അബൂദര്‍റില്‍ഗിഫാരി() 07, 08, 09, 10


         🗳ഭാഗം - 07🗳
❂••••••••••••••••••••••••••••❂
       സംസ്കാരശൂന്യരും കൊള്ളക്കാരും പിടിച്ചുപറിക്കാരുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ജനാവലി അപ്പാടെ ഇസ്‌ലാമിലേക്ക് വന്നിരിക്കുന്നു. പഴയ ജീവിതമാര്‍ഗങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു. കല്ലില്‍ കൊത്തിയ ബിംബങ്ങള്‍ പൊട്ടിത്തകര്‍ന്നു.

   തൗഹീദിന്‍റെ പ്രകാശം തട്ടിയ ഖല്‍ബുകള്‍. ഇസ്‌ലാമിന്‍റെ പാതയിലാണ് ഇനിയുള്ള യാത്ര. ആത്മാവും ശരീരവും അവര്‍ ദീനിന് ദാനമാക്കി.

     പിന്നീടുള്ള ദിനങ്ങള്‍ ത്യാഗനിര്‍ഭരമായിരുന്നു.

   ഇസ്‌ലാമിക ജീവിതം കെട്ടിപ്പടുക്കാനുള്ള തീവ്രയത്നം. ഇസ്‌ലാമിക സമൂഹത്തിന്‍റെ നിര്‍മാണം. ഇസ്‌ലാമിക ഭരണകൂടം പണിയാനുള്ള ശ്രമം.

   ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ എണ്ണമറ്റ പ്രതിബന്ധങ്ങള്‍, അവ തരണം ചെയ്യാനുള്ള സാഹസികത.

   മക്കയില്‍ നിന്നും ഖുറൈശികളുടെ വെല്ലുവിളി. യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍. പരീക്ഷണത്തിന്‍റെ നാളുകള്‍. എതിര്‍പ്പിന്‍റെ വിളികള്‍.

  ഉഗ്രപരീക്ഷണങ്ങളുടെ നാളുകളില്‍ ഗിഫാര്‍ ഗോത്രം നബി(ﷺ)യുടെ പിന്നില്‍ ഉറച്ചുനിന്നു. അവര്‍ വിശ്വസ്തരായ അനുയായികളായിരുന്നു. ധീരയോദ്ധാക്കളായിരുന്നു. പ്രതിബന്ധങ്ങളുടെ മുമ്പില്‍ പതറാത്ത പട്ടാളം.

   വീരേതിഹാസങ്ങള്‍ സൃഷ്ടിച്ച ബദര്‍, രക്തപങ്കിലമായ ഉഹ്ദ്. അങ്ങനെ, എത്രയെത്ര പോര്‍ക്കളങ്ങളില്‍ അവര്‍ കയറിയിറങ്ങി!

   സന്തോഷവും സന്താപവും ഇടകലര്‍ന്ന ജീവിതയാത്ര.

    അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വിന്‍റെ വ്യക്തിത്വം എവിടെയും ഒറ്റപ്പെട്ടുനില്‍ക്കും.

   ഇസ്‌ലാം ആശ്ലോഷിച്ചപ്പോള്‍ കഅ്ബാലയത്തില്‍ ചെന്ന്‍ അത് പ്രഖ്യാപിച്ച ധീരകേസരിയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?

   രണ്ട് ഗോത്രങ്ങളെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നേതാവിനെ എങ്ങനെയാണ് വിസ്മരിക്കാനാവുക?

   ഐഹിക സുഖങ്ങള്‍ വലിച്ചെറിഞ്ഞ്, പരമാവധി ലളിതമായി ജീവിച്ച ആ മതഭക്തന്‍റെ സേവനങ്ങള്‍ അവിസ്മരണീയം തന്നെ.

   ലോകാനുഗ്രഹിയായ തിരുമേനി(ﷺ) ആ മുഖത്തേക്ക് ഉറ്റുനോക്കി. അനുഗൃഹീതമായ നാക്കിന്‍തുമ്പില്‍ നിന്ന്‍ വാക്കുകള്‍ ഒഴുകിവന്നു:

     ‘അബൂദര്‍റ്, നീ ഏകാകിയായി സഞ്ചരിക്കും. ഏകാകിയായി മരിക്കും. ഏകാകിയായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും’.

  വിദൂരഭാവിയിലേക്കുള്ള ചൂണ്ടുപലക!

    ജീവിതനടപ്പാതയിലെ ഏകാന്തയാത്ര! വിജനതീരത്തെവിടെയോ മറഞ്ഞിരിക്കുന്ന അന്ത്യനിമിഷങ്ങള്‍! ഭാവിയുടെ അനന്തതയില്‍ അവ്യക്തതയുടെ മൂടല്‍മഞ്ഞ്........

     കാലത്തിന്‍റെ പ്രവാഹത്തിന് തടസ്സമില്ല. സംഭവപരമ്പരകളിലൂടെ കാലം ഒഴുകുന്നു. മദീനയില്‍ ഇസ്‌ലാമിന്‍റെ ശക്തി വര്‍ദ്ധിച്ചു. തിരുനബി(ﷺ) ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. മുസ്‌ലിംകളുടെ എണ്ണം വര്‍ദ്ധിച്ചു.

   സാമൂഹ്യജീവിതത്തിന് ശക്തമായ അടിത്തറയായി. ഭരണകൂടം സ്ഥാപിക്കപ്പെട്ടു. കെട്ടുറപ്പുള്ള ഭരണം.

   മുസ്‌ലിംകള്‍ മക്കയിലേക്കു നീങ്ങി.

    മുഹാജിറുകളുടെ മനസ്സില്‍ ആനന്ദം. പിറന്ന മണ്ണിലേക്കുള്ള മടക്കമാണ്.

   തക്ബീര്‍ ധ്വനികളുയര്‍ന്നു. മക്കയുടെ അതിര്‍ത്തിയില്‍ റസൂല്‍ തിരുമേനി(ﷺ)യുടെ വദനം പ്രത്യക്ഷപ്പെട്ടു. അനുയായികളുടെ നിലക്കാത്ത പ്രവാഹം.

   ശത്രുവിന്‍റെ കോട്ടകള്‍ വിറച്ചു. ശിര്‍ക്കിന്‍റെ കേന്ദ്രങ്ങള്‍ പ്രകമ്പിതമായി.

