ലൂത്വ് നബി (അ) 03
➖➖➖➖➖➖➖➖➖
ഭാഗം - 3
➖➖➖➖➖➖➖➖➖
പരസ്യമായി ചെയ്യുന്ന കുറ്റങ്ങൾ
➖➖➖➖➖➖➖➖➖
ലൂത്വ് നബി (അ)ന്റെ സമുദായക്കാരുടെ ദുഷിച്ച പ്രവണതയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ചില വചനങ്ങൾ കൂടി കാണുക
സൂറത്തുൽ അഹ്റാഫിലെ വചനങ്ങൾ നോക്കാം
ലൂത്വിനെയും (നാം അയച്ചു ) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക നിങ്ങൾ നീചവൃത്തിക്ക് ചെല്ലുകയോ? ലോകരിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഇത് ചെയ്തിട്ടില്ല (7:80)
നിങ്ങൾ സ്ത്രീകളെ ഒഴിവാക്കി കാമവികാരത്താൽ പുരുഷന്മാരുടെ അടുക്കൽ ചെല്ലുന്നു എന്നാൽ നിങ്ങൾ അതിര് കവിഞ്ഞ ഒരു ജനതയാകുന്നു (7:81)
ലോകത്തിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഈ നീചവൃത്തി ചെയ്തിട്ടില്ലെന്ന് സൂറത്ത് അഹ്റാഫിലെ എൺപതാം ആയത്തിൽ പറയുന്നു
തൊട്ടടുത്ത വചനത്തിൽ ആ നീചവൃത്തി വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്
കാമവികാരത്തോടെ പുരുഷനെ സമീപിക്കുക ഭാര്യമാരെ ഒഴിവാക്കുക ഇതാണ് നീചകൃത്യം ഇത് കാരണം അവർ പരിധി ലംഘിച്ചവരായിത്തീർന്നു എല്ലാ അതിർവരമ്പുകളും അവർ ലംഘിച്ചിരിക്കുന്നു അത്തരക്കാർ ദുനിയാവിൽ നിന്ന് തന്നെ ശിക്ഷകൾ വാങ്ങും അവർക്കു മുമ്പ് ധിക്കാരികളായ ചില സമൂഹങ്ങൾ കടന്നുപോയിട്ടുണ്ട് അവരോട് ചേർത്തി ഇക്കൂട്ടരെയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് അവരും അതിർവരമ്പുകൾ ലംഘിച്ചവരായിരുന്നു പ്രവാചകന്മാരെ കളവാക്കുകയും ദ്രോഹിക്കുകയും ചെയ്തവരായിരുന്നു സൂറത്ത് സ്വാദിൽ നിന്നുള്ള രണ്ട് വചനങ്ങൾ നോക്കൂ :
നൂഹിന്റെ ജനതയും ആദ് ഗോത്രവും കുറ്റി (ആണി) യുടെ ആളായ ഫിർഔനും ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി (38;12)
സമൂദ് ഗോത്രവും ലൂത്വിന്റെ ജനതയും ഐക്കത്തുകാരും (വ്യാജമാക്കി) അക്കൂട്ടരാണ് സത്യത്തിനെതിരെ അണിനിരന്ന കക്ഷികൾ (38:13)
