അഹ്മദുൽ കബീർ രിഫാഈ (റ) 08, 09
💧Part : 08💧
ശൈഖ് (റ) വിനെ ഖലീഫയാക്കാൻ നിശ്ചയിച്ചതോടെ സഹോദരി പുത്രനേക്കാൾ യോഗ്യത സ്വപുത്രന്മാർക്കാണെന്നും അതിനാൽ ശൈഖ് മൻസ്വൂർ (റ) തങ്ങളുടെ മക്കളിൽ ആരെങ്കിലും ഒരാളെ ഖലീഫയാക്കണമെന്നും കുടുംബത്തിൽ നിന്ന് നിർദ്ദേശമുയർന്നു. ശൈഖ് മൻസ്വൂർ (റ) വിന് അത് സ്വീകാര്യമായില്ല...
കുടുംബാംഗങ്ങൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കാൻ മഹാനവർകൾ തീരുമാനിച്ചു. തന്റെ സന്താനങ്ങളെയും മറ്റു ബന്ധപ്പെട്ടവരെയും ശൈഖ് രിഫാഈ (റ) വിനെയും മഹാനവർകൾ ഒരു ദിവസം വിളിച്ചു കൂട്ടി. ഓരോരുത്തർക്കും ഓരോ കോഴിയും ഓരോ കത്തിയും നൽകാൻ കൽപ്പിച്ചു. എന്നിട്ടു പറഞ്ഞു : ഓരോരുത്തരും തന്റെ കോഴിയെയും കൊണ്ട് ഒരാളുടെയും കണ്ണിൽ പെടാതെ ആരുമില്ലാത്ത പ്രദേശത്ത് പോകണം അവിടെ വെച്ച് കോഴിയെ അറുത്ത് തിരിച്ചു വരിക..! മഹാനവർകളുടെ നിർദ്ദേശം ശിരസാവഹിച്ച് ഓരോരുത്തരും വിജനപ്രദേശം തേടി യാത്രയായി...
എല്ലാവരും അധികം വൈകാതെ അറുത്ത കോഴിയുമായി തിരിച്ചെത്തി. ഒരാളൊഴികെ. അത് രിഫാഈ (റ) വായിരുന്നു. ശൈഖവർകളുടെ കോഴി ജീവനോടെ കയ്യിലുണ്ടായിരുന്നു. നിർദ്ദേശത്തിന് വിരുദ്ധമായി ജീവനുള്ള കോഴിയുമായി വന്ന രിഫാഈ (റ) വിനോട് ശൈഖ് മൻസ്വൂർ (റ) ചോദിച്ചു : ഓ അഹ്മദ്, നീയെന്തേ നിന്റെ കോഴിയെ അറുത്തില്ലേ..? ശൈഖ് രിഫാഈ (റ) ഭവ്യതയോടെ പറഞ്ഞു : സയ്യിദവർകളെ, ആരുമില്ലാത്തിടത്ത് പോയി ഒരാളുടെയും കണ്ണിൽപെടാതെ അറവ് നടത്താനാണല്ലോ അങ്ങ് നിർദ്ദേശിച്ചത്..!
എന്നാൽ, പരമാധികാരിയായ അല്ലാഹുﷻവിന്റെ ദൃഷ്ടിയിൽ നിന്നകന്ന ഒരു സ്ഥലവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അവന്റെ നിതാന്തശ്രദ്ധയും നിരീക്ഷണവുമില്ലാത്ത ഒരു തുണ്ടു ഭൂമി പോലും ഞാൻ കണ്ടില്ല..."
ശക്തമായ ഇലാഹീ ബോധത്തിന്റെയും വ്യക്തി വൈശിഷ്ട്യത്തിന്റെയും നിദർശനമായ ഈ വാക്കുകൾ കേട്ടതോടെ കുടുംബാംഗങ്ങൾക്കും ശൈഖ് രിഫാഈ (റ) വിനെ മനസ്സിലായി. ശൈഖ് മൻസ്വൂർ (റ) കുടുംബക്കാരോട് പറഞ്ഞു : അല്ലാഹു ﷻ അവന്റെ അഭീഷ്ടക്കാരെ ഇഷ്ടപ്പെടുന്നു. നിങ്ങൾ നിങ്ങളുടെയും...
