അഹ്മദുൽ കബീർ രിഫാഈ (റ) 30, 31


💧Part : 30💧 

   ശൈഖ് രിഫാഈ (റ) വിന്റെ മരണശേഷം സയ്യിദ് അലിയ്യ് (റ)  അവർകളാണ് ഖിലാഫത്ത് ഏറ്റെടുത്തത്. ബഹുമാനപ്പെട്ടവർ 5 വർഷക്കാലം ഖിലാഫത്ത് നിർവ്വഹിച്ചു...

 ശൈഖ് രിഫാഈ (റ) തങ്ങളുടെ ശിഷ്യന്മാരോട് ഏറെ ആദരവും സ്നേഹവുമായിരുന്നു ശൈഖ് അലിയ്യ് (റ) തങ്ങൾക്ക്. ഹിജ്‌റ : 584 സഫർ 21 ബുധനാഴ്ച്ച ളുഹ്റിന് മുമ്പായി ആ വിശുദ്ധ ജീവിതം പൊലിഞ്ഞു. ഫമുദ്ദീൻ എന്ന സ്ഥലത്ത് വെച്ചായിരുന്നു വഫാത്ത്. ശൈഖ് രിഫാഈ (റ) തങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ മയ്യിത്ത് അവിടെ നിന്ന് ഉമ്മു അബീദയിലെത്തിച്ച് ശൈഖ് (റ) വിന്റെ ഖബറിനരികെ മറവ് ചെയ്തു.

 ശൈഖ് സയ്യിദ് അലിയ്യ് (റ) വിന് ശേഷം സഹോദരൻ സയ്യിദ് അബ്ദു റഹീം (റ) ആണ് ഖിലാഫത്ത് ഏറ്റെടുത്തത്. വിനയാന്വിതനും ലളിത ജീവിതത്തിന്റെ ഉടമയുമായിരുന്നു അവിടുന്ന്. പാവങ്ങളെയും വിധവകളെയും സ്നേഹിച്ചിരുന്നു. ശൈഖ് രിഫാഈ (റ) തങ്ങൾക്ക് അദ്ദേഹത്തോട് വലിയ താൽപര്യമായിരുന്നു. ശൈഖ് തങ്ങൾ ഒരിക്കൽ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു : നിന്റെ സഹോദരന്മാർ എവിടെ എന്താവശ്യത്തിനു പോയാലും എനിക്ക് ഭയമില്ല. നീ എവിടെയെങ്കിലും എന്തെങ്കിലും ആവശ്യത്തിന് പോകുന്നത് എനിക്ക് ഭയമാണ്. കാരണം, ആ പ്രദേശത്തുകാർ നിന്റെ ആവശ്യം നിറവേറ്റിയാൽ അവർ വിജയിച്ചു. ഇല്ലെങ്കിൽ അവർക്ക് നാശം തന്നെ..!

 ധാരാളം കറാമത്തുകൾ വെളിപ്പെടുത്തിയ വ്യക്തി കൂടിയായിരുന്നു മഹാനവർകൾ. ഒരു വരൾച്ചക്കാലത്ത് ശൈഖ് അബ്ദു റഹീം (റ) ഒരു യവത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്നു. മഴ ലഭിക്കാത്തത് മൂലം യവച്ചെടികളെല്ലാം മഞ്ഞ കളറായി മാറിയിരിക്കുന്നു. ഇതു കണ്ട ശൈഖ് (റ) ഭൂമിയിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു : എന്നെ വാഹനത്തിൽ നിന്ന് ഇറക്കൂ.. അവർ ശൈഖ് തങ്ങളെ ഇറക്കി. അവർ കൃഷിക്കിടയിലൂടെ നടന്നു. പിന്നീട് ചില പദ്യങ്ങൾ ചൊല്ലിയ ശേഷം യാത്ര തുടർന്നു. പിന്നെ മഴ പെയ്തു... ശക്തമായ മഴ... ദിവസങ്ങളോളം നീണ്ടു നിന്നു. മഴ കാരണം ജനങ്ങൾ പുറത്തിറങ്ങാൻ പോലും പ്രയാസപ്പെട്ടു. അങ്ങനെ അവർ ശൈഖ് അബ്ദു റഹീം (റ) വിനോട് തന്നെ പരാതി പറഞ്ഞു. അവിടുന്ന് ദുആ ചെയ്തു. മഴ ശമിക്കുകയും ചെയ്തു...
  [ഖിലാദത്ത്]

