അഹ്മദുൽ കബീർ രിഫാഈ (റ) 24, 25

💧Part : 24💧

   ശൈഖ് (റ) തങ്ങളുടെ സഹോദരീ പുത്രൻ അബ്ദുൽ ഹസൻ സയ്യിദ് അലിയിൽ നിന്ന് നിവേദനം : അദ്ദേഹം പറയുന്നു. ഞാൻ അമ്മാവന്റെ റൂമിനു പുറത്ത് വാതിലിനടുത്തായി ഇരിക്കുകയായിരുന്നു. റൂമിൽ ശൈഖ് (റ) മാത്രമാണുള്ളത്. അങ്ങനെയിരിക്കെ റൂമിനുള്ളിൽ നിന്ന് ഞാൻ ഒരു ശബ്ദം കേട്ടു.നോക്കുമ്പോൾ എനിക്ക് മുൻപരിചയമില്ലാത്ത ഒരാൾ. അവർ  രണ്ടുപേരും ദീർഘനേരം സംസാരിച്ചു കൊണ്ടിരുന്നു. വളരെ വൈകാതെ അദ്ദേഹം ശൈഖ് (റ) വിന്റെ റൂമിൽ നിന്ന് അപ്രത്യക്ഷനാവുകയും ചെയ്തു. ഇതു കണ്ട ഞാൻ അമ്മാവന്റെ മുറിയിലെത്തി...

 മഹാനവർകളോട് ആരായിരുന്നു അയാൾ എന്നു ചോദിച്ചു. നീ അദ്ദേഹത്തെ കണ്ടോ..? ശൈഖ് തങ്ങൾ എന്നോടാരാഞ്ഞു. ഞാൻ കണ്ടെന്ന് പറഞ്ഞു. ശൈഖ് തങ്ങൾ പറഞ്ഞു : വലിയ മഹാനാണദ്ദേഹം. അദ്ദേഹത്തെ കൊണ്ടാണ് അല്ലാഹു ﷻ ബഹ്റുൽ മുഹീത്വ് മേഖല കാക്കുന്നത്. പ്രത്യേക മഹത്വങ്ങളുള്ള നാലു മഹാന്മാരിൽ ഒരാളാണദ്ദേഹം. പക്ഷെ മൂന്ന് ദിവസങ്ങളായി അല്ലാഹുﷻവും അദ്ദേഹവുമായുള്ള ബന്ധം കുറഞ്ഞിരിക്കുകയാണ്. അക്കാര്യം അദ്ദേഹം അറിയില്ല...

 ശൈഖവർകളേ എന്താണ് അല്ലാഹു ﷻ അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചത്..! ഞാൻ ചോദിച്ചു. മഹാനവർകൾ വിശദീകരിച്ചു തുടങ്ങി : അദ്ദേഹം ബഹ്റുൽ മുഹീത്വിലെ ഒരു ദ്വീപിൽ താമസിക്കുന്നു. മൂന്ന് ദിവസങ്ങളായി അവിടെ ശക്തമായ മഴ വർഷിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മഴ കാരണം ദ്വീപിലെ പ്രദേശങ്ങളെല്ലാം വെള്ളം നിറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഈ മഴ വൻകരയിലായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. തനിക്ക് തോന്നിയത് അനുചിതമായെന്ന് പിന്നീട് മനസ്സിലാക്കിയ അദ്ദേഹം അപ്പോൾ തന്നെ ഇസ്തിഗ്ഫാർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതാണ് അല്ലാഹുﷻവിനും അദ്ദേഹത്തിനുമിടയിലുള്ള ബന്ധത്തെ ബാധിച്ചത്...

 ഞാൻ ചോദിച്ചു : താങ്കൾ അദ്ദേഹത്തെ വിവരം അറിയിച്ചില്ലേ..? ഇല്ല, എനിക്കതിന് ലജ്ജ തോന്നി. അങ്ങ് എനിക്ക് സമ്മതം തരികയാണെങ്കിൽ ഞാൻ അറിയിച്ചുകൊള്ളാം. നീ അറിയിക്കുമോ ശൈഖ് തങ്ങൾ ചോദിച്ചു..!
അതെ... ഞാൻ പറഞ്ഞു. എങ്കിൽ നീ തല താഴ്ത്തിയിരിക്ക്. ഞാൻ തല താഴ്ത്തിയിരുന്നു. പിന്നീട് ഞാനൊരു ശബ്ദം കേട്ടു. അലീ, നീ തല ഉയർത്തിക്കൊൾക..  ഞാൻ തല ഉയർത്തി നോക്കി. അപ്പോൾ ഞാൻ ബഹ്റുൽ മുഹീത്വിലെ ദ്വീപിൽ എത്തിയിരുന്നു. എനിക്ക് പരിഭ്രമം തോന്നി. ഞാൻ ആ ദ്വീപിൽ നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ മഹാനവർകളെ കണ്ടു മുട്ടി...