ഇതേ ആവശ്യാർത്ഥം തന്നെ മറ്റൊരു വേളയിൽ ശൈഖ് മൻസ്വൂർ (റ) മേൽ സംഭവത്തിലെ വ്യക്തികളെയെല്ലാം ഒന്നു കൂടി വിളിച്ചു കൂട്ടി. ഓരോരുത്തർക്കും ഓരോ കത്തി നൽകി അൽപം ചെടികൾ മുറിച്ചു കൊണ്ടുവരാൻ നിർദ്ദേശിച്ചു...!! എല്ലാവരും തോട്ടത്തിലേക്ക് ചെന്നു. ശൈഖവർകളുടെ സന്താനങ്ങൾ ചെടിത്തലപ്പുകളുമായും ശൈഖ് രിഫാഈ (റ) വെറുംകയ്യോടെയുമാണ് വന്നത്. ശൈഖ് മൻസ്വൂർ (റ) സഹോദരീ പുത്രനോട് വിശദീകരണം ആവശ്യപ്പെട്ടു. ഞാൻ മുറിക്കാൻ ചെല്ലുമ്പോഴെല്ലാം ചെടികൾ തസ്ബീഹ് ചൊല്ലി കൊണ്ടിരിക്കുകയാണ്. തസ്ബീഹീനോടുള്ള ആദരവു നിമിത്തമാണ് ഞാൻ ചെടി മുറിക്കാതിരുന്നത് എന്നായിരുന്നു രിഫാഈ (റ) വിന്റെ മറുപടി...
മറ്റൊരിക്കൽ ശൈഖ് മൻസ്വൂർ (റ) തന്റെ മകനെയും ശൈഖ് രിഫാഈ (റ) വിനെയും മത്സ്യം പിടിക്കാൻ പറഞ്ഞയച്ചു. ശൈഖവർകളുടെ മകൻ മത്സ്യവുമായി വന്നപ്പോൾ ശൈഖ് രിഫാഈ (റ) വന്നത് വെറും കയ്യോടെയായിരുന്നു. എന്തുകൊണ്ട് നീ മത്സ്യം പിടിച്ചില്ല..! എന്ന ശൈഖ് (റ) വിന്റെ ചോദ്യത്തിന് ഞാൻ അവയെ പിടിക്കാർ ഒരുങ്ങുമ്പോഴെല്ലാം അവ ദിക്ർ ചൊല്ലുന്നതായി കണ്ടു എന്നായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെ മറുപടി. ഇത്രയും മതിയായിരുന്നു ശൈഖ് മൻസ്വൂർ (റ) വിന്റെ കുടുംബങ്ങൾക്ക് കാര്യം മനസ്സിലാക്കാൻ...
അല്ലാഹുﷻവിന്റെ പരിഗണന ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ (റ) വിനാണ് കൂടുതൽ ലഭിച്ചിരിക്കുന്നതെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താൻ ശൈഖ് മൻസ്വൂർ (റ) നടത്തിയ മേൽ പരീക്ഷണങ്ങൾക്ക് കഴിഞ്ഞു. അങ്ങനെ ശൈഖ് മൻസ്വൂർ (റ) വിന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടവരെല്ലാം അംഗീകരിക്കുകയും ചെയ്തു...
[ഖിലാദത്തുൽ ജവാഹിർ, റൗളുന്നളീർ : 22,23,24,25]
👑 സുൽത്താനുൽ 👑
*🍃 ആരിഫീൻ 🍃*
*🌸 അഹ്മദുൽ കബീർ 🌸*
*💎 രിഫാഈ (റ) ചരിത്രം 💎*
❂•••••••••••••••••••••••••••••••••••••••❂
💧Part : 09💧
📌 കുടുംബം...
