അബൂദര്‍റില്‍ഗിഫാരി(റ) 04, 05, 06
🗳ഭാഗം - 04🗳
❂••••••••••••••••••••••••••••❂
പ്രഭാതം വിടര്‍ന്നു, പ്രകാശം പരന്നു, മനം നിറയെ സന്തോഷവുമായി അബൂദര്‍റ് ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു.
അവര്‍ പുറപ്പെടുകയാണ്, തിരുസന്നിധിയിലേക്ക്.
‘എവിടെയും ശത്രുക്കളാണ്. അബദ്ധം പറ്റരുത്’ അലി(رضي الله عنه) മുന്നറിയിപ്പ് നല്‍കി. ആഗതന്‍ ശ്രദ്ധിച്ചു.
“താങ്കള്‍ എന്‍റെ കൂടെ വരികയാണെന്ന് ആര്‍ക്കും തോന്നരുത്. നാം അകന്നു സഞ്ചരിക്കണം. വഴിയില്‍ അപകടമുണ്ടെന്ന് കണ്ടാല്‍ ഞാന്‍ വഴിയില്‍ കൂടുതല്‍ സമയം ചെലവഴിക്കും. താങ്കള്‍ എന്നെ കാത്തുനില്‍ക്കരുത്. മുമ്പോട്ട് നടന്നുപോകണം”.
പറഞ്ഞതെല്ലാം സമ്മതിച്ചു. അവര്‍ വീട്ടില്‍ നിന്നിറങ്ങി. പല വഴികള്‍ പിന്നിട്ട ശേഷം അവര്‍ നബി(ﷺ)യുടെ സന്നിധിയിലെത്തി.
നവാഗതന് നിര്‍വൃതി! വികാരഭരിതമായ നിമിഷങ്ങള്‍.
പ്രവാചകവദനത്തില്‍ നിന്ന്‍ കണ്ണെടുക്കാനാവുന്നില്ല.
ആഗതര്‍ക്ക് ഹൃദ്യമായ സ്വീകരണം.
‘അങ്ങയുടെ കവിതയെന്നെ കേള്‍പ്പിച്ചാലും’ അബൂദര്‍റ് അപേക്ഷിച്ചു.
“ഇത് കവിതയല്ല; വിശുദ്ധ ഖുര്‍ആനാണ്. സര്‍വശക്തനായ അള്ളാഹു ഇറക്കിത്തന്നത്”.
വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ നബി(ﷺ) പാരായണം ചെയ്യാന്‍ തുടങ്ങി. എന്തൊരു മാസ്മരികശക്തി! അവാച്യമായ അനുഭൂതി സിരകളില്‍ കത്തിപ്പടരുന്നു. ആത്മികമായ ആനന്ദത്തിന്‍റെ ആലകളുയരുന്നു. പരിസരം മറന്നുപോയി. മനസ്സില്‍ എന്തെന്നില്ലാത്ത ചലനങ്ങള്‍. സത്യദീനിന്‍റെ പ്രകാശം ശക്തി പ്രാപിക്കുന്നു. അജ്ഞതയുടെ നൂലാമാലകള്‍ പൊട്ടിത്തകരുന്നത് അദ്ദേഹമറിഞ്ഞു. ആത്മികജ്യോതിസ്സായി മാറുന്ന ഖല്‍ബകം.
ഒരു നിമിഷം വൈകിയില്ല. ഞരമ്പുകള്‍ ത്രസിച്ചു. ഖല്‍ബ് തുടിച്ചു. ചുണ്ടുകള്‍ ചലിച്ചു:
*“അശ്ഹദു അല്ലാ ഇലാഹ ഇല്ലള്ളാഹ്..... വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുള്ളാഹ്....”*
ഗിഫാര്‍ ഗോത്രത്തിന്‍റെ ധീരനായകന്‍ ഇസ്‌ലാം മതം ആശ്ലോഷിച്ചു. ആ നയനങ്ങള്‍ നിറഞ്ഞിരുന്നു. ആനന്ദത്തിന്‍റെ കണ്ണുനീര്‍ മുത്തുകള്‍!
‘സഹോദരാ, താങ്കള്‍ ഏത് ഗോത്രക്കാരനാണ്’- നബി(ﷺ) ചോദിച്ചു.