  കഅ്ബാലയത്തിലെ ബിംബങ്ങള്‍ തകര്‍ന്നുവീണു. വിശുദ്ധിയുടെ നാളുകള്‍ വന്നു.

   മക്കാനഗരം ഇസ്ലാമിന്‍റെ കൊടിക്കൂറയ്ക്കു കീഴിലായി. ശിര്‍ക്കിന്‍റെ വേരുകള്‍ പിഴുതെറിയപ്പെട്ടു. തൗഹീദിന്‍റെ പ്രകാശം പരന്നു.

   പ്രവാചകദൗത്യം അവസാനിക്കുകയാണ്. ഇസ്‌ലാം മതം പൂര്‍ത്തീകരിക്കപ്പെട്ടതായി അള്ളാഹു അറിയിച്ചു.

   വീണ്ടും മദീനയിലെത്തി. അന്ത്യനാളുകള്‍ സമാഗതമാവുകയാണ്. റസൂല്‍ തിരുമേനി(ﷺ)ക്ക് അസുഖം ബാധിച്ചു. മുസ്‌ലിം ഹൃദയങ്ങളില്‍ അമ്പരപ്പ്.

   ഉല്‍ക്കണ്ഠ നിറഞ്ഞ നാളുകള്‍!

     മദീനാപള്ളിയുടെ ചുമരുകള്‍ പ്രകമ്പനം കൊണ്ടു. ഒരു കാലഘട്ടം അവസാനിക്കുകയാണ്.

   അബൂബകര്‍(رضي الله عنه) നമസ്കാരത്തിന് നേതൃത്വം നല്‍കി.

  കാലം നടുങ്ങി. പ്രപഞ്ചം തേങ്ങി. ഞെട്ടിത്തെറിപ്പിക്കുന്ന വാര്‍ത്ത കേട്ടു. നബി(ﷺ) വഫാത്തായിരിക്കുന്നു.....

   അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) ആ സത്യത്തിനു മുമ്പില്‍ നിശ്ചലനായി നിന്നു. ഗിഫാര്‍ ഗോത്രം ദുഃഖത്തിലമര്‍ന്നു.

  മുസ്‌ലിം സമൂഹത്തെ ഇനി ആര് നയിക്കും? സ്വഹാബികള്‍ ആ ചോദ്യത്തിനു മുമ്പില്‍ അമ്പരന്നു.

   ആളിപ്പടര്‍ന്ന വെപ്രാളം അടങ്ങി. ശാന്തതയുടെ കുളിര്‍തെന്നല്‍ വീശി. അബൂബകര്‍ സ്വിദ്ദീഖ്(رضي الله عنه) ഒന്നാം ഖലീഫയായി സ്ഥാനമേറ്റു.

   അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) എല്ലാറ്റിനും സാക്ഷ്യം വഹിച്ചു. പ്രവാചകനോടൊപ്പം ചെലവിട്ട ദിവസങ്ങളെക്കുറിച്ചോര്‍ക്കുകയായിരുന്നു ആ സ്വഹാബിവര്യന്‍.

   ആള്‍ക്കൂട്ടത്തിലും ഏകാന്തത അനുഭവപ്പെട്ടു. തിരുനബി (ﷺ) യെക്കുറിച്ചുള്ള ഓര്‍മകളില്‍ ജീവിച്ചു. ആ സുന്ദരവദനം കാണുന്നു, ആ വചനങ്ങള്‍ കേള്‍ക്കുന്നു.

   മനസ്സില്‍ ആ രൂപം മാത്രം. മറ്റൊന്നും ചിന്തിക്കാനാവുന്നില്ല. ഐഹിക ചിന്തകളില്ല. ഐഹിക നേട്ടങ്ങളില്‍ നോട്ടമില്ല.
__________________________
 

            🗳ഭാഗം - 08🗳
❂••••••••••••••••••••••••••••❂
     ഒന്നാം ഖലീഫയുടെ നാളുകള്‍ tപ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു. സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചവര്‍ ഒരു ഭാഗത്ത്, കള്ളപ്രവാചകന്മാര്‍ മറ്റൊരു ഭാഗത്ത്, ഭരണപരമായ മറ്റെന്തെല്ലാം പ്രശ്നങ്ങള്‍!

   കള്ളപ്രവാചകന്മാര്‍ക്കെതിരെ ഉരുക്കുമുഷ്ടിയുമായി നീങ്ങുന്ന ഖലീഫയെ അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) നോക്കിനിന്നു. ഖലീഫയുടെ മാര്‍ഗം സുഗമമാക്കാന്‍ ആ സ്വഹാബിവര്യന്‍ ശ്രമിച്ചു.

   യുദ്ധങ്ങളുടെ തീനാളങ്ങള്‍ തിളങ്ങി. ആ തീനാളങ്ങളില്‍ കള്ളപ്രവാചകന്മാരുടെ പൊള്ളവാദങ്ങള്‍ ചാമ്പലായി.

   സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ ഖലീഫ യുദ്ധം പ്രഖ്യാപിച്ചു. ഒടുവില്‍ യുദ്ധമില്ലാതെതന്നെ അവര്‍ പത്തി മടക്കി. ശാന്തമായ അന്തരീക്ഷം വന്നു....

   ഖലീഫയുടെ നാളുകള്‍ അവസാനിച്ചു. അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) നെടുവീര്‍പ്പിട്ടു.

      പുതിയ ഖിലാഫത്തിന്‍റെ പിറവി കണ്ടു. ധീരനായ ഉമറുല്‍ഫാറൂഖ് (رضي الله عنه) അധികാരത്തില്‍ വന്നിരിക്കുകയാണ്. പുരോഗതിയുടെ കാലഘട്ടം പിറന്നു. ഭരണരംഗത്ത് മാറ്റങ്ങള്‍ സംജാതമായി. ഇസ്‌ലാമിക ഭരണകൂടം കൂടുതല്‍ ശക്തി നേടി. മുസ്‌ലിം പ്രദേശങ്ങള്‍ വികസിച്ചു.

   ഉന്നത ഉദ്യോഗസ്ഥന്മാരുടെ എണ്ണം ഏറെ വര്‍ധിച്ചു. ഭരണം കാര്യക്ഷമമാക്കാന്‍ വളരെയധികം യത്നിക്കേണ്ടിവന്നു.

