അഹ്മദുൽ കബീർ രിഫാഈ (റ) 14, 15

💧Part : 14💧

   ശൈഖ് രിഫാഈ (റ) വിന്റെ ശിഷ്യന്മാരിൽപ്പെട്ട ശൈഖ് മിഖ്ദാം (റ) പറയുന്നു : ഞാനും മറ്റൊരു ശിഷ്യനും കൂടി ഒരു പ്രഭാതത്തിൽ സുബ്ഹി നിസ്കരിക്കാൻ പുറപ്പെട്ടു. ശക്തമായ തണുപ്പ് കാരണം ഏറെ ക്ലേശമനുഭവിക്കുന്ന കാലമായിരുന്നു അത്. ഞങ്ങൾ ചെന്നപ്പോഴേക്ക് ശൈഖ് (റ) വുളൂഅ്‌ എടുത്ത് കഴിഞ്ഞിരുന്നു. എങ്കിലും വുളൂഅ്‌ എടുത്ത സ്ഥലത്ത് തന്നെ ഒരേ നിൽപ്പ് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾ വുളൂഅ്‌ എടുത്ത് കയറി. നിസ്കാരത്തിന് ശൈഖ് (റ) വരുന്നത് കാത്തു നിന്നു. മഹാനവർകൾ വരുന്നത് കണ്ടില്ല...

 കുറേ കഴിഞ്ഞിട്ടും കാണാതായപ്പോൾ ഞങ്ങൾ ചെന്നു നോക്കി. അപ്പോൾ മഹാനവർകൾ അനങ്ങാതെ നിൽക്കുകയാണ്. കൈകൾ നീട്ടിപ്പിടിച്ചിരിക്കുന്നു. അമ്പരപ്പോടെയും കൗതുകത്തോടെയും ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ ചോര കുടിച്ചു വീർത്ത ഒരു കൊതുകുണ്ട് ശൈഖവർകളുടെ കൈക്കു മേൽ ഇരിക്കുന്നു. ഞങ്ങളുടെ ചലനം കണ്ട് ആ പ്രാണി പാറിപ്പോയി. ആ ജീവിയെ ശല്യപ്പെടുത്താതെ അതിനുള്ള ഭക്ഷണം അനുവദിച്ചു കൊടുക്കുകയായിരുന്നു ശൈഖ് രിഫാഈ (റ).

*📍സഹനം സംയമനം*

   ശൈഖ് തങ്ങളും ശിഷ്യന്മാരും ഒരു യാത്രയിലാണ്. ഹമാമിയ്യ എന്നു പേരായ ഒരു സ്ഥലത്തെത്തിയപ്പോൾ എതിർ ഭാഗത്ത് നിന്ന് ഒരു സംഘം വരുന്നത് കണ്ടു. ശൈഖ് അത്വീഖുസ്സാലിം (റ) എന്ന മഹാനും സഹജരുമായിരുന്നു അത്. അവർ അടുത്തെത്തിയപ്പോൾ ശൈഖവർകൾ വാഹനത്തിൽ നിന്നിറങ്ങി ശിഷ്യന്മാരോടായി പറഞ്ഞു : അദ്ദേഹം എന്ത് പറഞ്ഞാലും നിങ്ങൾ അത് സഹിക്കണം. അദ്ദേഹം എന്നെ ചീത്ത വിളിക്കുകയോ അടിക്കുകയോ ചെയ്താൽ പോലും നിങ്ങൾ ഒന്നും പ്രതികരിക്കരുത്..! അപ്പോഴേക്കും അത്വീഖുസ്സാലിം (റ) വും സംഘവും ഇങ്ങെത്തിക്കഴിഞ്ഞിരുന്നു...