“ഞാന്‍ ഗിഫാര്‍ ഗോത്രക്കാരനാണ്”.
പ്രവാചക നയനങ്ങളില്‍ അത്ഭുതം! കൊള്ളക്കാരും ക്രൂരന്മാരും നിറഞ്ഞ ഒരു ഗോത്രത്തിലെ അംഗം ദീര്‍ഘദൂരം യാത്ര ചെയ്ത് ഇസ്‌ലാം മതം സ്വീകരിക്കാനെത്തിയിരിക്കുന്നു! അതിശയകരമായ സംഭവം തന്നെ. അല്‍അമീന്‍ ആ മുഖത്തേക്ക് കൗതുകപൂര്‍വ്വം നോക്കിയിരുന്നു....
ഇസ്‌ലാം മതത്തില്‍ വളരെക്കുറഞ്ഞ ആളുകള്‍ മാത്രമേയുള്ളൂ. വിരല്‍ കൊണ്ടെണ്ണാന്‍ മാത്രം. അത്രയും നേരത്തെയാണ് അബൂദര്‍റ് ഇസ്‌ലാം മതം ആശ്ലോഷിക്കാന്‍ വന്നിരിക്കുന്നത്. അദ്ദേഹം ബിംബാരാധകനായിരുന്നില്ല. ഒരു ബിംബത്തെയും ആദരിച്ചിരുന്നില്ല.
വിദ്യയെ സ്നേഹിച്ചിരുന്നു. സത്യമറിയാനെന്നും തിടുക്കം കാണിച്ച വിശിഷ്ടവ്യക്തി. പരമമായ സത്യം ആ യുവഹൃദയത്തെ പരമാനന്ദത്തിലെത്തിച്ചു. ഈമാനികാവേശം ആ യോദ്ധാവിന് കൂടുതല്‍ കരുത്ത് നല്‍കി.
ഇസ്‌ലാം പരസ്യമായി പ്രബോധനം ചെയ്യപ്പെടണം. ഈ ദിവ്യ സന്ദേശം ജനഹൃദയങ്ങളിലെത്തണം. തന്‍റെ ഇസ്‌ലാം മതാശ്ലോഷം ജനങ്ങളറിയണം. ആ ഹൃദയം വികാരാധീനമായി മാറി.
നബി(ﷺ)യുടെ ഉപദേശം ഇതായിരുന്നു: “താങ്കള്‍ നിശ്ശബ്ദനായി നാട്ടിലേക്ക് മടങ്ങിപ്പോകണം. താങ്കളുടെ മതപരിവര്‍ത്തനം ഇപ്പോള്‍ പരസ്യപ്പെടുത്തരുത്”.
ഈ ഉപദേശം ആ യുവാവിനെ നിരാശപ്പെടുത്തി. തന്‍റെ ഇസ്‌ലാം മതാവലംബനം പരസ്യപ്പെടുത്താതെ മക്ക വിട്ടുപോകാന്‍ മനസ്സുവരുന്നില്ല.
നാക്കിന്‍തുമ്പില്‍ നിന്ന്‍ ആവേശം നിറഞ്ഞ വാക്കുകള്‍ ഉതിര്‍ന്നുവീണു: “എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം, ഞാന്‍ ഇസ്‌ലാം മതം വിശ്വസിച്ച വാര്‍ത്ത കഅ്ബത്തിങ്കല്‍ ചെന്ന്‍ പ്രഖ്യാപിക്കാതെ ഞാന്‍ നാടുവിട്ടുപോവുകയില്ല!” ഒരു ധീര യോദ്ധാവിന്‍റെ പ്രഖ്യാപനം.
ഇസ്‌ലാമിക ചരിത്രത്തില്‍ അദ്ദേഹം രചിക്കാനിടയുള്ള ഇതിഹാസങ്ങള്‍ അതിമഹത്തായിരിക്കുമെന്ന സൂചന ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനം.
തിരുസന്നിധിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി. മനസ്സില്‍ കൊടുങ്കാറ്റടിക്കുകയാണ്. ധീരയോദ്ധാവിനെങ്ങനെ ഭീരുവാകാന്‍ കഴിയും? സാധ്യമല്ല.
