നബി മുഹമ്മദ് മുസ്തഫ(സ) 28, 29, 30
💧Part : 28💧
🔖 ഇഖ്റഅ് ബിസ്മി... (1)
അൽ അമീന് നാൽപതു വയസ്സു പിന്നിട്ടു. ഹിറാഗുഹയിൽ ദിവസങ്ങളോളം താമസിക്കാൻ തുടങ്ങി. ഗുഹയിലേക്കു പുറപ്പെടുമ്പോൾ ഖദീജ(റ) ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു കൊടുക്കും. പരിമിതമായ ആഹാരമേ വേണ്ടൂ...
കൊണ്ടുപോയ ആഹാരം എത്ര ദിവസത്തേക്കു വരുമെന്ന് ഖദീജ (റ) ക്ക് അറിയാം. ആഹാരം തീർന്നാൽ ഭർത്താവു വീട്ടിലേക്കു വരാറുണ്ട്. അവർ കാത്തിരിക്കും.
ആഹാരം തീർന്നാലും ചിലപ്പോൾ വീട്ടിലെത്തില്ല. ഭാര്യക്കു വെപ്രാളമായിരിക്കും. ഭക്ഷണസാധനങ്ങൾ പൊതിഞ്ഞുകെട്ടി വേലക്കാരന്റെ കൈവശം കൊടുത്തയയ്ക്കും.
വളരെ ഉയരമുള്ളതാണ് ജബലുന്നൂർ. കൂറ്റൻ പാറക്കെട്ടുകളാണു നിറയെ. അവയെല്ലാം ചവിട്ടിക്കയറി മുകളിലെത്തണം. കാൽ വഴുതിയാൽ അനേകമടി താഴ്ചയുള്ള മലയടിവാരത്തു ചെന്നു വീഴും. നല്ല ആരോഗ്യമുള്ള ഒരാൾ ഒരു മണിക്കൂറിലേറെ കഠിനശ്രമം നടത്തിയാലേ മലമുകളിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. അവിടെയാണു ഹിറാഗുഹ. ആ ഗുഹയിലാണു നബി ﷺ തങ്ങൾ ഒറ്റയ്ക്കിരിക്കുന്നത്.
ചിലപ്പോൾ ബീവി തന്നെ ഭക്ഷണ സാധനങ്ങളുമായി മല കയറിച്ചെല്ലും. എന്തൊരു ത്യാഗം..! പ്രായം അമ്പത്തഞ്ചിനോടടുത്ത വൃദ്ധയാണവർ. ഭർതൃസ്നേഹത്തിനും ആദരവിനും പരിചരണത്തിനും വയസ്സും അവശതയും തടസമേ ആയില്ല. ഖദീജ(റ)യെ പോലെ ഒരു സ്ത്രീരത്നം ചരിത്രത്തിനറിയില്ല. റസൂൽ ﷺ ക്ക് അവരോടുള്ള സ്നേഹത്തിന് അതിരില്ലായിരുന്നു.
ആ വർഷത്തെ റമളാൻ മാസം. രാത്രി സമയം. ഗുഹയിൽ ഒറ്റയ്ക്കാണ്. പെട്ടെന്ന് ആരോ ഗുഹയിൽ പ്രവേശിച്ചു..
ആരാണത്..?
പിന്നെ മുഴങ്ങുന്ന ശബ്ദം.
"ഇഖ്റഅ്..!"വായിക്കുക എന്ന് അർത്ഥം.
എഴുത്തും വായനയും പഠിക്കാത്ത ആളാണ് അൽ അമീൻ. പിന്നെങ്ങനെ വായിക്കും. മറുപടി നൽകിയതിങ്ങനെയാണ്.
“മാ അന ബി ഖാരിഇൻ.” (ഞാൻ വായനക്കാരനല്ല)
പെട്ടെന്ന് ആഗതൻ അൽഅമീനെ ആശ്ലേഷിച്ചു. എന്തൊരു അസ്വസ്ഥത! ഞെരിഞ്ഞുപോയി. പിടിവിട്ടു. ആശ്വാസം. വീണ്ടും വന്നു കൽപന..
“ഇഖ്റഅ്..!”
പഴയ മറുപടി ആവർത്തിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
“ഞാൻ വായനക്കാരനല്ല.”
ആഗതൻ ശക്തിയായി ആശ്ലേഷിച്ചു. കൂടുതൽ ഞെരുക്കം. വല്ലാത്ത അസ്വസ്ഥത. വിഷമിച്ചു പോയി. മൂന്നാം തവണയും കൽപന വന്നു..
