അഹ്മദുൽ കബീർ രിഫാഈ (റ) 06, 07


💧Part : 06💧

📌 ആത്മീയ ശിക്ഷണം...


   ആത്മീയ ലോകത്തെ ഉന്നത മഹാത്മാക്കളുടെ കുടുംബത്തിൽ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തിൽ ജനിച്ചു വളർന്നുവെന്നതിലുപരി ആത്മീയ വിഷയങ്ങളിൽ ചെറുപ്പത്തിൽ തന്നെ ഉൽക്കടമായ താൽപര്യമുള്ള ആളായിരുന്നു ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ). വിനോദങ്ങളിൽ നിന്നും ബഹളങ്ങളിൽ നിന്നും അകന്ന് പുണ്യ പ്രഭാവന്മാരുടെ സദസ്സുകളിൽ ചെന്ന് ദുആ ചെയ്യിക്കുന്നതിലും ബറകത്തെടുക്കുന്നതിലുമായിരുന്നു മഹാനവർകളുടെ ശ്രദ്ധ. അധികം സംസാരിക്കാറില്ലായിരുന്നു. മഹാന്മാരോടുള്ള സഹവാസത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു...

 ശൈഖ് (റ) വിന്റെ ആദ്യ ആത്മീയ ഗുരുക്കൾ ശൈഖ് മൻസ്വൂറു സ്സാഹിദ് (റ), ശൈഖ് അലിയ്യുൽ വാസിത്വി (റ) വും തന്നെയായിരുന്നു. രണ്ടു പേരിൽ നിന്നും ശൈഖ് രിഫാഈ (റ) ഖിർഖ [സ്ഥാന വസ്ത്രം] സ്വീകരിച്ചിട്ടുണ്ട്. ഇടക്കിടെ മഹാന്മാരെ പോയി കണ്ട് ഉപദേശം തേടും. ശൈഖ് അബ്ദുൽ മലിക്കിൽ ഖർനൂബി (റ) വിനെ വർഷത്തിലൊരിക്കൽ എങ്കിലും സന്ദർശിക്കുകയും ദുആ ചെയ്യിക്കുകയും മഹാനവർകളുടെ പതിവായിരുന്നു...
  [ഉമ്മുൽ ബറാഹീൻ]

 ഒരിക്കൽ ശൈഖ് രിഫാഈ (റ) ശൈഖ് ഖർനൂബി (റ) വിൽ നിന്ന് ഉപദേശം തേടിയപ്പോൾ ശൈഖ് ഖർനൂബി (റ) പറഞ്ഞു : മോനേ, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..!
" അഹ്മദേ, തിരിഞ്ഞു നോക്കുന്നവൻ ലക്ഷ്യത്തിലെത്തില്ല. സംശയാലു വിജയിക്കില്ല. സമയം നഷ്ടപ്പെടുന്നത് മനസ്സിലാക്കാത്തവന്റെ മുഴുവൻ സമയവും നഷ്ടം " ... അല്ലാഹുﷻവിലേക്ക് അടുക്കാൻ വെമ്പുന്ന മനസ്സുമായി വന്ന തനിക്ക് ലഭിച്ച ആ അമൂല്യ ഉപദേശങ്ങൾ ശൈഖ് രിഫാഈ (റ) ഒരു വർഷക്കാലം ഉരുവിട്ട് നടന്നു. അടുത്ത വർഷം ഖർനൂബി (റ) വിന്റെ സദസ്സിൽ ചെന്ന് വീണ്ടും ഉപദേശം തേടി...

 അപ്പോൾ ശൈഖ് ഖർനൂബി (റ) പറഞ്ഞു കൊടുത്തു : ബുദ്ധിമാന്മാർക്ക് വിവരക്കേടും വൈദ്യന്മാർക്ക് രോഗവും സ്നേഹിതന്മാർക്ക് പിണക്കവും എത്രമേൽ മോശം... അടുത്ത ഒരു വർഷക്കാലം മുഴുവൻ ശൈഖ് രിഫാഈ (റ)  ഈ വാക്യങ്ങൾ ഉരുവിട്ടു കൊണ്ടേയിരുന്നു. ആത്മ ജ്ഞാനം തേടിയുള്ള യാത്രകളിലെല്ലാം മഹാനവർകൾ ഈ വചനങ്ങൾ ചൊല്ലിപ്പറഞ്ഞു നടന്നു. അടുത്ത വർഷം, മൂന്നാം പ്രാവശ്യവും ശൈഖ് ഖർനൂബി (റ) വിനെ സന്ദർശിച്ചപ്പോൾ, ഇനി താങ്കൾ ഉപദേശം തേടി ഇവിടെ വരേണ്ടതില്ലെന്നും താങ്കൾ ആത്മീയോന്നതി കൈവരിച്ചിരിക്കുന്നെന്നും ശൈഖ് ഖർനൂബി (റ) അവിടുത്തെ അറിയിച്ചു...
  [ഖിലാദത്ത് : 146]