പാദങ്ങള്‍ പതറിയില്ല. ഉറച്ച പാദങ്ങളില്‍ മുമ്പോട്ടു നടന്നു. മണല്‍ക്കാട്ടില്‍ വെയില്‍ കത്തിപ്പടരുന്നു. സൂര്യന്‍റെ താപമറിഞ്ഞില്ല. അള്ളാഹുവിന്‍റെ ഭൂമി; അള്ളാഹുവിന്‍റെ ആകാശം; അള്ളാഹുവിന്‍റെ സൃഷ്ടികള്‍, സൃഷ്ടികള്‍ സ്രഷ്ടാവിനെ വണങ്ങണം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അള്ളാഹുവിന്‍റെ സൃഷ്ടികളാണ്.
മരുഭൂമി വിശാലമാക്കിയതും അതില്‍ സഞ്ചരിക്കാന്‍ ഒട്ടകത്തെ സൃഷ്ടിച്ചതും അവനാണ്. ഈത്തപ്പനമരങ്ങളില്‍ പഴം നല്‍കിയതും അവന്‍ തന്നെ.
മനുഷ്യന് സന്മാര്‍ഗം കാണിക്കാന്‍ അള്ളാഹു പ്രവാചകനെ അയച്ചു. വിശുദ്ധ ഖുര്‍ആന്‍ ഇറക്കിക്കൊടുത്തു. നന്ദിയുണ്ടെങ്കില്‍ മനുഷ്യന്‍ ഇസ്‌ലാം മതം സ്വീകരിക്കണം. ബിംബങ്ങളെ വണങ്ങരുത്.
“എന്‍റെ നാഥന്‍ അള്ളാഹുവാണ്. അവനാണെന്‍റെ രക്ഷകന്‍. അവനല്ലാതെ ആരാധ്യനില്ല”. ഇത് താന്‍ ഉറക്കെപ്പറയും.
__________________________
🗳ഭാഗം - 05🗳
❂••••••••••••••••••••••••••••❂
എന്‍റെ നാഥന്‍ അള്ളാഹുവാണ്. അവനാണെന്‍റെ രക്ഷകന്‍. അവനല്ലാതെ ആരാധ്യനില്ല”. ഇത് താന്‍ ഉറക്കെപ്പറയും. കഅ്ബാലയത്തില്‍ നിന്ന്‍ ഈ മുദ്രാവാക്യം പ്രഖ്യാപിക്കും. ഇത് തടയാനാര്‍ക്കും സാധ്യമല്ല. അബൂദര്‍റ് ഭീരുവല്ല. പ്രതികൂല സാഹചര്യങ്ങളെനിക്ക് പ്രശ്നമല്ല.
കഅ്ബാലയത്തിന്‍ തണലില്‍ ഖുറൈശീനേതാക്കള്‍ കൂടിയിരിക്കുന്നു. ഇതുതന്നെ പറ്റിയ അവസരം.
അതാ ഒരപരിചിതന്‍.
മുഖത്തെന്തൊരു ഗൗരവം!
*“ആശ്ഹദു അല്ലാ ഇലാഹ ഇല്ലള്ളാഹ്.... വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുള്ളാഹ്....”*
ങേ! എന്താണ് കേട്ടത്?
അള്ളാഹു അല്ലാതെ ഒരു ഇലാഹില്ലെന്നും മുഹമ്മദ് അവന്‍റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
എന്തൊരു തന്‍റേടം! എന്തെരു ധിക്കാരം! ആരാണവന്‍? ആരായാലും വിടരുത്. പിടിയവനെ!
ആളുകള്‍ ഓടിക്കൂടി. യുവാവിനെ വളഞ്ഞു. പിടിയും വലിയുമായി. പരുപരുത്ത കൈകള്‍ ആഞ്ഞുപതിച്ചു. സത്യവിശ്വാസി മറിഞ്ഞുവീണു.
സംഭവമറിഞ്ഞു ധാരാളമാളുകള്‍ വന്നുകൂടി.
‘ധിക്കാരി’യുടെ ശരീരത്തില്‍ എല്ലാവര്‍ക്കും കൈ വെക്കണം. നേതാക്കളുടെ രോഷം ആളിക്കത്തി.