 ശൈഖ് രിഫാഈ (റ) അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു. പക്ഷേ അദ്ദേഹം ശൈഖ് (റ) വിനെ ചീത്ത വിളിക്കുകയാണ് ചെയ്തത്. അതു കേട്ട ശൈഖ് തങ്ങൾ തിരിച്ചൊന്നും പറയാതെ വിനയപുരസ്സരം തല താഴ്ത്തി നിന്നു. അൽപം കഴിഞ്ഞപ്പോൾ ശൈഖ് (റ) വിനയാന്വിതനായി അദ്ദേഹത്തോട് പറഞ്ഞു : ഞാൻ ആര്..! എനിക്കെന്ത് സ്ഥാനമാണുള്ളത്..! താങ്കളെന്തിനു എന്നോട് ദേഷ്യപ്പെടുന്നു..! ഞാൻ താങ്കളുടെ ഒരു സേവകൻ മാത്രമാണ്. ശൈഖ് (റ) വിന്റെ നിഷ്കളങ്ക സംസാരം കേട്ടപ്പോൾ മഹാനവർകൾ വാഹനപ്പുറത്ത് നിന്നിറങ്ങി. എന്നിട്ടു പ്രസ്താവിച്ചു...

 താങ്കളെ പരീക്ഷിക്കാൻ ഇനി ഒരു തന്ത്രവും എനിക്ക് ബാക്കിയില്ല. താങ്കളിൽ ഒരു ഭാവമാറ്റമുണ്ടാക്കുന്നതിന് വേണ്ടി ഞാൻ എത്ര കഠിനാദ്ധ്വാനം ചെയ്തു. പക്ഷെ ഒന്നും ഫലിക്കുന്നില്ല. പിന്നീട് ശൈഖ് അത്വീഖ് (റ) ശൈഖ് രിഫാഈ (റ) വിന്റെ മാഹാത്മ്യം പ്രകീർത്തിച്ചു ഒരുപാട് സംസാരിച്ചു. ശൈഖ് തങ്ങൾക്കും അവിടുത്തെ സന്താന പരമ്പരക്കും ഒരുപാട് ആദരങ്ങൾ കൈവരുമെന്ന് മഹാനവർകൾ പറഞ്ഞു. എന്നാൽ ഇതൊക്കെ പറഞ്ഞിട്ടും ശൈഖ് രിഫാഈ  (റ) വിന്റെ മുഖത്ത് ഒരു ഭാവമാറ്റവും കണ്ടില്ല. പിന്നീട് അത്വീഖ് (റ) ശൈഖ് രിഫാഈ (റ) വിനെ ആലിംഗനം ചെയ്തു. അവർ പരസ്പരം കൈകൊടുത്ത് പിരിഞ്ഞു...
  [ഖിലാദത്ത്]

 ശൈഖ് രിഫാഈ (റ) വിനെ ഉമ്മു അബീദക്കാരനായ ഒരാൾ വന്ന് വളരെ കാര്യമായി ഒരു സദ്യ ഒരുക്കിയിട്ടുണ്ടെന്നും ശൈഖവർകൾകളോട് വീട്ടിൽ വരണമെന്നും അറിയിച്ചു. ശൈഖവർകൾ ആ ക്ഷണം സ്വീകരിച്ച് അയാളുടെ വീട് ലക്ഷ്യമായി പോയി. വീടിനടുത്തെത്തിയപ്പോൾ അയാൾ ഇറങ്ങി വന്ന് ശൈഖ് തങ്ങളോട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ഇനി ഇങ്ങോട്ട് വരരുതെന്ന് പറയുകയും ചെയ്തു. രിഫാഈ (റ) തങ്ങളാകട്ടെ യാതൊരു ഭാവഭേദവുമില്ലാതെ മടങ്ങിപ്പോന്നു. സംഗതി അവിടം കൊണ്ടും തീർന്നില്ല. അയാൾ പിന്നെയും ഇതേ പോലെ വന്ന് വീട്ടിലേക്ക് വരണമെന്നപേക്ഷിച്ചു. മുമ്പത്തെ അനുഭവമുണ്ടായിട്ടും ക്ഷണം സ്വീകരിച്ച് ശൈഖ് തങ്ങൾ പോയി. എന്നാൽ മുമ്പ് സംഭവിച്ചത് പോലെ തന്നെ പിന്നെയും ആവർത്തിച്ചു. അയാൾ ശൈഖ് തങ്ങളെ അപമാനിച്ചു വിട്ടു...