   ഖലീഫയുടെ പേരുകേട്ട് ശത്രുക്കള്‍ നടുങ്ങി. കിസ്റായും കൈസറും ഞെട്ടിവിറച്ചു.

   മദീനയിലെത്തിയ വിദേശദൗത്യസംഘങ്ങള്‍ ഖലീഫയുടെ കൊട്ടാരം തേടി നടന്നു. അംബരചുംബിയായ കൊട്ടാരം കണ്ടില്ല.

   ഖലീഫയുടെ സിംഹാസനം അന്വേഷിച്ചലഞ്ഞു. എവിടെയും ഒരു സിംഹാസനമില്ലായിരുന്നു. അന്തപുരങ്ങളുമില്ല.

   വൃക്ഷത്തണലില്‍ കൈത്തലം തലയിണയാക്കി കൂര്‍ക്കം വലിച്ചുറങ്ങുന്ന ഖലീഫയെ അവര്‍ കണ്ടെത്തി. അംഗരക്ഷകരില്ല. കൂറ്റന്‍ കോട്ടകളില്ല.

    അള്ളാഹു അനുഗ്രഹിച്ച അവന്‍റെ അടിമയെ ലോകം ഭയന്നു.

   ഖലീഫയുടെ ഭരണം ലോകം പ്രശംസിച്ചു.

  പ്രസിദ്ധിയുടെ പടവുകളില്‍ നില്‍ക്കുമ്പോള്‍ ശത്രുവിന്‍റെ കഠാരി ആ ശരീരത്തില്‍ ആഴ്ന്നിറങ്ങി. രണ്ടാം ഖലീഫ അന്ത്യശ്വാസം വലിച്ചു.....

     അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) ഞെട്ടി!

   ഉസ്മാനുബ്നു അഫ്ഫാന്‍(رضي الله عنه) മൂന്നാം ഖലീഫയായി അധികാരമേറ്റു. വിശാലമായ മുസ്‌ലിം സ്റ്റേറ്റ്. നിരവധി ഉദ്യോഗസ്ഥന്മാര്‍. വാര്‍ധക്യത്തിലേക്ക് നീങ്ങിയ ഖലീഫ. ജനക്ഷേമപരമായ കാര്യങ്ങളുമായി ഖലീഫ മുന്നോട്ടു നീങ്ങി.

    പല ഭാഗത്തും സമ്പത്ത് കുന്നുകൂടുന്നത് അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) കണ്ടു. സമ്പത്ത് മനുഷ്യനെ വഞ്ചിക്കും, ദുന്‍യാവിന്‍റെ വഞ്ചന ഭയാനകമാണ്. ആ സ്വഹാബിവര്യന്‍ മുന്നറിയിപ്പു നല്‍കി.

   നബി(ﷺ)യുടെ ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുക. ഐഹിക ജീവിതത്തിന്‍റെ മായാവലയില്‍ പെട്ടുപോകരുത്. ആഡംബരങ്ങള്‍ കൈയൊഴിയണം. ലളിത ജീവിതം നയിക്കുക, ആ സ്വഹാബിവര്യന്‍ ആഹ്വാനം ചെയ്തു.

   പല ഭാഗങ്ങളില്‍ സഞ്ചരിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്ന്‍ സംസാരിച്ചു.

   സ്വഹാബിവര്യന്‍ ശാമിലെത്തി. ജനങ്ങള്‍ ആ പുണ്യാത്മാവിനെ പൊതിഞ്ഞു. ആ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ ആകാംക്ഷയോടെ കാത്തുനിന്നു. ഭരണാധികാരികള്‍ ആ രംഗം ഗൗരവത്തോടെ വീക്ഷിച്ചു.....
Mmm
     കാലത്തിന്‍റെ മാറ്റം കണ്ട നയനങ്ങള്‍ ജ്വലിച്ചു.

   ദുന്‍യാവിന്‍റെ വഞ്ചനയില്‍ പെട്ട മനുഷ്യര്‍, മുസ്‌ലിം ജീവിതത്തില്‍ ആഡംബരങ്ങള്‍, ലളിത ജീവിതം മറക്കുന്ന ഉദ്യോഗസ്ഥന്മാര്‍, വലിയ ഭവനങ്ങള്‍ ഉയര്‍ന്നു. അലങ്കാരങ്ങള്‍ വര്‍ധിച്ചു. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും മാറ്റങ്ങള്‍.

   ആഡംബരപ്രിയന്മാര്‍ക്കെതിരില്‍ അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വിന്‍റെ ഗര്‍ജ്ജനങ്ങള്‍!

   ആ ശബ്ദം ജനം തിരിച്ചറിഞ്ഞു. അതവരെ ആകര്‍ഷിച്ചു. പ്രവാചക മിത്രത്തിന്‍റെ ശബ്ദം. സാധാരണക്കാര്‍ക്കിടയില്‍ സ്വഹാബിവര്യന് സ്വാധീനം വര്‍ദ്ധിച്ചു.

   “റസൂല്‍(ﷺ) എങ്ങനെ ജീവിച്ചു? എത്ര ലളിതമായിരുന്നു ആ ജീവിതം!” സ്വഹാബിവര്യന്‍റെ ചോദ്യം ജനം കാതോര്‍ത്തിരുന്നു.

   ‘പരലോക വിജയമാണ് നമ്മുടെ ലക്ഷ്യം. നിസ്വാര്‍ത്ഥമായ ജീവിതം നയിക്കുക!’ ഡമസ്കസ് നഗരം കോരിത്തരിച്ചു.

   പ്രവാചകമിത്രത്തിന് വരവേല്‍പ്പ്. ജനം ആര്‍ത്തിരമ്പിവരുന്നു.

  ‘ഉദ്യോഗസ്ഥന്മാര്‍ ജനങ്ങളുടെ ദാസന്മാരാണ്. ഗവര്‍ണര്‍മാര്‍ ലളിതജീവിതം നയിച്ചു പൊതുജനങ്ങള്‍ക്ക് മാതൃക കാണിക്കണം. പട്ടാളമേധാവികള്‍ ധിക്കാരം കാണിക്കരുത്. നഗരത്തെ പ്രകമ്പനം കൊള്ളിച്ച വാക്കുകള്‍.