അപ്പോള്‍ ഒരാള്‍ അവിടെയെത്തി. –അബ്ബാസ്-
അന്ന്‍, ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലാത്ത അബ്ബാസ്. അദ്ദേഹം ആ യുവാവിനെ തിരിച്ചറിഞ്ഞു.
‘ഖുറൈശികളെ, നിര്‍ത്തൂ.... മര്‍ദ്ദനം നിര്‍ത്തൂ! നിങ്ങള്‍ ആരെയാണ് മര്‍ദ്ദിക്കുന്നത്?’ അബ്ബാസ് ഉച്ചത്തില്‍ വിളിച്ചുചോദിച്ചു.
ആ ശബ്ദം ആളുകള്‍ തിരിച്ചറിഞ്ഞു. അവരുടെ ശ്രദ്ധ അബ്ബാസിലേക്ക് തിരിഞ്ഞു.
‘ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരനാണ്. നിങ്ങള്‍ ശാമിലേക്ക് യാത്ര പോകുന്നത് ഇദ്ദേഹത്തിന്‍റെ നാട്ടിലൂടെയാണ്’.
ആളുകള്‍ അത് ശ്രദ്ധിച്ചു. ഗിഫാര്‍ ഗോത്രക്കാര്‍ ധീരന്മാരാണ്.അവരുടെ ശത്രുത സമ്പാദിക്കുന്നത് ആപത്ത് വിളിച്ചുവരുത്തും. എന്നുവെച്ച് ഈ ധിക്കാരം അനുവദിക്കാമോ? അന്യനാട്ടില്‍ വന്ന്‍ ധിക്കാരം കാണിക്കാമോ? പലരും വികാരം കൊണ്ട് വിറക്കുകയാണ്.
അബ്ബാസ് യുവാവിനെ സമാധാനിപ്പിച്ചു. പലതും പറഞ്ഞ് അവിടെ നിന്നും അകലേക്ക് കൊണ്ടുപോയി.
ആ സംഭവം അങ്ങനെ അവസാനിച്ചു.
വാര്‍ത്ത മക്കയിലെ വീടുകളിലെല്ലാം അതിവേഗം പ്രചരിച്ചു.
ഒരു ഗിഫാര്‍ ഗോത്രക്കാരന്‍റെ ധിക്കാരം! കേട്ടവരെല്ലാം അരിശം കൊണ്ടു.
പിറ്റെ ദിവസം അബൂദര്‍റ്(رضي الله عنه) വീണ്ടും കഅ്ബാലയത്തിലെത്തി. അനേകം ബിംബങ്ങള്‍. ചെറുതും വലുതും. രണ്ടു സ്ത്രീകള്‍ നടന്നുവരുന്നു. അവര്‍ ബിംബങ്ങളുടെ സമീപമെത്തി. രണ്ടു പ്രധാന ബിംബങ്ങള്‍ -ഉസാഫ്, നാഇല!
സ്ത്രീകള്‍ ഉസാഫിനെ സമീപിച്ചു; നാഇലയെയും. അവയെ വലംവെച്ചു. അവയോട് പ്രാര്‍ത്ഥന നടത്തി. ആ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുകയാണ് ധീരനായ അബൂദര്‍റില്‍ ഗിഫാരി(رضي الله عنه).
അസഹ്യമായ കാഴ്ച.
എന്തൊരു മണ്ടത്തരമാണീ കാണിക്കുന്നത്? മനുഷ്യന്‍ സ്വന്തം കരങ്ങള്‍ കൊണ്ട് ചെത്തിമിനിക്കിയുണ്ടാക്കിയ കല്ലുകള്‍. അവയെ മനുഷ്യന്‍ ആരാധിക്കുന്നു.
‘നിങ്ങളെന്താണീ കാണിക്കുന്നത്? ഈ ബിംബങ്ങള്‍ വെറും കല്ലുകളല്ലേ? ഇവക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയുമോ?’ ആ ധീര സ്വഹാബിയുടെ ശബ്ദം ഉയര്‍ന്നു.