 ഹിജ്റ 539 ൽ ശൈഖ് രിഫാഈ (റ) വിനെ മൻസ്വൂർ (റ) വാസിത്വിൽ നിന്ന് ഉമ്മു അബീദയിലേക്ക് വിളിച്ചു വരുത്തി. ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വഫാതാവുന്നതിന് ഒരു കൊല്ലം മുമ്പായിരുന്നു ഇത്. അന്ന് അവിടെ വെച്ച് ശൈഖ് മൻസ്വൂർ (റ) അവിടുത്തേക്ക് ഖിലാഫത്ത് നൽകി. രിയാളഃയിലും മുജാഹദയിലും മുഴുകി നിരന്തര പരിശീലനങ്ങൾ കൊണ്ട് ശരീരവും മനസ്സും പാകപ്പെടുത്തി എടുക്കുകയായിരുന്ന ശൈഖ് രിഫാഈ (റ) വിന് അന്ന് പ്രായം 28 വയസ്സ് ആവുന്നതേയുണ്ടായിരുന്നുള്ളൂ...

 ബസ്വറയിലെയും വാസിത്വിലെയും ശൈഖുമാരോടും ആധ്യാത്മിക തൽപരരോടും ശൈഖ് മൻസ്വൂർ (റ) ശൈഖ് രിഫാഈ (റ) വിനെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നും നിർദ്ദേശിച്ചു. അങ്ങനെ ശൈഖവർകൾ ഉമ്മു അബീദയിൽ പർണശാലയും ദർസും ഒന്നിച്ചു നടത്തി. വിജ്ഞാന കൗതുകികളും ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ളവരുമായ ജനലക്ഷങ്ങൾ അങ്ങോട്ടൊഴുകി. മഹാനായ സയ്യിദുൽ ഖൗം ഖിള്ർ നബി (അ) മിന്റെ ആത്മീയ ശിക്ഷണവും ശൈഖ് രിഫാഈ (റ) വിന് ലഭിച്ചതായി ചരിത്രം പറയുന്നു...

 ശൈഖ് സ്വഫിയുദ്ദീനിർരിഫാഈ (റ) ഉദ്ധരിക്കുന്നു : മഹാനായ സയ്യിദുൽ ഖൗം ഖിള്ർ നബി (അ) മിൽ നിന്ന് 12 വർഷക്കാലം ശൈഖ് രിഫാഈ (റ) ജ്ഞാനം അഭ്യസിച്ചിട്ടുണ്ട്. 12 വർഷം പൂർത്തിയായപ്പോൾ ശൈഖ് രിഫാഈ (റ) ഒരശരീരി കേട്ടു : "ഓ ഇബ്നു രിഫാഈ, താങ്കൾ ദുർമാർഗ്ഗികളെ സന്മാർഗത്തിലേക്ക് ക്ഷണിക്കുക. താങ്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുക. അവരോട് സൽസ്വഭാവത്തോടെ വർത്തിക്കുക " ഇത് കേട്ട ശൈഖ് രിഫാഈ (റ) അല്ലാഹുﷻവിലേക്ക് വിനയാന്വിതനായി പ്രാർത്ഥനാ നിരതനായി...

