നബി മുഹമ്മദ് മുസ്തഫ(സ) 25, 26, 27
💧Part : 25💧
🔖 ബിംബങ്ങൾ ബഹുവിധം
നബിﷺതങ്ങൾ ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കഥയാണു പറയുന്നത്...
അംറ് ബ്നു ലുഹാ ഖുസാഈ.
കഅ്ബാലയത്തിന്റെ സംരക്ഷകരിൽ ഒരാളായിരുന്നു ഖുസാഈ.
ഇബ്റാഹീം നബി(അ)മിന്റെ മതത്തിൽ വിശ്വസിച്ചവരായിരുന്നു അക്കാലത്തെ അറബികൾ. ഇസ്മാഈൽ (അ) മിലൂടെ
അവർക്കു ദിവ്യസന്ദേശങ്ങൾ ലഭിച്ചിരുന്നു. നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ അവർ ദിവ്യസന്ദേശത്തിൽ നിന്നൊക്കെ അകന്നുപോയി.
നമുക്ക് അംറ് ബ്നു ലുഹാ ഖുസാഇയുടെ കഥ പറയാം. ഒരിക്കൽ അംറ് സിറിയയിൽ പോയി. അവിടെയുള്ള ആളുകൾ ബിംബങ്ങളെ ആരാധിക്കുന്നത് അയാൾ കണ്ടു. അതു വളരെ ആകർഷകമായിത്തോന്നി അംറിന്.
ഇതുപോലുള്ള വിഗ്രഹങ്ങൾ കഅ്ബാലയത്തിലും സ്ഥാപിക്കണമെന്ന് അംറ് ആഗ്രഹിച്ചു. ചില വിഗ്രഹങ്ങൾ വാങ്ങിക്കൊണ്ടു പോകണമെന്നും തീരുമാനിച്ചു.
അംറിന്റെ മടക്കയാത്രയിൽ ഒപ്പം കുറെ വിഗ്രഹങ്ങളുമുണ്ടായിരുന്നു. അയാൾ മക്കത്തെത്തി. മറ്റു നേതാക്കളുമായി സംസാരിച്ചു. വിഗ്രഹങ്ങൾ കഅ്ബയിൽ സ്ഥാപിച്ചു. ആരാധനയും തുടങ്ങി.
അംറിനെ പോലെ മറ്റു ചില യാത്രക്കാരും പിന്നീടു വിഗ്രഹങ്ങൾകൊണ്ടുവന്നു കഅ്ബയിൽ സ്ഥാപിച്ചു. കഅ്ബയിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു.
ബനൂ ഹുദൈൽ ഗോത്രക്കാർ സുവാഅ് എന്ന വിഗ്രഹം പ്രതിഷ്ഠിച്ചു. ആളുകൾ അതിനെ പൂജിക്കാൻ തുടങ്ങി.
ബനു മദ്ഹ് ഗോത്രക്കാരും ജർശ് ഗോത്രക്കാരും കൂടി ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനു "യഗൂസ്' എന്നു പേരിട്ടു.
ബനുകിവാൾ ഗോത്രക്കാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. ആ ബിംബത്തിന്റെ പേര് “യഊഖ്' എന്നായിരുന്നു.
ഹമീർ ഗോത്രക്കാർ വെറുതെയിരുന്നില്ല. ഒരു വിഗ്രഹത്തെ അവരും സ്ഥാപിച്ച് ആരാധന തുടങ്ങി. അതിന്റെ പേര് "നസ്റ്" എന്നായിരുന്നു.
മനുഷ്യരൂപത്തിലുള്ള ഒരു വലിയ വിഗ്രഹമായിരുന്നു വുദ്ദ്. അതിന്റെ പാർശ്വഭാഗത്തു വില്ല് തൂക്കിയിരുന്നു. കക്ഷത്തിൽ ഒരു വാളും കയ്യിൽ അമ്പും ഉണ്ടായിരുന്നു.
അഞ്ചു വിഗ്രഹങ്ങളുടെ പേരുകൾ പറഞ്ഞുകഴിഞ്ഞു.
1. സുവാഅ്.
2. യഗൂസ്.
3. യഊഖ്.
4. നസ്റ്.
5. വുദ്ദ്.
പൂർവകാല അറബികളെ വഴികേടിലേക്കു നയിച്ച അഞ്ചു വിഗ്രഹങ്ങളാണിവ...