    മുആവിയ (رضي الله عنه)വും അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വും തമ്മില്‍ വാഗ്വാദം നടന്നു. ആ വാദമുഖങ്ങള്‍ ജനം അറിഞ്ഞു. ആദര്‍ശ രംഗത്ത് കൊടുങ്കാറ്റിന്‍റെ ലക്ഷണങ്ങള്‍ തെളിഞ്ഞു.

   മുആവിയ (رضي الله عنه) മദീനയിലേക്ക് കത്തെഴുതി: ‘വിപ്ലവത്തിന്‍റെ തീപ്പൊരി വിതറാന്‍ സാധ്യതയുണ്ട്. അബൂദര്‍റിനെ തിരിച്ചുവിളിക്കണം’.

   ഖലീഫയുടെ നിര്‍ദ്ദേശം വന്നു: ‘അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) ശാമില്‍ നിന്ന്‍ മദീനയിലെത്തണം’.

   ദമസ്കസിലെ വമ്പിച്ച ജനാവലി ആ സ്വഹാബിവര്യന് ഹൃദ്യമായ യാത്രയയപ്പു നല്‍കി.

   സ്വഹാബിവര്യന്‍ മദീനയിലെത്തി. ഖലീഫ ഹൃദ്യമായ സ്വീകരണം നല്‍കി.

  “താങ്കള്‍ മദീനയില്‍ എന്‍റെ സമീപത്തുതന്നെ താമസിക്കണം. വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാം”.

   സ്വഹാബിവര്യന്‍റെ പ്രതികരണം പെട്ടെന്നായിരുന്നു: ‘നിങ്ങളുടെ ദുന്‍യാവ് എനിക്കു വേണ്ട’.

   ആ വ്യക്തിത്വത്തിനു മുമ്പില്‍ എല്ലാവരും മുട്ടുമടക്കി.

   ‘റബ്ദയില്‍ പോയി താമസിക്കാന്‍ എന്നെ അനുവദിക്കുമോ?’ സ്വഹാബിവര്യന്‍റെ അപേക്ഷ ഖലീഫ അംഗീകരിച്ചു.....
__________________________


          🗳ഭാഗം - 09🗳
❂••••••••••••••••••••••••••••❂
    റബ്ദയില്‍ താമസം തുടങ്ങി, നിരവധിയാളുകള്‍ ആ തിരുസന്നിധിയിലേക്ക് പ്രവഹിച്ചു. ഉപദേശം തേടിയെത്തുന്നവര്‍...

   കൂഫയില്‍ നിന്ന്‍ കുറെയാളുകളെത്തി. സഹായാഭ്യര്‍ത്ഥനയുമായി വന്നിരിക്കയാണവര്‍.

   ‘കൂഫക്കാര്‍ ഖലീഫക്കെതിരില്‍ വിപ്ലവത്തിനൊരുങ്ങിനില്‍ക്കുകയാണ്. അങ്ങ് ഞങ്ങള്‍ക്ക് നേതൃത്വം നല്‍കണം’.

     അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വിന്‍റെ മുഖം ചെമന്നുതുടുത്തു. കോപം സിരകളില്‍ അരിച്ചുകയറി. വികാരാവേശത്തോടെ സംസാരിക്കാന്‍ തുടങ്ങി: “നിങ്ങളെന്തു പറഞ്ഞു? ഖലീഫക്കെതിരില്‍ വിപ്ലവം നടത്തുമെന്നോ? ഞാനതിന് നേതൃത്വം നല്‍കണമെന്നോ? നിങ്ങളൊരു കാര്യം മനസ്സിലാക്കണം, മുസ്‌ലിംകളുടെ ഖലീഫയോട് കൂറ് പുലര്‍ത്തുന്ന വിനീത ദാസനാണ്‌ ഞാന്‍”.

    ശബ്ദം ഉയര്‍ന്നു, വാക്കുകള്‍ തുടര്‍ന്നു; “മലയുടെ മുകളിലോ മരത്തിലോ കൊമ്പിലോ ക്രൂശിക്കപ്പെടുകയാണെങ്കില്‍ പോലും ഞാന്‍ ഖലീഫയെ അനുസരിക്കും. ഒരു ചക്രവാളത്തില്‍ നിന്ന്‍ മറ്റേ ചക്രവാളത്തിലേക്ക് നടക്കാന്‍ പറഞ്ഞാല്‍ അതും ക്ഷമയോടെ അനുസരിക്കും. വീട്ടുതടങ്കലില്‍ വെച്ചാല്‍ ഞാനത് സഹിക്കും”.

   കൂഫയില്‍ നിന്ന്‍ വന്നവര്‍ നടുങ്ങിപ്പോയി. സ്വഹാബിവര്യന്‍റെ ജനസ്വാധീനം രാഷ്ട്രീയ മുതലെടുപ്പിനുപയോഗപ്പെടുത്താന്‍ ശ്രമിച്ചവര്‍ നിരാശരായി മടങ്ങി.

   ഖലീഫയോട് നിഷ്കളങ്കമായ കൂറും വിശ്വസ്തതയും പുലര്‍ത്തി. എന്നാല്‍ ഐഹികമായ നേട്ടങ്ങളൊന്നും കൈവരിച്ചുമില്ല.

   പ്രലോഭനങ്ങളുമായി വന്നവരെയെല്ലാം വിരട്ടിയോടിച്ചു.

  ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പു നല്‍കി:

     ‘ഭരണം ഒരു ഭാരം തന്നെയാണ്. അതിന്‍റെ ബാധ്യതകള്‍ ശരിയായി നിര്‍വഹിക്കണം. അല്ലെങ്കില്‍ അന്ത്യനാളില്‍ അത് ശാപമായി മാറും’.

    ഔദ്യോഗിക പദവികളും ആഡംബരങ്ങളും ഇഷ്ടപ്പെടാത്ത അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) ദരിദ്രനായിത്തന്നെ ജീവിച്ചു. വയറു നിറയെ ആഹാരം കഴിക്കാനോ നല്ല വസ്ത്രങ്ങള്‍ ധരിക്കാനോ നല്ല ഭവനത്തില്‍ താമസിക്കാനോ ആ സ്വഹാബിവര്യന്‍ ശ്രമിച്ചില്ല.

