അഹ്മദുൽ കബീർ രിഫാഈ (റ) 16, 17

💧Part : 16💧

   ഒരു രാത്രി ശൈഖ് രിഫാഈ (റ) മജ്ലിസിൽ നിന്ന് പുറത്തേക്ക് വരുന്നു. പുറത്തിറങ്ങിയ ശൈഖ് (റ) തങ്ങൾ പശുക്കളുടെ ആലയിൽ നിന്ന് ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ പശുക്കളെ മോഷ്ടിക്കാൻ വേണ്ടി വന്ന ഒരാൾ. ശൈഖ് (റ) വിനെ കണ്ട കള്ളൻ ആകെ പരിഭ്രമചിത്തനായി. ലക്ഷ്യം പാളിയതിന് പുറമെ താൻ ഉടൻ പിടിയിലാവുമെന്ന് അയാൾ ഉറപ്പിച്ചു. പേടിച്ചു വിറച്ചു നിൽക്കുന്ന അയാളുടെയടുത്ത് ശൈഖ് (റ) എത്തി...

 അയാൾക്ക് ഓടാൻ പോലും ധൈര്യം വന്നില്ല. ശൈഖ് തങ്ങൾ ശാന്തമായി പറഞ്ഞു : "നിനക്കു പ്രയാസമുണ്ടായെങ്കിൽ ക്ഷമിക്കണം മോനെ, നീ ജീവിതനിവൃത്തിക്ക് വകയില്ലാത്തവനാണെന്ന് തോന്നുന്നു. അതു കൊണ്ടായിരിക്കുമല്ലോ ഇത്തരം ഒരു പ്രവർത്തനത്തിന് നീ മുതിർന്നത്. ഈ പശുക്കൾ ഇവിടുത്തെ സാധുക്കൾക്കുള്ളതാണ്. നീ അവയിൽ നിന്ന് പശുക്കളെ കൊണ്ടു പോകരുത്. നീ എന്റെ കൂടെ പോന്നോളൂ. നിന്റെ വിഷമതകൾ പരിഹരിക്കാനുള്ള മാർഗ്ഗം ഞാൻ കാണിച്ചു തരാം..."

 ശൈഖ് (റ) മുന്നിലും മോഷ്ടാവ് പിന്നിലുമായി നടന്നു. ശൈഖവർകളുടെ പൗത്രനായ ഇബ്റാഹീം ബ്നു അഅ്സബ് പോറ്റി വളർത്തിയിരുന്ന ഒരു പശുവിന്റെയടുത്തേക്കാണ് അവർ പോയത്. പശു ശൈഖ് (റ) വിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ശൈഖ് തങ്ങൾ മോഷ്ടാവിനോട് പശുവിനെ അഴിച്ചു കൊണ്ടുപോകാൻ നിർദ്ദേശിച്ചു. അത്ഭുതവും സ്വാഭാവികമായ സങ്കോചവും കാരണം അയാൾ നിന്നു പരുങ്ങി. ശൈഖ് (റ) വീണ്ടും നിർദ്ദേശിച്ചപ്പോൾ അയാൾ പശുവിനെ അഴിച്ചെടുത്തു. അയാൾ മുന്നിലും പശുവിനെ തെളിച്ച് ശൈഖ് (റ) പിന്നിലുമായി നടത്തം തുടങ്ങി...

 ഉമ്മു അബീദ ഗ്രാമവും പിന്നിട്ട് അവർ അയൽ പ്രദേശമായ ഖർനാത്തയിൽ എത്തി. ഖർനാത്തൻ വീഥികളിലൂടെ നടന്ന് ഖർനാത്ത അങ്ങാടിയിലെത്തിയപ്പോൾ ശൈഖ് (റ) പിന്നീട് പോകേണ്ട വഴി കാണിച്ചു കൊടുത്തുകൊണ്ടു പറഞ്ഞു : "ഇനി നീ സ്വന്തമായി പോകണം. അങ്ങനെ ദിഖ്ലാ ടൗണിലെത്തുക. അവിടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാര സംഘങ്ങൾ വരും. അവിടെ ഇത് വിറ്റ് കിട്ടുന്ന പണം നിന്റെയും കുടുംബത്തിന്റെയും ചിലവിന് ഉപയോഗപ്പെടുത്തുക..."