കടൽത്തീരത്തുണ്ടായിരുന്ന ഒരു വിഗ്രഹമാണു "മനാത്ത്". അറബികൾ പൊതുവിൽ മനാത്തയെ ആരാധിച്ചു. അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്തുവന്നു.
ത്വാഇഫുകാർ പ്രതിഷ്ഠിച്ച ബിംബത്തിന്റെ പേര് "ലാത്ത" എന്നായിരുന്നു. ബിംബത്തിന്റെ പൂർണരൂപം അവർക്കു കിട്ടിയിരുന്നില്ല. പഴക്കംചെന്ന ബിംബത്തിന്റെ ഒരു ഭാഗം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒരു ചതുരക്കല്ല്. അതിനെ അവർ ആരാധിച്ചു പോന്നു.
ഒരു തോടിനു സമീപത്താണ് "ഉസ്സാ' എന്ന വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. ജനങ്ങൾ അതിനെയും ആരാധിച്ചു.
അറബികളുടെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബിംബങ്ങളായിരുന്നു ലാത്തയും ഉസ്സയും മനാത്തയും...
കഅ്ബാലയത്തിൽ അനേകം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും വലുത് "ഹുബുൽ" ആയിരുന്നു.
ചെങ്കല്ലുകൊണ്ടു നിർമിക്കപ്പെട്ട മനുഷ്യരൂപമാണ് ഹുബുൽ. വളരെ പഴക്കം ചെന്ന ബിംബം. അറബികൾ ഈ ബിംബത്തെ കണ്ടെത്തുമ്പോൾ അതിനു വലതുകൈ ഉണ്ടായിരുന്നില്ല. വലതുകൈ വച്ചുപിടിപ്പിച്ചു, സ്വർണംകൊണ്ട്. ഏറ്റവും വലിയ ബിംബത്തെ അറബികൾ വളരെയേറെ ആദരിച്ചു. പ്രത്യേക പൂജകൾ നടത്തി...
അറബികൾ ഒറ്റയ്ക്കും കൂട്ടായും ബിംബങ്ങളെ വണങ്ങാൻ വരും. ചിലപ്പോൾ ബലിയർപ്പിക്കും. ബലിക്കുള്ള മൃഗങ്ങളെ നേരത്തെ നിശ്ചയിച്ചുവയ്ക്കും.
ദീർഘയാത്രയ്ക്കു പുറപ്പെടുമ്പോൾ ബിംബങ്ങളെ കണ്ടു വണങ്ങും. കാലം കടന്നുപോയപ്പോൾ ബിംബാരാധന ശക്തിപ്പെട്ടു. ബഹുദൈവ വിശ്വാസം ബലപ്പെട്ടു. മനുഷ്യമനസ്സിൽ ശിർക്കിന് (ബഹുദൈവ വിശ്വാസം) ആഴത്തിൽ വേരുകളുണ്ടായി.
ഇങ്ങനെ ബിംബാരാധനയും ബഹുദൈവ വിശ്വാസവും ഏറ്റവും ശക്തി പ്രാപിച്ച കാലത്താണു മുഹമ്മദ് നബിﷺതങ്ങൾ മക്കയിൽ ഭൂജാതനാകുന്നത്...
💧Part : 26💧
🔖 പൊന്നോമനകൾ (1)
വിഅൽ അമീനും ഖദീജയും സ്നേഹവും വിശ്വാസവും നിറഞ്ഞ ദാമ്പത്യജീവിതമാണു നയിച്ചത്. അവർ ഇരുവരും കഠിനാധ്വാനം ചെയ്തു. കച്ചവടത്തിൽ ലാഭമുണ്ടാക്കി. ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്കു നൽകി.
സഹായംതേടിവരുന്ന ആരെയും അവർ നിരാശരാക്കിയിരുന്നില്ല. വിശന്നവർക്ക് ആഹാരം നൽകും. വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകും. ബന്ധുക്കളെ സന്ദർശിക്കും. ചിലപ്പോൾ ഖദീജയുടെ ബന്ധുക്കളുടെ വീട്ടിൽ പോകും. സ്നേഹം പങ്കിടും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കും...
അബൂത്വാലിബിനെ സന്ദർശിക്കുന്നത് ഇരുവർക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.
വിരുന്നുകാരെ സ്വീകരിക്കാനും സൽകരിക്കാനും ഖദീജയ്ക്ക് വലിയ താൽപര്യമായിരുന്നു. രുചികരമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കാനും സമർത്ഥയായിരുന്നു.