 മൂന്നാം പ്രാവശ്യവും ശൈഖ് (റ) തങ്ങളെ ക്ഷണിക്കാൻ അയാൾക്ക് ധൈര്യം തോന്നി. രിഫാഈ (റ) വിന്റെ അസാമാന്യ ക്ഷമ ആ ക്ഷണം സ്വീകരിക്കാനുള്ള സന്മനസ്സ് കാണിക്കുകയും ചെയ്തു. ഈ പ്രാവശ്യം ശൈഖ് തങ്ങളെ അത്യാദരപൂർവ്വം സ്വീകരിച്ചിരുത്തിയ ഗൃഹനാഥൻ അതിയായ വിനയത്തോടെ പറഞ്ഞു : ഗുരോ, എന്നിൽ നിന്ന് അരുതായ്മകൾ സംഭവിച്ചു പോയിരിക്കുന്നു. ഞാൻ അല്ലാഹുﷻവിനോട് പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്നു. അങ്ങ് പ്രവേശിച്ചിരിക്കുന്ന പാതയിൽ പ്രവേശിച്ച മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല ഗുരോ. അത് സാരമാക്കേണ്ട എല്ലാം നല്ലതിന് മാത്രം എന്നായിരുന്നു ശൈഖ് (റ) തങ്ങളുടെ പ്രതിവചനം...
  [ഖിലാദത്തുൽ ജവാഹിർ]

💧Part : 15💧

   ഒരിക്കൽ രണ്ട് ശിഷ്യന്മാർ തമ്മിൽ എന്തോ പ്രശ്നത്തിന് ഒരിക്കൽ കശപിശയുണ്ടായി. തർക്കം മൂത്ത് പാതിരാ വരെ നീണ്ടു. അതിനിടെ ശൈഖ് (റ) കടന്നു വരുന്നത് കണ്ട ശിഷ്യന്മാർ തൽക്കാലം അടങ്ങി. രണ്ടു പേരും അവനവന്റെ നിശ്ചിത സ്ഥാനങ്ങളിൽ പോയുറങ്ങുകയും ചെയ്തു. അവരിൽ ഒരാൾ കിടന്നിരുന്നത് ശൈഖ് തങ്ങളുടെ ഏതാണ്ട് അടുത്തായിരുന്നു. അപരൻ കുറച്ചപ്പുറത്തും. സുബ്ഹിന് മുമ്പ് ശൈഖ് (റ) വുളൂഅ്‌ എടുക്കാൻ എഴുന്നേറ്റു. അപ്പുറത്ത് കിടന്നിരുന്ന ശിഷ്യൻ കരുതിയത് തന്റെ പ്രതിയോഗിയാണ് എഴുന്നേറ്റിരിക്കുന്നത് എന്നാണ്...

 ഇരുട്ട് കാരണം അദ്ദേഹം ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. ശൈഖ് തങ്ങൾ വുളൂഅ്‌ എടുത്ത് നടന്നു നീങ്ങിയതേയുള്ളൂ ആ ശിഷ്യൻ അവിടുത്തേക്ക് മേൽ ചാടി വീണു. അയാൾ ശൈഖ് (റ) വിനെ അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ ശൈഖവർകൾ നിലത്തു വീണു പോയി. മഹാനവർകൾക്ക് കാര്യം മനസ്സിലായെങ്കിലും ഒന്നും മിണ്ടിയില്ല. അപ്പോൾ യഥാർത്ഥ പ്രതിയോഗിയായ ആൾ കടന്നു വരുന്നത് കണ്ടു. വരുന്നത് ശൈഖ് തങ്ങൾ ആയിരിക്കുമെന്ന് കരുതി ശിഷ്യൻ സലാം പറഞ്ഞു. സലാം മടക്കിയ ശബ്ദം കേട്ടപ്പോൾ മാത്രമാണ് അത് തന്റെ എതിരാളിയാണെന്നും താൻ ആക്രമിച്ചതും മർദ്ദിച്ചതുമെല്ലാം ആദരണീയനായ തന്റെ ഗുരുവര്യനെയാണെന്നും ശിഷ്യന് മനസ്സിലായത്...