 ശൈഖ് (റ) ഉമ്മു അബീദയിൽ തിരിച്ചെത്തി. മോഷ്ടാവ് പറഞ്ഞതു പ്രകാരം ചെയ്തുവെങ്കിലും അതിനിടെ അയാളുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒരു നികൃതിക്ക് വേണ്ടി വന്നവനെ സമൃദ്ധിയായി സൽക്കരിച്ചു വിട്ട ശൈഖ് (റ) വിന്റെ വ്യക്തിത്വം അയാളെ ആകർഷിച്ചു. ശിക്ഷിക്കുന്നതിന് പകരം ആശ്വസിപ്പിക്കുന്ന ഇദ്ദേഹം അസാധാരണൻ തന്നെ. അയാൾ വീണ്ടും ശൈഖ് (റ) വിന്റെ മജ്ലിസിൽ തന്നെ എത്തി. അയാളുടെ മനസ്സ് ഇതിനോടകം മാറിയിരുന്നു. പശ്ചാത്താപ വിവശനായി കഴിഞ്ഞിരുന്നു...
  [ഖിലാദത്ത് : 55]

 മറ്റൊരു സംഭവം : ശൈഖ് (റ) സുബ്ഹി നിസ്കരിക്കാൻ പോവുകയാണ്. വഴിമദ്ധ്യേ ഒരു അക്രമിയായ യഹൂദി ശൈഖ് അവർകൾക്ക് നേരെ ചാടിവീണു. ശൈഖ് (റ) വിന്റെ ശിഷ്യരാരെങ്കിലുമായിരിക്കുമെന്നും അവരുടെ നിസ്കാരം മുടക്കാമെന്നും നിനച്ചാണ് അയാൾ ഈ സാഹസത്തിനൊരുങ്ങിയത്. നേരം ഇരുട്ടായിരുന്നു അയാൾ ശൈഖ് (റ) വിനെ പൊതിരെ തല്ലി. ശൈഖ് തങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു. മുന്നോട്ട് നീങ്ങുംതോറും അയാൾ ഉപദ്രവം ശക്തിപ്പെടുത്തി. അയാൾക്ക് ഇപ്പോഴും ആളെ വ്യക്തമായിട്ടില്ല. ശൈഖവർകൾക്ക് പോകാൻ സാധിക്കുന്നില്ല. നേരം കുറേശ്ശെ വെളുത്ത് തുടങ്ങി. ഇപ്പോൾ മുഖത്തോട് മുഖം നോക്കിയാൽ ആളെ മനസ്സിലാവും. താൻ അടിച്ചതും പ്രഹരിച്ചതുമെല്ലാം രിഫാഈ ശൈഖ് (റ) വിനെയായിരുന്നെന്ന് മനസ്സിലായ യഹൂദി നടുങ്ങിത്തരിച്ച് മോഹാലസ്യപ്പെട്ട് വീണു പോയി..!

 ശൈഖ് (റ) അവനെ പിടിച്ചെഴുന്നേൽപ്പിച്ച് വേണ്ട ശുശ്രൂഷകൾ നൽകി. ബോധം തെളിഞ്ഞപ്പോൾ അവനെ സമാശ്വസിപ്പിച്ചു. ബോധം നഷ്ടപ്പെടാൻ ഇടയായതിന് ശൈഖ് തങ്ങൾ അയാളോട് മാപ്പ് ചോദിച്ചു. ശൈഖ് (റ) പറഞ്ഞു : "സുഹൃത്തെ, കഴിഞ്ഞതൊന്നും ചിന്തിക്കാതെ വീട്ടിൽ പൊയ്ക്കൊള്ളുക.. താങ്കൾ എന്നെ ഉപദ്രവിച്ച വിവരം എന്റെ സഹോദരങ്ങൾ അറിഞ്ഞാൽ അത് അവരെ വിഷമിപ്പിക്കും. അവർ അറിയും മുമ്പേ താങ്കൾ വീട്ടിലേക്ക് പോവുക..." യഹൂദി ഉടനെ വീട്ടിലേക്ക് മടങ്ങി. ശൈഖ്  (റ) പള്ളിയിലേക്കും പോയി. ജനങ്ങൾ നിസ്കരിക്കാൻ ശൈഖവർകളെ കാത്തിരിക്കുകയായിരുന്നു...