ആദ്യവചനത്തിൽ ഫിർഔന്റെ പേരും വിശേഷണവും കാണാം കുറ്റിയുടെ ആൾ , ആണിയുടെ ആൾ എന്നൊക്കെ അർത്ഥം വരുന്ന ദുൽ ഔത്താദ് എന്ന വിശേഷണമാണ് നൽകപ്പെട്ടത് തമ്പുകൾ ഉറപ്പിച്ചുനിർത്താനാണ് കുറ്റികൾ അടിക്കുന്നത് തമ്പിന്റെ ചുറ്റുഭാഗത്തും കുറ്റിയടിച്ച് കയറുകൊണ്ട് വലിച്ചു കെട്ടും കുറ്റി ഭദ്രമാവണം എന്നാൽ തമ്പ് ഇളകുകയില്ല കാറ്റിൽ പറന്നുപോവില്ല ഇതുപോലെ തന്റെ അധികാര ശക്തിയെ കുറ്റിയടിച്ചു ഭദ്രമാക്കി വെച്ചവനായിരുന്നു ശപിക്കപ്പെട്ട ഫിർഔൻ എന്നാണ് ദുൽ ഔത്താദിന്റെ ഒരു വ്യാഖ്യാനം
മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാകുന്നു കുറ്റി എന്നത് ഉറപ്പിന്റെ സൂചനയാണ് ഒരു രാജ്യത്തെ ഉറപ്പിച്ചു നിർത്തുന്നത് സുശക്തമായ സൈന്യമാണ് ഫിർഔനിന്റെ സൈന്യം സുശക്തമായിരുന്നു ഏത് ശത്രുവിനെയും ജയിച്ചടക്കാൻ മാത്രം ശക്തം ഈ ശക്തിയെ ദുൽ ഔത്താദ് സൂചിപ്പിക്കുന്നു
കുറ്റവാളികളെ ശിക്ഷിക്കുന്ന ഒരു പ്രാകൃത സമ്പ്രദായമുണ്ട് ശരീരത്തിൽ കുറ്റിയോ ആണിയോ അടിച്ചു കയറ്റുക ഫിർഔൻ തനിക്കിഷ്ടമല്ലാത്തവരെ നിർദയം ശിക്ഷിച്ചിരുന്നു ഇത് മറ്റൊരു വ്യാഖ്യാനം കൊടും ക്രൂരനായ ഫിർഔനോട് ലൂത്വ് നബി (അ) ന്റെ സമുദായത്തെ ചേർത്തു പറഞ്ഞിരിക്കുന്നു അവരുടെ ക്രൂര സ്വഭാവം അത്ര കടുത്തതായിരുന്നുവെന്ന് മനസ്സിലാക്കാം നൂഹ് (അ)ന്റെ സമുദായം എത്ര കടുത്ത ധിക്കാരികളായിരുന്നു പ്രളയം അവരെ ബാധിച്ചു കടുത്ത ശിക്ഷ തന്നെ അവരുടെ പാപ ഭാരം അത്ര കനമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണം ആദ് സമൂഹവും സമൂദ് ഗോത്രവും ധിക്കാരത്തിന്റെ പ്രതിരൂപങ്ങളായിരുന്നു അവരെ കുറ്റപ്പെടുത്തി അതേ ഗൗരവത്തിൽ തന്നെയാണ് ലൂത്വ് നബി (അ) ന്റെ സമൂഹത്തെയും കുറ്റപ്പെടുത്തുന്നത്
മറ്റൊരു കൂട്ടർ ഐക്കത്തുകാരാണ് അസ്ഹാബുകൾ ഐക്കത്ത് അവർ ശുഐബ് നബി (അ)ന്റെ സമൂഹമാകുന്നു
ഐക്കത്ത് എന്നാൽ വൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലം ഇത് മദ് യാൻ എന്ന നാട്ടിലായിരുന്നു മദ് യന്റെ സമീപത്തുള്ള മറ്റൊരു പ്രദേശമായിരുന്നു എന്നൊക്കെ അഭിപ്രായമുണ്ട്
ഐകത്തുകാരും മദ്യ്യകാരും ഇവർ രണ്ട് ജനതയാണോ ? ഒറ്റജനതയാണോ?