ഇതിനിടയിൽ ഖദീജ ഗർഭിണിയായി. ആ വലിയ വീട്ടിലെ എല്ലാ അംഗങ്ങൾക്കും എന്തെന്നില്ലാത്ത സന്തോഷം. ഖദീജ നേരത്തെ മറ്റു ഭർത്താക്കന്മാരിൽ നിന്നും ഗർഭം ധരിച്ചിട്ടുണ്ട്. പ്രസവിച്ചിട്ടുമുണ്ട്. അന്നൊക്കെ ഏറെ സന്തോഷിച്ചിട്ടുമുണ്ട്.
അൽഅമീന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നു എന്ന ചിന്ത വലിയ ആഹ്ലാദം നൽകി. മറ്റൊരിക്കലുമില്ലാത്ത ആഹ്ലാദം.
പെൺകുട്ടികൾ പിറക്കുന്നതു ശാപമായി കരുതുന്ന കാലം. പെൺകുട്ടികൾ അപമാനമാണെന്നു ധരിച്ചു കുഴിച്ചുമൂടുന്ന കാലം, എത്രയെത്ര പെൺകുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. അക്കാലത്താണു ഖദീജ ഗർഭിണിയായത്.
മാസങ്ങൾ കടന്നുപോയി. പ്രസവത്തിനു സമയമായി. ആകാംക്ഷയോടെ അൽഅമീൻ കാത്തിരുന്നു. ഖദീജ പ്രസവിച്ചു. സന്തോഷവാർത്ത പുറത്തുവന്നു.
ആൺകുട്ടിയാണ്. ഖബീലയിൽ ആഹ്ലാദം പരന്നു...
കുഞ്ഞിനു ഖാസിം എന്നു പേരിട്ടു. ഓമനപ്പേര് ത്വാഹിർ എന്നായിരുന്നു. മാതാപിതാക്കളുടെ കൺമണി. ഈ കുഞ്ഞിന്റെ പേരു ചേർത്തു റസൂലിനു അബുൽ ഖാസിം
എന്ന ഓമനപ്പേരുണ്ടായി.
ആൺകുട്ടികളെ പ്രസവിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഖദീജയെ പെണ്ണുങ്ങൾ വാഴ്ത്തിപ്പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ആഹ്ലാദം. പക്ഷേ, ആഹ്ലാദം നീണ്ടുനിന്നില്ല. പിതാവിനെയും മാതാവിനെയും അവരുടെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഖാസിം മരണപ്പെട്ടു...
ഖദീജയുടെ വേദനയ്ക്കതിരില്ല. പൊട്ടിക്കരഞ്ഞുപോയി.
അൽഅമീൻ ദുഃഖം കടിച്ചമർത്തി. കണ്ണുകൾ നിറഞ്ഞൊഴുകി. നെടുവീർപ്പിട്ടു. എന്തൊരു പരീക്ഷണം..! ആഹ്ലാദം നിറഞ്ഞ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു.
കാലം പിന്നെയും കടന്നുപോയി. വ്യാപാരത്തിന്റെ ബദ്ധപ്പാടിലാണു ദമ്പതികൾ. തിരക്കേറുമ്പോൾ ദുഃഖം മറക്കുന്നു. ഖദീജ പിന്നെയും ഗർഭിണിയായി. ഒരിക്കലല്ല, പലവട്ടം. ഒരു പുത്രനെക്കൂടി പ്രസവിച്ചു. ബാക്കിയെല്ലാം പുത്രിമാർ. പുത്രനെ
കിട്ടിയപ്പോൾ വീണ്ടും ആഹ്ലാദം.
കുട്ടിക്ക് അബ്ദുല്ല എന്നു പേരിട്ടു.
അൽ അമീന്റെ പിതാവിന്റെ പേര്. അഴകുള്ള കുട്ടി...
അബ്ദുല്ല എന്നു വിളിക്കാനൊരു മടി. വിളിക്കാനൊരു ഓമനപ്പേരുണ്ട്. ത്വയ്യിബ്. മാതാപിതാക്കൾക്കു ത്വയ്യിബ് മോൻ സന്തോഷം നൽകി.
ആ സന്തോഷവും നീണ്ടു നിന്നില്ല. കടുത്ത ദുഃഖം നൽകിക്കൊണ്ട് അബ്ദുല്ലയും മരണപ്പെട്ടു. അസഹ്യമായ ദുഃഖം. ഇരുവരും കണ്ണീരൊഴുക്കി...
