അഹ്മദുൽ കബീർ രിഫാഈ (റ) 28, 29

💧Part : 28💧

   സഹോദരങ്ങളേ.., പുത്തൻ ചിന്താധാരകളെ നിങ്ങൾ സൂക്ഷിക്കുക. ദീനിൽ പെടാത്ത കാര്യങ്ങളെ പുതുതായി ഉണ്ടാക്കിയാൽ അവ തള്ളപ്പെടേണ്ടതാണ് എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. സത്യവും സൽസ്വഭാവവും നാം ജീവിത രീതിയാക്കുക. ജഡേച്ഛകളെ വെടിയുക. ശറഇന്റെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുക. നബി ﷺ തങ്ങളുടെ അധ്യാപനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിച്ച് അവിടുന്ന് നിരോധിച്ചവ ഉപേക്ഷിക്കുക. സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും മേൽ നിങ്ങൾ കള്ളം പറയരുത്. കൽപനാ നിരോധനങ്ങൾക്കനുസൃതമായി ജീവിക്കുകയും വിനയവും ലാളിത്യവും ജീവിത വഴിയാക്കുകയും ചെയ്യുക...

 സനേഹിതന്മാരേ.., നബിﷺതങ്ങളുടെ കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും ഇടയിലുള്ള മധ്യവർത്തിയാണവിടുന്ന് (ﷺ). സൃഷ്ടികളിൽ സമ്പൂർണ്ണരും അല്ലാഹുﷻവിന്റെ ഹബീബും അടിമയുമാണ് അവിടുന്ന് (ﷺ). നമ്മുടെ നബിﷺതങ്ങളുടെ പ്രവാചകത്വം വഫാത്തിനു ശേഷവും ശേഷിക്കുന്നുണ്ട്. അവിടുത്തെ ഏറ്റവും വലിയ മുഅ്ജിസത്ത് ഇന്നും നമ്മോടൊപ്പമുണ്ട്. വിശുദ്ധ ഖുർആനാണത്. ഖുർആനു സമാനമായ മറ്റൊന്നു കൊണ്ടു വരാൻ മനുഷ്യ-ജിന്നു വർഗ്ഗങ്ങൾ ഒരുമിച്ചുകൂടിയാലും കഴിയുകയില്ല എന്ന ഖുർആനിക വചനം ശ്രദ്ധേയമാണ്.

 നബിﷺതങ്ങളുടെ വചസ്സുകൾ തള്ളിക്കളയുന്നവർ വിശുദ്ധ ഖുർആനെ തള്ളിക്കളയുന്നവനെ പോലെയാണ്. അല്ലാഹുﷻവിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ പ്രവാചകൻ ﷺ കൊണ്ടുവന്ന എല്ലാ കാര്യത്തിലും നാം വിശ്വസിക്കുന്നു. സ്വഹാബത്തിനെ നാം സ്നേഹിക്കേണ്ടതുണ്ട്. അവരുടെ മഹത്വങ്ങൾ പ്രകീർത്തിച്ച് ബറകത്ത് എടുക്കേണ്ടതുണ്ട്. അവരുടെ സ്വഭാവങ്ങൾ നാം അനുകരിക്കണം...

 നിങ്ങൾ അല്ലാഹുﷻവിന്റെ ഔലിയാക്കളോട് ചേരുക. അല്ലാഹുﷻവിന്റെ ഔലിയാക്കൾക്ക് ഭയമോ ദുഃഖമോ ഇല്ല. അവർ വിശ്വസിച്ചവരും ഭയഭക്തിയുള്ളവരുമാണ്. അല്ലാഹു ﷻ സ്നേഹിച്ചവരെ നിങ്ങൾ എതിർക്കരുത്. തന്റെ വലിയ്യിനെ എതിർക്കുന്നവരോട് അവൻ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സ്നേഹ പ്രജകളായ ഔലിയാക്കളെ ശത്രുക്കളിൽ നിന്ന് അവൻ കാക്കുകയും ആദരിക്കുകയും ചെയ്യും. നിങ്ങൾ ഔലിയാക്കളെ സ്നേഹിക്കുക. അവരിലേക്ക് അടുക്കുക. എങ്കിൽ നിങ്ങൾക്ക് ബറകത്ത് ലഭിക്കും. അവർ അല്ലാഹുﷻവിന്റെ കൂട്ടരാണ്. നിശ്ചയം അല്ലാഹുﷻവിന്റെ കൂട്ടർ വിജയിച്ചവരാണ്...