 നടുങ്ങിപ്പോയ ശിഷ്യൻ മോഹലസ്യപ്പെട്ടു വീണു. രിഫാഈ (റ) ചെന്ന് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ബോധം തെളിഞ്ഞപ്പോൾ അയാളെ സമാധാനിപ്പിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു : മോനേ, എല്ലാം നന്മകൾ മാത്രമാണ്. നമുക്ക് പ്രതിഫലം ലഭിച്ചു. നിനക്ക് അല്ലാഹു ﷻ പ്രതിഫലം നൽകുമാറാകട്ടെ. ശിഷ്യന്റെ ഭയം മാറുന്നത് വരെ ശൈഖ് തങ്ങൾ അയാളെ ഉപദേശിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. ശൈഖ് (റ) പറഞ്ഞു : മോനേ, നീ എന്നെ അടിച്ചപ്പോൾ തന്നെ ഞാൻ നിനക്ക് വേണ്ടി അല്ലാഹുﷻവോട് മാപ്പപേക്ഷിച്ചിരുന്നു. ആ ശിഷ്യൻ പിന്നീട് കുറച്ച് കാലമേ ജീവിച്ചിരുന്നുള്ളൂ. ശൈഖ് (റ) തന്നെ അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്കരണത്തിന് നേതൃത്വം നൽകി...

 മറ്റൊരു സംഭവം ഇങ്ങനെ : ഒരു റമളാനിൽ ഉമ്മു അബീദ ഗ്രാമവാസിയായ ഒരു വ്യക്തി ശൈഖ് രിഫാഈ (റ) വിനെ നോമ്പു തുറക്ക് ക്ഷണിച്ചു. അതിയായ ചൂടുള്ള കാലത്തായിരുന്നു ആ റമളാൻ മാസം. ശൈഖ് (റ) വിന് സാധാരണ സുന്നത്തുകൾക്ക് പുറമേ രണ്ട് റക്അത്ത് കൂടി നിസ്കരിക്കുന്ന പതിവുണ്ടായിരുന്നു. അയാളുടെ ധൃതി കാരണം അന്ന് ആ നിസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പേ നോമ്പുതുറക്ക് പോകാൻ ശൈഖ് (റ) നിർബന്ധിതനായി. വീട്ടിലെത്തിയപ്പോൾ വീട്ടുകാരൻ വീടിനുള്ളിലേക്ക് പോയി. അയാൾ തിരിച്ചു വന്ന് ഇരിക്കാൻ പറയുന്നതും കാത്ത് അതിഥി വാതിൽക്കൽ നിൽപ്പായി. ശൈഖ് (റ) തങ്ങൾക്കിരിക്കാൻ ഇരിപ്പിടവും കഴിക്കാൻ ഭക്ഷണവും തയ്യാറാക്കാൻ അകത്തു പോയ ഗൃഹനാഥൻ യഥാർത്ഥത്തിൽ സ്വയം മറന്നു പോകുകയായിരുന്നു...