 മഹാനവർകളോട് സലാം ചൊല്ലി. ശൈഖ് രിഫാഈ (റ) പറഞ്ഞ കാര്യങ്ങൾ മഹാനവർകളെ തെര്യപ്പെടുത്തി. അതു മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ മഹാനവർകൾ എന്നോട് പറഞ്ഞു : ഞാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും പ്രവർത്തിക്കണം.
ഞാൻ സമ്മതിച്ചു. മഹാനവർകൾ പറഞ്ഞു : ഇതാ ഈ തുണി എന്റെ പിരടിയിൽ പിടിക്കുക. എന്നിട്ട് നിങ്ങൾ എന്നെ വലിക്കണം. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണിത്. എന്ന് നിങ്ങൾ വിളിച്ചു പറയുകയും ചെയ്യണം..!!

 ഞാൻ മഹാനവർകൾ നിർദ്ദേശിച്ചത് പോലെ ചെയ്യാൻ തുടങ്ങി. അപ്പോൾ ഒരു അശരീരി കേട്ടു : ഓ അലി, അദ്ദേഹത്തെ വലിക്കരുത്. ആകാശത്തെ മലക്കുകൾ മുഴുവൻ അദ്ദേഹത്തിന് വേണ്ടി മാപ്പ് ചോദിക്കുകയാണ്‌. "ഞാൻ ഇത്രയും കേട്ടു. പിന്നെ എന്റെ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ശൈഖ് (റ) വിന്റെ റൂമിൽ..!! ഞാൻ എങ്ങനെ പോയെന്നോ, എങ്ങനെ തിരിച്ചു വന്നു എന്നോ എനിക്കറിയില്ല...
  [ഖിലാദത്ത് : 69]
----------------------------------------------------------------------------------
💧Part : 25💧

   ശൈഖ് രിഫാഈ (റ) വിന്റെ മഹത്വം ശരിയാംവണ്ണം മനസ്സിലാക്കുന്നതിന് മുമ്പ് ശൈഖ് തങ്ങളെ അപവദിക്കാനും പരീക്ഷിക്കാനും ചിലയാളുകൾ ശ്രമിച്ചിരുന്നു...

 ബഗ്ദാദിലെ ചില വ്യക്തികൾ ചേർന്ന് ഭരണാധികാരിയെ സ്വാധീനിച്ച് ശൈഖ് തങ്ങളെ പരീക്ഷിക്കാനൊരുങ്ങി. അവർ ഒരാളെ കാര്യങ്ങൾ ധരിപ്പിച്ച് ശൈഖ് (റ) വിന്റെ സദസ്സിലേക്ക് പറഞ്ഞയച്ചു. അയാൾ വശം മദ്യം നിറച്ച പാത്രങ്ങൾ നൽകി അവ ശൈഖ് തങ്ങൾക്ക് കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു. അയാൾ പറഞ്ഞപടി അനുസരിച്ച് ഉമ്മു അബീദയിലേക്ക് പുറപ്പെട്ടു. അയാളുടെ വലത് കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല...

 തന്റെ ലക്ഷ്യം തേടി അയാൾ ശൈഖ് (റ) വിന്റെ മജ്ലിസിലെത്തി. എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുമ്പേ ശൈഖ് തങ്ങൾ അദ്ദേഹത്തോട് ചോദിച്ചു...
ബഗ്ദാദിൽ നിന്നല്ലേ..?
അതേ, അയാൾ പ്രതിവചിച്ചു...
ബഗ്ദാദിൽ ചിലയാളുകൾ എനിക്കെതിരിൽ അപവാദപ്രചരണം നടത്തുന്നുണ്ടല്ലോ.. എന്തിനാണവർ താങ്കളെ ഇങ്ങോട്ട് പറഞ്ഞയച്ചത്.. അവർ എനിക്ക് തന്നയച്ച ഹദ് യ എവിടെ..?
ശൈഖ് തങ്ങളുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ തന്നെ അയാളുടെ പകുതി ജീവൻ പോയി. അയാൾ തന്റെ കൈയ്യിലുണ്ടായിരുന്ന രണ്ടു പാത്രങ്ങളും ഭയാശങ്കയോടെ ശൈഖവർകൾക്കു മുന്നിൽ വെച്ചു. ശൈഖ് (റ) തന്റെ തൃക്കരങ്ങൾ കൊണ്ട് ആ പാത്രങ്ങൾ തുറന്നു. അതിൽ നിന്ന് അൽപം പാനീയം കോരിയെടുത്ത ശേഷം ആഗതനോട് കുടിക്കാൻ ആവശ്യപ്പെട്ടു. പാത്രത്തിൽ എന്താണുള്ളതെന്ന് അയാൾക്കറിയാം. അയാൾ കുടിക്കാൻ വിസമ്മതിച്ചു...