"ഇഖ്റഅ്..!"
ഇത്തവണയും പുതിയൊരു മറുപടിയില്ല. ഞാൻ വായനക്കാരനല്ല.
ഇത്തവണ കൂടുതൽ ശക്തമായ ഞെരുക്കം. വാരിയെല്ലുകൾ തകർന്നുപോകുമോ എന്നു തോന്നിപ്പോയി. പേടിച്ചുപോയി. ആഗതൻ തന്നെ വായന തുടങ്ങി.
“ഇഖ്റഅ് ബിസ്മി റബ്ബിക...'' (സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ രക്തപിണ്ഡത്തിൽ നിന്ന് അവൻ സൃഷ്ടിച്ചു. പേന കൊണ്ടു പഠിപ്പിച്ച അത്യുദാരനായ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യന് അവനറിയാത്തത് അവൻ പഠിപ്പിച്ചു കൊടുത്തു.”
ഓതിക്കേട്ട വാക്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. കല്ലിൽ കൊത്തിയ ചിത്രം പോലെ. ഒരിക്കലും മറക്കാനാവാത്തവിധം മനസ്സിൽ പതിഞ്ഞു.
ആഗതൻ അപ്രത്യക്ഷനായി. എന്താണു സംഭവിച്ചത്..? ആകെ വിയർക്കുന്നു. മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുന്നു. ഒരുതരം ഭീതി തന്നെ ബാധിച്ചിരിക്കുന്നു. ഹിറാ ഗുഹയിൽ നിന്നു പുറത്തേക്കിറങ്ങി.
ചക്രവാളത്തിൽ ആ മുഖം. താൻ നേരത്തെ കണ്ട രൂപം. പിന്നെ ഓടി, പരിസരബോധമില്ലാതെ ഓടി...
ഖദീജ(റ) ഭർത്താവിന്റെ ശബ്ദം കേട്ടു. പരിഭ്രമിച്ചു. പുറത്തേക്കു നോക്കി. അതാ ഓടിക്കയറിവരുന്നു...
“സമ്മിലൂനീ.. സമ്മിലൂനീ...” (എന്നെ പുതപ്പിട്ടു മൂടൂ...)
ഖദീജ(റ) ഭർത്താവിനെ സ്നേഹപൂർവം സ്വീകരിച്ചു. കട്ടിലിൽ കിടത്തി. പുതപ്പിട്ടു മൂടിക്കൊടുത്തു. വല്ലാത്ത കിതപ്പും ബദ്ധപ്പാടും. കിടക്കട്ടെ, അൽപം വിശ്രമിക്കട്ടെ. ആശ്വാസം വന്നിട്ടു സംഭവിച്ചതെന്താണെന്നു ചോദിക്കാം.
അൽപം കഴിഞ്ഞപ്പോൾ ചെറിയൊരാശ്വാസം...
ഖദീജ(റ) ചോദിച്ചു: “എന്താണുണ്ടായത്..?” നടന്ന സംഭവങ്ങളൊക്കെ വിവരിച്ചു.
“എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചുപോകുമോ എന്നു ഞാൻ ഭയന്നുപോയി.”
“അങ്ങനെയൊന്നും സംഭവിക്കില്ല. അല്ലാഹു ﷻ താങ്കളെ കൈവെടിയുകയില്ല. താങ്കൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നു. അഗതികളെ സഹായിക്കുന്നു. മറ്റുള്ളവരെ വിഷമതകൾ തീർക്കുന്നു.”
ഖദീജ(റ)യുടെ മനസ്സിൽ ബേജാറുണ്ടായിരുന്നു. പക്ഷേ,
ഒന്നും പുറത്തു കാണിച്ചില്ല. അങ്ങനെ വേണം. ആശ്വസിപ്പിക്കേണ്ടവർ പരിഭ്രമം കാണിക്കരുത്...
💧Part : 29💧
🔖 ഇഖ്റഅ് ബിസ്മി (2)
ആരായിരിക്കും തന്റെ ഭർത്താവിനെ സമീപിച്ചിരിക്കുക. പിശാചോ ജിന്നോ..? ഛെ..! അങ്ങനെയുള്ള ശക്തികളൊന്നും അൽഅമീനെ സമീപിക്കില്ല...
