അഹ്മദുൽ കബീർ രിഫാഈ (റ) 10, 11

💧Part : 10💧

   ഹബീബായ നബി ﷺ തങ്ങളുടെ പാരമ്പര്യവും പൈതൃകവും ശൈഖ് രിഫാഈ (റ) തങ്ങളുടെ ജീവിതത്തിൽ മുഴുക്കെയും പ്രകാശിതമായിരുന്നു. നബി ﷺ തങ്ങളെ അനുധാവനം ചെയ്യുന്നതിൽ സദാ ബദ്ധശ്രദ്ധനായിരുന്നു. അവിടുന്ന് നിഷ്കളങ്ക പ്രകൃതത്തിനുടമയായിരുന്നു...

 ശൈഖ് മക്കിയ്യുൽ വാസിത്വി (റ) പറയുന്നു : ഞാൻ ഒരു രാത്രി ശൈഖ് രിഫാഈ (റ) വിനൊപ്പം ഉമ്മു അബീദയിൽ താമസിച്ചു. ആ ഒരൊറ്റ രാത്രിയിൽ മാത്രം നബി ﷺ തങ്ങളുടെ പാവന സ്വഭാവങ്ങളിൽ നിന്ന് നാൽപ്പതോളം എണ്ണം ഞാൻ ശൈഖ് രിഫാഈ (റ) വിൽ കണ്ടു...
  [ഖിലാദത്തുൽ ജവാഹിർ]

 കുടുംബ ബന്ധങ്ങൾ പുലർത്തുക, രഹസ്യങ്ങൾ സൂക്ഷിച്ച് വെക്കുക, കരാർ പാലിക്കുക, മുസ്ലിംകൾക്ക് വേണ്ടി പ്രാർത്ഥിക്കുക, എതിർത്തവർക്ക് ഗുണം ചെയ്യുക, ആക്രമിച്ചവർക്ക് മാപ്പ് നൽകി വിട്ടയക്കുക, വിശന്നവന് ഭക്ഷണം നൽകുക, അഗതികൾക്ക് വസ്ത്രം നൽകുക, രോഗികളെ സന്ദർശിക്കുക, മയ്യിത്ത് പരിപാലിക്കുക, സാധുക്കളെ സ്നേഹിക്കുകയും അവരോട് സഹവസിക്കുകയും സ്നേഹപൂർവ്വം പെരുമാറുകയും ചെയ്യുക, ഭൗതികതയിൽ വിരക്തി പ്രകടിപ്പിക്കുക, എല്ലാ ജീവജാലങ്ങളോടും കരുണാപൂർവ്വം പെരുമാറുക, പള്ളി പോലുള്ള വിശുദ്ധ സ്ഥലങ്ങൾ അടിച്ചു വാരി വൃത്തിയാക്കുക, ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ പങ്കു ചേരുക, തുടങ്ങിയവ ആ മഹദ് ജീവിതത്തിലെ ഏതാനും സൽസ്വഭാവങ്ങളാണ്... ചെറിയവരെയും വലിയവരെയും ആദരപൂർവ്വം യാ സയ്യിദീ എന്നു വിളിക്കുക അവരുടെ പ്രകൃതമായിരുന്നു...
  [ഖിലാദത്ത്]

 വഴിയിലൂടെ നടന്നു പോകുമ്പോൾ ഇടതും വലതും തിരിഞ്ഞു നോക്കില്ല. മുൻഭാഗത്തേക്ക് നോക്കി തല അൽപം ചെരിച്ചു പിടിച്ചാണ് നടന്നിരുന്നത്. ഗംഭീരം എന്നാൽ വിനയാന്വിതം ഇതായിരുന്നു ആ നടത്തത്തിന്റെ പ്രത്യേകത. മതപരമായി അഭികാമ്യമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുന്നവരെ ഉപദേശിക്കണമെന്നുണ്ടെങ്കിൽ ആളുകൾക്കിടയിൽ വെച്ച് നേർക്കുനേർ പറഞ്ഞ് അപമാനിക്കുന്നതിനു പകരം ചർച്ചകളിലൂടെ തെര്യപ്പെടുത്തുകയായിരുന്നു മഹാനവർകളുടെ ശൈലി...