 സ്വശരീരം നശിക്കുമെന്നുറപ്പുള്ളവൻ, അല്ലാഹു ﷻ മാത്രമേ ശേഷിക്കൂ എന്നും ഉറപ്പുള്ളവൻ, സ്വശരീരത്തെ ഭൗതികതയിൽ നിന്നകറ്റണം. രക്ഷിതാവിന്റെ ഉന്നത സ്ഥാനത്തെ ഭയപ്പെട്ട് ജഡേച്ഛകൾ കയ്യൊഴിക്കുന്നവർക്ക് സ്വർഗ്ഗമാണ് അഭയസ്ഥാനമെന്നു ഖുർആൻ പറഞ്ഞിട്ടുണ്ട്. അതിനാൽ മുൻഗാമികളുടെ പാഥേയം നിങ്ങൾ ജീവിത പാതയാക്കുക. വിനയത്തോടെ നിങ്ങൾ അല്ലാഹുﷻവിനെ സമീപിക്കുക. നാമേവരും പരലോകത്തേക്ക് നീങ്ങേണ്ടവരാണ്. ഖബർ ജീവിതം നമുക്ക് ഒരു അനിവാര്യതയാണ്. സ്വൽപമെങ്കിലും ഗുണം ചെയ്തവർ അത് അനുഭവിക്കും. തിന്മയാണെങ്കിൽ അതും. ഭയഭക്തിയുള്ളവരാണ് രക്ഷപ്പെടുന്നവർ...

 കൂട്ടുകാരെ വിട്ടു പിരിയുന്നതും ശത്രുക്കളെ കൂട്ടുപിടിക്കേണ്ടി വരുന്നതും വളരെ വിഷമകരം തന്നെ. അതിനാൽ നിങ്ങൾ നികൃതികൾ കയ്യൊഴിയുക. എങ്കിലേ ഖബറിൽ കൂട്ടിന് സുകൃതങ്ങളുണ്ടാകൂ... ഖബറിൽ കൂട്ടിന് സൽപ്രവർത്തനങ്ങളല്ലാതെ ഒന്നും ഉണ്ടാകില്ല... സഹോദരന്മാരേ, ഭൗതിക ഭരണാധികാരികളുടെയും പ്രമാണികളുടെയും ഭംഗിയും മറ്റും നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവെങ്കിൽ നിങ്ങൾ ഖബറിൽ പോയി നോക്കുക. നിങ്ങളുടെയും അവരുടെയും പിതാക്കളും മറ്റും മണ്ണിനടിയിലല്ലേ..! ആർക്കാണ് സൗഖ്യമുള്ളത്, ആരെല്ലാമാണ് ശിക്ഷയനുഭവിക്കുന്നത് എന്ന് അല്ലാഹു ﷻ മാത്രമേ അറിയൂ... നിങ്ങളും അവരെപ്പോലെ ആയിത്തീരേണ്ടവരല്ലേ..!!

💧Part : 29💧

📌 വഫാത്ത്...

   ലക്ഷങ്ങളെ ആത്മീയോച്ചിയിലേക്കുയർത്തി നിരുപമ വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം വഹിച്ച് സമൂഹത്തിന്റെ ഹൃദയാന്തരങ്ങളിൽ സ്ഥാനം നേടിയ അശ്ശൈഖ് അഹ്മദുൽ കബീറുർരിഫാഈ (റ) ഹിജ്റാബ്ദം 578 ജമാദുൽ ഊലാ 12 ന് വ്യാഴാഴ്ച്ച ളുഹ്റിന്റെ സമയം വഫാത്തായി. അവിടുന്ന് തന്റെ നാഥനിലേക്ക് തന്നെ മടങ്ങി...
  [വഫയാത്തുൽ അഅ്യാർ : 1/172]