   വര്‍ഷങ്ങള്‍ പലതും കടന്നുപോയെങ്കിലും നബി(ﷺ)യോടൊപ്പമുള്ള ജീവിതം അതേ രീതിയില്‍ തുടരാനാഗ്രഹിച്ചു. പ്രവാചക സ്മരണകള്‍ നിറഞ്ഞ മനസ്സുമായി നാളുകള്‍ കഴിച്ചു.

   ജനത്തിരക്കിനിടയില്‍ ആ മഹാന്‍ ഒറ്റപ്പെട്ടുനിന്നു.

  സത്യത്തിനു വേണ്ടി ധീരമായി ശബ്ദിച്ചു. ആ പാദങ്ങള്‍ ഒരിക്കലും പതറിയില്ല. ആ വാക്കുകള്‍ എന്നും ദൃഢമായിരുന്നു........

     അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) നടന്നുവരികയാണ്. വളരെ പഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. നേരെ മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നു. ഒരു സ്നേഹിതന്‍.

 സ്നേഹിതന്‍റെ മുഖം മങ്ങി, ആ കണ്ണുകള്‍ സ്വഹാബിവര്യന്‍റെ പഴകിയ വസ്ത്രങ്ങളില്‍ ഒഴുകിനടന്നു. ദുഃഖം കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ‘ഇത്ര പഴകിയ ഉടുപ്പാണോ ധരിക്കുന്നത്? നല്ലതൊന്നുമില്ലേ?’

     ‘ഇതു മതി’.

   ‘കുറച്ചുമുമ്പ് നല്ല രണ്ടു ഉടുപ്പുകള്‍ നിങ്ങളുടെ കൈവശം കണ്ടിരുന്നല്ലോ?’

      ‘അവ രണ്ടും ഞാന്‍ എന്നെക്കാള്‍ ആവശ്യമുള്ളവര്‍ക്ക് കൊടുത്തു’.

   സ്നേഹിതന്‍റെ മനസ്സില്‍ ദുഃഖം തളം കെട്ടി. ഓര്‍മകള്‍ തെളിയാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഈ വാക്കുകള്‍ കൂടി കേട്ടു: ‘ജുമുഅക്ക് പോകുമ്പോള്‍ ഉപയോഗിക്കാന്‍ ഇതുപോലെ ഒരു തട്ടം കൂടിയുണ്ട്. പാല്‍ കുടിക്കാന്‍ ഒരു ആടും സഞ്ചരിക്കാന്‍ ഒരു കഴുതയുമുണ്ട്. ഇതില്‍ കൂടുതലായി ഈ ദുന്‍യാവില്‍ എനിക്കെന്തു വേണം?’

   സ്നേഹിതന് ഉത്തരം മുട്ടി. ആ രംഗം അവിടെ അവസാനിച്ചു.

     പണ്ഡിതനായ സ്വഹാബിവര്യന്‍ ആളുകള്‍ക്ക് ഹദീസ് പഠിപ്പിക്കുക പതിവായിരുന്നു. എത്ര ആത്മാര്‍ത്ഥതയോടെയാണ് ക്ലാസെടുക്കുന്നത്! റസൂല്‍ (ﷺ) യില്‍ നിന്നു കേട്ട കാര്യങ്ങള്‍ ഭക്തി പൂര്‍വ്വംപറഞ്ഞുകൊടുക്കുന്നു. ആളുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുപഠിക്കുന്നു. പറഞ്ഞുതീരുന്നതുവരെ ശ്രോതാക്കളുടെ നയനങ്ങള്‍ ആ മുഖത്തുനിന്ന്‍ മാറുകയേയില്ല.

   പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ വികാരഭരിതനായി മാറി: ‘ഏഴു കാര്യങ്ങള്‍ നബി(ﷺ) എന്നോട് കല്‍പിച്ചിരിക്കുന്നു’.

  ആ സ്വരം കേട്ടപ്പോഴേ ശ്രോതാക്കള്‍ ആകാംക്ഷാഭരിതരായി മാറി. അവര്‍ ആ മുഖത്തേക്കുറ്റുനോക്കി.

   നാക്കിന്‍തുമ്പില്‍ നിന്ന്‍ വാക്കുകള്‍ ഒഴുകിവന്നു: “പാവങ്ങളെ സ്നേഹിക്കാനും അവരോട് അടുക്കാനും നബി(ﷺ) എന്നോട് കല്‍പിച്ചു. എന്‍റെ താഴെയുള്ളവരെ നോക്കാനും മീതെയുള്ളവരെ നോക്കാതിരിക്കാനും എന്നോട് കല്‍പിക്കുകയുണ്ടായി. ആരോടും ഒന്നും യാചിക്കരുത്. കുടുംബബന്ധം നിലനിറുത്തണം. എന്തു വന്നാലും സത്യം പറയണം. അള്ളാഹുവിന്‍റെ കാര്യത്തില്‍ വിമര്‍ശനം ഭയപ്പെടരുത്. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന്‍ കൂടുതല്‍ തവണ പറയണം. ഇക്കാര്യങ്ങളെല്ലാം എന്നോട് നബി(ﷺ) കല്‍പിച്ചിട്ടുള്ളതാണ്”.

   ഈ കല്‍പനകള്‍ നടപ്പില്‍ വരുത്തുകയായിരുന്നു സ്വഹാബിവര്യന്‍റെ ജീവിതലക്ഷ്യം. ദീനിന്‍റെ അതിര്‍വരമ്പുകള്‍ വിട്ടുനടക്കുന്നത് കണ്ടാല്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കും. ഇത് പലരെയും അസ്വസ്ഥരാക്കി. അവരുടെ മുഖത്ത് നോക്കിക്കൊണ്ട് അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) പ്രഖ്യാപിച്ചു: ‘എന്‍റെ കഴുത്തില്‍ വാള്‍ വെച്ചാലും ശരി, കഴുത്ത് വെട്ടുംമുമ്പെ നബി(ﷺ)യില്‍ നിന്നു കേട്ട കാര്യങ്ങള്‍ ഞാന്‍ വിളിച്ചുപറയും’.