രണ്ട് വിധത്തിലും പറയപ്പെട്ടിട്ടുണ്ട് അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ശുഐബ് (അ) ആയിരുന്നു
അളത്തത്തിലും തൂക്കത്തിലും കുറവ് വരുത്തുകയെന്നതാണ് അവർ ചെയ്ത കുറ്റം ഇതിനെ ശുഐബ് (അ) എതിർത്തു അപ്പോൾ അവർ ശത്രുക്കളായി കഠിനമായ ക്രൂരതയാണ് പിന്നെയവർ കാണിച്ചത്
നൂഹ് (അ) ന്റെ ജനത, ആദ് സമൂഹം, സമൂദ് ഗോത്രം , ഐക്കത്തുകാർ എന്നിവർക്കൊപ്പമാണ് ധിക്കാരത്തിലും ക്രൂരതയിലും ലൂത്വ് നബി (അ)ന്റെ സമൂഹത്തെ നാം കാണുന്നത്
ഈ സമൂഹങ്ങളെക്കുറിച്ച് അല്ലാഹു ഇത്രകൂടി പറയുന്നു :
ഇവരെല്ലാവരും ദൈവദൂതന്മാരെ വ്യാജമാക്കുകയല്ലാതെ ചെയ്തിട്ടില്ല അങ്ങനെ എന്റെ പ്രതികാരശിക്ഷ അവരിൽ യാഥാർത്ഥ്യമായി (38:14)
സൂറത്ത് നംലിൽ ലൂത്വ് നബി (അ)ന്റെ സമുദായത്തിന്റെ ദുഷ്ചെയ്തികളെ കുറച്ച് പറയുന്നുണ്ട് സമൂദ് ഗോത്രക്കാരുടെ ചരിത്രത്തിന്റെ തുടർച്ചയായിട്ടാണത് പറയുന്നത്
സ്വാലിഹ് നബി (അ)സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട നബി ആയിരുന്നു സമൂദ് ഗോത്രക്കാർ ഒരു ദൃഷ്ടാന്തം കാണിക്കാൻ നിർബന്ധം പിടിച്ചു വലിയ പാറയുടെ ഉള്ളിൽ നിന്ന് ഒരു ഒട്ടകം വരണമെന്നായിരുന്നു അവരുടെ ആവശ്യം അല്ലാഹു അത് നിറവേറ്റിക്കൊടുത്തു പാറയിൽ നിന്ന് ഒട്ടകം വന്നു സ്വാലിഹ് (അ) അവർക്ക് മുന്നറിയിപ്പ് നൽകി ഈ ഒട്ടകം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് അതിനെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുത് അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുക
ധിക്കാരികൾ അതിനെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു ഒട്ടകത്തെ ഉപദ്രവിക്കാൻ തുടങ്ങി
സ്വാലിഹ് (അ) ശക്തമായ മുന്നറിയിപ്പ് നൽകി ഒട്ടകത്തെ ഉപദ്രവിക്കരുത് ധിക്കാരികൾ ചോദിച്ചു : ഉപദ്രവിച്ചാലെന്താ ? നബി പറഞ്ഞു : വേദനാജനകമായ ശിക്ഷ നിങ്ങളെ പിടികൂടും എങ്കിൽ ആ ശിക്ഷ കൊണ്ടുവാ ഞങ്ങളൊന്ന് കാണട്ടെ നിന്റെ ദൈവത്തിന്റെ ശക്തിയൊന്നു കാണട്ടെ