 തന്റെ ഒരു നിമിഷം പോലും അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലല്ലാതെ നഷ്ടപ്പെട്ടുകൂടാ എന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു ശൈഖ് (റ) തങ്ങൾക്ക്. സ്ഥിരമായി വുളൂഅ്‌ ഉണ്ടായിരിക്കും. യാത്രയാവട്ടെ അല്ലാതിരിക്കട്ടെ... ഏതു പള്ളിയിൽ കയറിയാലും 2 റക്അത്ത് നിസ്കരിക്കും. നടന്നു പോകുമ്പോൾ പാതയിൽ കാണുന്ന വൃത്തിഹീനമായ വസ്തുക്കൾ അവിടുത്തെ കൈകൾ കൊണ്ട് എടുത്തു മാറ്റുമായിരുന്നു...

 ഏത് ആജ്ഞയും ശിരസ്സാവഹിക്കാൻ തയ്യാറായി എണ്ണമറ്റ ശിഷ്യന്മാർ ഉണ്ടായിരുന്നിട്ടും, ശൈഖ് (റ) ആരെകൊണ്ടും നിർബന്ധിച്ച് സേവനങ്ങൾ ചെയ്യിച്ചിരുന്നില്ല. അങ്ങാടിയിൽ പോയി മത്സ്യവും മറ്റും സ്വന്തമായാണ് വാങ്ങി കൊണ്ട് വന്നിരുന്നത്. ഞാൻ തന്നെ സേവകനാണ് സേവകന് എന്തിന് മറ്റൊരു സേവകൻ..? എന്നായിരുന്നു മഹാനവർകളുടെ ഭാഷ്യം...

 ഏത് നാട്ടിലെത്തിയാലും ആ നാട്ടിലെ ഏറ്റവും പാവപ്പെട്ട വ്യക്തിയുടെ ഭവനത്തിലാണ് ശൈഖ് (റ) താമസിക്കുക. പണക്കാരുടെ മുഖത്ത് നോക്കുക പോലുമരുതെന്ന് അവർ ശിഷ്യഗണങ്ങളെ ഉപദേശിച്ചിരുന്നു. ഹൃദയനാശമുണ്ടാകുമെന്നാണ് അതിന് കാരണം പറഞ്ഞത്. സദസ്സ് കൂടിയിരിക്കുമ്പോൾ ഭൗതിക കാര്യങ്ങൾ സംസാരിക്കുന്നതിന് ആർക്കും അനുവാദമുണ്ടായിരുന്നില്ല. ഒരു സ്ഥലത്തോ വീട്ടിലോ ശൈഖ് തങ്ങൾ ഇറങ്ങി താമസിച്ചെന്നാൽ ആ സ്ഥലം വളരെ പവിത്രമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഇത്തരം വേളകളിൽ ആളുകൾ കൈ ചുംബിക്കാനായി വരുമെങ്കിലും വിനയാന്വിതനായ ശൈഖവർകൾ അതിന് സമ്മതിച്ചിരുന്നില്ല...

 ഇസ്ലാമികമായ ചിഹ്നങ്ങളോടും മതത്തിന്റെ ആളുകളോടും അതിരറ്റ സ്നേഹവും ബഹുമാനവുമാണ് മഹാനവർകൾ പ്രകടിപ്പിച്ചിരുന്നത്. കഅ്ബാ ശരീഫിനോടുള്ള ആദരവിന് ഭംഗം വരുമെന്ന് കരുതി ഖിബ്ലക്ക് മഹാനവർകൾ പിന്നിടാറില്ലായിരുന്നു. മുസ്ലിംകളായ ചെറുപ്പക്കാരെ പ്രത്യേകം ആദരിക്കുകയും അവരോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. ശൈഖ് (റ) പറയും : ഈ യുവത്വത്തെ അല്ലാഹു ﷻ ആദരിച്ചിരിക്കുന്നു..."

 അന്യ മതസ്ഥരോട് ആദരവോടെയാണ് ശൈഖ് (റ) പെരുമാറിയിരുന്നത്. അവരെ അവരുടെ ആശയങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുകയും അതിന് വേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്തു. ശൈഖവർകളുടെ ഈ വിശാല മനസ്സ് വായിച്ച പലരും സത്യമത വിശ്വാസികളായത് ചരിത്രത്തിൽ കാണാം...

💧Part : 11💧

   രിഫാഈ (റ) ഒരേ സമയം രണ്ട് തരം ആഹാര സാധനങ്ങൾ കഴിക്കുമായിരുന്നില്ല. ഭക്ഷണം കഴിച്ചിരുന്നത് തന്നെ വളരെ കുറച്ചായിരുന്നു. കൂടുതൽ ഭക്ഷണം സുഖലോലുപനാക്കി ഉറക്കുമെന്നല്ലാതെ എനിക്കെന്താണ് അതു കൊണ്ട് ഗുണം എന്നാണ് മഹാനവർകൾ ചോദിച്ചിരുന്നത്...

