നിസ്‌കാരം 25, 26, 27



            നിസ്‌കാരം- 📩25

📨 സൂറത്ത്..

       എല്ലാ നിസ്കാരത്തിലെയും ആദ്യത്തെ രണ്ട് റകഅത്തുകളില്‍ ഫാത്തിഹ ഓതിയതിനു ശേഷം ഏതെങ്കിലും ഒരു സൂറത്ത് ഓതല്‍ സുന്നത്താണ്.

       മഗ്രിബ് നിസ്കാരത്തില്‍ ഏറ്റവും ചെറിയ സൂറത്തുകളും ളുഹറിലും അസറിലും അല്‍പം വലിയ സൂറത്തുകളും ഓതല്‍ പ്രത്യേകം സുന്നത്താണ്. വെള്ളിയാഴ്ച സുബഹി നിസ്കാരത്തില്‍ അലിഫ്ലാം മീം തന്‍സീലുല്‍ കിതാബ്, ഹല്‍ അത്താ അലല്‍ ഇന്‍സാനി എന്നീ സൂറത്തുകളും വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും സൂറത്തുല്‍ ജുമുഅ, സൂറത്തുല്‍ മുനാഫിഖൂന്‍ എന്നിവയും അല്ലെങ്കില്‍ സബ്ബിഹിസ്മ, ഹല്‍ അത്താക്ക എന്നീ സൂറത്തുകളും ഓതേണ്ടതാണ്. വെള്ളിയാഴ്ച മഗ്രിബ് നിസ്കാരത്തിലും മഗ്രിബ് ഇശാ എന്നിവയുടെ സുന്നത്തു നിസ്കാരങ്ങളിലും സൂറത്തുല്‍ കാഫിറൂന്‍, സൂറത്തുല്‍ ഇഖ്ലാസ് എന്നീ സൂറത്തുകള്‍ ഓതല്‍ സവിശേഷപ്രാധാന്യമുള്ള സുന്നത്താണ്.

       *ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കുന്നവര്‍ ഫാത്തിഹ ഓതിയതിനു ശേഷം സൂറത്ത് ഓതേണ്ടതില്ല. ഇമാം സൂറത്ത് ഓതുന്നത് ശ്രദ്ധിച്ചുകേള്‍ക്കുകയാണവര്‍ വേണ്ടത്.* എന്തെങ്കിലും കാരണത്താല്‍ ഇമാമിന്‍റെ ഓത്ത് കേള്‍ക്കാത്ത മഅമൂമിനെ സംബന്ധിച്ചിടത്തോളം ഫത്തിഹക്ക് ശേഷം സൂറത്ത് ഓതുന്നതാണ് നല്ലത്.

📨റുകൂഅ്..

        ഫത്തിഹയും സൂറത്തും ഓതിക്കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ട് റുകൂഇലേക്ക് പോകണം.
                  കൈകള്‍ മേലോട്ട് ഉയര്‍ത്തി ഉടന്‍ താഴ്ത്തുകയും ചെയ്യുക. കുനിഞ്ഞു നില്‍ക്കുമ്പോള്‍ മുതുകും പിരടിയും ഒരേ നിരപ്പില്‍ ആയിരിക്കണം. കൈപ്പത്തികള്‍ കാല്‍മുട്ടുകളില്‍ വെക്കുക. ഒരു നിമിഷത്തേക്ക് എല്ലാ ചലനങ്ങളും നിര്‍ത്തുക ഇതാണ് റുകൂഅ. അല്ലാഹുവിന്‍റെ മുന്‍പില്‍ വിനയവും വിധേയത്വവും കാണിക്കുന്നതിന്‍റെ ഒരു രൂപമാണത്. റുകൂഇല്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം ചൊല്ലുക.

      سُبْحٰانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ

    (അര്‍ത്ഥം: മഹാനായ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. കൂടാതെ റുകൂഇല്‍ ഈ പ്രാര്‍ഥനയും ചോല്ലാവുന്നതാണ്.)

📨ഇഹ്തിദാല്‍..

        റുകൂഇല്‍ നിന്ന് നേരെ എഴുന്നേറ്റ് നിവര്‍ന്നു നില്‍ക്കണം. ഇതാണ് ഇഅത്തിദാല്‍ എന്ന് പറയുന്നത്.