 ശൈഖ് രിഫാഈ (റ) വിന്റെ വഫാത്തിനു നിമിത്തമായ അസുഖം വയറിളക്കമായിരുന്നു... 
  [ത്വബഖാത്തുൽ ഔലിയാഅ് : 1/98]

 ശൈഖ് ജൗഹറുൽ യമാനി (റ) പറയുന്നു : രോഗമൊന്നുമില്ലാത്ത സമയത്ത് തന്നെ തന്റെ വഫാത്തിന്റെ സമയത്തെ കുറിച്ച് ശൈഖ് (റ) പറഞ്ഞിരുന്നു. രോഗം കലശലായപ്പോൾ ശൈഖ് തങ്ങൾ വുളുവെടുത്ത് രണ്ട് റക്അത്ത് നിസ്കരിച്ചു. ശേഷം ശഹാദത്ത് കലിമ ചൊല്ലി അവിടുന്ന് തന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങി. അവിടുന്ന് മരണപ്പെട്ടപ്പോൾ മുമ്പ് ഞങ്ങൾക്ക് പരിചയം പോലുമില്ലാത്ത 7 ശുഭവസ്ത്രധാരികളെ ഞങ്ങൾ കണ്ടു. അവർ ശൈഖ് (റ) വിനെ കുളിപ്പിക്കുവാനും അവിടുത്തെ തിരു ശരീരം വഹിക്കുവാനുമെല്ലാം വളരെ ഭയഭക്തിയോടെ നേതൃത്വം വഹിച്ചു. ജനാസ നിസ്കാരത്തിന് ശേഷം ഞങ്ങൾ അവരെ കണ്ടില്ല...

 ശൈഖ് (റ) വിന്റെ ജനാസയെ മുമ്പൊന്നും ഞങ്ങൾ കാണാത്ത വിധം പച്ച പക്ഷികൾ നാല് ഭാഗത്ത് നിന്നും ബറകത്തെടുക്കാൻ വേണ്ടി വലയം ചെയ്തിരുന്നു. ഇത് കണ്ട ജനങ്ങൾ അത്ഭുതപ്പെട്ടു. ഈ സംഭവത്തിന് സാക്ഷികളായ എഴുന്നൂറോളം ജൂതന്മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം ആശ്ലേഷിച്ചു. ശൈഖ് (റ) വിനെ അവിടുത്തെ മഖ്ബറയിൽ വെച്ചപ്പോൾ അവിടുന്ന് മിൻഹാ ഖലഖ്നാകും... എന്ന വചനം ചൊല്ലുന്നതായി സന്നിഹിതർ കേട്ടു. അവിടുത്തെ ഖബറിൽ നിന്ന് സുഗന്ധം അടിച്ചു വീശാൻ തുടങ്ങി...
  [അർറൗളുന്നളീർ : 70,71]

 അവിടുത്തെ ജനാസ നിസ്കാരത്തിൽ ലക്ഷക്കണക്കിന് പേർ പങ്കുകൊണ്ടു. പിതാമഹനായ യഹ് യന്നജ്ജാരി (റ) വിന്റെ ഖബ്റിന്നടുത്ത് ഉമ്മു അബീദയിലാണ് അവിടുത്തെ ഖബറടക്കിയത്. വഫാത്ത് അടുത്ത സമയത്ത് ഏതാനും ശിഷ്യമാർ ശൈഖ് (റ) വിനോട് ഉപദേശം തേടി. ശൈഖ് തങ്ങൾ എപ്പോഴും ഓർമ്മിക്കാവുന്ന ഒരു വചനം പറഞ്ഞു കൊടുത്തു ഇതാണാ വചനം : *നന്മ ചെയ്യുന്നവനിലേക്ക് തന്നെ ആ നന്മ മുന്നിട്ടു വരും. തിന്മ ചെയ്യുന്നവൻ ഖേദിക്കും...*

