അഹ്മദുൽ കബീർ രിഫാഈ (റ) 18, 19

💧Part : 18💧

   ശൈഖ് യഅ്ഖൂബ് (റ) പറയുന്നു : ഞാൻ ഒരു ദിവസം ളുഹ്റ് ബാങ്ക് വിളിച്ചതിന് ശേഷം അതേ സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അപ്പോൾ ശൈഖ് (റ) എന്നെ വിളിച്ചു. ഞാൻ വിളി കേട്ടു. എന്നോട് ശൈഖ് (റ) താഴേക്ക് ഇറങ്ങി വരാൻ പറഞ്ഞു. ഞാൻ ഇറങ്ങി വന്നു ശൈഖ് (റ) വിന്റെ അരികിലെത്തി. അവിടുന്ന് അകത്തെ പള്ളിയിൽ മിഹ്റാബിനടുത്തായി ഇരിക്കുകയായിരുന്നു. മഹാനവർകളുടെ കയ്യിൽ കൊതുകിനേക്കാൾ ചെറിയ ഒരു ജീവിയുണ്ട്. തീരെ ചെറുതായതിനാൽ അതിന്റെ അവയവങ്ങളൊന്നും വേർതിരിഞ്ഞ് മനസ്സിലാകുമായിരുന്നില്ല...

 ശൈഖ് (റ) എന്നോട് പറഞ്ഞു : യഅ്ഖൂബ്, ഇതിനെ നോക്കൂ..! ഞാൻ ആ ജീവിയെ സൂക്ഷ്മമായി നോക്കി. എനിക്ക് വല്ലാത്ത അത്ഭുതം തോന്നി. അതിന്റെ രൂപഘടന എന്റെ ജിജ്ഞാസ വർദ്ധിപ്പിച്ചു. ഞാൻ ശൈഖ് (റ) വിനോട് ചോദിച്ചു : ശൈഖവർകളെ, ഈ ചെറിയ ജീവിയെ സൃഷ്ടിക്കുന്നത് കൊണ്ടുള്ള അല്ലാഹുﷻവിന്റെ ഉദ്ദേശ്യം എന്താണ്..? ഇത് കൊണ്ട് എന്താണ് ഉപകാരം..?

 അല്ലാഹുﷻവിന്റെ സൃഷ്ടികർമ്മത്തെ ചോദ്യം ചെയ്തത് ശൈഖ് (റ) വിന് ഇഷ്ടമായില്ല. യഅ്ഖൂബ്, അല്ലാഹുﷻവിനോട് മാപ്പപേക്ഷിക്കുക. ഇസ്തിഗ്ഫാർ ചെയ്യുക. ശൈഖ് (റ) കൽപ്പിച്ചു. പിന്നീട് അതിന്റെ സൃഷ്ടിക്ക് പിന്നിലെ രഹസ്യങ്ങൾ ശൈഖ് (റ) ശൈഖ് യഅ്ഖൂബ് (റ) വിന് വിവരിച്ചു കൊടുത്തു...
  [ഖിലാദത്ത്]

 മദീനത്തുൽ ഇൽമി വൽ ഉലമാ (വിജ്ഞാനത്തിന്റെയും ജ്ഞാനികളുടെയും നഗരം) എന്നറിയപ്പെടുന്ന വാസിത്വിൽ നിന്ന് ഉമ്മു അബീദയിലേക്ക് ദർസ് മാറിയിട്ടും, രിഫാഈ ശൈഖ് (റ) വിന്റെ വിശ്രൂതതക്ക് യാതൊരു കുറവും വന്നിരുന്നില്ല. വാസിത്വിൽ എന്ന പോലെ ഉമ്മു അബീദയിലും മഹാനവർകളുടെ ദർസ് ശ്രവിക്കാനും കാര്യങ്ങൾ പഠിക്കാനുമായി അനേകം പൊതു ജനങ്ങൾ വരുമായിരുന്നു...