      റുകൂഇല്‍ നിന്ന്‍ ഉയരുമ്പോള്‍ ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി *سمع الله لمن حمده*
(അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതിയെ അവൻ സ്വീകരിക്കട്ടെ )
എന്ന് പറയുകയും പിന്നീട് കൈകള്‍ താഴ്ത്തിയിട്ട് നേരെ നില്‍ക്കുകയും വേണം.

       റുകൂഇല്‍ നിന്ന് ഉയരുന്നതും
‘سمع الله لمن حمده’ പറഞ്ഞുതുടങ്ങുന്നതും കൈ ഉയര്‍ത്താന്‍ ആരംഭിക്കുന്നതും ഒന്നിച്ചായിരിക്കണം.മൂന്നും ഒന്നിച് അവസാനിക്കുകയും വേണം.
റുകൂഇലെന്നപോലെ ഇഅത്തിദാലിലും അല്‍പനേരം ശാന്തനായി നില്‍ക്കണം.

ഇഅത്തിദാലില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക.

*رَبَّنٰا لَكَ الْحَمْدُ مِلْءَ السَّمٰاوٰاتِ وَمِلْءَ الْأَرْضِ وَمِلْءَ مٰا شِئْتَ مِنْ شَيْءٍ بَعْدُ*
    (അര്‍ത്ഥം: ഞങ്ങളുടെ നാഥാ ആകാശങ്ങളും ഭൂമിയും നീ ഉദ്ദേശിച്ച മറ്റു വസ്തുക്കളും നിറയെ നിനക്ക് സ്തുതി)



            നിസ്‌കാരം- 📩26


📨 സുജൂദ്..


          ഇഅത്തിദാലില്‍ നിന്ന് നേരേ സുജൂദിലേക്ക് പോകണം. സുജൂദിലേക്ക് പോകുമ്പോഴും സുജൂദില്‍ നിന്ന്‍ ഉയരമ്പോഴും 'അല്ലാഹു അക്ബര്‍'എന്ന് പറയണം. *സുജൂദിലേക്ക് പോകുമ്പോള്‍ ആദ്യമായി കാല്‍ മുട്ടുകളാണ് നിലത്തു വെക്കേണ്ടത്. കാല്‍മുട്ടുകള്‍, കൈവെള്ളകള്‍ ,നെറ്റി, മൂക്ക്, കാല്‍വിരലുകളുടെ ഉള്‍ഭാഗങ്ങള്‍ ഇവയെല്ലാം നിലത്തുവെക്കണം.*

      സുജൂദിലേക്ക് പോകുമ്പോള്‍ കൈ ഉയര്‍ത്തരുത്. എന്നാല്‍ തക്ബീര്‍ ചൊല്ലണം. സുജൂദിലേക്ക് കുനിയാന്‍ പോകുന്നതിനോട് കൂടെ തക്ബീര്‍ ആരംഭിക്കുകയും സുജൂദില്‍ എത്തുന്നതുവരെ തക്ബീര്‍ നീണ്ടു നില്‍ക്കുകയും വേണം.
അരക്കെട്ടും സമീപ ഭാഗങ്ങളും തലയേക്കാളും ചുമലിനേക്കാളും ഉയര്‍ന്നു നില്‍ക്കും വിധമായിരിക്കണം സുജൂദ്. മാത്രമല്ല, നെറ്റിയില്‍ മറയൊന്നും ഉണ്ടായിരിക്കകയും ചെയ്യരുത്. അതുകൊണ്ട് നെറ്റിയിലുള്ള ബാന്റേജ് നീക്കം ചെയ്യണം. എന്നാല്‍ രോഗികള്‍ക്ക് മുകളില്‍ പറഞ്ഞ അവസ്ഥകളില്‍ സുജൂദ് ചെയ്യുക അസാധ്യമാണെങ്കില്‍ പരമാവധി കഴിയുന്ന രൂപങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തലയുടെ ഭാരം സുജൂദിന്റ സ്ഥാനത്ത് അനുഭവപ്പെടും വിധമായിരിക്കണം സുജൂദ് ചെയ്യേണ്ടത്. നെറ്റി സുജൂദിന്റെ സ്ഥാനത്ത് സ്പര്‍ശിച്ചാല്‍ മാത്രം പോര.
ഇരുവശങ്ങളെത്തൊട്ട് കൈകള്‍ അല്‍പം അകറ്റുകയും തുടയില്‍ നിന്നും വയര്‍ നില്‍ക്കുന്ന രീതിയില്‍ അല്‍പം മുന്നോട്ടുവലിഞ്ഞുമാണ് പുരുഷന്‍ സുജൂദ് ചെയ്യേണ്ടത്. സ്ത്രീകള്‍ രണ്ട് കൈകളും വശങ്ങളോട് ചേര്‍ത്തുവെക്കുകയും വയര്‍ തുടയിലേക്ക് അടുത്തിരിക്കുന്ന രീതിയിലാണ് സുജൂദ് ചെയ്യുക.