 റബ്ബേ, ഞാൻ ദുർബലനും അശക്തനും മിസ്കീനുമാണ്, നിന്റെ റബ്ബാനിയ്യായ ജ്ഞാനം ലഭിക്കാൻ എനിക്ക് ഉൽക്കടമായ ആശയുണ്ട്..! അപ്പോൾ രണ്ടാമതും ഒരു ഇലാഹിയ്യായ അശരീരി:
 "ഓ ഇബ്നുർരിഫാഈ, താങ്കളുടെ രക്ഷിതാവിൽ നിന്ന് ജ്ഞാനത്തിന്റെയും ഇലാഹിയ്യായ ഹിക്മത്തിന്റെയും പാനിയം സ്വീകരിക്കുക..! അല്ലാഹു അവന്റെ പ്രത്യേകമായ അനുഗ്രഹ പ്രകാരം താങ്കൾക്ക് അവ്വലീങ്ങളുടെയും ആഖിരീങ്ങളുടെയും വൈജ്ഞാനിക രഹസ്യങ്ങൾ തുറന്ന് തന്നിരിക്കുന്നു. താങ്കളുടെ പിതാമഹനായ നബി ﷺ തങ്ങൾ മുഖേനയാണത്. താങ്കളുടെ രക്ഷിതാവിന്റെ ഗുണവും കാരുണ്യവും ധർമ്മവും താങ്കൾ തേടുക. റബ്ബാനിയ്യായ ജ്ഞാനം കൊണ്ട് ഹ്യദയ രോഗികളെ ചികിത്സിക്കുക..."

 ഇത് കേട്ട ശൈഖ് (റ) വിനെ അഗാധമായ ഇലാഹീ പ്രേമം പുളകമണിയിച്ചു. ശൈഖ് രിഫാഈ (റ) ജനമധ്യത്തിലേക്കിറങ്ങി...

 അവർക്ക് ആദ്ധ്യാത്മിക ജ്ഞാനം പകർന്ന് നൽകാൻ തുടങ്ങി. ശൈഖ് രിഫാഈ (റ) വിന്റെ വിലായത്ത് കൂടുതൽ പ്രകടമായതോടെ ഭൂമുഖം ഒന്നടങ്കം രോമാഞ്ചം കൊണ്ടു. ബസ്വറയിലെ ഭരണാധികാരിയും സഹഭരണാധികാരികളും ശൈഖ് രിഫാഈ (റ) വിന്റെ സന്നിധിയിൽ എത്തി വിജ്ഞാനം നുകർന്നു. അവർ അവിടുത്തെ ശിഷ്യരായി മാറി. എല്ലായിടത്തും അല്ലാഹു ﷻ ആ പ്രകാശം പ്രകടമാക്കി. പ്രത്യക്ഷമായ ആദ്ധ്യാത്മ-സേവന പ്രവർത്തനങ്ങൾക്കൊപ്പം ശൈഖ് രിഫാഈ (റ) അല്ലാഹുﷻവിൽ ലയിച്ചു. എല്ലാം റബ്ബിന് വേണ്ടി ത്യജിച്ചു. അവനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവിതാവസാനം വരെ ഇബാദത്തുകളിൽ സജീവ ശ്രദ്ധ വെച്ചുപുലർത്തി...
   [അർറൗളുന്നളീർ : 33]



   👑സുൽത്താനുൽ ആരിഫീൻ👑

    അഹ്മദുൽ കബീർ രിഫാഈ (റ)

                          🌹ചരിത്രം🌹
                  🔵〰〰〰🔸🔹🔸〰〰〰🔵


💧Part : 07💧

   തന്റെയടുക്കൽ ജ്ഞാന സമ്പാദനത്തിനായി വരുന്നവരോട് വിശുദ്ധ ഖുർആനും തിരു സുന്നത്തും പൂർണ്ണമായി അനുധാവനം ചെയ്യാനും നവനിർമ്മിതികളെ അകറ്റി നിർത്താനുമാണ് ശൈഖ് (റ) ആവശ്യപ്പെടാറുള്ളത്. മത വിജ്ഞാനത്തെ അതിയായ ഗൗരവത്തിലെടുക്കുകയും, പണ്ഡിതരെയും മതത്തിന്റെ ആളുകളെയും ബഹുമാനിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. തിരു നബി ﷺ തങ്ങളുടെ ശരീഅത്തനുസരിച്ച് പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ പണ്ഡിതർ. അവർ തന്നെയാണ് യഥാർത്ഥ ഔലിയാക്കളും മുർശിദുകളും മഹാൻ പറഞ്ഞു...