 ശൈഖ് (റ) വിട്ടില്ല. കൊണ്ടു വന്ന സാധനത്തിൽ നിന്ന് ആഗതൻ അൽപം പാനം ചെയ്തേ തീരൂ എന്ന് ശൈഖ് തങ്ങൾ നിർബന്ധം പിടിച്ചു. ഗത്യന്തരമില്ലാതെ അയാൾ പാനപാത്രം വാങ്ങി കുടിച്ചു...

 അയാൾ അത്ഭുതപ്പെട്ടു പോയി. താൻ കൊണ്ടു വന്ന മദ്യം മധുരമുള്ള നറുതേനായി മാറിയിരിക്കുന്നു. ശൈഖ് തങ്ങൾ സദസ്യരെക്കൊണ്ടെല്ലാം അയാൾ കൊണ്ടു വന്ന പാനീയം കുടിപ്പിച്ചു. എന്നിട്ട് പറഞ്ഞു : ഈ പാത്രത്തിൽ മദ്യമായിരുന്നുവെങ്കിൽ അതു കുടിക്കാൻ ഞാനൊരിക്കലും കൽപ്പിക്കുമായിരുന്നില്ല. അല്ലാഹു ﷻ വെറുക്കുന്നത് ഈ സദസ്സിലേക്ക് കൊണ്ടുവരുന്നത് അവൻ മുടക്കുക തന്നെ ചെയ്യും. സദസ്യരായ ആളുകളെല്ലാം അവർ തന്നയച്ച പാനീയം മതിവരുവോളം കുടിക്കുന്നത് കണ്ട ബഗ്ദാദിൽ നിന്നു വന്ന ആ മനുഷ്യന് അതിയായ ലജ്ജ തോന്നി. അയാൾ ശൈഖ് (റ) വിന്റെ കാൽപ്പാദങ്ങൾ ചുംബിച്ച് മാപ്പു തേടി. രിഫാഈ ത്വരീഖത്തിൽ പ്രവേശനമഭ്യർത്ഥിച്ചു...

 ശൈഖ് തങ്ങൾ അയാളെ ശിഷ്യനായി സ്വീകരിച്ചു... ശൈഖ് (റ) അയാളുടെ അന്ധത ബാധിച്ച കണ്ണിനെ പതുക്കെ തടവി. അതോടെ ആ കണ്ണുകളുടെ അന്ധത നീങ്ങിക്കിട്ടി... അയാൾക്ക് ശൈഖ് (റ) വിന്റെ പ്രഭാവവും മഹത്വവും മനസ്സിലാക്കാൻ ഈ സംഭവം ഉപകരിച്ചു. തുടർന്ന് ശേഷകാലം മജ്ലിസിലെ സേവകനായി കഴിഞ്ഞു കൂടാൻ അയാൾ തീരുമാനമെടുത്തു.

 ശൈഖ് രിഫാഈ (റ) വിന്റെ പ്രമുഖ ശിഷ്യനായ ശൈഖ് ഉമറുൽ ഫാറൂസിയുടെ മകനായിരുന്നു ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീം. ശൈഖ് തങ്ങളുടെ ജീവിത കാലത്ത് മുഹ്യിദ്ദീൻ ചെറിയ ബാലനാണ്. പിതാവായ ശൈഖ് ഫാറൂസി ശൈഖ് തങ്ങളുടെ ദുആക്കും ബറകത്തിനും വേണ്ടി ഒരു നാൾ മകനെ മജ്ലിസിൽ കൊണ്ടു വന്നു. അപ്പോൾ ശൈഖ് മുഹ്യിദ്ദീന്റെ മുഖത്ത് നോക്കി ശൈഖ് (റ) ഇപ്രകാരം പ്രവചിച്ചു : ഓ ഇബ്റാഹീം, നിന്റെ നേതൃത്വത്തിൽ ജ്ഞാന സദസ്സുകൾ സംഘടിപ്പിക്കപ്പെടും. നിനക്കെതിരെ ഒരു ശത്രുവിന്റെ കരവും ഉയരില്ല.  തിർയാഖുൽ മുഹിബ്ബീൻ എന്ന ഗ്രന്ഥത്തിൽ ശൈഖ് തഖിയുദ്ദീൻ ഇബ്നു അബ്ദിൽ മുൻഇം പറയുന്നു : പിൽക്കാലത്ത് ശൈഖ് മുഹ്യിദ്ദീൻ ഇബ്റാഹീമിന്റെ ജീവിതം മാതൃകാപരവും അനുകരണീയവുമായി മാറി. തന്റെ വ്യതിരിക്ത വ്യക്തി പ്രഭാവത്തിലൂടെ അദ്ദേഹം സാധാരണക്കാർക്കിടയിലും സർവ്വാംഗീകൃതനായി. ശൈഖ് രിഫാഈ (റ) വിന്റെ പ്രവചനം അതേപടി പുലർന്നു...
  [ഖിലാദത്ത് : 80]

തുടരും ... 

Comments