 വിവിധ ദിക്കുകളിൽ നിന്ന് വലിയ പണ്ഡിതന്മാരും മശാഇഖുമാരും വരെ അവിടുത്തെ സദസ്സിൽ ജ്ഞാന വൈപുല്യാർത്ഥം എത്തിച്ചേരുമായിരുന്നുവെന്ന് സയ്യിദ് ഫഖീറുല്ലാഹ് ശാഹ് രിഫാഈ, സയ്യിദ് ഇസ്സുദ്ദീൻ അഹ്മദ് (റ) എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വിജ്ഞാന വൈപുല്യം കാരണമാണ് ജനങ്ങൾ മഹാനവർകളെ കബീർ എന്നു ചേർത്ത് ശൈഖ് അഹ്മദുൽ കബീർ (റ) എന്നു വിളിച്ചാദരിക്കാൻ തുടങ്ങിയതെന്ന് ഇത്തരുണത്തിൽ സ്മരണീയമത്രെ...
  [റുമൂസുൽ ഫുഖറാഅ് : 52]

 ത്വരീഖത്തിൽ ചേരാനായി തന്റെ പർണശാലയിൽ എത്തുന്നവരോട് മഹാനവർകൾ പ്രഥമമായി ആവശ്യപ്പെട്ടിരുന്നത് ദീനീ വിജ്ഞാനം കരസ്ഥമാക്കാനായിരുന്നു. ആരാധനാ സംബന്ധിയായ ജ്ഞാനങ്ങളിൽ മഹാനവർകൾ പ്രത്യേക താൽപര്യമെടുത്തിരുന്നു. ശൈഖ് (റ) തന്റെ സമകാലികരായ ആത്മീയ നേതാക്കന്മാരോടും ഖലീഫമാരോടും പറഞ്ഞു : ആധ്യാത്മിക സരണി തേടിയെത്തുന്നവർക്ക് നിങ്ങൾ ആദ്യം മത വിശ്വാസ സംബന്ധിയായ വിജ്ഞാനം പഠിപ്പിക്കണം. വിശ്വാസം ആധ്യാത്മികതയിലേക്കുള്ള ഗോവണിയാണ്...
  [തദ്കിറ : 11]

 പതിനായിരക്കണിക്കിന് പേർക്ക് ശൈഖ്  (റ) വിന്റെ പർണശാലയിൽ ഭക്ഷണ-താമസ സൗകര്യങ്ങൾ ഒരുക്കിയിരുന്നത് അത്ഭുതകരമായിരുന്നു. ഉമ്മു അബീദയിൽ ഒരുക്കിയിരുന്ന സൗകര്യങ്ങളെ ശൈഖ് ജലാലുദ്ദീൻ സിബ്ത് ജൗസി (റ) വിനെ പോലുള്ളവർ ശൈഖ് രിഫാഈ (റ) വിന്റെ കറാമത്തുകളിലാണ് പെടുത്തിയിരിക്കുന്നത്.

 ശൈഖ് രിഫാഈ (റ) ഒരു അതുല്യ ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. സയ്യിദ് മഹ്മൂദ് സാംറാഈ (റ) രേഖപ്പെടുത്തുന്നു : ബൗദ്ധിക ബൗദ്ധികേതര വിജ്ഞാനങ്ങളിൽ തന്റെ കാലഘട്ടത്തിലെ ജ്യോതിസ്സായിരുന്ന ശൈഖ് (റ) രചനാ രംഗത്ത് തന്റെ വൈഭവം തെളിയിച്ചു. ഖുർആൻ വ്യാഖ്യാനം, ഹദീസ്, കർമ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മജ്ഞാനം, തത്വശാസ്ത്രം തുടങ്ങിയ എണ്ണമറ്റ വിജ്ഞാന ശാഖകളിൽ ശൈഖ് (റ) രചന നടത്തിയിട്ടുണ്ട്. അവ അവിടുത്തെ ശിഷ്യന്മാർ പഠിച്ചും പകർത്തിയും ഉപയോഗപ്പെടുത്തിയിരുന്നു...