 വയർ നിറച്ചു ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർ എത്രയോ ഗ്രാമങ്ങളിലുണ്ട്. ആ യാഥാർത്ഥ്യങ്ങൾ അറിഞ്ഞു കൊണ്ട് ഞാൻ വയർ നിറച്ച് ഭക്ഷിച്ചാൽ അല്ലാഹു ﷻ എന്നെ ചോദ്യം ചെയ്യും. അല്ലാഹു ﷻ എന്നെ ശിക്ഷിച്ചേക്കും എന്ന് ശൈഖ് (റ) പറയുമായിരുന്നു...

 ഒരു ദിവസം ഭക്ഷണം കൊണ്ടു വന്നപ്പോൾ മഹാനവർകൾ പറഞ്ഞു : ദുനിയാവ് വന്നു. ഭക്ഷണം കഴിക്കുന്നത് ഭൗതിക പ്രേമമാവുമോ..? അപ്പോൾ ശിഷ്യന്മാർക്ക് സംശയം. അല്ലാഹുﷻവിനെ ഓർക്കുന്നതിന് വിഘ്നമാവുന്നതെന്തും ഭൗതിക പ്രേമമാവുമെന്നായിരുന്നു ശൈഖ് (റ) വിന്റെ മറുപടി. ഭക്ഷണം കഴിച്ച പാത്രം അവിടുന്ന് സ്വയം കഴുകുകയും കഴുകിയ വെള്ളം കുടിക്കുകയും ചെയ്യുമായിരുന്നു...
  [ഖിലാദത്ത്]

 ശൈഖ് (റ) വിന്റെ സേവകനായിരുന്ന ഒരു മഹാൻ പറയുന്നു : ഞാൻ ശൈഖ് (റ) വിന് വർഷങ്ങളോളം സേവനം ചെയ്തു. ഇക്കാലയളവിനുള്ളിൽ തന്റെയടുക്കൽ എന്തെങ്കിലും ആവശ്യവുമായി വരുന്ന ആരെയും ശൈഖവർകൾ മടക്കി അയച്ചിരുന്നില്ല. പരിചയമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം സലാം ചൊല്ലിയിരുന്നു. ഞാൻ ചെയ്ത ഒരു പ്രവർത്തനത്തെയും മഹാനവർകൾ ആക്ഷേപിച്ചിട്ടില്ല. ചെയ്ത കാര്യങ്ങളെ കുറിച്ച് നീ എന്തിന് അതു ചെയ്തുവെന്നോ, ചെയ്യാത്തതിനെ കുറിച്ച് നീ എന്തു കൊണ്ട് അങ്ങനെ ചെയ്തില്ല എന്നോ ചോദിച്ചിട്ടില്ല. എന്തെങ്കിലും പ്രശ്നത്തിൽ എന്നെ ശകാരിച്ചിട്ടുമില്ല...
  [ഖിലാദത്ത് : 54]

 തന്റെ ഗ്രാമമായ ഉമ്മു അബീദയിൽ നിന്ന് പുറത്തുപോകുമ്പോൾ കൂടെ ഒരു കയർ കരുതുക ശൈഖവർകളുടെ സ്വഭാവമായിരുന്നു. തിരിച്ചു വരുമ്പോൾ ആ കയറിൽ നിറയെ വിറക് കെട്ടിക്കൊണ്ട് വരികയും തന്റെ നാട്ടിലെ ആശ്രയരഹിതർക്കും വിധവകൾക്കും അത് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. വളരെ പതുക്കെയാണ് ശൈഖ് (റ) സംസാരിച്ചിരുന്നത്. അതും ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം.

