങളില്‍ അറിവു നല്‍കും. (ബുഖാരി)

     മതപരമായി വിവര മുള്ള വര്‍ക്കേ സദ്കര്‍മ്മങ്ങളിലൂടെ പരലോക മോക്ഷം നേടാന്‍ കഴിയൂ. വിജ്ഞാനം ഒരു വൃക്ഷത്തിന്റെയും ഇബാദത്ത് അതു പൂത്തുലയുന്ന ഫലത്തിന്റെയുംസ്ഥാനത്താണ്. ഫലം ഉണ്ടാവാന്‍ കാരണം വൃക്ഷമായതുകൊണ്ടു തന്നെ വൃക്ഷത്തിനാണ് മഹത്വം. വിജ്ഞാനമാകുന്ന വൃക്ഷം പടര്‍ന്നു പന്തലിക്കുന്നതിനുസൃതമായി ഇബാദത്താകുന്ന ഫലങ്ങള്‍ വര്‍ദ്ധിക്കുകയും ഗുണമേന്മ മെച്ചപ്പെടുകയും ചെയ്യും.
നിത്യ ജീവിതത്തിലെ ഓരോ ചുവടു വെപ്പിനും അനുയോജ്യമായ വിധത്തില്‍ കര്‍മ്മ ശാസ്ത്രവും ആത്മ സംസ്‌കരണ ശാസ്ത്രവും സാമാന്യ വല്‍ക്കരിക്കപ്പെട്ടാല്‍ മാത്രമേ വിശ്വാസം ഓരോ വ്യക്തിയിലും സജ്ജീവമായി നിലനില്‍ക്കുകയുള്ളു.

     കര്‍മ്മങ്ങളെകുറിച്ചുള്ള മതിയായ അറിവില്ലാതെ ചെയ്യുന്ന സകല ഇബാദത്തുകളും ഫല ശൂന്യവും നിരാകരിക്കപ്പെട്ടതുമാണ്. മത വിജ്ഞാനത്തിന്റെ ആകത്തുക ഇബാദത്തുകളിലൂടെ അല്ലാഹുവിനെ വഴിപ്പെടലും അവന്റെ പൊരുത്തം കാംക്ഷിക്കലു മാത്രമാണ്. ശരീരത്തിന്റെ നിര്‍ദ്ദേശങ്ങളെ അനുദാവനം ചെയ്യലാണ് അതിനുള്ള വഴി. പെരുന്നാള്‍ ദിനത്തില്‍ നോമ്പു നോല്‍ക്കുന്നതും പലിശപ്പണം കൊണ്ട് ഹജ്ജ് ചെയ്യുന്നതും ഇബാദത്താവുകയില്ല. മാത്രമല്ലപാപകരവുമാണ്. കാരണം ഈ ഹജ്ജും നോമ്പുമെല്ലാം അല്ലാഹുവുന്റെ കല്‍പ്പനകള്‍ക്കെതിരായിപ്പോയി. ഈബാദത്തുകള്‍ സ്വീകരിക്കപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും ചെയ്ത സദ്കര്‍മ്മങ്ങള്‍ ഫലശൂന്യമായി പ്പോകുന്ന സംഗതികളും അറിഞ്ഞിരിക്കണം. എന്നാലെ സല്‍കര്‍മ്മങ്ങളുടെ ഫലം നമുക്ക് ലഭിക്കുകയുള്ളൂ.

    സദ്കര്‍മ്മങ്ങളുടെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന മറ്റൊരു ഘടകമാണ് സ്വയം വിചാരണ(ഹിസാബുന്നഫ്‌സ്). ഖുര്‍ ആന്‍ പറയുന്നു. മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നതു അവന്റെ മനസ്സു മന്ത്രിക്കുന്ന കാര്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്ന വിധത്തിലാണ്. അവന്റെ കണ്ഠനാളത്തെക്കാള്‍ അവനോട് അടുത്തായി എല്ലാ ചലനങ്ങളും അറിഞ്ഞു കൊണ്ടാണ് നാം ഉള്ളത്. ഏല്പ്പിക്കപ്പെട്ട രണ്ടു മാലാഖമാര്‍ അവന്റെ ഇടത്തും വലത്തുമായി നിലയുറപ്പിച്ചുകൊണ്ട് തന്റെ പ്രവൃത്തികളെല്ലാം പിടിച്ചെടുക്കുകയും രേഖപ്പെടുത്തുകയുംചെയ്യുന്നു. എല്ലാകാര്യങ്ങള്‍ക്കും സന്നദ്ധരായ, സൂക്ഷിപ്പുകാരായ റഖീബ്, അതീദ് മലക്കുകളില്ലാതെ മനുഷ്യന്‍ ഒരു വാക്കും ഉച്ചരിക്കുന്നില്ല. (സൂറത്ത് ഖാഫ്)- -16-18)