ഉത്തരവാദിത്വ ബോധവും ക്ഷമാശീലവും നന്നായി ഉള്ള ആ സ്നേഹ സമ്പന്നന് ആത്മീയ ജീവിതം ഭർതൃപദവിക്ക് തടസ്സമായി തോന്നിയിരുന്നില്ല. ഭൗതിക മേഖലകളിൽ നിന്നകന്ന് കഴിഞ്ഞിട്ട് കൂടി ക്ഷമിക്കേണ്ടിടത്ത് ക്ഷമിച്ചും കരുണ വേണ്ടിടത്ത് കരുണ കാണിച്ചും സ്നേഹം പകരേണ്ടിടത്ത് സ്നേഹം പകർന്നും ശൈഖ് രിഫാഈ (റ) അവരെ നേരിലൂടെ മുന്നോട്ട് കൊണ്ടു പോയി. അവിടുത്തെ സന്താന പരമ്പര വെളിച്ചം കാണിച്ചു കൊടുത്ത മഹാന്മാരുടേതായിരുന്നു...
ശൈഖ് രിഫാഈ (റ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ശൈഖായ അബൂ ബക്കർ വാസിത്വി (റ) വിന്റെ മകളായ ഖദീജ അൻസ്വാരിയ്യ (റ) യെയാണ്. ആ ബന്ധത്തിൽ സയ്യിദത്ത് ഫാത്വിമ (റ), സയ്യിദത്ത് സൈനബ് (റ) എന്നീ പുത്രിമാർ ജനിച്ചു. നീണ്ട കാലത്തെ ദാമ്പത്യജീവിതത്തിനു അന്ത്യം കുറിച്ചു കൊണ്ട് ഹിജ്‌റ : 553 ൽ പ്രസ്തുത ഭാര്യ പരലോകം പുൽകി. അതിനു ശേഷം അവരുടെ സഹോദരിയായ സയ്യിദ റാബിഅ (റ) യെ ശൈഖവർകൾ കല്യാണം കഴിച്ചു. അവർ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ എന്ന പുത്രന് ജന്മം നൽകി. ഹിജ്റ 612 ലാണ് അവർ ഇഹലോക വാസം വെടിഞ്ഞത്...
പിതാവിന്റെ മാർഗ്ഗേ തന്നെയായിരുന്നു സയ്യിദ് ഖുത്വുബുദ്ദീൻ (റ) വിന്റെയും ചലനം. ചെറുപ്പത്തിൽ തന്നെ ഖുർആൻ ഹൃദിസ്ഥമാക്കി. ഖുർആനു ശേഷം കർമശാസ്ത്രവും പഠിച്ചു. ബഹുമാനപ്പെട്ടവർ ഭംഗിയുറ്റ കൈയെഴുത്തിന്റെ ഉടമയായിരുന്നു. ധർമ്മിഷ്ഠനും സൽസ്വഭാവിയുമായിരുന്നു. തന്റെ പിതാവിന്റെ സാന്നിധ്യത്തിൽ ഇമാം നിൽക്കുകയും പീഠത്തിൽ കയറി പ്രസംഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മഹാനവർകൾക്ക് അധിക കാലം ജീവിച്ചിരിക്കാൻ വിധിയുണ്ടായിരുന്നില്ല. പിതാവിന്റെ ജീവിത കാലത്ത് തന്നെ സയ്യിദ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ) മരണപ്പെട്ടു പോയി...