 ശൈഖ് സാംറാ ഈ (റ) എഴുതുന്നു : ഈ ഗ്രന്ഥങ്ങളിൽ മിക്കതും താർത്താരികളുടെ ആക്രമണത്തിൽ നശിക്കുകയോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രന്ഥാലയങ്ങളിൽ സ്ഥാനം പിടിക്കുകയോ ചെയ്തിട്ടുണ്ട്...
  [തദ്കിറ ഹസ്റത്ത് രിഫാഈ : 11]

 ശൈഖ് ഫഖീറുല്ലാഹ് രിഫാഈ (റ) എഴുതുന്നു : തന്റെ രചനകളിലൂടെ അദ്ദേഹം സമുദായത്തിന് വളരെയധികം ഗുണം ചെയ്തു. നിരുപമനായ ജ്ഞാനപ്രചാരകനായിരുന്നു അദ്ദേഹം. ശൈഖ് (റ) വിന്റെ രചനകൾ ചെറുതും വലുതുമായി 662 ഓളം വരും. അവയിൽ കൂടുതലും ഇന്ന് ലഭ്യമല്ല...
  [തദ്കിറ : 13]

 രിഫാഈ ശൈഖ് (റ) വിന്റെ ഏതാനും ഗ്രന്ഥങ്ങളെ ഉമർ രിളാ മുഅ്ജമുൽ മുഅല്ലിഫീൻ വാ : 2/52 ലും അൽ ബുർഹാനുൽ മുഅയ്യിദിലും പരിചയപ്പെടുത്തിയിട്ടുണ്ട്...

💧Part : 19💧

   സയ്യിദ് മുസ്ത്വഫാ രിഫാഈ (റ) തന്റെ തദ്കിറയിൽ ശൈഖ് രിഫാഈ (റ) വിന്റെ രചനകൾ സംബന്ധിയായി നൽകിയ വിവരണം കാണുക...

*1 -* അൽ ബഹ്ജ: ശൈഖ് അബൂ ഇസ്ഹാഖുശ്ശീറാസി (റ) യുടെ കിതാബു തൻബീഹിന്റെ വ്യാഖ്യാന ഗ്രന്ഥമാണിത്. വിദ്യാർത്ഥിയായിരിക്കെ ശൈഖ് അലിയ്യുൽ വാസിത്വി (റ) വിൽ നിന്നാണ് ശൈഖ് തൻബീഹ് പഠിച്ചത്. ഈ ഗ്രന്ഥം ശൈഖ് (റ) മനഃപാഠമാക്കായിരുന്നെന്ന് ഇബ്നു കസീർ അൽ ബിദായത്തു വന്നിഹായയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആറ് വാള്യങ്ങളായിട്ടാണ് ശൈഖ് (റ) വ്യാഖ്യാനം പൂർത്തീകരിച്ചത്. സയ്യിദ് മുഹ്മൂദ് സാംറാഈ (റ) രേഖപ്പെടുത്തി : താർത്താരികളുടെ ബഗ്ദാദ് ആക്രമണത്തിൽ ഈ മഹത്തായ ഗ്രന്ഥം നഷ്ടമായി...
  [തദ്കിറ : 14]

*2 -* അന്നിളാമുൽ ഖാസ് ലി അഹ്ലിൽ ഇഖ്തിസാസ്, ആത്മജ്ഞാനം ചർച്ച ചെയ്യുന്ന പ്രൗഢമായ ഗ്രന്ഥം. ഒരു പ്രബോധകന്റെ ശൈലിയാണ് വിവരണം. ഹിജ്റ 1313 ൽ ഈജിപ്തിൽ നിന്ന് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പലപ്പോഴായി പലയിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ചു. ലഖ്നോ ദാറുൽ ഉലൂം നദ് വത്തുൽ ഉലമാ ലൈബ്രറിയിൽ ഇതിന്റെ ഒരു കോപ്പി ഉണ്ടത്രെ. ജനാബ് സയ്യിദ് മഹ്മൂദ് സാംറാഈ (റ) ഇതു പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.

*3 -* അത്ത്വാരിഖു ഇലല്ലാഹ്.

*4 -* അൽ അഖാഇദുർരിഫാഇയ്യ.

