അഹ്മദുൽ കബീർ രിഫാഈ (റ) 04, 05


3) ശൈഖ് മൻസ്വൂറുസ്സാഹിദ് (റ)

   ശൈഖ് ശംബകി(റ)വിന്റെ ശിഷ്യനും ശൈഖ് രിഫാഈ(റ)വിന്റെ മാതുലനും ഗുരുവുമായ ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്റെ സഹോദരിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെ സംബന്ധിച്ച് നേരത്തെ അറിഞ്ഞിരുന്നു. ബത്വാഇഹ് മേഖലയിലെ ഉയർന്ന ശൈഖായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) ആയിരുന്നു ശൈഖ് രിഫാഈ (റ) വിനെ വളർത്തിയതും ആത്മീയ ലോകത്തേക്ക് കൈപിടിച്ചുയർത്തിയതും. അവിടുന്ന് ദിഖ്ല എന്ന ഗ്രാമത്തിലാണ് താമസിച്ചിരുന്നത്...

 ഭൗതിക പരിത്യാഗി എന്നർത്ഥമുള്ള സാഹിദ് എന്ന അറബി പദം അവിടുത്തെ പേരിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ദുആക്ക് ഉത്തരം ലഭിക്കുന്ന പ്രത്യേകാനുമതിയുള്ള വ്യക്തിയായിരുന്നു ശൈഖ് മൻസ്വൂർ (റ) എന്നും അസാധാരണ നോട്ടത്തിലൂടെ അല്ലാഹുﷻവിന്റെ സമ്മത പ്രകാരം താനുദ്ദേശിക്കുന്നത് ചെയ്യാൻ അവിടുത്തേക്ക് കഴിഞ്ഞിരുന്നുവെന്നും ശൈഖ് അലിയ്യു ബ്നുൽ ഹൈതമി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരു നബി ﷺ തങ്ങളിൽ നിന്ന് സ്വപ്ന ദർശന രൂപത്തിലാണ് ശൈഖ് മൻസ്വൂർ (റ) തന്റെ സഹോദരിക്ക് ജനിക്കാനിരിക്കുന്ന മഹാത്മാവിനെ കുറിച്ച് മനസ്സിലാക്കിയത്...

 സ്വപ്നത്തിൽ നബി ﷺ അവിടുത്തോട് പറഞ്ഞു : " ഓ മൻസ്വൂർ, സന്തോഷിച്ചു കൊള്ളുക... താങ്കളുടെ സഹോദരിക്ക് 40 ദിവസത്തിനകം ഒരു കുഞ്ഞ് ജനിക്കും. അദ്ദേഹത്തിന്റെ പേർ അഹ്മദുർരിഫാഈ എന്നായിരിക്കും. ഞാൻ അമ്പിയാക്കളുടെ നേതാവായത് പോലെ അദ്ദേഹം ഔലിയാക്കളുടെ നേതാവായിരിക്കും. കുഞ്ഞ് വളർന്ന് പക്വതയെത്തിയാൽ ശൈഖ് അലിയ്യുൽ ഖാരി വാസ്വിതി (റ) വിന്റെ ദർസിൽ കൊണ്ടുപോയി ചേർക്കണം. കുഞ്ഞിനെ തികഞ്ഞ ശ്രദ്ധയോടെ വളർത്തുക. തീരെ അശ്രദ്ധ വരുത്തരുത് " ഹബീബായ നബി ﷺ തങ്ങളുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് ശൈഖ് മൻസ്വൂർ (റ) പ്രതിവചിച്ചു...
  [അൽ ബുർഹാനുൽ മുഅയ്യദ് : 7]

 കാലങ്ങൾക്ക് ശേഷം ദിഖ്ലയിൽ വെച്ച് ഹിജ്റ 540 ലാണ് ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വഫാത്തായത്. അവിടുത്തെ ഖബറിടത്തിനു പ്രത്യേകം സിയാറത്ത് ഖാന നിർമ്മിച്ചിരുന്നു...
  [ഖിലാദത്തുൽ ജവാഹിർ]

 ശൈഖ് രിഫാഈ (റ) വിന്റെ മഹാ നിയോഗത്തെ കുറിച്ച് ശൈഖ് അഹ്മദ് ബ്നു ഖമീസ്, ശൈഖ് മൻസ്വൂറുസ്സാഹിദിന്റെ അമ്മാവൻ ശൈഖ് അബൂബക്കർ (റ) തുടങ്ങിയവർ നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്...