 22 വർഷം ശൈഖ് അബ്ദുറഹീം (റ) ഖിലാഫത്ത് നടത്തി. പ്രസ്തുത കാലയളവിൽ പ്രസ്താവ്യമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിജ്‌റ 604 ശവ്വാൽ 5 ബുധനാഴ്ച്ച പ്രഭാതത്തിൽ ആ പൊൻതാരകവും അസ്തമിച്ചു. സയ്യിദ് അബ്ദുറഹീം (റ) വിനെ തുടർന്ന് ശൈഖ് സയ്യിദ് അലിയ്യ് (റ) വിന്റെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീമുൽ അഅ്സബ് (റ) രിഫാഇയ്യ ത്വരീഖത്തിന്റെ ഖലീഫയായി വന്നു. ആധ്യാത്മികതയുടെ ഉച്ചിയിൽ സഞ്ചരിച്ചിരുന്ന മഹാനവർകൾ അല്ലാഹുﷻവിലുള്ള ഭയവും ലജ്ജയും കാരണം 40 വർഷക്കാലം ആകാശത്തേക്ക് നോക്കുക പോലും ഉണ്ടായിരുന്നില്ലത്രെ...

 സയ്യിദ് അഹ്മദുസ്സ്വയാദ് അർരിഫാഈ (റ), അബുൽ ഹസൻ അലി അർരിഫാഈ (റ), അഹ്മദ് നജ്മുദ്ദീൻ അൽ അഖ്ളർ അർരിഫാഈ (റ) തുടങ്ങിയ മഹാരഥന്മാർ പിൽക്കാലത്ത് മഹത്തായ ഈ സരണിക്ക് നേതൃത്വം നൽകി. രിഫാഇയ്യ ത്വരീഖത്ത് മഹാനായ ജുനൈദുൽ ബഗ്ദാദി (റ) വിലേക്കാണ് എത്തിച്ചേരുന്നതെന്ന് സയ്യിദ് അബുൽ ഹുദസ്സ്വയ്യാദി ഖിലാദത്തുൽ ജവാഹിറിൽ എഴുതുന്നു. ഖുർആനിലും സുന്നത്തിലും അധിഷ്ഠിതമായിരുന്നു രിഫാഈ സരണി.

 ലക്ഷക്കണക്കിന് ആളുകൾ ആദ്യകാലത്ത് അതിന്റെ അനുയായികളായുണ്ടായിരുന്നു. രിഫാഇയ്യ ത്വരീഖത്തിനെ കുറിച്ച് മാത്രം അബുൽ ഹുദസ്സ്വയ്യാദി അവർകൾ അത്ത്വരീഖത്തുർരിഫാഇയ്യ എന്ന പേരിൽ ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്.

 ശൈഖ് സ്വയ്യാദി (റ) അത്ത്വരീഖത്തുർരിഫാഇയ്യ എന്ന കൃതിയിൽ എഴുതുന്നു. ശൈഖ് രിഫാഈ (റ) പറഞ്ഞു : നീ വിശുദ്ധ ഖുർആൻ പിൻപറ്റുക. അതിനെ പ്രവർത്തന പഥത്തിൽ കൊണ്ടുവരിക. എങ്കിൽ വിജയിക്കാൻ കഴിയും. വിശുദ്ധ ഖുർആനിൽ സ്വേഷ്ടം അഭിപ്രായം പറയലിനെ കരുതിയിരിക്കുക. ഞാൻ നിസ്കരിക്കുന്നത് നിങ്ങൾ എങ്ങനെ കണ്ടുവോ അതുപോലെ നിങ്ങൾ നിസ്കരിക്കുക എന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. നീ നിന്റേതായ വിശദീകരണവും വ്യാഖ്യാനവും അവലംബിക്കരുത്. അതു പിഴച്ചുപോകാൻ കാരണമാകും. നീ തിരു നബി ﷺ തങ്ങളെ തുടർന്ന് അവിടുത്തെ ചര്യ അനുധാവനം ചെയ്യുക... 
  [തദ്കിറാ ഹസ്റത്ത് രിഫാഈ : 28]