*സജൂദില്‍ ശ്രദ്ധിക്കേണ്ടവ..*

        തൊപ്പി, ടവ്വല്‍, മക്കന എന്നിവ ധരിക്കുമ്പോള്‍ നെറ്റി മറയാതിരിക്കാന്‍ ശ്രദ്ധിക്കണം. *നെറ്റി മറയുകയും മറഞ്ഞ നെറ്റി നിലത്തുവെച്ച് സുജൂദ് ചെയ്യുകയും ചെയ്താല്‍ സുജൂദ് അസാധുവാകും. തത്ഫലമായി നിസ്‌കാരവും അസാധുവാണ്.* കാല്‍വിലരുകള്‍ മുന്നോട്ടുമടക്കി വിരലിന്റെ പള്ള നിലത്തുറപ്പിക്കാന്‍ ശ്രദ്ധിക്കണം. *വിരലുകള്‍ പിന്നോട്ട് മടക്കി െവക്കുന്നതും മുന്നോട്ട് മടക്കാതെ കുത്തിവെക്കുന്നതും സുജൂദിനെയും നിസ്‌കാരത്തെയും അസാധുവാക്കും.* കാല്‍മുട്ടുകള്‍ കാല്‍ പാദങ്ങള്‍ കൈകള്‍ കൈവിരലുകള്‍ എന്നിവ നിലത്തുവെക്കുന്നതിലെ ക്രമവും ശ്രദ്ധിച്ച് ശീലിച്ച് പ്രാവര്‍ത്തികമാക്കുക. അവ ഓരോന്നും സുന്നത്തായതിനാല്‍ അലസത കാരണം നിരവധി പ്രതിഫലങ്ങള്‍ നഷ്ടപ്പെടും.

   സുജൂദില്‍ ഈ ദിക്ര്‍ മൂന്നു പ്രാവശ്യം പറയുക.

     *سُبْحٰان رَبِّيَ الْأعْلَى وَبِحَمْدِهِ*
   (പരമോന്നതനായ എന്‍റെ നാഥനെ സ്തുതിക്കുകയും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു എന്നാണിതിന്‍റെ അര്‍ത്ഥം)

     ഓരോ റകഅത്തിലും രണ്ട് സുജൂദുകള്‍ വീതമാണുള്ളത്. രണ്ട് സുജൂദുകള്‍ക്കിടയില്‍ ഒരു ഇരുത്തമുണ്ട്.


            നിസ്‌കാരം- 📩27


📨സുജൂദുകള്‍ക്കിടയിലെ ഇരുത്തം..*

         ഒരു സുജൂദ് പൂര്‍ത്തിയായാല്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലിക്കൊണ്ട് തലയുയര്‍ത്തി നിവര്‍ന്നിരിക്കുക.

       ഇടതുകാലിന്‍റെ പാദം പരത്തി അതിന്മേല്‍ ഇരിക്കുകയും വലതു പാദം കുത്തിവെക്കുകയും വേണം. കൈവിരലുകള്‍ പരത്തി കൈപ്പത്തികള്‍ തുടയുടെ മേല്‍ വെക്കണം. ഈ തരത്തിലുള്ള ഇരുത്തത്തിനു ഇഫ്‌തിറാശ് എന്നാണ് പറയുക. ഇവിടെയും വലതു കൈവിരലുകള്‍ പിടിക്കണ്ട രൂപം മുമ്പ് വിവരിച്ചിട്ടുണ്ട്. അപ്രകാരം തന്നെ വെക്കണം. രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തം അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. പ്രിഷ്ടഭാഗം മടമ്പില്‍ വെച്ച് കാല്‍മുട്ടുകളെ നിലത്ത് കുത്തിക്കൊണ്ട് ഇരിക്കുന്നതിനും വിരോധമില്ല. എങ്കിലും ഏറ്റവും നല്ലത് ഇഫ്തിറാശിന്‍റെ ഇരുത്തം തന്നെ.

     രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍ ഈ ദിക്ര്‍ ചൊല്ലുക.

*رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي*

    *(അര്‍ത്ഥം: എന്‍റെ നാഥാ, എന്‍റെ പാപങ്ങള്‍ പൊറുക്കുകയും എന്നെ അനുഗ്രഹിക്കുകയും എന്‍റെ ന്യൂനതകള്‍ പരിഹരിക്കുകയും എന്നെ ഉന്നതിയിലേക്കുയര്‍ത്തുകയും എനിക്ക് ആഹാരവും സന്മാര്‍ഗ ദര്‍ശനവും ആരോഗ്യവും നല്‍കുകയും ചെയ്യേണമേ!)*

*📨അടക്കം ഉണ്ടാവുക..*

        റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം എന്നിവയിലെല്ലാം അടക്കം ഉണ്ടാകണം. ഏതുഫര്‍ളില്‍ നിന്ന് ഏതുഫര്‍ളിലേക്ക് പോകുന്നുവോ അവതമ്മില്‍ വേര്‍തിരിയും വിധം അവയവങ്ങള്‍ക്ക് അടക്കം ഉണ്ടായിരിക്കുക എന്നതാണ് മാനദന്ധം.

       എന്നാല്‍ മുകളില്‍ പറഞ്ഞ 4 സ്ഥലങ്ങളില്‍ ദൃതി കാണിക്കുകയാണെങ്കില്‍ അനക്കം അടങ്ങുകയില്ല. ഇതു നിസ്‌കാരം അസാധുവാകാന്‍ കാരണമാവുകയും ചെയ്യും. ആയതിനാല്‍ എത്ര ജോലിത്തിരക്കുള്ള സമയമാണെങ്കിലും നിസ്‌കാരം സാവധാനം തന്നെ നിര്‍വഹിക്കണം. അല്ലാത്ത പക്ഷം നിസ്‌കരിച്ചവനും നിസ്‌കാരിക്കാത്തവനും തമ്മിലെന്ത് വ്യത്യാസം.

രണ്ടാം സുജൂദ്..
       ഒന്നാം സുജൂദില്‍ ശ്രദ്ധിക്കേണ്ട് മുഴുവന്‍ കാര്യങ്ങളെല്ലാം രണ്ടാം സുജൂദിലും ആവര്‍ത്തിക്കുക. ദിക്‌റുകളും യഥാവിധി തന്നെ.

          രണ്ടാം റക്അത്തില്‍ രണ്ട് സുജൂദിന് ശേഷം രണ്ടാം റക്അത്തിലേക്ക് എഴുന്നേല്‍ക്കുന്ന മധ്യേ സുജൂദിന്റെ ഇടയിലുള്ളതുപോലെ ഒന്ന് ഇരുന്നിട്ടുവേണം എഴുന്നേല്‍ക്കാന്‍. ഇതിന് ഇസ്തിറാഹത്തിന്റെ ഇരുത്തം എന്ന് പറയുന്നു. തുടര്‍ന്ന് ഉളളംകൈ നിലത്തൂന്നി എഴുന്നേല്‍ക്കുക. സുജൂദില്‍ നിന്ന് ഉയരാന്‍ ആരംഭിക്കുമ്പോള്‍ തന്നെ തക്ബീറും ആരംഭിക്കുകയും നട്ടെല്ല് നേരെയാക്കി നിവര്‍ന്നു നില്‍ക്കുന്നതുവരെ തക്ബീര്‍ നീണ്ടുനില്‍ക്കുകയും വേണം. നേരെ നിന്ന ശേഷം മുമ്പ് പറഞ്ഞതുപ്രകാരം കൈ നെഞ്ചിനുതാഴെ കെട്ടുകയും വേണം. ഇപ്പോള്‍ ഒരു റക്അത്ത് പൂര്‍ത്തിയായി.



        📮തുടരും