*📍ബാല്യ കാലം...*

   അസാധാരണ സംഗതികളും അത്ഭുതങ്ങളും നിറഞ്ഞു നിന്നതായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെ ബാല്യ ജീവിതം. മഹാനവർകൾ തൊട്ടിലിൽ വെച്ച് തന്നെ സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും മാതാവ് കേട്ടു. തന്റെ മകൻ അത്ഭുങ്ങളായ ഒരുപാട് കഴിവുകളുള്ളവനാണെന്ന് അവർക്ക് ആദ്യമേ മനസ്സിലായി. പ്രസവിച്ച വർഷം റമളാൻ വരെ മുലപ്പാൽ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞ് റമളാൻ പിറന്നതോടെ പെട്ടെന്ന് കുടിക്കാതായി. ശൈശവത്തിലേ റമളാനിൽ അന്നപാനീയങ്ങൾ ഒഴിവാക്കിയ ആ കുഞ്ഞ് മഹാന്മാർക്കിടയിൽ ചർച്ചാവിഷയമായി...

 കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ചു തിമർത്തു നടക്കുമ്പോൾ ആധ്യാത്മികതയിലേക്ക് തിരിഞ്ഞ മനസ്സുമായി സ്വസ്ഥമായി ഇബാദത്തു ചെയ്യുകയായിരുന്നു ബാലനായ രിഫാഈ (റ). മഹത്തുക്കളുള്ളയിടങ്ങളിലും വിജ്ഞാന സദസ്സുകളിലും പോയി ഇരിക്കും. അവരോട് സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും. ഈ വേറിട്ട ബാലനിലെ ആധ്യാത്മിക നേതാവിനെ അതു വരെ തിരിച്ചറിയാതിരുന്നവർക്കും അദ്ദേഹത്തെ അടുത്തു പഠിക്കാൻ ഇത് വഴിയൊരുക്കി. മഹാനവർകളിൽ വിലായത്തിന്റെ പ്രഭ ഉണ്ടെന്നു പ്രഖ്യാപിച്ച പണ്ഡിതന്മാർ നിരവധിയായിരുന്നു...

 ശൈഖ് രിഫാഈ (റ) ചെറുപ്പത്തിൽ ഏതാനും സമപ്രായക്കാരോടൊത്ത് നിൽക്കുമ്പോൾ അത് വഴി ഒരു സംഘം പുണ്യപുരുഷന്മാർ കടന്നു വന്നു. യാദൃശ്ചികമായി ശൈഖ് രിഫാഈ (റ) വിനെ കണ്ട അവർ പൊടുന്നനെ നിന്നു. അവിടുത്തെ തന്നെ നിർന്നിമേഷരായി നോക്കി ഒരേ നിൽപ്പ്. അൽപം കഴിഞ്ഞപ്പോൾ അവരിൽ ഒരാൾ പറഞ്ഞു...

لا إله إلا اللّٰه محمد رسول اللّٰه

"പുണ്യ വൃക്ഷം പ്രത്യക്ഷമായിരിക്കുന്നു. അതു കേട്ട മറ്റൊരാൾ : അതിന്റെ നിഴൽ നമുക്ക് അനുഭവപ്പെടാൻ അധികം വൈകില്ല. പ്രയോജനം വ്യാപിക്കും. തുടർന്ന് താമസിയാതെ അവരിൽ നിന്ന് അത്ഭുതങ്ങൾ പുറപ്പെടും. അവിടുത്തെ മഹത്വം വർദ്ധിക്കും. ധാരാളം ശിഷ്യ ജനങ്ങൾ അദ്ദേഹത്തെ തേടിയെത്തും. അവരുടെ കവാടങ്ങൾ ലക്ഷക്കണക്കിനാളുകൾക്കായി തുറക്കപ്പെടും " എന്നിങ്ങനെയുള്ള ആശീർവാദ വചസ്സുകളിലൂടെ അവരുടെ സംഭാഷണം നീണ്ടുപോയി... ഈ അനുഗ്രഹാശിരസ്സുകൾ നൽകിയ ശേഷം അവരെല്ലാം തിരിച്ചുപോയി...
  [ഖിലാദത്തുൽ ജവാഹിർ : 33]



*👑സുൽത്താനുൽ ആരിഫീൻ👑*
   *അഹ്മദുൽ കബീർ രിഫാഈ (റ)*
                *🌹ചരിത്രം🌹*
       🔵〰〰〰🔸🔹🔸〰〰〰🔵


*💧Part : 05💧* 

*📌 വിദ്യാഭ്യാസം...*

   മാതുലനായ ശൈഖ് മൻസ്വൂർ (റ) വായിരുന്നു ശൈഖ് രിഫാഈ (റ) വിന്റെയും മാതാവിന്റേയും ജീവിതച്ചിലവുകൾ നിവർത്തിച്ചിരുന്നത്. ശൈഖ് രിഫാഈ (റ) വിന്റെ പ്രഥമ ഗുരുവും അവിടുന്ന് തന്നെയായിരുന്നു...