*5 -* തഫ്സീറു സൂറത്തിൽ ഖദ്ർ, ഈ മൂന്നു ഗ്രന്ഥങ്ങളും ആധ്യാത്മിക ജ്ഞാനം. വിശ്വാസം എന്നിവ ചർച്ച ചെയ്യുന്നു.

*6 -* അസ്സ്വിറാത്വുൽ മുസ്തഖീം ഫീ തഫ്സീരി ബിസ്മില്ലാഹി ർറഹ്മാനിർറഹീം.

*7 -* ഇൽമു തഫ്സീർ, ഖുർആൻ വ്യാഖ്യാനവും അതു സംബന്ധമായ ചർച്ചകളുമാണ് ഈ രണ്ടു ഗ്രന്ഥങ്ങളുടെയും ഉള്ളടക്കം.

*8 -* അർരിവായ, ഹബീബായ നബി ﷺ തങ്ങളുടെ ഹദീസുകളെ സംബന്ധിച്ചുള്ളതാണ് ഈ ഗ്രന്ഥം.

*9 -* അൽ ഹികമുർരിഫാഇയ്യ: ആധ്യാത്മിക ജ്ഞാനം തന്നെയാണ് ഈ ഗ്രന്ഥത്തിന്റെയും ചർച്ചാ വിഷയം. യുക്തിപൂർവകവും ഉപദേശപൂർണ്ണവുമായ ഗ്രന്ഥം. ശൈഖ് മുരീദുമാരുടെ മര്യാദകളും ചട്ടങ്ങളും പ്രതിപാദിക്കുന്നു. ശൈഖ് മഹ്മൂദ് സാംറാഈ (റ) ഇതിനു വ്യാഖ്യാനമെഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് വിവിധ ഭാഷകളിൽ പതിപ്പുകളിറങ്ങിയിട്ടുണ്ട്. ഉറുദു പരിഭാഷ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

*10 -* ഹാലത്തു അഹ്ലിൽ ഹഖീഖത്തി മഅല്ലാഹ്, ആത്മ ജ്ഞാന സംബന്ധിയായ മറ്റൊരു ഗ്രന്ഥം. തന്റെ ശൈഖുമാരിൽ നിന്നും ഉസ്താദുമാരിൽ നിന്നും കേട്ട ആധ്യാത്മിക വിഷയകമായ ഹദീസുകളിൽ നാൽപ്പതെണ്ണം പ്രത്യേകം തിരഞ്ഞെടുത്ത് അവയ്ക്ക് വ്യാഖ്യാനമെഴുതിയിരിക്കുന്നു.

*11 -* അൽ അഹ്സാബുർരിഫാഇയ്യ:

*12 -* അസ് സിർറുൽ മസ്വൂൻ, ശൈഖ് (റ) വിന്റെ ദിക്റുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥങ്ങൾ. രിഫാഈ (റ) പതിവായി ചൊല്ലിയിരുന്ന 663 ദിക്റുകളാണ് ഇവയിൽ ഉൾപ്പെട്ടിരിക്കുന്നത്.

*13 -* അൽ ബുർഹാനുൽ മുഅയ്യദ് - ശൈഖ് (റ) വിന്റെ പ്രധാന പ്രഭാഷണങ്ങളുടെ സമാഹാരം. ശിഷ്യ പ്രമുഖൻ ഷറഫുദ്ദീനു ബ്നു അബ്ദു സമീഅ് (റ) ക്രോഡീകരിച്ചത്. ഗ്രന്ഥകാരൻ എന്നതിന് പുറമെ സാഹിത്യരംഗത്ത് അതുല്യമായ സേവനങ്ങൾ ശൈഖ് (റ) വിന്റേതായുണ്ട്. ശൈഖ് തങ്ങൾ നല്ലൊരു അറബി കവി കൂടിയായിരുന്നു എന്ന് ചരിത്രം പറയുന്നു.

 ശൈഖ് ഖാളി ഇബ്നു ഷുഹ്ബ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു : ശൈഖ് (റ) നല്ല കവിതകൾ എഴുതിയിട്ടുണ്ട്...
  [തദ്കിറ : 60]

തുടരും ... 

Comments