   ആ ധീരതയുടെ മുമ്പില്‍ ജനം അത്ഭുതസ്തബ്ധരായി! ഉറക്കത്തിലും ഉണര്‍ച്ചയിലും നബി(ﷺ)യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം. റസൂല്‍ തിരുമേനി (ﷺ) വഫാത്തായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. ഇന്നും ആ ഓര്‍മകള്‍ സജീവമാണ്. ഓമനിക്കാന്‍ കിട്ടിയ ആ ഓര്‍മകളിലാണ് ഇന്നും ജീവിക്കുന്നത്.

     നബി (ﷺ) ജീവിച്ചിരുന്ന നാളുകള്‍!

  ഹോ.... അതൊന്നും ഓര്‍ക്കാന്‍ വയ്യ. എന്തെന്തു ത്യാഗങ്ങള്‍ കൈവരിച്ചു. ഒന്നും ഒരു പ്രയാസമായിത്തോന്നിയിരുന്നില്ല. ജീവന്‍ നല്‍കാന്‍ സന്നദ്ധതയുള്ള സ്വഹാബികള്‍. അവരെല്ലാം മരിച്ചൊടുങ്ങുകയാണ്.

   പുതിയ തലമുറയുടെ ആധിപത്യം. നബി(ﷺ)യെ നേരില്‍ കാണാത്ത തലമുറ. നബി(ﷺ)യെ കണ്ടവരെ കണ്ടു എന്നതാണവരുടെ അനുഭവം. ഇനി വരുന്നവര്‍ക്കതും കാണില്ല.

   ഒരു സംഭവം മനസ്സില്‍ തെളിഞ്ഞു: ഒരു ചെറിയ സദസ്സ്, താനും അതിലുണ്ട്. നബി(ﷺ) പല കാര്യങ്ങള്‍ സംസാരിച്ചു. കൂട്ടത്തില്‍ പിടികിട്ടാത്തൊരു വാചകം കൂടി പറഞ്ഞു: നിങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ വിജനസ്ഥലത്തുവെച്ച് മരണമടയും. ഒരു സംഘം സത്യവിശ്വാസികള്‍ അതിന് ദൃക്സാക്ഷികളാവും.  ഇന്നും ആ വാചകം ഓര്‍മയിലുണ്ട്. അന്ന്‍ ആ സദസ്സിലുണ്ടായിരുന്നവരെല്ലാം മരിച്ചുതീര്‍ന്നുവെന്ന കാര്യം ഒരു ഞെട്ടലോടെ ഓര്‍ത്തു. അവരൊക്കെ അന്ത്യയാത്ര പോയി.

   ആ സ്വഹാബിവര്യന്‍ തന്‍റെ സഹധര്‍മണിയുടെ സമീപത്തേക്ക് നടന്നു. ഭര്‍ത്താവിനെ ഏറ്റവും നന്നായറിയുന്ന മെലിഞ്ഞ സ്ത്രീ. നബി(ﷺ)യുടെ സ്നേഹം സമ്പാദിച്ച തന്‍റെ ഭര്‍ത്താവിനെ അവര്‍ അമൂല്യനിധിയായി കരുതി.

   ജീവിതയാത്രയില്‍ ആ ദമ്പതികള്‍ നേരിട്ട വിഷമങ്ങള്‍ക്ക് കണക്കില്ല. ദാരിദ്ര്യത്തിന്‍റെ കയ്പുനീര് കുടിച്ചുകൊണ്ടവര്‍ ജീവിതയാത്ര തുടര്‍ന്നു.

    സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുകയും ജനജീവിതം സുഖപ്രദമാവുകയും ചെയ്തിട്ടും ആ ദമ്പതികള്‍ അവയില്‍ നിന്നെല്ലാം അകന്നുനിന്നു. ഐഹിക സുഖങ്ങള്‍ക്കു നേരെ അവര്‍ കണ്ണടച്ചു.....
__________________________

         🗳ഭാഗം - 10🗳

❂••••••••••••••••••••••••••••❂
     (അവസാന ഭാഗം)

       വിജനമായ റബ്ദ. രോഗബാധിതനായ അബൂദര്‍റ്(رضي الله عنه). സഹായത്തിനാരുമില്ല. രോഗം വളരെ വര്‍ധിച്ചു. ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

   ഭാര്യയുടെ തേങ്ങല്‍. ഒട്ടിയ കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍.

  ‘കരയരുത്.... ഞാന്‍ പറയുന്നത് കേള്‍ക്കൂ...!’ ഭര്‍ത്താവിന്‍റെ തളര്‍ന്ന ശബ്ദം.

   ഭാര്യ ഭര്‍ത്താവിനെ നോക്കി. ‘മരണം... മരണം വരാതിരിക്കുമോ... ദുഃഖിക്കരുത്’.

   ‘അങ്ങ് മരിച്ചുപോയാല്‍....’ ആ വാചകം പൂര്‍ത്തിയാക്കാനവര്‍ക്ക് കഴിഞ്ഞില്ല.

  ‘എല്ലാവരും മരിക്കും... നീ സങ്കടപ്പെട്ടു കരയരുത്’.

   ‘അതല്ല എന്‍റെ സങ്കടം’.

  ‘പിന്നെ?’

   ‘അങ്ങ് മരിച്ചാല്‍, മയ്യിത്ത് പൊതിയാന്‍ പറ്റിയ ഒരു തുണി പോലും ഇവിടെയില്ല’ ആ നയനങ്ങള്‍ വീണ്ടും നിറഞ്ഞൊഴുകി.

   ഭര്‍ത്താവിന്‍റെ മനസ്സില്‍ ഓര്‍മകള്‍ തെളിഞ്ഞു. നബി(ﷺ)യുടെ സദസ്സ്. ‘നിങ്ങളുടെ കൂട്ടത്തിലൊരാള്‍ വിജനസ്ഥലത്ത് മരണപ്പെടും. ഒരുകൂട്ടം സത്യവിശ്വാസികള്‍ അതിന് സാക്ഷ്യം വഹിക്കും’.

   നബി(ﷺ)യുടെ വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നു. അത് സംഭവിക്കണം. സത്യവിശ്വാസികള്‍ ഇതുവഴി വരണം. താന്‍ മരിച്ചാല്‍ അതിന് സാക്ഷ്യം വഹിക്കണം.