 ഹബീബായ നബി ﷺ തങ്ങളിൽ നിന്ന് സ്വപ്നത്തിലൂടെ ലഭിച്ച നിർദ്ദേശം അനുസരിച്ച് ശൈഖ് അഹ്മദ് (റ) വിന് ഉന്നത വിദ്യാഭ്യാസം നൽകണമെന്ന് ശൈഖ് മൻസ്വൂർ (റ) തീരുമാനിച്ചു. നബി ﷺ തങ്ങളുടെ നിർദ്ദേശ പ്രകാരം തന്നെ ബസ്വറയിലെ വിശ്രുത ഖാരിഉം പണ്ഡിതനുമായിരുന്ന ശൈഖ് അബുൽ ഫള്ൽ അലിയ്യുൽ ഖാരി വാസ്വിത്വി (റ) യുടെ ദർസിൽ ശൈഖ് രിഫാഈ (റ) വിനെ ചേർത്തു...

 മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ശൈഖ് അഹ്മദ് രിഫാഈ (റ). വളരെ പെട്ടെന്ന് തന്നെ മഹാനവർകൾ ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. ഖുർആൻ പാരായണ ശാസ്ത്രം, കർമ ശാസ്ത്രം, തത്വ ശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളേക്കാൾ മുൻ പന്തിയിലെത്തി. പഠന കാലത്ത് തന്നെ ശാഫിഈ കർമ ശാസ്ത്രത്തിന്റെ കിതാബുത്തൻബീഹ് ഹൃദിസ്ഥമാക്കിയിരുന്നു.

 മറ്റൊരു കർമ്മ ശാസ്ത്ര വിശാരദനായ ശൈഖ് അബുല്ലൈസ് (റ) വിന്റെ സദസ്സിലും കൂടെക്കൂടെ പോയി അവിടുന്ന് വിദ്യ വിപുലപ്പെടുത്തുമായിരുന്നു. തീർത്തും ഭൗതിക വിരക്തിയിലധിഷ്ടിതമായ ജീവിതത്തിനുടമയായിരുന്നു മഹാനവർകൾ. ശൈഖ് അബൂബക്കർ അൽ വാസ്വിത്വി, ശൈഖ് അബ്ദുൽ മലിക്കുൽ ഖർനൂബി (റ) തുടങ്ങിയവരും അവിടുത്തെ ഗുരുക്കന്മാരിൽ പെടുന്നു...

 തന്റെ ശിഷ്യന്റെ ബുദ്ധിപരവും ആധ്യാത്മികവുമായ പ്രത്യേകതകൾ ശൈഖ് അലിയ്യുൽ വാസ്വിത്വി (റ) നന്നായി മനസ്സിലാക്കിയിരുന്നു. ശൈഖ് അലിയ്യുൽ ഖാരി (റ) ഒരിക്കൽ പറഞ്ഞു : ഞങ്ങൾ പേരിന് മാത്രമാണ് അദ്ദേഹത്തിന് ശൈഖാകുന്നത്. യഥാർത്ഥത്തിൽ അദ്ദേഹം ഞങ്ങളുടെ ശൈഖാണ്...
  [തദ്കിറ : 151]

 ശൈഖ് അലിയ്യുൽ ഖാരി (റ) വിന് തന്റെ ശിഷ്യനെ സംബന്ധിച്ചുണ്ടായിരുന്ന ബോധ്യത്തിന് ഉപോൽബലകമായ ഒരു സംഭവം മഹാനായ ഇമാം യാഫിഈ (റ) റൗളുറയാഹീനിൽ ഉദ്ധരിക്കുന്നുണ്ട്. ശൈഖ് അലിയ്യുൽ ഖാരി (റ) വിന്റെ കൂടെ ശൈഖ് രിഫാഈ (റ) ഖുർആൻ പഠിച്ചു കൊണ്ടിരുന്ന കാലത്താണത്...