സംഭവിച്ചതെന്താണെന്നറിയണം. ആരോടു ചോദിക്കും..? അപ്പോൾ ഒരു മുഖം മനസ്സിൽ തെളിഞ്ഞു. വറഖത് ബ്നു നൗഫൽ. തന്റെ അടുത്ത ബന്ധുവാണ്. പൂർവ വേദങ്ങൾ പഠിച്ച പണ്ഡിതൻ. ഇപ്പോൾ വാർധക്യം ബാധിച്ചിരിക്കുന്നു...
“നമുക്കു വറഖത് ബ്നു നൗഫലിനെ ചെന്നു കാണാം. സംഭവങ്ങൾ വിവരിച്ചുകൊടുക്കാം. എന്താണദ്ദേഹം പറയുന്നത് എന്നു നോക്കാം.” ഖദീജ(റ) പറഞ്ഞു...
നബിﷺതങ്ങൾ സമ്മതിച്ചു. ഇരുവരും കൂടി നടന്നു. വറഖയുടെ സമീപത്തെത്തി. നബിﷺതങ്ങൾ സംഭവങ്ങൾ വിശദീകരിച്ചു. വറഖത് എല്ലാം ശ്രദ്ധിച്ചുകേട്ടു.
അദ്ദേഹം പറഞ്ഞു: “ഇത് നാമൂസ് തന്നെയാണ്. മൂസാ നബി(അ)നെ സമീപിക്കാറുണ്ടായിരുന്ന അതേ നാമൂസ് തന്നെ.” നാമൂസ് എന്നാൽ ജിബ്രീൽ...
വറഖ തുടർന്നു: “താങ്കൾ ഈ സമുദായത്തിലേക്കുള്ള പ്രവാചകനാണ്. പ്രതീക്ഷിക്കപ്പെട്ട പ്രവാചകൻ. താങ്കളെ ഈ ജനത പുറത്താക്കും.”
ഖദീജ(റ) അതിശയത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. അപ്പോൾ അദ്ദേഹം പറയുന്നു: “താങ്കളുടെ ജനത താങ്കളെ സ്വദേശത്തു നിന്നു പുറത്താക്കുന്ന കാലത്തു ഞാൻ ജീവിച്ചിരുന്നെങ്കിൽ... അന്നു ഞാനുണ്ടെങ്കിൽ താങ്കളെ തീർച്ചയായും സഹായിക്കും .”
“ഈ ജനത എന്നെ പുറത്താക്കുമോ..?'' - അൽ അമീൻ ചോദിച്ചു...
“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള സന്ദേശമായി വന്ന ഒരൊറ്റ പ്രവാചകനെയും അവരുടെ ജനത വെറുതെ വിട്ടിട്ടില്ല. അന്നു ഞാൻ ശക്തനായ ഒരു യുവാവായി ജീവിച്ചിരുന്നെങ്കിൽ..!!”
വറഖതിനോടു യാത്ര പറഞ്ഞു രണ്ടുപേരും മടങ്ങി. ഖദീജ(റ) ഭർത്താവിന്റെ മുഖത്തേക്കുറ്റുനോക്കി. ആരുടെ കൂടെയാണു നടക്കുന്നത്..? അല്ലാഹുﷻവിന്റെ പ്രവാചകരുടെ കൂടെയോ..! ഭീതിയും സന്തോഷവും കൂടിക്കുഴയുന്നു. എന്തെല്ലാം പരീക്ഷണങ്ങളായിരിക്കും ഇനി സഹിക്കേണ്ടി വരിക. വറഖതിന്റെ സൂചന അതാണല്ലോ...
ദിവസങ്ങൾ കടന്നുപോയി. ആശങ്കക്കും പ്രതീക്ഷക്കും മധ്യത്തിലാണ് ഇപ്പോഴത്തെ ജീവിതം. സ്വന്തം ജനത തന്നെ വെറുക്കും. തന്നെ ഇന്നാട്ടിൽ നിന്ന് ഓടിക്കും. വെപ്രാളം നിറഞ്ഞ ചിന്തകൾ..!!
അല്ലാഹു ﷻ പ്രവാചകനായി തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. എല്ലായ്പ്പോഴും അല്ലാഹുﷻവിന്റെ കാവലുണ്ടാകും. ജിബ്രീൽ (അ) എന്ന മലക്കാണു തന്നെ കാണാൻ വന്നത്. ഇനിയും വരും. എന്നാണ് ഇനി വരിക..? ഒന്നു കണ്ടിരുന്നെങ്കിൽ..! കാണുന്നില്ല. ഇപ്പോൾ ജിബ്രീലിന്റെ വരവിനു കൊതിക്കുന്നു...