 നിസ്കാരവും ദുആയും കഴിഞ്ഞ് ശൈഖ്  (റ) പർണശാലയിലെ ഭക്ഷ്യ സൂക്ഷിപ്പുകാരനെ വിളിച്ച് പ്രസ്തുത യഹൂദിക്കും കുടുംബത്തിനും വേണ്ട ഭക്ഷണ സാധനങ്ങൾ അയാളുടെ വീട്ടിലെത്തിച്ച് കൊടുക്കാൻ കൽപ്പിച്ചു. കൽപ്പന പ്രകാരം ബന്ധപ്പെട്ടവർ സാധനങ്ങൾ യഹൂദിയുടെ വീട്ടിലെത്തിച്ചു കൊടുത്തു. ശൈഖ് രിഫാഈ (റ) തന്നയച്ചതാണെന്ന് പറഞ്ഞു. അപ്പോഴാണ് നടന്ന സംഭവങ്ങൾ യഹൂദി തന്റെ കുടുംബത്തിനു വിശദീകരിച്ചു കൊടുക്കുന്നത്. വിവരങ്ങളറിഞ്ഞപ്പോൾ അവർക്ക് അതിശയമായി..!!

 കുടുംബത്തിന്റെ അഭിപ്രായപ്രകാരം അവർ ശൈഖ് (റ) തങ്ങളുടെ സദസ്സിൽ ചെന്ന് ഇസ്‌ലാം സ്വീകരിച്ചു. ഒരു പുതിയ ജീവിതത്തിന് നാന്ദി കുറിച്ചു...
  [ഖിലാദത്ത് : 134]

💧Part : 17💧

   ശൈഖ് (റ) വിന്റെ പ്രസംഗോപദേശങ്ങൾ ശ്രവിക്കുന്നതിനു ദൂരെ ദിക്കുകളിൽ നിന്ന് പോലും പതിനായിരങ്ങൾ ഒഴുകിയെത്തുമായിരുന്നു...

 മഹാനായ ഇമാം ശഅ്റാനി (റ) ലവാഖിഹുൽ അൻവാർ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു :
 പ്രസംഗത്തിന് വേണ്ടി പീഠത്തിൽ കയറി ഇരുന്നുകൊണ്ടാണ് അവിടുന്ന് പ്രഭാഷണം നടത്തിയിരുന്നത്. പരിസര പ്രദേശങ്ങളിൽ ഉള്ളവരും ദൂരവാസികളും മഹാനവർകളുടെ പ്രഭാഷണം ഒരുപോലെ കേട്ടിരുന്നു. ഉമ്മു അബീദയുടെ പരിസര ഗ്രാമങ്ങളിലുള്ളവർ ശൈഖ് (റ) വിന്റെ പ്രസംഗം കേൾക്കാനായി വീടുകളുടെ മട്ടുപ്പാവുകളിൽ കയറി ചെവിയോർക്കുമായിരുന്നു. കേൾവി ശേഷിയില്ലാത്തവർ പോലും ആ പ്രസംഗങ്ങൾ കേൾക്കുമായിരുന്നു. പണ്ഡിതന്മാർ പ്രസ്തുത സദസ്സിൽ വരികയും ഉപദേശം കേൾക്കുകയും ചെയ്തുവന്നു...