*...രിഫാഇയ്യ ത്വരീഖത്ത്...*

   ശൈഖ് രിഫാഈ (റ) നേതൃത്വം നൽകിയ അധ്യാത്മ സരണി പിൽക്കാലത്ത് അത്ത്വരീഖത്തുർരിഫാഇയ്യ, അത്ത്വരീഖത്തുൽ ബത്വാഇഹിയ്യ, അത്ത്വരീഖത്തുൽ അഹ്മദിയ്യ എന്നീ നാമങ്ങളിൽ പ്രസിദ്ധമായി. ഈ സരണിയെ പിന്തുടർന്നവർ രിഫാഇയ്യത്ത്, ബത്വാഇഹിയ്യത്ത്, അഹ്മദിയ്യത്ത് എന്നീ പേരുകളിൽ അറിയപ്പെടുന്നു...

 മുസ്‌ലിംകളിൽ ഗണ്യമായൊരു വിഭാഗം ശൈഖ് രിഫാഈ (റ) വിൽ നിന്ന് ശൈഖുമാർ മുഖേന ലഭിച്ച പ്രസ്തുത സരണി അംഗീകരിച്ച് ജീവിച്ചു. ജീവിച്ചു കൊണ്ടിരിക്കുന്നു. ശൈഖ് രിഫാഈ (റ) വഫാത്തായതിന് ശേഷം അവിടുത്തെ ജാമാതാവും സഹോദരീ പുത്രനും പണ്ഡിതനുമായിരുന്ന സയ്യിദ് അലിയ്യു ബ്നു ഉസ്മാൻ (റ) രിഫാഇയ്യ ത്വരീഖത്തിന്റെ ഖലീഫയായി സ്ഥാനമേറ്റെടുത്തു. ശൈഖ് രിഫാഈ (റ) വിന്റെ മകളായ ഫാത്വിമ (റ) യെയാണ് മഹാനവർകൾ വിവാഹം ചെയ്തിരുന്നത്...

 ശൈഖ് സയ്യിദ് അലിയ്യ് (റ) വിന് മഹതി ഫാത്വിമാ ബീവി (റ) യിൽ നിന്ന് സയ്യിദ് മുഹ്യദ്ദീൻ ഇബ്റാഹീം അഅ്സബ് (റ), സയ്യിദ് നജ്മുദ്ദീൻ (റ) എന്നീ മക്കൾ ജനിച്ചു. ഫാത്വിമാ ബീവി (റ) വഫാത്തായപ്പോൾ മഹാനവർകൾ മുഹമ്മദ് ബ്നുൽ ഖാസിമിയ്യ എന്ന പ്രമുഖന്റെ മകൾ നഫീസ എന്ന മഹതിയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ 4 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉണ്ടായിരുന്നു.

 സയ്യിദ് അലിയ്യു ബ്നു ഉസ്മാൻ (റ) തന്റെ കാലത്തെ ഖുത്വുബായാണ് അറിയപ്പെട്ടത്. അമ്മാവനും ഗുരുവര്യനുമായ ശൈഖ് രിഫാഈ (റ) നടന്നു നീങ്ങിയ പാന്ഥാവിലൂടെ മഹാനവർകളും നടന്നു. ജീവിത കാലത്ത് ശൈഖ് അലി (റ) വിനെ പ്രത്യേകം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ശൈഖ് രിഫാഈ (റ) അദ്ദേഹത്തെ ബഹുമാനിക്കാൻ മറ്റുള്ളവരോട് കൽപ്പിക്കുമായിരുന്നു. മറ്റുള്ളവരെയെല്ലാം സയ്യിദ് എന്നു വിളിച്ചിരുന്നപ്പോൾ സയ്യിദ് അലിയ്യിനെ മാത്രം (റ) ശൈഖ് അലിയ്യ് എന്നു ശൈഖ് തങ്ങൾ സംബോധനം ചെയ്തു. തന്റെ പിൻഗാമിയാരെന്ന സൂചനയായിരുന്നു അത്...

 പിന്നീട് ശൈഖ് (റ) ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തുടരും

Comments