ഒരു ദിവസം നബി ﷺ ഭാര്യയോട് ഒരു കാര്യം സംസാരിച്ചു: “ഖദീജാ... എന്റെ പിതൃസഹോദരന്റെ അവസ്ഥ അറിയാമല്ലോ. വീട്ടിൽ വളരെ ബുദ്ധിമുട്ടാണ്. നമുക്ക് ആ കുട്ടിയെ ഇവിടെ കൊണ്ടുവന്നു വളർത്തിക്കൂടേ? അദ്ദേഹത്തിന് അതൊരു സഹായമാകുമല്ലോ..?”
“ഏതു കുട്ടിയുടെ കാര്യം..?”
“അലി എന്ന കുട്ടിയുടെ കാര്യം.”
“അതിൽ എനിക്കു സന്തോഷമേയുള്ളൂ. നമുക്കു വളർത്താം. അദ്ദേഹം ഇങ്ങോട്ടയയ്ക്കുമോ..?”
“ഞാൻ പോയി സംസാരിക്കാം. ഞാൻ നിർബന്ധിക്കും. അപ്പോൾ സമ്മതിക്കും.” നബിﷺതങ്ങൾ അബൂത്വാലിബിനെ കാണാൻ പോയി.
“ആരാണിത്..? എന്തൊക്കെയുണ്ടുമോനേ വിശേഷം..?”
“ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്. എതിരു പറയരുത്.”
“എന്താ കാര്യം? അതു പറയൂ... കേൾക്കട്ടെ...!”
“അലിയെ വളർത്താനുള്ള ഉത്തരവാദിത്തം എനിക്കു തരണം. ഞാനവനെ വീട്ടിലേക്കു കൊണ്ടുപോകാം.”
“വേണ്ട... വേണ്ട മോനേ...''
“എന്നെ അതിനു സമ്മതിക്കണം. എതിരു പറയരുത്.”
നിർബന്ധം കൂടിയപ്പോൾ വഴങ്ങേണ്ടതായിവന്നു. അലിയെയുംകൊണ്ട് അൽഅമീൻ പോയി. അലി പ്രവാചകന്റെ വീട്ടിലെ അംഗമായി. വീട്ടിലെ പുതിയ സംഭവങ്ങളൊക്കെ അലിയും അറിയുന്നുണ്ടായിരുന്നു.
ഒരു ദിവസം അൽ അമീനും അലിയും തമ്മിലൊരു സംഭാഷണം. അൽ അമീൻ പറഞ്ഞു: “നാമെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാകുന്നു. അവനാണു നമുക്കു ശക്തി നൽകിയത്. അവന്റെ കൽപനകൾ അനുസരിച്ചു ജീവിക്കണം.”
ഉടനെ കുട്ടി ചോദിച്ചു
: “ആരാണ് അല്ലാഹുﷻ..?”
“ഈ ലോകത്തിന്റെ സൃഷ്ടാവ്. ഭൂമിയും ആകാശവും പടച്ചത് അല്ലാഹുﷻവാണ്. വെള്ളവും വായുവും സൃഷ്ടിച്ചത് അവൻ തന്നെ. നമ്മെ സൃഷ്ടിച്ചത് അല്ലാഹുﷻവാണ്. നാം അവനെ ആരാധിക്കണം. അവൻ കൽപിച്ചതുപോലെ ജീവിക്കണം. ഞാൻ അവന്റെ റസൂലാകുന്നു. അല്ലാഹു ﷻ ഏകനാണ്. അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ അടിമയും റസൂലുമാകുന്നു. മോനേ... അലീ... നീ ഇതു വിശ്വസിക്കണം.”
“ഞാൻ ഉപ്പയോടു ചോദിച്ചിട്ടു വിശ്വസിക്കാം.” മാതാപിതാക്കളുടെ സമ്മതം വാങ്ങിയിട്ടാണല്ലോ കുട്ടികൾ
എന്തും പ്രവർത്തിക്കുക. അതേ രീതിയിൽ പറഞ്ഞു...
“അങ്ങനെയാകട്ടെ.”- അൽഅമീൻ സമ്മതിച്ചു.