💧Part : 27💧
🔖 പൊന്നോമനകൾ (2)
നബിﷺയുടെ പെൺകുട്ടികളിൽ മൂത്തതു സൈനബ്. മകളെ മാതാപിതാക്കൾ ലാളിച്ചു വളർത്തി. നല്ല സുന്ദരിയായ പെൺകുട്ടി. സൈനബിന്റെ നേരെ അനിയത്തിയാണു റുഖിയ്യ. റുഖിയ്യ മിടുക്കിയാണ്. റുഖിയ്യയുടെ ഇളയതാണ് ഉമ്മുകുൽസൂം. അവസാനം പ്രസവിച്ച മോളാണു ഫാത്വിമ. ഫത്വിമ പിതാവിന്റെ തനിപ്പകർപ്പായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട പൊന്നുമോൾ...
ഖദീജയുടെ സഹോദരിയുടെ മകനായിരുന്നു അബുൽ ആസ് ബ്നു അംറു ബ്നു അബ്ദിശ്ശംസ്. അബുൽ ആസ് പ്രസിദ്ധനായ വ്യാപാരിയായിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളയാളാണ്, അബുൽ ആസ് വിവാഹാലോചനയുമായി വന്നു...
സൈനബിനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു. ഖദീജയുടെ സഹോദരീപുത്രനല്ലേ..! എല്ലാവർക്കും ഇഷ്ടമായി. വിവാഹനിശ്ചയം നടന്നു. ഖബീലക്കാരെയും നാട്ടുകാരെയുമൊക്കെ ക്ഷണിച്ചു. നല്ല നിലയിൽ ആ വിവാഹം നടന്നു. സൈനബ് ഭർത്താവിന്റെ വീട്ടിലേക്കു പോയി. അവിടെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു...
റുഖിയ്യയുടെയും ഉമ്മുകുൽസൂമിന്റെയും നികാഹ് കുട്ടിക്കാലത്തുതന്നെ നടത്തിവച്ചു. അബൂലഹബിന്റെ രണ്ടു പുത്രന്മാരായിരുന്നു ഉത്ബയും ഉതൈബയും. അവർ റുഖിയ്യയെയും ഉമ്മുകുൽസൂമിനെയും
നികാഹ് ചെയ്തു.
അവസാനം പിറന്ന കൊച്ചുമോൾ മാതാപിതാക്കളുടെ ഓമനയായി വളർന്നുവന്നു. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതമാണ് അൽഅമീനും ഖദീജയും നയിച്ചിരുന്നത്...
രണ്ടാൺമക്കൾ മരണപ്പെട്ട വേദന അവരെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പെൺമക്കളുടെ സാമീപ്യം അവർക്കാശ്വാസം പകർന്നു...
പെൺകുഞ്ഞുങ്ങൾ കടുത്ത അവഗണന അനുഭവിക്കുന്ന കാലം. അക്കാലത്തും ഖദീജയും ഭർത്താവും പെൺമക്കളെ ലാളിച്ചു വളർത്തുകയാണു ചെയ്തത്. അവർക്കു വേണ്ടത്ര സ്നേഹവും വാത്സല്യവും നൽകി. സൈനബിന്റെ വിവാഹം നടന്നപ്പോൾ അവർക്കു വലിയ സന്തോഷമായിരുന്നു. ആശ്വാസവും...
ഖദീജ(റ)യുടെ കൂടെ കുറെ അടിമകളുണ്ടായിരുന്നു. സൈദുബ്നു ഹാരിസ് എന്നു പേരായ ബാലൻ അവരിൽ ഒരാളായിരുന്നു. ഖദീജ (റ) ആ ബാലനെ ഭർത്താവിനു സമ്മാനിച്ചു. അൽ അമീൻ കുട്ടിയെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കി.
"സൈദ് എന്റെ മോനാണ്' അൽഅമീൻ പ്രഖ്യാപിച്ചു...
“ഇത് സൈദുബ്നു ഹാരിസ് അല്ല, ഇവന്റെ പേര് സൈദ്ബ്നു മുഹമ്മദ് എന്നാകുന്നു.” മുഹമ്മദിന്റെ മകൻ സൈദ്..!