 അല്ലാഹുﷻവിലുള്ള ഭയം നിമിത്തം അവർ സദാ ചിന്താധീനനായിരുന്നു. ഇനി കുറഞ്ഞ സമയമേ ബാക്കിയുള്ളൂ ശൈഖ്  (റ) പറയുമായിരുന്നു. നമസ്കാര സമയമായാൽ ഭൗതിക വിഷയങ്ങളുമായി പിന്നെ ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കൽ ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ബാങ്ക് വിളിക്കുന്നത് കേൾക്കാനിടയായി. ഉടനെ ശൈഖ് (റ) പറഞ്ഞു : അല്ലാഹുﷻവിന് നിർവ്വഹിക്കേണ്ട ബാധ്യതയ്ക്ക് സമയമായി. ശരീരത്തിന്റെ ബാധ്യത ഈ പ്രാധാന്യമർഹിക്കുന്നില്ല. നിസ്കാരത്തിൽ നിന്നാൽ അല്ലാഹുﷻവോടുള്ള ഭയഭക്തി മൂലം ശൈഖവർകളുടെ മുഖം നിറം മാറുമായിരുന്നുവെന്ന് ശിഷ്യന്മാർ രേഖപ്പെടുത്തുന്നു. സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞാൽ ളുഹാ വരെ അവിടെ തന്നെയിരുന്ന് കരയുകയും പ്രാർത്ഥിക്കുകയും ചെയ്യും. സൂറത്തുൽ ഫാതിഹ മഹാനവർകൾ ധാരാളമായി ഓതാറുണ്ടായിരുന്നു...
  [ഖിലാദത്ത്]

 ഒരു ദിവസം ശൈഖവർകൾ നടന്നു പോകുന്ന വഴിക്ക് കുറേ കുട്ടികൾ ഇരുന്ന് തർക്കിക്കുന്നത് കണ്ടു. ശൈഖ് (റ) സൗമ്യമായി പ്രശ്നം ആരായുകയും അവരെ പറഞ്ഞ് ശരിയാക്കി വഴക്ക് തീർക്കുകയും ചെയ്തു. അതിൽ ഒരുവനോട് നീ ആരുടെ മകനാണ് എന്ന് ശൈഖ് (റ) ചോദിച്ചു... അത് അറിഞ്ഞത് കൊണ്ട് താങ്കൾക്കെന്ത് കാര്യം എന്നായിരുന്നു അവന്റെ പ്രത്യുത്തരം. ശൈഖ് രിഫാഈ (റ) തങ്ങളെ തിരിച്ചറിയാതെ പറഞ്ഞതാണ് ആ കുട്ടി. ശൈഖവർകൾ ലവലേശം ക്ഷോപിച്ചില്ല. കുഞ്ഞേ, നീ പറഞ്ഞത് ശരിയാണ്. നിനക്ക് അല്ലാഹു ﷻ പ്രതിഫലം നൽകട്ടെ... ശൈഖവർകൾ നടന്നു നീങ്ങി. ഏതൊരു മനുഷ്യനും സ്വാഭാവികമായി പൊട്ടിത്തെറിച്ച് പോവുന്ന ഘട്ടത്തിൽ അക്ഷോഭ്യനായി ആത്മ സംയമനത്തോടെ സംസാരിക്കാൻ മഹാന്മാർക്കേ കഴിയൂ.

 സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയ രോഗികൾക്ക് അവരുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്നാണ് ശൈഖ് (റ) സാന്ത്വനമേകിയിരുന്നത്. കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ വ്യാധികളുമായി ജനങ്ങളാൽ അകറ്റപ്പെട്ടവരെ ആത്മീയ ലോകത്തിന്റെ ആചാര്യൻ ശുശ്രൂഷിക്കുകയും അവരോട് ക്ഷമ ഉപദേശിക്കുകയും ചെയ്തു. ശൈഖ് (റ) തന്നെ അവരുടെ വസ്ത്രം അലക്കി കൊടുക്കുകയും ചെയ്തു.

 ശൈഖ് മൻസ്വൂറുൽ ഖർനൂബി (റ) പറയുന്നു : ശൈഖ് രിഫാഈ (റ) പകൽ ഒരു പ്രാവശ്യവും രാത്രി ഒരു പ്രാവശ്യവും ഖുർആൻ ഓതി തീർക്കുമായിരുന്നു. അവിടുത്തെ ജീവിതകാലം മുഴുവനും പതിവ് ഇതായിരുന്നു...

 സയ്യിദ് ഇമാദുദ്ദീനുസ്സിൻകി (റ) പറയുന്നു : 12 വർഷം ഞാൻ ശൈഖ് (റ) വിന് സേവനം ചെയ്തു. അതിനിടെ ഒരിക്കൽ പോലും അവിടുന്ന് രാത്രി ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല... സ്വൽപ്പമെങ്കിലും ഉറങ്ങിയിരുന്നത് ളുഹാക്ക് ശേഷം ളുഹ്റിന് മുമ്പായിരുന്നു...
  [അർറൗളുന്നളീർ : 32,33]

തുടരും ... 

Comments