തങ്ങളുടെ ദൈവങ്ങളെ പരസ്യമായി അവഹേളിക്കുക. അതും കഅ്ബാലയത്തില്‍ വെച്ച്. സ്ത്രീകള്‍ക്കത് സഹിക്കാനായില്ല. അവര്‍ ശിരസ്സില്‍ കൈ വെച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി.
കഅ്ബാലയത്തില്‍ നിന്ന്‍ സ്ത്രീകളുടെ നിലവിളി, എന്താണ് സംഭവം? ആളുകള്‍ കൂട്ടത്തോടെ അങ്ങോട്ടോടി.
സ്ത്രീകള്‍ സ്വഹാബിയുടെ നേരെ കൈ ചൂണ്ടി- ‘ഇയാള്‍ നമ്മുടെ ദൈവങ്ങളെ അവഹേളിച്ചു. ഭയങ്കര ധിക്കാരിയാണ്’.
കോപം കൊണ്ട് പരിസരം മറന്ന മനുഷ്യര്‍.
അവര്‍ സ്വഹാബിവര്യനെ ആഞ്ഞടിച്ചു. മര്‍ദ്ദനം സഹിക്കാനാവാതെ മറിഞ്ഞുവീണു. അനേകമാളുകള്‍ കൂട്ടത്തോടെ അടിക്കുന്നു, പിടിച്ചുതള്ളുന്നു. കടുത്ത മര്‍ദ്ദനം. ബോധം നഷ്ടപ്പെട്ടു.
ഈ സമയം അബ്ബാസ് അവിടെയെത്തി.
‘ഖുറൈശികളേ, എന്ത് ധിക്കാരമാണീ കാണിച്ചത്? ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരനാണ്. നിങ്ങളുടെ കച്ചവടസാധനങ്ങള്‍ കൊണ്ടുപോകേണ്ടത് ഇദ്ദേഹത്തിന്‍റെ നാട്ടിലൂടെയാണ്. ആ ജനങ്ങള്‍ നിങ്ങളുടെ മുതലുകള്‍ കൈവശപ്പെടുത്തിയാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ വലിയ ധിക്കാരം തന്നെയാണ് കാണിച്ചത്’.
അവര്‍ മര്‍ദ്ദനം നിറുത്തി. അല്‍പം കഴിഞ്ഞപ്പോള്‍ സ്വഹാബിക്ക് ബോധം തിരിച്ചുകിട്ടി. അപ്പോള്‍ ഉറക്കെ ശഹാദത്ത് കലിമ ചൊല്ലി. എന്തൊരു ധൈര്യം!
അബ്ബാസ് അദ്ദേഹത്തെ പലതും പറഞ്ഞ് സമാധാനിപ്പിച്ച് അവിടെ നിന്ന്‍ കൊണ്ടുപോയി.
കഅ്ബാലയത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നബി(ﷺ)യുടെ ചെവിയിലുമെത്തി.
അദ്ദേഹത്തിന്‍റെ ധീരതയില്‍ അഭിമാനം തോന്നി. പക്ഷേ, സമയമായിട്ടില്ല. ധീരമായ പാദങ്ങളില്‍ മുന്നേറാന്‍ സമയം വരുന്നതേയുള്ളൂ. തിരുനബി (ﷺ) തന്‍റെ അനുയായിയോട് നാട്ടിലേക്ക് പോകാന്‍ ഉപദേശിച്ചു. ആ സ്വഹാബിവര്യന്‍ മക്ക വിട്ടുപോയി.
ഗിഫാര്‍ ഗോത്രക്കാര്‍ തങ്ങളുടെ ധീരനായകന്‍റെ ചുറ്റുംകൂടി. മനുഷ്യസ്നേഹിയായ പ്രവാചകനെക്കുറിച്ചുള്ള വര്‍ണനകള്‍ അവരെ രോമാഞ്ചമണിയിച്ചു.
അബൂദര്‍റ്(رضي الله عنه)വിന് വിശ്രമമില്ലായിരുന്നു, ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകളെ കേള്‍പ്പിക്കാനുള്ള അടങ്ങാത്ത മോഹം.
വീടുകള്‍ തോറും കയറിയിറങ്ങി, വീട്ടുകാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. വഴിയില്‍ വെച്ച് കാണുന്നവരോടും അതേ പറയാനുള്ളൂ. മനുഷ്യഹൃദയങ്ങളില്‍ ചലനം സൃഷ്ടിക്കുന്ന ആ വാക്കുകള്‍.