   അന്ന്‍ ആ സദസ്സിലുണ്ടായിരുന്നവരെല്ലാം മരിച്ചുപിരിഞ്ഞു. അവരെല്ലാം പട്ടണത്തിലും ഗ്രാമത്തിലും മരണമടഞ്ഞു. വിജനസ്ഥലത്ത് മരണമടയാന്‍ ഇനി താന്‍ മാത്രമേ ബാക്കിയുള്ളൂ.

   ഭാര്യ തന്‍റെ ഭര്‍ത്താവിന്‍റെ മുഖത്തേക്കുറ്റുനോക്കി.

    ആ നാക്ക് ചലിച്ചു: ‘നബി(ﷺ)യുടെ വാക്കുകള്‍ ഞാനോര്‍ക്കുന്നു. ഒരു കൂട്ടം സത്യവിശ്വാസികള്‍ ഇതുവഴി വരും. നീ വിഷമിക്കരുത്’.

   അദൃശ്യമായ സഹായത്തില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. ഗിഫാര്‍ ഗോത്രത്തിന്‍റെ നായകന്‍ വിജനഭൂമിയില്‍ മലര്‍ന്നുകിടക്കുന്നു. നെഞ്ചുയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു.

   ഇസ്‌ലാമിക ചരിത്രത്തിലെ സംഭവബഹുലമായ പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യം വഹിച്ച സമുന്നത സ്വഹാബിവര്യന്‍റെ അന്ത്യ നിമിഷങ്ങള്‍!

   ശ്വാസഗതി പെട്ടെന്ന്‍ വര്‍ദ്ധിച്ചു. പിന്നെ നേര്‍ത്തുവന്നു. ഒടുവില്‍ എല്ലാം ശാന്തം!

ശ്വാസം നിലച്ചു! ചലനങ്ങളറ്റു!

  അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) മരണമടഞ്ഞു. പ്രവാചക മിത്രം വേര്‍പിരിഞ്ഞു.

   സഹധര്‍മിണി ഞെട്ടി! വിജനതയിലേക്കുറ്റുനോക്കി. പരന്ന മണല്‍ക്കാട്.

  അനന്തതയിലേക്കുറ്റുനോക്കിയ നയനങ്ങള്‍ നനഞ്ഞു. നിറഞ്ഞൊഴുകി, വീണ്ടും വീണ്ടും. ഭര്‍ത്താവിന്‍റെ വാക്കുകള്‍ മാത്രം ആശ്രയം: “ഒരു കൂട്ടം സത്യവിശ്വാസികള്‍ ഇതുവഴി വരും”.

   എവിടെ സത്യവിശ്വാസികള്‍? അവര്‍ വന്നിട്ടുവേണം മയ്യിത്ത് ഖബ്റടക്കാന്‍. സഹായിക്കാനാരുമില്ല.

   വിജനമായ റബ്ദ. ഹൃദയം പെരുമ്പറ കൊട്ടുന്നു. ഭീതിപ്പെടുത്തുന്ന നിശ്ശബ്ദത....

    അകലെ.... അങ്ങകലെ....... എന്തോ കാണുന്നില്ലേ? ഒരു നിഴല്‍ പോലെ... അവര്‍ സൂക്ഷിച്ചുനോക്കി.

   അതെ.... ആരോ മരുഭൂമിയിലൂടെ വരുന്നുണ്ട്.

  ആരായിരിക്കുമത് അവര്‍ ഇങ്ങോട്ടായിരിക്കുമോ.....?

      അബ്ദുള്ളാഹിബ്നു മസ്ഊദ്(رضي الله عنه)വും ഏതാനും അനുയായികളും വരികയാണ്. അവര്‍ സമീപത്തെത്തിക്കഴിഞ്ഞു.

    അബ്ദുള്ളാഹിബ്നു മസ്ഊദ്(رضي الله عنه) ആ ദൃശ്യം കണ്ടു. ഒരു സ്ത്രീ കരയുന്നു. കൂടെയൊരു ബാലനുമുണ്ട്.

   *എന്തുപറ്റി? അതും ഈ വിജനസ്ഥലത്ത്?*

 അവര്‍ ആ സ്ത്രീയുടെ സമീപത്തേക്ക് വന്നു. അവര്‍ ഞെട്ടി! ഒരാള്‍ മരിച്ചുകിടക്കുന്നു.

   ആരാണത്? സൂക്ഷിച്ചുനോക്കി.

    അബ്ദുള്ളാഹിബ്നു മസ്ഊദ്(رضي الله عنه)വിന്‍റെ നാക്കില്‍ നിന്നും വാക്കുകള്‍ പുറത്തുവന്നു: ‘അബൂദര്‍റില്‍ ഗിഫാരി’.

    അബ്ദുള്ളാഹിബ്നു മസ്ഊദ്(رضي الله عنه)വിന്‍റെ മനസ്സിലൂടെ ഓര്‍മകള്‍ ചാലിട്ടൊഴുകി. സ്മൃതിപഥത്തില്‍ വന്ന കാര്യങ്ങള്‍ കൂടെയുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

   രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം. തബൂക്ക് യുദ്ധത്തിന്‍റെ നാളുകള്‍. റോമക്കാര്‍ക്കെതിരെ യുദ്ധപ്രഖ്യാപനം. മുസ്‌ലിംകള്‍ക്കെതിരെ റോമക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നു.

   ഉഷ്ണകാലം. മരുഭൂമി തിളക്കുന്ന നാളുകള്‍....

   കടുത്ത ദാരിദ്ര്യം, വിശപ്പും ദാഹവും കൊണ്ട് സ്വഹാബികള്‍ വലഞ്ഞു. പലരും യുദ്ധത്തിനു പോകാന്‍ സന്നദ്ധരായില്ല. എന്തും നേരിടാന്‍ തയ്യാറുള്ളവര്‍ ഇറങ്ങിപ്പുറപ്പെട്ടു. മരുഭൂമിയിലെ ക്ലേശപൂര്‍ണമായ പാതകള്‍ തരണം ചെയ്യാനാവാതെ പലരും പിന്‍വാങ്ങി.

    അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വും കൂടെയുണ്ട്. പട്ടിണി കൊണ്ട് വലഞ്ഞ ഒട്ടകവും സ്വഹാബിയും.