മഹാനവർകൾ മരിക്കുന്നതിന് മുമ്പായി ശൈഖ് രിഫാഈ (റ) ശിഷ്യന്മാരോട് പറഞ്ഞു : സഹോദരങ്ങളെ, എന്റെ മകൻ സ്വാലിഹ് മരണപ്പെട്ടിരിക്കുന്നു. നിരവധി തവണ ഇതു തന്നെ ആവർത്തിച്ച ശൈഖവർകൾ ഇത് പറയുമ്പോഴെല്ലാം വിതുമ്പികൊണ്ടിരുന്നു. ശൈഖ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ) വിന്റെ വഫാതിന് ശേഷം രിഫാഈ (റ) തങ്ങൾ പറഞ്ഞു : ശൈഖ് അസ്സാസ്സിന്റെയും ശൈഖ് മഹ്ബൂബിന്റെയും പദവിയെത്തിച്ചാണ് എന്റെ മകൻ പിരിഞ്ഞു പോയത്. പിതാമഹനായ ശൈഖ് യഹ് യന്നജ്ജാരി (റ) വിന്റെ ഖുബ്ബയിൽ തന്നെയാണ് ശൈഖ് സ്വാലിഹ് ഖുത്വുബുദ്ദീൻ (റ) വിനെയും ബബറടക്കിയത്. മഹാനവർകളുടെ ദറജ അല്ലാഹു ﷻ ഉയർത്തി കൊടുക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ☝🏼
സയ്യിദ് ഖുത്വുബുദ്ദീൻ (റ) വിന് പുറമെ സയ്യിദ് ഖാസിം, സയ്യിദ് ഇബ്റാഹീം, സയ്യിദ് അബ്ദുൽ മുഹ്സിൻ (റ) തുടങ്ങി ചില ആൺകുട്ടികളെ കൂടി ചില ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. പക്ഷെ അവർ ഏതു ഭാര്യയുടെ മക്കൾ എന്ന് വ്യക്തമല്ല. ഏതായാലും ശൈഖ് (റ) വിന്റെ ആൺകുട്ടികൾ അവിടുത്തെ ജീവിത കാലത്ത് വഫാതായിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്...
[അൽ മജാലിലിസുർരിഫാഇയ്യ : 28, തദ്കിറ]
ശൈഖ് രിഫാഈ (റ) വിന്റെ മകളായ സൈനബ് എന്നവരെ ശൈഖ് (റ) തന്റെ സഹോദരീ പുത്രനായ സയ്യിദ് അബ്ദുറഹീം ബ്നു ഉസ്മാൻ (റ) വിന് വിവാഹം ചെയ്തു കൊടുത്തു. അവർക്ക് 6 ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു. സയ്യിദ് ശംസുദ്ദീൻ മുഹമ്മദ്, ഖുത്വുബുദ്ദീൻ അഹ്മദ്, അബുൽ ഹസൻ അലി, ഇസ്സുദ്ദീൻ അഹ്മദ്, അബ്ദുൽ ഹസൻ അബ്ദുൽ മുഹ്സിൻ, അഹ്മദ് സ്വയാദ്, സയ്യിദത്ത് ആഇശ, സയ്യിദത്ത് ഫാത്വിമ (റ) എന്നിവരായിരുന്നു അവർ...
ശൈഖ് തങ്ങളുടെ മറ്റൊരു മകളായ സയ്യിദത്ത് ഫാത്വിമ (റ) എന്നവരെ സഹോദരീ പുത്രൻ തന്നെയായ സയ്യിദ് അലി ബ്നു ഉസ്മാൻ (റ) വിവാഹം ചെയ്തു. ആ ബന്ധത്തിൽ പിറന്ന മക്കളാണ് ശൈഖ് മുഹ് യിദ്ദീൻ അൽ അഅ്സബ്, സയ്യിദ് നജ്മുദ്ദീൻ (റ) എന്നിവർ...
ശൈഖ് (റ) വിന്റെ പേരമക്കളെല്ലാവരും വലിയ്യുകളായിരുന്നു. തന്റെ പെൺകുട്ടികളുടെ സന്താന പരമ്പരകളിലൂടെയാണ് ശൈഖവർകളുടെ ത്വരീഖത്ത് കടന്നു വന്നത്. ഇറാഖിലും ഈജിപ്തിലും സിറിയയിലുമെല്ലാം ആ പരമ്പര വ്യാപിച്ചിരുന്നു. അവരുടെ പേരുകളും വിവരണങ്ങളും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അവർ വഴി തന്നെ നമ്മുടെ രാജ്യത്തും ഈ വിശുദ്ധ സരണി എത്തിച്ചേർന്നു...
തുടരും ...
Comments
Post a Comment