എത്രയോ ആളുകള്‍ പഴയ വിശ്വാസങ്ങളും ആചാരങ്ങളും കൈവെടിയാന്‍ തയ്യാറായി. ചിലര്‍ രഹസ്യമായി മക്കയില്‍ പോയി.
പ്രവാചകനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി അവര്‍ കാതോര്‍ത്തിരുന്നു. പലരും ശഹാദത്ത് കലിമ ചൊല്ലി. ബിംബങ്ങള്‍ വലിച്ചെറിഞ്ഞു. കല്ലുകളെ ആദരിക്കാന്‍ ആളില്ലാതെ വന്നു. എന്തൊരു മാറ്റം!
__________________________
🗳ഭാഗം - 06🗳
❂••••••••••••••••••••••••••••❂
ദുഃഖങ്ങളുടെ ഭാരമിറക്കാന്‍ ഇന്നലെ വരെ ബിംബങ്ങളുടെ മുമ്പിലെത്തിയിരുന്നവര്‍, ഇന്നവയെ കൈവെടിഞ്ഞു. ദുഃഖങ്ങളിറക്കാന്‍ അത്താണി വേറെ ലഭിച്ചിരിക്കുന്നു. സര്‍വശക്തനായ റബ്ബില്‍ അഭയം തേടാന്‍ പഠിച്ചുകഴിഞ്ഞു.
അബൂദര്‍റ്(رضي الله عنه) അസ്‌ലം ഗോത്രക്കാരെ സമീപിച്ചു. ഇസ്‌ലാം മത സിദ്ധാന്തങ്ങളെക്കുറിച്ച് അവരെ തര്യപ്പെടുത്തി. ചിന്തിക്കാന്‍ തുടങ്ങിയവര്‍ ഇസ്‌ലാമിനെ പുല്‍കാന്‍ സന്നദ്ധരായി.
കാലം എത്ര പെട്ടെന്നാണ് കറങ്ങിയത്! പ്രവാചകന്‍(صلی اللہ علیہ وسلم)യില്‍ വിശ്വസിക്കാന്‍ എത്രപേരാണ് മുമ്പോട്ടു വന്നത്! ഇതിനിടയില്‍ മക്കയില്‍ എന്തെല്ലാം സംഭവിച്ചു! ഖുറൈശികളുടെ മര്‍ദ്ദനം അസഹ്യമായിത്തീര്‍ന്നു. ഇസ്‌ലാം മതം സ്വീകരിച്ച കാരണത്താല്‍ സഹിക്കേണ്ടിവന്ന ക്രൂരമര്‍ദ്ദനങ്ങള്‍.
മക്കയിലെ മണല്‍ക്കാട് ചുട്ടുപൊള്ളുമ്പോള്‍ സ്വഹാബികളുടെ നഗ്ന ശരീരങ്ങള്‍ അതിലേക്ക് വലിച്ചെറിയപ്പെടുന്നു. പൊള്ളുന്ന മണലില്‍ വളരെ നേരം കിടക്കേണ്ടിവരുന്ന ദയനീയാവസ്ഥ ചൂട് സഹിക്കാതെ വളഞ്ഞുപുളയുമ്പോള്‍ അനങ്ങാതിരിക്കാന്‍ മാറില്‍ പാറക്കല്ലെടുത്തുവെക്കുന്നു. ഭാരമുള്ള കല്ലുകള്‍! അവ മാറില്‍ വെച്ചുകഴിഞ്ഞാല്‍ അനങ്ങാന്‍ പറ്റില്ല, ശ്വാസം വിടാനൊക്കില്ല.
അതിക്രൂരമായ മര്‍ദ്ദനങ്ങള്‍....
ഇത്തരം മര്‍ദ്ദനങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ ഗിഫാറുകാര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. ഒരുകൂട്ടം മുസ്‌ലിംകള്‍ അബ്സീനിയയിലേക്ക് പലായനം ചെയ്ത വാര്‍ത്തയാണ് പിന്നീടവര്‍ക്ക് ലഭിച്ചത്. മര്‍ദ്ദനങ്ങള്‍ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണെന്നും മക്കയിലെ ജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അവരറിഞ്ഞു.