 ചിലർ തങ്ങളുടെ മടിത്തട്ടുകൾ വിരിച്ചു വയ്ക്കും. പ്രസംഗം കഴിഞ്ഞാൽ അവ നെഞ്ചിലേക്ക് ചേർത്തമർത്തും. അങ്ങനെ അവർ വീട്ടിലെത്തിയാൽ ശൈഖ് (റ) പറഞ്ഞ കാര്യങ്ങൾ അതേപടി കുടുംബത്തിനും മറ്റും പറഞ്ഞു കൊടുക്കുമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് കേട്ടത് സ്വൽപം പോലും അവർ മറക്കാറുണ്ടായിരുന്നില്ല. ഇത് മഹാനവർകളുടെ കറാമത്ത് കൂടിയായിരുന്നു...

 ശൈഖ് അബൂ സകരിയ്യാ യഹ് യ ബ്നു ശൈഖ് യൂസുഫ് അസ്ഖലാനി (റ) പറയുന്നു : ഞാനൊരിക്കൽ ശൈഖ് രിഫാഈ (റ) വിനെ സന്ദർശിക്കാൻ പോയി. തൽസമയം പ്രസംഗം ശ്രവിക്കുന്നതിനായി അവിടെ അനേകം ആളുകൾ ഒരുമിച്ച് കൂടിയിരുന്നു. അതിൽ പണ്ഡിതന്മാരും ഭരണാധികാരികളും മശാഇഖുമാരും സാധാരണക്കാരുമെല്ലാമുണ്ട്...

 അവർക്ക് ഭക്ഷണമുൾപ്പടെ എല്ലാ സൗകര്യങ്ങളും അവിടെ ഏർപ്പെടുത്തിയിരുന്നു. ളുഹ്റിന് ശേഷമാണ് മഹാനവർകൾ പ്രസംഗ പീഠത്തിൽ കയറുക. ഒരു വ്യാഴാഴ്ച്ച ശൈഖ് (റ) പീഠത്തിൽ കയറി. വാസിത്വിലെ പ്രമുഖ പ്രഭാഷകരും ഇറാഖിലെ ഒരു സംഘം പണ്ഡിതന്മാരും സദസ്സിലുണ്ട്. പലരും ശൈഖ് (റ) വിനോട് ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ തഫ്സീറിൽ നിന്നാണ് ചോദിക്കുന്നത്. മറ്റു ചിലർ ഹദീസിൽ നിന്ന്. വേറെ ചിലർ ഫിഖ്ഹിൽ നിന്ന്. തർക്ക ശാസ്ത്രത്തിൽ നിന്നും, നിദാന ശാസ്ത്രത്തിൽ നിന്നും ചോദിക്കുന്നവരുമുണ്ട്. ഞാൻ ഇവിടെയുള്ള സമയം തന്നെ നൂറോളം ചോദ്യങ്ങൾക്ക് ശൈഖ് (റ) മറുപടി പറഞ്ഞു...

 നിരന്തര പ്രവർത്തനങ്ങൾക്കിടയിലും മഹാനവർകളുടെ മുഖത്ത് അശേഷം ക്ഷീണം കണ്ടില്ല. എന്നിരുന്നാലും ശൈഖ് (റ) വിനെ ഇങ്ങനെ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്നെ വേദനിപ്പിച്ചു.  "ഇനിയെങ്കിലും നിങ്ങൾക്കൊന്നു നിർത്തിക്കൂടെ..! ക്രോഢീകൃതമായ ഏതു വിജ്ഞാന ശാഖയിൽ നിന്ന് നിങ്ങൾ ചോദിച്ചാലും ശൈഖ് (റ) മറുപടി പറയും..." ഞാൻ അവരോടായി പറഞ്ഞു. അതു കേട്ട ശൈഖ് (റ) ഒന്നു പുഞ്ചിരിച്ചു. ശേഷം എന്നോട് പറഞ്ഞു : അബൂ സകരിയ്യാ, അവർക്ക് എന്നോട് ചോദിക്കാനുള്ളതെല്ലാം ഞാൻ പോകും മുമ്പ് ചോദിച്ചുകൊള്ളട്ടെ..! ഭൗതിക ലോകം നശ്വരമാണ്. അല്ലാഹുവാണ് جل جلاله അവസ്ഥകൾ മാറ്റി മറിക്കുന്നവൻ. ഈ വാക്കുകൾ കേട്ട് എന്തോ സൂചന ലഭിച്ചപോലെ സദസ്സ് ദുസ്സഹ വേദനയിൽ ഇളകി മറിഞ്ഞു. സദസ്സിലാകെ ഏങ്ങലടികൾ അലയടിച്ചു. ധാരാളം ക്രിസ്തീയരും യഹൂദരും ആ സദസ്സിൽ വച്ച് സത്യവിശ്വാസം ഉൾക്കൊണ്ടു. പശ്ചാത്താപ മനസ്സുമായി വന്നവർ നാൽപതിനായിരത്തോളം വരും...
  [അൽ മആരിഫുൽ മുഹമ്മദിയ്യ : 45 ഉദ്ധരണം തദ്കിറ : 45]

