ആത്മീയതയുടെ ആനന്ദം - 05
✍ഹബീബ് ഉമര്‍ ബിന്‍ ഹഫീള്
🔅വാക്കിന്റെ തിളക്കം.
സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു,
‘അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119)
യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ കര്‍മങ്ങളിലേക്കും വിചാരങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. മാത്രമല്ല, മനുഷ്യനെറ് വിശ്വാസ തീവ്രത മനസ്സിലാക്കുന്നതും അവന്റെ സത്യസന്ധമായ സമീപനം കൊണ്ടാണ്.
ആത്മജ്ഞാനികള്‍ പറയാറുണ്ട്, അല്ലാഹുവിനോടുള്ള ഭയഭക്തി ഒരാളുടെ നാവില്‍ പ്രകടമാവുന്നുണ്ടെങ്കില്‍ അതിന്റെ സ്വാധീനം അവന്റെ മറ്റു അവയവങ്ങളിലും അവസ്ഥകളിലും നമുക്ക് കാണാന്‍ സാധിക്കും.
ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം,
‘ഓരോ ദിനവും പുലരുമ്പോഴും ശരീരങ്ങളിലെ അവയവങ്ങളെല്ലാം നാവിനെ വിളിച്ച് ഇങ്ങനെ പറയും, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഞങ്ങളുടെ നിലനില്‍പ് നിന്നില്‍ അര്‍പ്പിതമാണ്. നീ നേരെ നിന്നാല്‍ ഞങ്ങള്‍ സുരക്ഷിതരാകും. നിന്റെ വൈകല്യം ഞങ്ങളെയും വൈകല്യമാക്കും’
അഥവാ, നമ്മുടെ നാവിന് നന്മതിന്മകളുടെ മീസാനി(തുലാസ്)ല്‍ മുഖ്യ റോളുണ്ട്.
ഒരിക്കല്‍ നബി(സ) ഇങ്ങനെ വേദനകൊണ്ടു: ഓ മുആദ്, തങ്ങളുടെ നാവുകള്‍ കൊയ്‌തെടുത്ത ദുഷ് വാക്കുകള്‍ കാരണമായി അനേകം ആളുകള്‍ നരകത്തില്‍ മുഖം കുത്തി വീണിരിക്കുകയാണല്ലോ..!
നാവ് കൊണ്ട് വൃണപ്പെടുത്തുന്നതില്‍ പ്രഥമസ്ഥാനം കളവ് പറയുന്നതിനാണ്. സംഭവിക്കാത്ത കാര്യങ്ങള്‍ സംസാരിക്കലും മറ്റുള്ളവരെ അറിയിക്കലുമാണത്.
സാധാരണ ഗതിയില്‍ കളവ് പറയുന്നത് പാപമാണെങ്കിലും അവ വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെങ്കില്‍ പാപത്തിന്റെ തോത് വര്‍ദ്ധിക്കുകയും ശിക്ഷ ഇരട്ടിയാവുകയും ചെയ്യും. കള്ളസാക്ഷി നില്‍ക്കുന്നവനാണെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അവന്‍ അവകാശിയാകും.
തിരുനബി (സ) പറയുന്നു: ‘സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞ് നിങ്ങളില്‍ ഒരാളും സാക്ഷി നില്‍ക്കരുത്. അല്ലാഹുവിന്റെ കോപത്തിന് പാത്രമായേ അവന്‍ ആ സ്ഥലത്ത് നിന്നും കാല്‍ ഉയര്‍ത്തുകയുള്ളൂ.’
സംസാരത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതും ജീവിത ചുറ്റുപാടുകളില്‍ കളവ് പാടെ വെടിയുന്നതും അവന്റെ ഹൃദയ വിശുദ്ധിയെയും ജീവിത രഹസ്യങ്ങളിലെ പരിശുദ്ധിയെയും നേരായ നടപ്പിനെയുമാണ് അടയാളപ്പെടുത്തുന്നത്.
അതുകൊണ്ട് ഒരു വിശ്വാസി സത്യം മാത്രം പറയാനും അസത്യത്തെ തിരസ്‌കരിക്കാനും കരുത്താര്‍ജിക്കണം.
തിരുനബി(സ)യോട് ആരോ ചോദിച്ചു: വിശ്വാസി കളവ് പറയുമോ?
മുത്ത് റസൂല്‍(സ) പറഞ്ഞു: ഇല്ല
പിന്നീട് വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു സൂക്തം പാരായണം ചെയ്തു. അതിന്റെ ആശയം ഇങ്ങനെ വായിക്കാം.
‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്, അവര്‍ തന്നെയാണ് കളവുപറയുന്നവര്‍(നഹ്‌ല് 105)
സ്വഹാബാക്കളുടെ കാലം പരിശോധിച്ചു നോക്കൂ. കപടവിശ്വാസികളല്ലാത്ത ഒരാളെയും കളവിന്റെ കൂട്ടുകാരായി കാണാന്‍ കഴിയില്ല. വിശ്വാസികള്‍ എല്ലായ്‌പോഴും അസത്യത്തോട് അകലം പാലിച്ചേ നിലകൊണ്ടിട്ടുള്ളൂ. നികൃഷ്ടമായ പല സ്വഭാവങ്ങളോടും പ്രകൃതിപരമായി മനുഷ്യന്‍ ഇണങ്ങുന്നുണ്ടെങ്കിലും കളവും വഞ്ചനയും ഒരു വിശ്വാസിയുടെ സ്വഭാവത്തില്‍ ഉണ്ടാവില്ലെന്നാണ് തിരുനബി(സ) പഠിപ്പിക്കുന്നത്. അതുകൊണ്ട് വാസ്തവ വിരുദ്ധമായ വാക്കുകള്‍ പറയുന്നത് സ്വന്തം ജീവിതത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. മാത്രമല്ല. നമ്മുടെ മക്കളെ സത്യം മാത്രം പറയാന്‍ പഠിപ്പിക്കുകയും സത്യസന്ധരായി വളര്‍ത്തുകയും വേണം. ഇത് രക്ഷിതാക്കളുടെ ബാധ്യതയാണ്.
പലപ്പോഴും മക്കളോട് സത്യം പറയാന്‍ പ്രേരിപ്പിക്കുന്നവര്‍ തന്നെ, ആരെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി അവനെ തേടിയെത്തിയാല്‍, വീട്ടില്‍ ഇല്ലെന്ന് പറയാന്‍ മക്കളോട് പറഞ്ഞേല്‍പ്പിക്കുന്നു! ഇതോടെ എല്ലാം പൊളിഞ്ഞു, വാക്കിലും പ്രവര്‍ത്തനത്തിലും കളവ് സംഭവിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സത്യത്തിന്റെ തിളക്കം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അഥവാ, കളവ് കലര്‍ന്ന വാക്കുകളാണ് സത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്.
തിരുനബി(സ)യെ അനുധാവനം ചെയ്യുന്നതിലൂടെയാണ് വിശ്വാസിയുടെ ജീവിതത്തില്‍ സത്യസന്ധമായ സ്വഭാവ രൂപീകരണം നടത്തേണ്ടത്. ശാപത്തിന് കാരണമാവുന്ന കാപട്യത്തിന്റെ അപകടങ്ങളില്‍ നിന്നും രക്ഷ നേടി സല്‍വഴി തെരഞ്ഞെടുക്കാനും അതേ മാര്‍ഗമുള്ളൂ. കാരണം, തിരുനബി(സ) പ്രവാചകത്വ പദവിക്ക് മുന്നേ സത്യസന്ധനും വിശ്വസ്തനുമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കളവ് പറഞ്ഞിട്ടില്ല. പ്രബോധന വേളയില്‍ പ്രതിയോഗികള്‍ പ്രതിരോധത്തിലാക്കിയപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘അങ്ങ് കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക.'(ഹിജ്‌റ് 94) അക്കാലത്ത് തന്നെ, മുത്ത് റസൂല്‍(സ) ജബല്‍ അബീ ഖുബൈസിന്റെ താഴ്‌വാരത്ത് ഒരുമിച്ച് കൂടിയവരോട് നടത്തുന്ന പ്രഖ്യാപനം ചരിത്രങ്ങളില്‍ നിന്നും നമുക്ക് വായിക്കാം.
ഈ മലയുടെ പിന്‍വശത്ത് കൂടി നിങ്ങളെ നേരിടാന്‍ ഒരു സൈന്യം വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിക്കും, കാരണം, നീ കളവ് പറഞ്ഞതായി ഞങ്ങള്‍ക്കനുഭവമില്ല. പിന്നീട് തിരുനബി(സ) ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ക്ക് വരാനിരിക്കുന്ന ശിക്ഷകളെക്കുറിച്ചുള്ള മുന്നറിയിപ്പുകാരനാണ് ഞാന്‍. തീര്‍ച്ച, നിങ്ങള്‍ എല്ലാവരും മരിക്കും, ശേഷം പുനര്‍ജനിക്കും പിന്നീട് വരാനിരിക്കുന്നത് ശാശ്വതമായ സ്വര്‍ഗം അല്ലെങ്കില്‍ നരകം.
വിശ്വാസികളേ, നിങ്ങളുടെ വാക്കും നോട്ടവും സത്യസന്ധമാക്കുക. സ്വന്തം ശരീരത്തെയും മക്കളെയും സല്‍പന്ഥാവില്‍ വഴി തടത്തുക, അസത്യത്തിന്റെ മാര്‍ഗത്തില്‍ വല്ല രക്ഷയും വിജയവും കാണുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരു നാശമുണ്ടെന്ന് നീ അവരെ പഠിപ്പിക്കുക. നിശ്ചയം, അല്ലാഹു സത്യവാന്മാരെ വിജയിപ്പിക്കും. ഇനി സത്യം പറഞ്ഞതിന്റെ പേരില്‍ പ്രതിസന്ധികള്‍ വല്ലതും അനുഭവിക്കുന്നുവെങ്കില്‍ അനേകം നന്മകള്‍ അല്ലാഹു അതിന് പകരം നല്‍കും. അല്ലാഹു നമ്മെ സത്യസന്ധരില്‍ ഉള്‍പ്പെടുത്തട്ടെ.
➖➖➖➖➖➖➖➖➖➖
Comments
Post a Comment