വിശ്വാസത്തിന്‍റെ സംരക്ഷണാര്‍ത്ഥം പിറന്ന മണ്ണിനോട് യാത്ര പറയാന്‍ മുസ്‌ലിംകള്‍ തയ്യാറായതായി അവര്‍ കേട്ടു. ഇരുളിന്‍റെ മറവില്‍ പലരും സ്ഥലം വിട്ടുകഴിഞ്ഞു.
ജീവിത സമ്പാദ്യങ്ങള്‍ കൈയൊഴിച്ചാണ് പലരും നാടുവിടുന്നത്. ഈത്തപ്പനത്തോട്ടങ്ങളും വ്യാപാരവും ഒട്ടകങ്ങളുമെല്ലാം കൈവെടിഞ്ഞ് മുസ്‌ലിംകള്‍ ജനിച്ച മണ്ണിനോട് വിട പറയുന്നു!
എന്തൊരു പരീക്ഷണം!
ആകാംക്ഷയോടെ കാത്തിരുന്നു. അപ്പോഴാണതറിഞ്ഞത്- ‘ഹിജ്റ’. നബി(ﷺ) മക്കാപട്ടണം വിട്ടിരിക്കുന്നു. യസ്രിബിലേക്കാണ് പോയത്. ഖുറൈശിന്‍റെ പ്രതിരോധം തകര്‍ക്കപ്പെടുകയായിരുന്നു!
യസ്രിബിന്‍റെ പേരുതന്നെ പിന്നീട് മാറി. അത് മദീനത്തുന്നബിയ്യായി. മദീനയില്‍ ഗംഭീര സ്വീകരണം. ഇസ്‌ലാമിക ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവ്.
സന്ധ്യാമേഘങ്ങള്‍ മേഞ്ഞുനടക്കുമ്പോള്‍ അവര്‍ മണല്‍പ്പരപ്പില്‍ ഒത്തുകൂടി. സദസ്സിന് ഗൗരവം വര്‍ദ്ധിച്ചിരിക്കുന്നു. പ്രവാചകന്‍(ﷺ)യും അനുയായികളും മദീനയിലെത്തിയിരിക്കുന്നു. ഇസ്‌ലാമികാദര്‍ശങ്ങളുടെ പ്രചാരണം വര്‍ദ്ധിച്ചിരിക്കുകയാണ്. ‘നമുക്ക് മദീനയില്‍ പോയി നബി(ﷺ)യെ സന്ദര്‍ശിക്കണം’.
മദീന യാത്ര സദസ്യരില്‍ എന്തെന്നില്ലാത്ത ആവശം പകര്‍ന്നു, വീടുകള്‍ തോറും മദീനയാത്ര ചര്‍ച്ചയായി. തിരുനബി(ﷺ)യെ കാണാന്‍ എല്ലാവര്‍ക്കും ആവേശം. പുരുഷന്മാരും സ്ത്രീകളും ഒരുങ്ങി. വൃദ്ധന്മാരും വൃദ്ധകളും യാത്രക്ക് തയ്യാറായി. യുവാക്കളും യുവതികളും യാത്രക്കു തയ്യാര്‍. കുട്ടികളും റെഡി.
ആബാലവൃദ്ധം ജനങ്ങള്‍ യാത്രക്കൊരുങ്ങി. അസ്‌ലം ഗോത്രക്കാരും വാര്‍ത്തയറിഞ്ഞു. അവരും മദീനയിലേക്ക് പുറപ്പെടുന്നു. ആബാലവൃദ്ധം ജനങ്ങള്‍.
ഗിഫാര്‍ ഗോത്രക്കാരും അസ്‌ലം ഗോത്രക്കാരും മദീനയിലേക്ക് പുറപ്പെടുകയാണ്.
നല്ല വസ്ത്രങ്ങള്‍ ധരിച്ചു. മനസ്സും ശരീരവും ശുദ്ധിയായി. അവര്‍ ഇറങ്ങിത്തിരിക്കുകയാണ്....!
