ആത്മീയതയുടെ ആനന്ദം 04
🔅കുടുംബബന്ധം.
ബന്ധങ്ങള്‍ സുദൃഢമാക്കാനാണ് മനുഷ്യരോട് അല്ലാഹുവും തിരുദൂതരും(സ)കല്‍പിക്കുന്നത്. വിശേഷിച്ചും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് ഉദാത്തമായ സ്വഭാവത്തിനും ഉന്നത സ്ഥാനമലങ്കരിക്കാനും നിദാനമാണ്.
ഖുര്‍ആനിക സൂക്തങ്ങളും തിരുനബി(സ)യുടെ ജീവിത പാഠങ്ങളും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്. *ബന്ധങ്ങള്‍ മുറിച്ച് മാറ്റുന്നവര്‍ അല്ലാഹുവിന്റെ ശക്തമായ ശാപത്തിന് പാത്രമാവുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.*
‘നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു (സൂറ: മുഹമ്മദ് 32,33).
ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുകയും കുടുംബബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്യുന്ന വിശ്വാസിയുണ്ടാവുമോ? ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് മുഴുവന്‍ എടുത്താലും അല്ലാഹുവിന്റെ ഈ താക്കീതുകള്‍ക്ക് മുന്നില്‍ എങ്ങനെയാണ് അവന്‍ ബന്ധങ്ങള്‍ പൊട്ടിച്ചെറിയുന്നത്? പരമവഞ്ചകനായ പിശാചിന്റെ ചതിയിലകപ്പെട്ടവനേ അതിന് സാധിക്കൂ. അതോടെ അവന്റെയും അല്ലാഹുവിന്റ കാരുണ്യത്തിന്റെയും ഇടയില്‍ മറ വീഴുകയും ചെയ്യും.
*ഒരു ഹദീസില്‍ ഇങ്ങനെ കാണാം, റഹ്മ്( ബന്ധുത്വം) അര്‍ശില്‍ ബന്ധിച്ചിരിക്കുന്നു. ശേഷം അവ വിളിച്ചു പറയും: ‘നാഥാ, എന്നെ മുറിച്ച് കളയാത്തവരുടെ സ്ഥാനം ഇവിടെയാണ്. അപ്പോള്‍ അല്ലാഹു പറയും: ‘നിന്നെ ചേര്‍ത്തവരുമായി ഞാന്‍ ബന്ധം സ്ഥാപിക്കും. നിന്നെ മുറിച്ച് മാറ്റിയവരുമായി ഞാനും ബന്ധം മുറിക്കും. നീ റഹ്മ് ആകുന്നു. ഞാന്‍ റഹ്മാന്‍ ആകുന്നു. എന്റെ നാമത്തിന്റെ ഭാഗമാണ് നീ.*
അല്ലാഹു പറയുന്നു: ‘അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന് ശേഷം ലംഘിക്കുകയും കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ( ബന്ധങ്ങളെ) അറുത്ത് കളയുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാരോ അവര്‍ക്കാണ് ശാപം. അവര്‍ക്കാണ് നരകം ( റഅദ് 25).
*തിരുനബി(സ) പറയുന്നു: ‘നിങ്ങള്‍ ചെയ്യുന്ന കര്‍മങ്ങള്‍ എല്ലാ തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ അല്ലാഹുവിന്റ മേല്‍ വെളിവാക്കപ്പെടും. പക്ഷേ, കുടുംബ ബന്ധം മുറിക്കുന്നവരുടെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല.’*
*അതുകൊണ്ട് ശാരീരികേഛകള്‍ക്ക് വഴങ്ങി ബന്ധങ്ങള്‍ വിഛേദിച്ചവരോട് നീ ചോദിച്ചു നോക്കൂ: ‘നിന്റെ നിസ്‌കാരങ്ങളടക്കം നീ ചെയ്ത മുഴുവന്‍ സല്‍കര്‍മങ്ങളും സ്വീകരിക്കാതെ തള്ളിക്കളയുന്നത് നീ ഇഷ്ടപ്പെടുമോ? നീ ചൊല്ലുന്ന ഒരു തസ്ബീഹ് പോലും സ്വീകരിക്കപ്പെടുകയില്ല.*
തിങ്കള്‍, വ്യാഴം തുടങ്ങിയ പുണ്യദിനങ്ങളിലും വിശേഷിച്ച് റമളാനിലും ബന്ധംമുറിച്ചവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതല്ല. ഓരോ വിശ്വാസിയും ഇത്തരം പാപങ്ങളില്‍ നിന്ന് രക്ഷ നേടണം. കുടുംബ ബന്ധങ്ങള്‍ ചേര്‍ത്ത് ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കണം.
*തിരുനബി(സ) പറയുന്നു: ‘അറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്നവനാണ് വാസ്വില്‍(ബന്ധം ചേര്‍ക്കുന്നവന്‍).* നല്‍കുന്നതിനനുസരിച്ച് കുടുംബങ്ങളില്‍ നിന്നും തിരിച്ചു ലഭിക്കുന്നവനല്ല. അതുകൊണ്ട് ക്രൂരമായി അഭിമുഖീകരിക്കുന്നവരെയും സൗമ്യമായി സ്വീകരിക്കുക. അങ്ങിനെയായിരുന്നു തിരുനബി(സ).
*നബി(സ) പറയുന്നു: അല്ലാഹു എന്നോട് ഒമ്പത് കാര്യങ്ങള്‍ കല്‍പിച്ചിരിക്കുന്നു: രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും ആത്മാര്‍ത്ഥത പുലര്‍ത്തുക. സംതൃപ്ത വേളയിലും കോപിക്കുമ്പോഴും നീതി പാലിക്കുക. ക്ഷേമത്തിലും ക്ഷാമത്തിലും അല്ലാഹുവിനെ ഓര്‍ക്കുക. അക്രമിച്ചവന് മാപ്പ് നല്‍കുക. ബന്ധം മുറിച്ച വരുമായി ബന്ധം സ്ഥാപിക്കുക. തരാത്തവര്‍ക്ക് കൊടുക്കുക. എന്റെ മൗനം നാഥനിലുള്ള ഫിക്‌റിലും എന്റെ സംസാരം അവന്റെ ദിക്‌റിലും എന്റെ ഓരോ നോട്ടവും താക്കീതാകണമെന്നും അല്ലാഹു കല്‍പിച്ചിരിക്കുന്നു. ഈ ഒമ്പത് കാര്യങ്ങളേക്കാള്‍ മറ്റെന്ത് വേണം വിശ്വാസികള്‍ക്ക് മുന്നേറാന്‍ ?*
✍ഹബീബ് ഉമര്‍ ബിന്‍ ഹഫീള്
➖➖➖➖➖➖➖➖➖➖
Comments
Post a Comment