       
💧Part : 31💧【അവസാനം】

   സയ്യിദ് ഇസ്സുദ്ദീൻ അഹ്മദ് കിതാബ് അൽ മആരിഫിൽ മുഹമ്മദിയ്യയിൽ എഴുതുന്നു : വിശുദ്ധ ഖുർആനും തിരു സുന്നത്തും പൂർവ്വികരുടെ ചര്യയും പൂർണ്ണമായി അനുധാവനം ചെയ്യാൻ ശൈഖ് (റ) കൽപ്പിച്ചു...
  [തദ്കിറ : 30]

 ഇൽമിനെയും ആലിമീങ്ങളെയും ബഹുമാനിക്കാൻ ശൈഖ് (റ) കൽപ്പിച്ചിരുന്നു. നബിﷺതങ്ങളുടെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ ഔലിയാക്കൾ എന്ന് ശൈഖ് (റ) പറഞ്ഞു...
  [അൽ മആരിഫുൽ മുഹമ്മദിയ്യ]

 രിഫാഇയ്യ ത്വരീഖത്തിനെ അനുധാവനം ചെയ്ത മഹാന്മാർ അത്ഭുതകരമായ പല കറാമത്തുകളും പ്രകടിപ്പിച്ചിരുന്നു. ശൈഖ് (റ) വിന്റെ ശിക്ഷണത്തിലൂടെയും ആത്മീയ നിയന്ത്രണത്തിലൂടെയും വളർന്ന ഔലിയാക്കളുടേതായിരുന്നല്ലോ ആ പരമ്പര. പല അമുസ്‌ലിംകളും ഇസ്‌ലാമിക പ്രവേശനത്തിന് നിമിത്തമായ പ്രസ്തുത കറാമത്തുകൾ ഗ്രന്ഥങ്ങളിൽ ലിഖിതപ്പെട്ടു കിടക്കുന്നു. കത്തിയാളുന്ന തീയിൽ ഇറങ്ങുക, പാമ്പുകളുമായി ഇടപഴകുക, ഹിംസ്രജന്തുക്കളുടെ പുറത്ത് സവാരി ചെയ്യുക, വിഷം കഴിച്ച് ഒന്നും സംഭവിക്കാതിരിക്കുക.. തുടങ്ങിയ ധാരാളം കറാമത്തുകൾ അത്ത്വാഇഫത്തുർരിഫാഇയ്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഖലികാന്റെ വഫയാത്തുൽ അഅ്യാനിൽ ഇത് പ്രതിപാദിച്ചതായി കാണാം...
  [വഫയാത്തുൽ അഅ്യാൻ : 1/173]

 ശൈഖ് രിഫാഈ (റ) വിന്റെ ചില ഉപദേശങ്ങൾ നോക്കുക 👇🏻

1) ആഹാരത്തോടുള്ള ആദരവ് കുറച്ച് കാണിക്കൽ അനുഗ്രഹം ചെയ്ത അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ നിഷേധിക്കലാണ്. അതിനാൽ ഭക്ഷ്യവസ്തുക്കൾക്ക് ആദരവ് കൽപ്പിക്കുക. ഭക്ഷണം കഴിക്കുമ്പോൾ വീണു പോകുന്നവ പെറുക്കിയെടുക്കുക.

2) അല്ലാഹുﷻവിന്റെ അനുഗ്രഹത്തെ ബഹുമാനിക്കുന്നത് അല്ലാഹുﷻവിനെ ബഹുമാനിക്കലാണ്.

3) ശൈഖില്ലാത്തവന്റെ ശൈഖ് പിശാചാകുന്നു.

4) അല്ലാഹു ﷻ തന്റെ അടിമക്ക് ഗുണം ചെയ്യാൻ ഉദ്ദേശിച്ചാൽ, ഭൗതിക ലോകത്തോടും അതിന്റെ ആളുകളോടും അവനു ദേഷ്യമാക്കി തീർക്കും. പാരത്രിക ലോകത്തോടും അതിന്റെ ആളുകളോടും അവനു സ്നേഹമാക്കി തീർക്കും.

5) നിങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്ത് അവരെ നന്നാക്കുക. ജനങ്ങൾക്കിടയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനെയും ആളുകളെ പരസ്പരം ഇളക്കി വിടുന്നതിനെയും കരുതിയിരിക്കുക.

6) ഭൗതിക പരിത്യാഗമാണ് ശ്ലാഘനീയമായ പദവികളുടെയും സംതൃപ്തമായ അവസ്ഥകളുടെയും അടിത്തറ. അല്ലാഹുﷻവിനെ ലക്ഷ്യം വെക്കുന്നവരുടെ ആദ്യ കാൽവെപ്പാണത്. തന്റെ അടിത്തറ ഭൗതിക പരിത്യാഗത്തിൽ സ്ഥാപിച്ചിട്ടില്ലാത്തവന് ശേഷമുള്ള ഒരു സംഗതിയും ശരിയായി വരില്ല.

*7)* ഫുഖറാക്കളാണ് ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠർ. കാരണം, ഫഖ്റ് മുർസലുകളുടെ വസ്ത്രമത്രേ.

*8)* എന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഉപകാരം സിദ്ധിക്കാത്തവൻ എന്റെ വചനങ്ങൾ കൊണ്ട് ഉപകാരം നേടുകയില്ല.

*9)* നമ്മുടെ സരണി മൂന്ന് കാര്യങ്ങൾക്കു മേൽ സ്ഥാപിതമാണ്. നാം ചോദിക്കില്ല. ചോദിച്ചവനെ മടക്കില്ല. നാം എടുത്തു സൂക്ഷിച്ചു വെക്കാറില്ല.

*10)* ശൈഖ് (റ) പുത്രനായ സ്വാലിഹിനോട് പറഞ്ഞു : നീ എന്റെ പ്രവർത്തനങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാൻ നിനക്ക് പിതാവല്ല. നീ എനിക്ക് മകനുമല്ല.

*11)* ഒരാൾക്കും ഹൃദയ നൈർമല്യം ലഭിക്കുകയില്ല. അവന്റെ മനസ്സിൽ മോശമായ എന്തെങ്കിലും സംഗതിയോ, ഏതെങ്കിലും മുഅ്മിനിനോട് വിദ്വേഷമോ ശേഷിക്കാതിരിക്കുന്നത് വരെ.

*12)* ഉൾക്കാഴ്ച്ചയുടെ ദൃഷ്ടിയോടെ നീ നോക്കിയാൽ സർവ്വം നശ്വരമാണെന്ന യാഥാർത്ഥ്യം നിനക്ക് കാണാനായി. എല്ലാം നശ്വരമാണെന്ന് നിനക്ക് ഉത്തമ ബോധ്യം വന്നാൽ നീ എല്ലാം ഉപേക്ഷിച്ചു.

*13)* യഥാർത്ഥ ബുദ്ധി നീ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ നീ ദുനിയാവിലേക്ക് ചായ് വ് കാണിക്കില്ല. അതു തന്നിലേക്ക് ചാഞ്ഞാലും..! കാരണം അത് വഞ്ചകിയും തനി കളളിയുമാണ്. തന്റെ ആളുകളെ നോക്കി അത് പരിഹസിച്ചു ചിരിക്കും. അതിനെതിരിൽ വല്ലവനും ചായ് വ് കാണിച്ചാൽ അവൻ രക്ഷപ്പെട്ടു. അതിനു നേരെ വല്ലവനും ചായ് വ് കാണിച്ചാൽ അവൻ അതിൽ നശിച്ചടഞ്ഞു.

*14)* ആത്മീയ ജ്ഞാനികൾ മനസ്സിലാക്കിയ അതേ പോലെ ലോകമെങ്ങാനും സർവ്വലോക രക്ഷിതാവിനെ ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നെങ്കിൽ, ഭൗതിക ജീവിത കാര്യങ്ങളിൽ നിന്നും അതിന്റെ സ്ഥിതിഗതികളിൽ നിന്നും അവർ പരിപൂർണ്ണമായും വിട്ടുനിൽക്കുമായിരുന്നു.

മഹാനവർകളുടെ ചരിത്രം ഇവിടെ അവസാനിക്കുന്നു...

മഹാനവർകളുടെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝🏼

മഹാൻ അവർകൾക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു...

 ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു.

🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

      

Comments