എല്ലാം അബൂദര്‍റില്‍ഗിഫാരി വിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം. അത്രയും വലിയൊരു ജനാവലിയെ ഇസ്‌ലാമിലേക്കാകര്‍ഷിക്കാന്‍ ആ സ്വഹാബിവര്യന്‍റെ ശ്രമം കൊണ്ട് കഴിഞ്ഞു......
വമ്പിച്ചൊരു ജനാവലി നീങ്ങിവരുന്നു. സ്ത്രീകളും പുരുഷന്മാരുമുണ്ട്, വൃദ്ധരും കുട്ടികളുമുണ്ട്. എല്ലാവരും ആവേശഭരിതരാണ്.
യുവാക്കള്‍ ഉറച്ച പാദങ്ങളില്‍ മുന്നേറുന്നു. കുട്ടികള്‍ അവര്‍ക്കൊപ്പമെത്താന്‍ ഓടുന്നുണ്ട്. നരച്ച താടിയും ഒട്ടിയ കവിളുമായി വൃദ്ധന്മാര്‍ മുമ്പോട്ടു നീങ്ങുന്നു. കാല്‍നടക്കാരും വാഹനക്കാരുമുണ്ട്.
മദീനക്കാര്‍ ആശ്ചര്യത്തോടെ അവരെ നോക്കി. അവരെന്തോ ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ ശബ്ദം വ്യക്തമായി. –“അള്ളാഹു അക്ബര്‍! അള്ളാഹു അക്ബര്‍!”-
അപ്പോള്‍ ഇതൊരു മുസ്‌ലിം സമൂഹമാണ്. ഇത്രയധികം മുസ്‌ലിംകള്‍ എവിടെ നിന്ന്‍ വരുന്നു? അവരെങ്ങോട്ടാണ് നീങ്ങുന്നത്?
പലരും അവരെ ശ്രദ്ധിച്ചു.
നേരെ, നബി(صلی اللہ علیہ وسلم)യുടെ വാസസ്ഥലത്തേക്കാണവര്‍ പോയത്. അവിടെയുണ്ടായിരുന്നവര്‍ ആശ്ചര്യപ്പെട്ടു. ആരാണിവര്‍?
ഗിഫാര്‍ ഗോത്രക്കാരും അസ്‌ലം ഗോത്രക്കാരും.
ആരാണിവരുടെ നേതാവ്?
അബൂദര്‍റില്‍ ഗിഫാരി(رضي الله عنه).
മുഹാജിറുകള്‍ ആ നാമം ആവര്‍ത്തിച്ചിരുവിട്ടു. സംവത്സരങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ ഓര്‍മ്മകള്‍ പറന്നുപോയി. കഅ്ബാലയത്തിന്‍റെ മുന്‍വശം. ഖുറൈശീ പ്രമുഖര്‍ കൂടിനില്‍പ്പുണ്ട്. അവരുടെ മുമ്പില്‍ ഒരു ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ആ ചെറുപ്പക്കാരന്‍ അത്യുച്ചത്തില്‍ പ്രഖ്യാപിച്ചു:
“അള്ളാഹു ഏകനാണെന്നും മുഹമ്മദ് അവന്‍റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു!”
ഖുറൈശികള്‍ ഞെട്ടി, അവരന്തം വിട്ടുനിന്നു. ക്ഷുഭിതരും കോപാന്ധരുമായി ചെറുപ്പക്കാരന്‍റെ മേല്‍ ചാടിവീണു. ഉഗ്രമര്‍ദ്ദനം.... ചെറുപ്പക്കാരന്‍ മറിഞ്ഞുവീണു.
ആ ചെറുപ്പക്കാരന്‍ ഇതാ വീണ്ടും വന്നിരിക്കുന്നു. ഒറ്റക്കല്ല, വലിയൊരു ജനാവലിയുടെ അകമ്പടിയോടെ. ഈ ജനാവലിയെ ഇസ്‌ലാമാക്കിയത് ആ ചെറുപ്പക്കാരനാണ്. *അബൂദര്‍റില്‍ ഗിഫാരി(رضي الله عنه)!.*
അളവറ്റ സ്നേഹത്തോടും വാത്സല്യത്തോടും കൂടി പ്രവാചകന്‍ ﷺ അവരെ സ്വീകരിച്ചു.
__________________________