  ക്ഷീണം വര്‍ദ്ധിച്ചു. ഒട്ടകത്തിന് നടക്കാന്‍ കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും മുമ്പോട്ട് നീങ്ങുന്നില്ല. നബി(ﷺ)യും സ്വഹാബികളും കുറെ മുമ്പിലെത്തിക്കഴിഞ്ഞു. അവരോടൊപ്പമെത്തണം.

   ചൂട് വര്‍ദ്ധിക്കുകയാണ്. ഒട്ടകം തീരെ ക്ഷീണിച്ചിരിക്കുന്നു.

    ചുട്ടുപഴുത്ത മരുഭൂമി. ഒട്ടകത്തെ ആശ്രയിച്ചാല്‍ താന്‍ പിന്തള്ളപ്പെടും, വഴിതെറ്റാന്‍ സാധ്യതയുമുണ്ട്. എങ്ങനെയും നബി(ﷺ)യുടെ കൂടെയെത്തണം. എന്താണ് മാര്‍ഗം?

   ഒട്ടകത്തെ അവിടെ ഉപേക്ഷിക്കുക. ഇറങ്ങി ഓടുക. അബൂദര്‍റില്‍ ഗിഫാരി(رضي الله عنه) ചാടിയിറങ്ങി. മരുഭൂമിയിലൂടെ ഓടി. നബി(ﷺ)യും സഹയാത്രികരും വളരെ മുമ്പിലെത്തിക്കഴിഞ്ഞു.

   അടുത്ത ദിവസം, നബി(ﷺ)യും സ്വഹാബികളും ഒരിടത്തിറങ്ങി വിശ്രമിക്കുകയാണ്. അകലെ ഒരു ആള്‍രൂപം പ്രത്യക്ഷപ്പെട്ടു. തികച്ചും പരവശനായ ഒരാള്‍ ആടിയാടി വരുന്നു. തളര്‍ന്ന കാലുകള്‍ വേച്ചുവേച്ചു നടക്കുന്നു. തലയില്‍ ഒരു ഭാണ്ഡം.

   എല്ലാവരും ആ രൂപത്തെ സൂക്ഷിച്ചുനോക്കി. മരുഭൂമിയിലെ പൊടിപടലങ്ങളില്‍ പൊതിഞ്ഞ ആ മനുഷ്യരൂപത്തെ അവര്‍ തിരിച്ചറിഞ്ഞു. അബൂദര്‍റില്‍ ഗിഫാരി(رضي الله عنه).

    തന്‍റെ മുമ്പില്‍ വന്നുനിന്ന ആ സ്വഹാബിവര്യന്‍റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട് തിരുനബി(ﷺ) പറഞ്ഞു: “അബൂദര്‍റിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം ഒറ്റക്ക് സഞ്ചരിക്കും, ഒറ്റക്ക് മരിക്കും, ഒറ്റക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും”.

   അബ്ദുള്ളാഹിബ്നു മസ്ഊദ് (رضي الله عنه)വിന്‍റെ വിശദീകരണം കൂടെയുണ്ടായിരുന്നവരെ വിസ്മയം കൊള്ളിച്ചു. തിരുനബി(ﷺ)യുടെ പ്രിയം സമ്പാദിച്ച സ്വഹാബിവര്യന്‍ ഇതാ കിടക്കുന്നു, ഈ വിജനഭൂമിയില്‍.

   ഗിഫാര്‍ ഗോത്രത്തിന്‍റെ നായകന്‍. ആഡംബര ജീവിതം നയിച്ച നായകന്‍. രഹസ്യമായിച്ചെന്ന്‍ തിരുനബി(ﷺ)യെ കണ്ടു. ഇസ്‌ലാം മതമാശ്ലോഷിച്ചു. നേരെ പോയത് കഅ്ബയിലേക്ക്. ഖുറൈശീപ്രമുഖരുടെ മുഖത്തുനോക്കി ഉച്ചത്തില്‍ പ്രഖ്യാപിച്ചു. ‘അശ്ഹദു അല്ലാ ഇലാഹ ഇല്ലള്ളാഹ്........’

    അംഗുലീപരിമിതമായ ആളുകള്‍ മാത്രം ഇസ്‌ലാം സ്വീകരിച്ച സന്ദര്‍ഭത്തില്‍ നടത്തിയ ധീരമായ പ്രഖ്യാപനം. അതിന്‍റെ പേരില്‍ കിട്ടിയ മര്‍ദ്ദനം.

   ആ ധീരനായകന്‍ ഇതാ വീണുകിടക്കുന്നു. അബ്ദുള്ളാഹിബ്നു മസ്ഊദ് (رضي الله عنه)വും അനുയായികളും ചേര്‍ന്ന്‍ സ്വഹാബിവര്യന്‍റെ മയ്യിത്ത് ഖബ്റടക്കി.

   മരിക്കാത്ത സ്മരണകളുമായി അവര്‍ യാത്ര തുടര്‍ന്നു.

  പിന്നെപ്പിന്നെ, വാര്‍ത്ത നാടാകെ പരന്നു. നിമിഷനേരത്തേക്കവര്‍ വികാരഭരിതരായി. മനുഷ്യമനസ്സുകളില്‍ സ്മരണകളുയര്‍ന്നു.

   കാലം പിന്നെയുമൊഴുകി; തലമുറകളിലൂടെ, നൂറ്റാണ്ടുകളിലൂടെ... ഇന്നും ലോകം ആ നാമം ഓര്‍ക്കുന്നു-- അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)...

*ഗിഫാറിന്‍റെ നായകന്‍ അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)വിന്‍റെ ചരിത്രം തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു...*

*“അള്ളാഹ്”.... പരിശുദ്ധ ധീനുനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച് ദീനിനെ സുന്ദരവും സുരക്ഷിതവുമാക്കി തന്ന മഹാത്മാക്കളുടെ കൂടെ പാപികളായ ഞങ്ങളെ നിന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടണേ”..............*

സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർക്കും
ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين

*നിങ്ങളുടെ ദുആയിൽ എന്നെയും എനിക്ക് പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ എന്ന ദുആ വസിയത്തോടെ അവസാനിപ്പിക്കുന്നു,,,*
          സാദിഖ് ...
__________________________

(അവസാനിച്ചു)