 കാര്യങ്ങളൊന്നുമറിയാതെ വീട്ടുകാരുമായി സംസാരിച്ച് അയാൾ ശൈഖ് തങ്ങളെ പറ്റിയും ക്ഷണിച്ചതിനെ പറ്റിയുമെല്ലാം പാടെ മറന്നു പോയി. നേരമായപ്പോൾ കുടുംബസമേതം നോമ്പുതുറന്നു. അൽപമൊന്നു വിശ്രമിച്ചു. പിന്നീട് ഇശാ നിസ്കാരത്തിന് പള്ളിയിലേക്ക് പോകാമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴാണ് അയാൾ അന്ധാളിച്ചു പോയത്. താൻ ക്ഷണിച്ചു കൊണ്ടു വന്ന രിഫാഈ ശൈഖ് (റ) അതാ വാതിലിനടുത്ത് വന്നപടി നിൽക്കുന്നു. കുറ്റ ബോധവും മനോവിഭ്രാന്തിയും മൂലം അയാൾ കുറച്ച് നേരം എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി. ശൈഖ് (റ) വിനെ എങ്ങനെ കാര്യം ബോധ്യപ്പെടുത്തണമെന്ന അങ്കലാപ്പിലായിരുന്നു അയാൾ. ശൈഖ് (റ) അയാളെ സമാധാനിപ്പിച്ചു. നമുക്ക് ഇശാ നിസ്കാരത്തിന് ശേഷം തിരിച്ചു വന്ന് ഭക്ഷണം കഴിക്കാം എന്ന് ശൈഖ് (റ) തന്നെ നിർദ്ദേശിച്ചപ്പോഴാണ് അയാളുടെ മനസ്സ് തണുത്തത്...

 ഒരിക്കൽ നൂറ്റി എഴുപതോളം വരുന്ന ഒരു സംഘം അസൂയാലുക്കൾ ശൈഖ് (റ) വിനെ പരീക്ഷിക്കാൻ വേണ്ടി ഉമ്മു അബീദയിലെത്തി. അവർ ശൈഖ് (റ) വിന്റെ സന്നിധിയിൽ കടന്നപാടെ അവർക്ക് ഭക്ഷണം നൽകാൻ ശൈഖ് (റ) തന്റെ ഖാദിമുകൾക്ക് നിർദ്ദേശം നൽകി. ശേഷം ശൈഖ് (റ) ആകാശത്തേക്ക് കണ്ണുയർത്തി അല്ലാഹുﷻവിനോട് പ്രാർത്ഥനയിലായി : റബ്ബേ, നീ മാത്രം തുണയുള്ള നിന്റെ ഔലിയാഇനെ സഹായിച്ച് നിന്റെ ഖുദ്റത്ത് നീ പ്രകടിപ്പിക്കണം..! തൽസമയം പ്രത്യുത്തരം വന്നു : ഓ അബുസ്സ്വഫാ, താങ്കളുടെ രക്ഷിതാവിന്റെ പ്രവർത്തനം കണ്ടു കൊള്ളുക..."

 ശൈഖ് (റ) അവരോട് ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവർ ബിസ്മി ചൊല്ലി സുപ്രയിലേക്ക് കൈ നീട്ടേണ്ട താമസം സുപ്ര ഒന്നടങ്കം അന്തരീക്ഷത്തിലേക്ക് ഉയർന്നു. അവർക്ക് ഭക്ഷണത്തിലേക്ക് കൈ എത്താത്ത അത്രയും ഉയർന്നു. അല്ലാഹുﷻവിന്റെ ഖുദ്റത്തും അവന്റെ വലിയ്യിലുള്ള അല്ലാഹുﷻവിന്റെ നിയന്ത്രണവും കണ്ട അവർ അത്ഭുതപ്പെട്ടു. വിരലുകൾ കടിച്ചു ലജ്ജിച്ചു തലതാഴ്ത്തി. തങ്ങളുടെ ദുർലക്ഷ്യം പരാജയപ്പെട്ടു. അവർ ശൈഖ്  (റ) വിന്റെ കാൽക്കൽ വീണു. അവിടുത്തെ കാലുകൾ ചുംബിച്ചു. അവിടുത്തെ മുമ്പിൽ അവർ തൗബ ചെയ്തു ശൈഖ് (റ) വിന്റെ അനുയായികളായി മാറി...
  [അർറൗളുന്നളീർ : 43]

തുടരും ... 

Comments