📍ഗുരു നാഥന്മാരുടെ പരമ്പര :


ശൈഖ് മൻസ്വൂറുൽ ബത്വാഇഹി (റ) മുഖേന 👇🏻👇🏻👇🏻

1 - ശൈഖ് മൻസ്വൂർ (റ)

2 - പിതാവ് ശൈഖ് യഹ് യൽ അൻസ്വാരി (റ)

3 - പിതാവ് ശൈഖ് അബൂബക്കർ മൂസൽ അൻസ്വാരി (റ)

4 - ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

5 - ശൈഖ് അൽ സിർറിസ്സുഖ്ത്തി (റ)

6 - ശൈഖ് മഅ്റൂഫുൽ കർഖി (റ)

7 - ശൈഖ് ദാവൂദു ത്വാഈ (റ)

8 - ശൈഖ് ഹബീബുൽ അജമി (റ)

9 - ശൈഖ് ഹസനുൽ ബസ്വരി (റ)

10 - അമീറുൽ മുഅ്മിനീൻ സയ്യിദിനാ അലി (റ)

11 - സയ്യിദുനാ റസൂലുല്ലാഹി ﷺ

ശൈഖ് അലിയ്യുൽ ഖാരി അൽ വാസിത്വി  (റ) മുഖേന 👇🏻👇🏻👇🏻

1 - ശൈഖ് അലിയ്യുൽ ഖാരി (റ)

2 - അബുൽ ഫള്ൽ ശൈഖ് മുഹമ്മദ് ബ്നു കാമത്വ് (റ)

3 - ശൈഖ് അബൂ ബക്കർ അശ്ശിബ് ലി (റ)

4 - ശൈഖ് ജുനൈദുൽ ബഗ്ദാദി (റ)

5 - ശൈഖ് സിർറി സ്സുഖ്ത്തി (റ)

6 - ശൈഖ് മഅ്റൂഫുൽ കർഖി (റ)

7 - ശൈഖ് ദാവൂദു ത്വാഈ (റ)

8 - ശൈഖ് ഹബീബുൽ അജമി (റ)

9 - ശൈഖ് ഹസനുൽ ബസ്വരി (റ)

10 - സയ്യിദിനാ അലി (റ)

11 - ത്വാഹാ റസൂലുല്ലാഹി ﷺ
   [അർ റൗളുന്നളീർ : 30,31]

📍ഖിലാഫത്ത്...


   മരുമകനായ ശൈഖ് അഹ്മദ് രിഫാഈ (റ) വിന്റെ ഔന്നത്യം നേരിട്ട് മനസ്സിലാക്കി തന്നെയായിരുന്നു ആധ്യാത്മിക കാര്യങ്ങളിലെ തന്റെ ശേഷക്കാരനാവുന്നതിനുള്ള ഖിലാഫത്ത് ശൈഖ് രിഫാഈ (റ) വിന് നൽകാൻ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തീരുമാനിച്ചത്. തന്റെ മക്കളേക്കാളും മറ്റു ശിഷ്യരേക്കാളും അതിനു യോഗ്യൻ ശൈഖ് രിഫാഈ (റ) തന്നെയാണെന്ന് അനുഭവങ്ങൾ മഹാനവർകൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. ഒരിക്കൽ ശൈഖവർകളും ശിഷ്യന്മാരും മജ്ലിസിൽ ഇരിക്കുകയായിരുന്നു. ശിഷ്യന്മാർ പുതിയ കാര്യങ്ങൾ ചോദിച്ചു പഠിക്കുകയും ശൈഖവർകൾ അവരുടെ സംശയങ്ങൾ നിവർത്തിക്കുകയുമായിരുന്നു...