പിറ്റേ ദിവസം അലി ബാപ്പയെ കാണാൻ പുറപ്പെട്ടു. ബുദ്ധിമാനായ കുട്ടി നടക്കുന്നതിനിടയിൽ പലതും ചിന്തിച്ചു. അല്ലാഹുﷻ. ലോകത്തെ സൃഷ്ടിച്ച അല്ലാഹുﷻ. തന്നെ സൃഷ്ടിച്ചതും തന്റെ പിതാവിനെ പടച്ചതും അല്ലാഹു ﷻ തന്നെ. തന്നെ പടച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കണം. ആരാധിക്കണം. അതു തന്റെ കടമ. അതിനു പിതാവിന്റെ സമ്മതമെന്തിന്..? പിതാവിന്റെ സമ്മതമില്ലാതെത്തന്നെ അല്ലാഹുﷻവിൽ വിശ്വസിക്കാം. പിതാവിനോട് ആലോചിച്ചിട്ടല്ലല്ലോ അല്ലാഹു ﷻ തന്നെ സൃഷ്ടിച്ചത്. അലി വഴിയിൽ നിന്നു മടങ്ങി...
മടങ്ങിവന്നപ്പോൾ അൽഅമീൻ ചോദിച്ചു: “ഉപ്പ എന്തു പറഞ്ഞു..?”
“ഉപ്പയോടു ചോദിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”
💧Part : 30💧
🔖 ഖദീജ (റ) ഇസ്‌ലാമിലേക്ക് (1)
ഒരിക്കൽ കഅ്ബാലയത്തിനടുത്തുവച്ചു വറഖത് ബ്നു നൗഫൽ നബിﷺയെ കണ്ടു. വറഖ പറഞ്ഞു: “മൂസായെ സമീപിച്ച അതേ നാമൂസ് തന്നെയാണത്. ഈ ജനതയുടെ തെറ്റായ വിശ്വാസാചാരങ്ങളെ എതിർക്കുമ്പോൾ ഈ ജനത താങ്കളെ നാട്ടിൽ നിന്നോടിക്കും... അന്നു ഞാനുണ്ടായിരുന്നെങ്കിൽ...”
“എന്റെ സമുദായം എന്നെ കയ്യൊഴിയുമോ..?”- നബി ﷺ ചോദിച്ചു.
“അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള ദൗത്യവുമായി വന്നവർക്കെല്ലാം അതാണനുഭവം. അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ..!”
ഈ സംഭവം നടന്ന് ഏതാനും നാൾ കഴിഞ്ഞപ്പോൾ വറഖ മരിച്ചുപോയി.
പിന്നെ വഹ് യ് കിട്ടാത്ത ദിവസങ്ങൾ. നബിﷺതങ്ങൾ വീണ്ടും ഹിറായിൽ പോയിരുന്നു. ഒരു ഫലവുമില്ല. ഒരിക്കൽ ഹിറായിൽ നിന്നു മടങ്ങുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്നൊരു ശബ്ദം. മേൽപോട്ടു നോക്കി. ജിബ്‌രീൽ...
എന്തൊരു രൂപം. പേടിച്ചുപോയി. പരിഭ്രമത്തോടെ ഓടി. ഖദീജ(റ) ഭർത്താവിന്റെ വെപ്രാളം കണ്ടു ഞെട്ടി. നബി ﷺ കട്ടിലിൽ കയറിക്കിടന്നു. ബീവി പുതപ്പിട്ടു മൂടിക്കൊടുത്തു. വഹ് യ് ഇറങ്ങുന്നു.
يَا أَيُّهَا الْمُدَّثِّرُ ؛ قُمْ فَأَنذِرْ
“പുതപ്പിട്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ... എഴുന്നേൽക്കൂ...!"
പുതപ്പു വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു. വെളുത്ത മുഖം ചുവന്നു തുടുത്തു. നെറ്റി വിയർപിൽ കുളിച്ചു. വലിയ ഭാരം ചുമക്കുന്നതുപോലെ വിഷമിക്കുന്നു. വഹ് യ് തുടരുന്നു.
“ജനങ്ങൾക്കു മുന്നറിയിപ്പു നൽകുക. നിന്റെ നാഥനെ മഹത്വപ്പെടുത്തുക. നിന്റെ വസ്ത്രം ശുദ്ധിയാക്കുക. മ്ലേഛകരമായ കാര്യങ്ങൾ ഉപേക്ഷിക്കുക. കൂടുതൽ തിരിച്ചുകിട്ടുവാൻ വേണ്ടി ജനങ്ങൾക്ക് ഔദാര്യ ചെയ്യാതിരിക്കുക. നിന്റെ നാഥനുവേണ്ടി ക്ഷമ കൈക്കൊള്ളുക.”