നോക്കൂ. ! ഒരു മകനെക്കിട്ടാനുള്ള മോഹം. ഖദീജ (റ) പ്രസവിച്ച ആൺകുട്ടികൾ മരിച്ചുപോയപ്പോൾ ഒരു അടിമക്കുട്ടിയെ സ്വന്തം മകനായി വളർത്തുന്നു. ഒരു മകനു നൽകാവുന്ന സകല സ്നേഹവും സൈദിനു ലഭിച്ചു. ഒരു പിതാവായിട്ടുതന്നെയാണ് സൈദ് നബിﷺതങ്ങളെ കണ്ടത്.
സൈദിനെ ആളുകൾ "സൈദ്ബ്നു മുഹമ്മദ്" എന്നുവിളിച്ചു വന്നു. ഇസ്ലാമിലെ ദത്തവകാശ നിയമം വന്നപ്പോഴാണ് ഈ പേരു മാറിയത്.
ഖദീജയ്ക്കും സൈദിനോടു വലിയ വാത്സല്യമായിരുന്നു. ഉന്നത ഗോത്രത്തിലാണ് സൈദ് പിറന്നത്. ഒരു പോരാട്ടത്തിൽ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയി ഉക്കാളിലെ അടിമച്ചന്തയിൽ വിറ്റുകളഞ്ഞു. നാനൂറ് ദിർഹം കൊടുത്തു ഖദീജ (റ) ആണു കുട്ടിയെ വാങ്ങിയത്...
കുറേ കാലത്തിനു ശേഷം സ്വന്തം ഗോത്രക്കാർ അന്വേഷിച്ചുവന്നു. അൽഅമീന്റെ കൂടെയാണെന്നറിഞ്ഞു ബന്ധുക്കൾ മക്കയിൽ എത്തിയതാണ്.
“ഇതെന്റെ മകനാണ്. വർഷങ്ങൾക്കു മുമ്പു ശത്രുക്കൾ പിടിച്ചുകൊണ്ടുപോയതായിരുന്നു. ഇവനെ എനിക്കു വിട്ടുതരണം.” സൈദിന്റെ പിതാവു കണ്ണീരോടെ പറഞ്ഞു.
“ഞാൻ സൈദിനോടു പോകണമെന്നോ പോകരുതെന്നോ പറയില്ല. അവന്റെ ഇഷ്ടംപോലെ ചെയ്യാം. നിങ്ങളുടെ കൂടെ വരുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ തടയില്ല. ഇവിടെ നിൽക്കുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കില്ല.” അൽഅമീൻ തന്റെ നിലപാടു വ്യക്തമാക്കി...
ബാപ്പ മകനെ സമീപിച്ചു. എന്നിട്ടു സ്നേഹപൂർവം പറഞ്ഞു: “പൊന്നുമോനേ, നീ എന്റെ കൂടെ വരൂ..! നിന്റെ ഉമ്മയും നമ്മുടെ ബന്ധുക്കളുമൊക്കെ നിന്നെക്കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. ബാപ്പയുടെ കൂടെ പോകുന്നതാണ് ഇഷ്ടമെന്ന്
അദ്ദേഹത്തോട് പറയൂ മോനേ...”
“ബാപ്പാ.. ഈ മനുഷ്യനോളം സ്നേഹമുള്ള ഒരാളും ഈ ദുനിയാവിലില്ല. ഈ മനുഷ്യനെ വിട്ടു പോരാൻ എനിക്കാവില്ല ബാപ്പാ...” സൈദ് കരഞ്ഞുകൊണ്ടു പറഞ്ഞു.
“നിനക്കെന്തു പറ്റിപ്പോയി കുട്ടീ... നമ്മുടെ വീട്ടിലെ ജീവിതത്തെക്കാൾ ഇവിടത്തെ അടിമത്തമാണോ നിനക്കിഷ്ടം..?”
“ബാപ്പയും മറ്റെല്ലാവർക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് എന്നെ കാണാമല്ലോ? ഇവിടം വിട്ടുവരാൻ എന്നെക്കൊണ്ടാവില്ല.”
ആ പിതാവ് അൽഅമീനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മോൻ താങ്കളെ എന്തുമാത്രം സ്നേഹിക്കുന്നു എന്നോർത്തു ഞാൻ അതിശയപ്പെടുന്നു. ഞാനവനെ ഇവിടെ നിറുത്തിയിട്ടു പോകുകയാണ്. ഇടക്കിടെ ഞാനിവിടെ വന്ന് അവനെ കണ്ടുകൊള്ളാം." അതും പറഞ്ഞു പിതാവു മടങ്ങിപ്പോയി...
തുടരും ...
Comments
Post a Comment