 ഒരിക്കൽ ഒരാൾ ശൈഖിനേയും ശിഷ്യന്മാരേയും വീട്ടിലേക്ക് ക്ഷണിച്ചു. പ്രമുഖരായ പല ഖാരിഉകളും മശാഇഖുമാരും പ്രസ്തുത സദ്യയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഭക്ഷണ സാധനങ്ങൾ നിരന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. അതിനിടെ അവിടെ കടന്നു വന്ന ഒരു മനുഷ്യൻ ആത്മീയത ചാലിച്ച കീർത്തനങ്ങളാലപിക്കാനും ദഫ് മുട്ടാനും തുടങ്ങി. മശാഇഖുമാരുടെ ചെരിപ്പുകൾ വെച്ച ഭാഗത്ത് തന്റെ ഗുരുവിന്റെ ചെരിപ്പിനടുത്താണ് ശൈഖ് രിഫാഈ (റ) ഇരുന്നിരുന്നത്...

 പ്രകീർത്തന രാഗങ്ങൾ സദസ്സിനെ പിടിച്ചിരുത്തി. സദസ്സ് മുഴുവൻ ആത്മീയാനുരാഗത്തിൽ ലയിച്ചു ചേർന്നിരിക്കേ ശൈഖ് രിഫാഈ (റ) പെട്ടെന്ന് എഴുന്നേറ്റ് ചെന്ന് അയാളിൽ നിന്ന് ദഫ് പിടിച്ചു വാങ്ങി പൊട്ടിച്ച് വലിച്ചെറിഞ്ഞു. ധാരാളം പ്രമുഖരുള്ള ആ സദസ്സിൽ ആ ചെറിയ കുട്ടിയായ രിഫാഈ (റ) വിന്റെ ചെയ്തി പലർക്കും ഇഷ്ടപ്പെട്ടില്ല..!! അവർ രിഫാഈ (റ) വിന്റെ ഗുരുനാഥനായ ശൈഖ് അലി (റ) വിനോട് അമർഷത്തോടെ പറഞ്ഞു : ഇതൊരു ചെറിയ കുട്ടിയാണ്. ഒരു ബാലനോട് ഇത്തരമൊരു പെരുമാറ്റത്തിന് വിശദീകരണം തേടുന്നതിൽ അർത്ഥമില്ല. അതിനാൽ കുട്ടിയെ കൊണ്ടു വന്ന താങ്കളാണ് ഉത്തരവാദി. നിങ്ങൾ വേണ്ടതു ചെയ്യണം...

 കുട്ടിയാണല്ലോ ചെയ്തത്. അതുകൊണ്ട് നിങ്ങൾ അവനോട് തന്നെ ചോദിക്കുക. അവൻ മറുപടി പറയട്ടെ. അവൻ പ്രതിവചിക്കുന്നില്ലെങ്കിൽ ഞാൻ ഉത്തരവാദിത്വം ഏൽക്കാം. ശൈഖ് അലി (റ) പ്രതികരിച്ചു. അവർ ബാലനായ രിഫാഈ (റ) വിനെ വിളിച്ച് കാരണമന്വേഷിച്ചു...

 ദഫുകാരൻ കീർത്തനം ആലപിച്ചപ്പോൾ അയാളുടെ മനസ്സിലെന്താണുണ്ടായിരുന്നത് എന്ന് അന്വേഷിച്ചു വരാനായിരുന്നു ബാലനായിരുന്ന രിഫാഈ (റ) വിന്റെ മറുപടി..! അവർ ദഫുകാരനെ വിളിച്ചു വരുത്തി. എന്താണ് അയാൾ മനസ്സിൽ കരുതിയിരുന്നത് എന്ന് ചോദിച്ചു. അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു...

 "ഞാൻ ഇന്നലെ മദ്യപാനികളായ ചില ആളുകളുടെയടുത്ത് എത്തിപ്പെട്ടിരുന്നു. അവർ കുടിച്ച് ലക്ക് കെട്ട് ആടുന്നത് ഞാൻ കണ്ടു. ഈ മഹാന്മാർ ആധ്യാത്മികതയിൽ ലയിച്ച് ആടിയപ്പോൾ ഇവർ ഇന്നലെ കണ്ട ആളുകളെ പോലെയുണ്ട് എന്ന് എനിക്ക് തോന്നിപ്പോയി. ആ നിമിഷത്തിലാണ് കുട്ടി എന്റെ കയ്യിൽ നിന്ന് ദഫ് തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞത്..!!"

 പാട്ടുകാരന്റെ പ്രതികരണം സദസ്സിനെ അത്ഭുതപ്പെടുത്തി. സദസ്സിലുണ്ടായിരുന്ന മഹാന്മാർ മുഴുവൻ ശൈഖ് രിഫാഈ (റ) തങ്ങളുടെ കൈപിടിച്ചു ചുംബിച്ച് ബറക്കത്തെടുത്തു. ശൈഖവർകളെ തെറ്റിദ്ധരിച്ചവർ അവിടത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു...
  [റൗളുറയാഹീൻ]

തുടരും ..

Comments