തെമ്മാടികളുടെ നേതാക്കന്മാരായ ഒമ്പത് പേർ അവിടെ ഉണ്ടായിരുന്നു എല്ലാ നന്മകളും തടയുകയെന്നതാണ് അവരുടെ ലക്ഷ്യം ജനങ്ങളെ തിന്മയിലേക്കു നയിക്കുക അതിനുവേണ്ടിയാണവർ ജീവിക്കുന്നത് ധിക്കാരികൾ അവർ ഒട്ടകത്തിന്റെ കാലുകൾ വെട്ടിവീഴ്ത്തി ഒട്ടകത്തെ അറുത്തു അപ്പോൾ സ്വാലിഹ് (അ) പറഞ്ഞു : ഇനി നിങ്ങൾക്ക് മൂന്നു ദിവസത്തെ അവധിയേയുള്ളൂ അപ്പോൾ ധിക്കാരികൾ ഗൂഢാലോചന നടത്തി സ്വാലിഹ് (അ)മിനെയും അനുയായികളെയും രാത്രിയിൽ വധിച്ചു കളയാൻ തീരുമാനിച്ചു അപ്പോൾ അല്ലാഹു അവന്റെ തീരുമാനവും നടപ്പിലാക്കി സൂറത്തുന്നംലിലെ ഈ വചനങ്ങൾ ശ്രദ്ധിക്കുക
നഗരത്തിൽ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു അവർ നാട്ടിൽ നന്മയുണ്ടാക്കാതെ ,കുഴപ്പമുണ്ടാക്കുന്നവരായിരുന്നു (27:48)
അവർ തമ്മിൽ പറഞ്ഞു : തീർച്ചയായും ദൈവത്തിൽ ശപഥം ചെയ്തു പറയണം : സ്വാലിഹിനെയും അവന്റെ ആൾക്കാരെയും രാത്രിയിൽ കൊല ചെയ്യുന്നതാണ് പിന്നെ അവന്റെ അവകാശിയോട് പറയണം തന്റെ കുടുംബത്തിന്റെ നാശത്തിൽ ഞങ്ങൾ സന്നിഹിതരായിരുന്നില്ല ഞങ്ങൾ സത്യവാന്മാർ തന്നെയാണ് (27:49)
അവരുടെ തന്ത്രങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക അവരെയും അവരുടെ ജനതയെയും നാം തകർത്തു കളഞ്ഞത് എങ്ങനെയായിരുന്നു ? (27;51)
അവർ അക്രമം കാണിച്ചത് കാരണം അവരുടെ വീടുകൾ വീണടിഞ്ഞത് ശൂന്യമായി കിടക്കുന്നു നിശ്ചയമായും അറിവുള്ള ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട് (27:52)
വിശ്വസിക്കുകയും സൂക്ഷിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു (27:55)
സമൂദ് സമൂഹത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷം തൊട്ടടുത്ത വചനത്തിൽ ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചാണ് പറയുന്നത് അതിങ്ങനെയാകുന്നു
ലൂത്വ് തന്റെ ജനങ്ങളോട് പറഞ്ഞപ്പോൾ : നിങ്ങൾ കണ്ടുകൊണ്ട് തന്നെ ഈ ദുഷ്പ്രവർത്തി ചെയ്യുകയാണോ ? കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നുവെന്നത് വളരെ ശ്രദ്ധിക്കേണ്ട പ്രയോഗമാണ് ഇതിന് രണ്ട് വ്യാഖ്യാനങ്ങൾ പറഞ്ഞു കാണുന്നു ഒന്നാം വ്യാഖ്യാനം ഇങ്ങനെ : ഭർത്താവ് ഭാര്യയെ മാത്രമേ കാമപൂർത്തീകരണത്തിന് സമീപിക്കാവൂ എന്ന് ആ സമൂഹത്തിന്നറിയാം ഈ ആവശ്യത്തിന് വേണ്ടി പുരുഷ്യന്മാരെ സമീപിക്കുന്നത് നീചവൃത്തിയാണെന്നും അവർക്കറിയാം അറിഞ്ഞുകൊണ്ട് തന്നെ അവർ തെറ്റ് ചെയ്യുകയാണ് കണ്ടുകൊണ്ട് ചെയ്യുന്നു എന്നുപറഞ്ഞാൽ എല്ലാം മനസ്സിലാക്കിയ ശേഷം ചെയ്യുന്നു എന്നു സാരം ഇനി രണ്ടാമത്തെ വ്യാഖ്യാനം;