 അതിനിടെ ശൈഖ് മൻസ്വൂർ (റ) പെട്ടെന്ന് എഴുന്നേറ്റു. ഭൂമിയിലേക്ക് കൈ ഒന്നു ചൂണ്ടുകയും ഉടനെ ബോധം നഷ്ടമാവുകയും ചെയ്തു. ശിഷ്യന്മാർ പരിഭ്രമചിത്തരായി. അൽപ നേരത്തിനു ശേഷം ശൈഖവർകൾക്ക് ബോധം തിരിച്ചു കിട്ടി. അവർ മഹാനവർകളോട് പ്രസ്തുത സംഭവത്തിന്റെ രഹസ്യം ആരാഞ്ഞു... ശൈഖവർകൾ പറഞ്ഞു : നിങ്ങൾ ഗൗരവമേറിയ ഒരു വിഷയമാണ് ചോദിക്കുന്നത്. അറിഞ്ഞു കൊള്ളുക, സയ്യിദ് അഹ്മദിനെ (റ) അല്ലാഹു ﷻ അത്യുന്നത പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു. കിഴക്ക് മുതൽ പടിഞ്ഞാറ് വരെ അവർ ശൈഖ് കബീർ ആയിരിക്കും. ആത്മീയ നേത്യത്വം അവരിലെത്തിച്ചേരും ജനങ്ങൾക്ക് അവർ ഒരു അവലംബ കേന്ദ്രമായി മാറും...

 കാര്യങ്ങൾ ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ശൈഖ് മൻസ്വൂർ (റ) ശൈഖ് രിഫാഈ (റ) വിന് ഖിലാഫത്ത് നൽകിയ കാര്യം മറ്റുള്ളവർ മനസ്സിലാക്കിയിരുന്നില്ല. ശൈഖ് മൻസ്വൂർ (റ) വിന് പ്രായം കൂടി വരികയാണ്. ദിഖ്ലയിലെ ആയിരക്കണക്കിന് ശിഷ്യന്മാർ മനോവ്യഥയിലായിരുന്നു. ശൈഖവർകൾക്ക് ശേഷം ആര് എന്ന കാര്യത്തിൽ അവർക്ക് തീർച്ചയുമില്ല. താനായിരിക്കും ശൈഖിന്റെ ഖലീഫ എന്ന് ഓരോരുത്തരും കരുതി. ആയിടക്ക് ഒരു പാവം മനുഷ്യൻ പർണശാലയിലെത്തി. അയാളെ ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചു : ശൈഖ് മൻസ്വൂർ തങ്ങളുടെ പിൻഗാമിയാരെന്ന് ഞാൻ പറയാം, ആ അർഹത ശൈഖ് അഹ്മദിനാണ് (റ)...

 ഇതു കേട്ട പലരും താങ്കൾക്കതെങ്ങനെ തീർത്തു പറയാനാവും..! എന്താണതിന് തെളിവ് എന്നെല്ലാം ചോദിക്കാൻ തുടങ്ങി... വേണമെങ്കിൽ നമുക്ക് ശൈഖ് മൻസ്വൂർ (റ) വിനോട് തന്നെ ചോദിക്കാം
മഹാനവർകളുടെ വാക്കാണല്ലോ അന്തിമം എന്ന് ആ മനുഷ്യൻ പ്രത്യുത്തരം നൽകി. അദ്ദേഹം തുടർന്നു : ഞാൻ ഭൂമുഖത്ത് നിരവധി സ്ഥലങ്ങൾ പരിശോധനാ വിധേയമാക്കി. അവയിൽ നിന്നെല്ലാം വേർതിരിഞ്ഞൊരു മുഖം ഞാൻ ഉമ്മു അബീദക്ക് കാണുന്നു...

 പറവകളും ജന്തുക്കളും ആ പ്രദേശം ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരിക്കുന്നു. ഇതെല്ലാം ഉമ്മു അബീദ ഗ്രാമത്തിന്റെയും ശൈഖ് രിഫാഈ (റ) വിന്റെയും മഹത്വമാണ് വിളിച്ചറിയിക്കുന്നത്. അതു കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അവർ അവസാനം ശൈഖ് മൻസ്വൂർ (റ) വിന്റെയടുക്കൽ തന്നെ എത്തി വിഷയം അവതരിപ്പിച്ചു. കേട്ടപ്പോൾ ശൈഖ് (റ) ആ മനുഷ്യനെ ചൂണ്ടികാണിക്കുകയും അയാൾ പറഞ്ഞതാണ് ശരി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ശൈഖ് മൻസ്വൂറുൽ ബത്വാഇഹിയുടെ ഖലീഫ ശൈഖ് രിഫാഈ (റ) ആയിരിക്കുമെന്ന് പുറം ലോകമറിഞ്ഞു...
  [ഖിലാദത്ത് : 36]

തുടരും ... 

Comments