പ്രവാചക ദൗത്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യസന്ദേശം.
ജനങ്ങൾക്കു മുന്നറിയിപ്പു നൽകാനുള്ള കൽപന.
മ്ലേഛമായ കാര്യങ്ങൾ ഉപേക്ഷിക്കാൻ ഉപദേശിക്കണം. എതിർപ്പുണ്ടായാൽ ക്ഷമിക്കണം.
അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കാനുള്ള കൽപനയാണിത്. ആരെയാണു വിളിക്കുക. ആരാണു തന്റെ ക്ഷണം സ്വീകരിക്കുക. എന്തൊരു പരീക്ഷണം..!!
ഭാര്യ സമീപം വന്നുനിന്നു. സ്നേഹപൂർവം പറഞ്ഞു: “ഇവിടെ കിടന്നോളൂ..! ഞാൻ പുതപ്പിട്ടു മൂടിത്തരാം. വിശ്രമിക്കൂ, ഒന്നുറങ്ങിക്കോളൂ...”
പ്രവാചകൻ ﷺ ഭാര്യയുടെ മുഖത്തേക്കു നോക്കി. പതിവില്ലാത്തൊരു നോട്ടം. അതിനുശേഷം വല്ലാത്തൊരു സ്വരത്തിൽ സംസാരിച്ചു: “ഓ, ഖദീജാ... വിശ്രമത്തിന്റെയും ഉറക്കിന്റെയും സമയം കഴിഞ്ഞുപോയി. അല്ലാഹു ﷻ അവന്റെ ദീനിലേക്കു ജനങ്ങളെ ക്ഷണിക്കാൻ എന്നോടു കൽപിച്ചിരിക്കുന്നു. ഖദീജാ.. ആരെയാണു ഞാൻ ക്ഷണിക്കേണ്ടത്..? ആരാണ് എന്റെ വിളി കേൾക്കുക..?”
എന്തൊരു സ്വരം. എന്തൊരു ചോദ്യം. ഖൽബു പൊട്ടുന്ന ചോദ്യം. ഒരു ഭാര്യ ഇതെങ്ങനെ സഹിക്കും. എന്റെ ഭർത്താവിന്റെ ഒരവസ്ഥ.
എങ്ങനെയാണു സമാധാനിപ്പിക്കുക. എങ്ങനെയാണ് ആശ്വസിപ്പിക്കുക.
“ഞാൻ... ഈ ഞാൻ... വിളി കേൾക്കുന്നു.''
“ദേ.. എന്താണു നീ പറഞ്ഞത്..!”
“അങ്ങയുടെ വിളിക്കു ഞാനിതാ ഉത്തരം ചെയ്തു കഴിഞ്ഞു.
അല്ലാഹുവിനു ﷻ യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.” പ്രവാചകന്റെ കണ്ണുകൾക്കു തിളക്കം. ആ മുഖം പ്രസന്നമായി...
വീട്ടിലെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കുന്ന ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു. അലി, അബൂത്വാലിബിന്റെ മകൻ. അബൂത്വാലിബിനു വയസ്സുകാലത്തു പിറന്ന കുട്ടി...
അലിയും ഇസ്ലാംമതം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടുപേരായി... ഉമ്മുഅയ്മൻ എന്ന പരിചാരികയെ ഓർക്കുന്നില്ലേ..? ആറാം വയസ്സിൽ യസ് രിബിലേക്കു പോയപ്പോൾ കൂടെയുണ്ടായിരുന്ന പെൺകുട്ടി. അവൾ പ്രവാചകനെ (ﷺ) വിട്ടുപോയില്ല. ഇപ്പോഴും തന്നാലാവുന്ന സേവനങ്ങൾ ചെയ്തു കൂടെ കഴിയുന്നു.
ഉമ്മു അയ്മൻ ഇന്നു വാർധക്യത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു. അൽഅമീൻ എന്തു പറഞ്ഞാലും അവർ വിശ്വസിക്കും. അൽഅമീന്റെ ദീനീ പ്രചാരണത്തിന് അവർ സഹകരിക്കും...
അല്ലാഹു ﷻ ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ഉമ്മുഅയ്മൻ വിശ്വസിച്ചു. മുഹമ്മദ് റസൂലാണെന്ന് കാര്യത്തിലും അവർക്കു സംശയമില്ല. അവരും ഇസ്ലാം മതത്തിലേക്കു കടന്നുവന്നു...
*തുടരും ...
Comments
Post a Comment