പരസ്പരം കണ്ടുകൊണ്ട് തന്നെ ദുഷ്പ്രവർത്തി ചെയ്യുന്നു വാതിലടച്ചു കുറ്റിയിട്ട ശേഷം മുറിയിൽ വെച്ച് രഹസ്യമായിട്ടല്ല നീചകൃത്യം ചെയ്തിരുന്നത് മറ്റുള്ളവരുടെ മുമ്പിൽ വെച്ചു ചെയ്തു എല്ലാവരും നോക്കിക്കൊണ്ടിരിക്കെ ചെയ്തു അതിൽ ചെയ്യുന്നവരും കാണികളും പൈശാചികമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്തു ഒരു തെറ്റ് പുറത്താരുമറിയാതെ സ്വകാര്യമായി ചെയ്യുന്നവരും പരസ്യമായി ചെയ്യുന്നതും ഒരു പോലെയല്ല പരസ്യമായി തെറ്റ് ചെയ്യുക അതൊരു അഭിമാനമായി കരുതുക അങ്ങനെ ചെയ്യുന്നവർക്ക് സമൂഹത്തിൽ സ്ഥാനം കൽപിക്കുക ഇതൊക്കെയായിരുന്നു ആ സമൂഹത്തിന്റെ അവസ്ഥ ലൂത്വ് (അ)ഇത്രകൂടി പറഞ്ഞു : വിശുദ്ധ ഖുർആൻ വചനം കാണുക
നിങ്ങൾ കാമനിവാരണത്തിന് ഭാര്യമാരെ വിട്ട് പുരുഷ്യന്മാരുടെ അടുക്കൽ തന്നെ പോവുകയാണോ? നിങ്ങൾ വിഡ്ഢിത്തം പ്രവർത്തിക്കുന്ന ജനതയാകുന്നു (27:55)
മനുഷ്യന്റെ ബുദ്ധിയും വിവേകവും നശിപ്പിക്കുന്ന പരിപാടിയാണിത് ഈ നീചകൃത്യം തുടരുന്നവർ കാലാന്തരത്തിൽ വിഡ്ഢികളായി മാറും വിവരംകെട്ടവരായിത്തീരും മനുഷ്യരുടെ എല്ലാ മേഘലയിലുമുള്ള പുരോഗതിക്ക് ഭാര്യയുടെ പ്രോത്സാഹനം വേണം ഭാര്യയുടെ വാടിയ മുഖം ഒന്നിനും പ്രോത്സാഹനമല്ല എല്ലാ മേഘലയിലും പിന്നോക്കം പോകാൻ അത് കാരണമാകും
ഈ ദുഷിച്ച പ്രവണത ഭാര്യമാരുമായുള്ള മാനസികമായ ഇണക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു ഭാര്യമാർക്കിടയിൽ അരാജകത്തമാണ് പിന്നെ പ്രകടമാവുക
കുത്തഴിഞ്ഞ ജീവിതം സർവ്വത്ര ജീർണതകൾ ധാർമികതയുടെ അംശങ്ങൾ നശിച്ചുകഴിഞ്ഞു തന്നിഷ്‌ടപ്രകാരം ജീവിക്കുന്ന മുതിർന്ന തലമുറ അവരെ അനുകരിച്ചു വളർന്നു വരുന്ന പുതിയ തലമുറ പിശാചാണ് വഴികാട്ടുന്നത് ഏകദൈവ വിശ്വാസം അവരുടെ മനസ്സിലേക്ക് കടന്നുവരരുത് തൗഹീദിന്റെ പ്രകാശത്തിലേക്ക് ആ സമൂഹം എത്തിച്ചേരരുത് അതാണ് ഇബ്ലീസിന്റെ ലക്ഷ്യം
ലക്ഷ്യം നേടുന്നതിന് വേണ്ടതൊക്കെ അവൻ ചെയ്യുന്നുമുണ്ട് ബിംബാരാധന വളരുകയാണ് ബലി നടക്കുന്നുണ്ട് പിൽക്കാലത്ത് ആ പ്രദേശത്ത് നടന്ന ഖനനങ്ങളിൽ ബലിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട് ധിക്കാരികളുടെ പരാക്രമങ്ങൾ നിശ്ചിത കാലം വരെ തുടർന്നു
(തുടരും )
Comments
Post a Comment