 ശൈഖ് രിഫാഈ (റ) ആദ്യം ദർസ് നടത്തിയത് വാസിത്വിലായിരുന്നു. ശൈഖ് അലിയ്യുൽ ഖാരി അൽ വാസിത്വി (റ) വിന്റെ ദർസിൽ നിന്ന് ഇജാസത്ത് നേടിയ ഉടനെയായിരുന്നു ഇത്. നീണ്ട 27 വർഷങ്ങളാണ് വിജ്ഞാന സേവനവുമായി ശൈഖ് (റ) വാസിത്വിൽ കഴിഞ്ഞത്. പിന്നീട് തന്റെ അമ്മാവനും ഗുരുനാഥനുമായ ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) ആവശ്യപ്പെട്ടതനുസരിച്ച് മഹാനവർകൾ മാതൃ ഗ്രാമമായ ഉമ്മു അബീദയിൽ എത്തി. ഉമ്മു അബീദയിലെ പർണശാലയിൽ ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) വിന്റെ പിൻഗാമിയായി മഹാനവർകൾ ശേഷകാലം മുഴുവൻ ദർസും മാർഗ്ഗദൾശനവും സമുദായ സേവനവുമായി കഴിഞ്ഞു കൂടി. ഒരു കാലത്ത് വാസിത്വിയിലേക്കൊഴുകിയിരുന്ന വിദ്യാർത്ഥികൾ അന്നു മുതൽക്ക് ഉമ്മു അബീദയിലേക്ക് അനുസ്യൂതം വരാൻ തുടങ്ങി...

 പ്രത്യേകമായ ഒരു ശൈലിയിലായിരുന്നു ശൈഖ് രിഫാഈ (റ) ദർസ് നടത്തിയിരുന്നതെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥങ്ങളിലെ സങ്കീർണ്ണ ഉദ്ധരണികൾ ശിഷ്യന്മാരെ യഥാവിധി മനസ്സിലാക്കിപ്പിച്ച് കൊടുക്കുകയും, പ്രധാനപ്പെട്ട യാതൊന്നും വിട്ടുകളയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. ലക്ഷ്യങ്ങൾ നിരത്തി തെളിയിക്കേണ്ടിടങ്ങളിൽ വ്യക്തമായ തെളിവുകൾ അവതരിപ്പിച്ച് തന്റെ മദ്ഹബും തന്റെ അഭിപ്രായവും പ്രബലമാണെന്ന് തെളിയിച്ചു കൊടുക്കുമായിരുന്നു...

 ശിഷ്യന്മാരുമായി ഹൃദയപൂർവ്വകമായ ആത്മ ബന്ധമായിരുന്നു മഹാനവർകൾ പുലർത്തിയിരുന്നത്. മഹാനവർകൾ അവരെയും അവർ മഹാനവർകളെയും സ്നേഹിക്കുകയും സേവിക്കുകയും സഹായിക്കുകയും ചെയ്തു. ശൈഖ് (റ) അവരുടെ തെറ്റുകൾ ക്ഷമിക്കുകയും എപ്പോഴും ഗുണദോഷിക്കുകയും ചെയ്യുമായിരുന്നു...

തുടരും ... 

Comments