പാപത്തിന്റെ ഭവിഷ്യത്തുകൾ
01
ഇബ്നുഖയ്യൂമിൽ ജൗസി പറയുന്നു : "പാപികൾക്ക് മനസ്സിനും ശരീരത്തിനും ദുനിയാവിലും ആഖിറത്തിലും പ്രയാസങ്ങൾ വരുത്തുന്ന വളരെ മോശമായ ഭവിഷ്യത്തുകളുണ്ടാകുന്നതാണ്.
മഹാനവർകൾ ഏതാനും ഭവിഷ്യത്തുകളെ എണ്ണുന്ന കൂട്ടത്തിൽ പറഞ്ഞു:
പാപികൾക്ക് അവരുടേയും മറ്റു ജനങ്ങളുടെയും ഇടയിൽ ഏകാന്തത അനുഭവപ്പെടും. പ്രത്യേകിച്ച് സ്വാലിഹീങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കാതെ വരും. ആ ഏകാന്തത വർദ്ധിക്കുന്തോറും മഹാന്മാരുമായും, അവരുടെ സദസ്സുകളുമായും അവൻ അകലുന്നതാണ്. അവരെക്കൊണ്ട് ലഭിക്കുന്ന ഉപകാരവും ബറകത്തും അവനിക്ക് തടയപ്പെടും. അവൻ എത്രത്തോളം സ്വാലിഹീങ്ങളുമായി അകലുന്നുവോ അത്രത്തോളം പിശാചിന്റെ സൈന്യവുമായി അവൻ അടുത്തുകൊണ്ടിരിക്കുന്നതാണ്. ആ ഏകാന്തത ശക്തിപ്രാപിച്ച് അവനിൽ അത് ആധിപത്യം ചെലുത്തും. അങ്ങനെ ഭാര്യ, മക്കൾ, മറ്റു കുടുംബാംഗങ്ങൾക്കിടയിലും സ്വന്തം മനസ്സാക്ഷിക്ക് മുന്നിലും അവൻ ഒറ്റപ്പെടും.
(അദ്ദാഉ വദ്ദവാഅ്:52)
02
ഇബ്നുഖയ്യിമിൽ ജൗസി തുടരുന്നു: തെറ്റുകൾ അധികരിച്ചാൽ അവനിക്ക് വന്നു ചേരുന്ന അനന്തരഫലങ്ങളിൽ ഒന്നാണ് വിജ്ഞാനം തടയപ്പെടുക എന്നത്.
ഇമാം ശാഫിഈ(റ) വിദ്യ നുകരാൻ ഗുരുവായ ഇമാം മാലിക്(റ)വിന്റെ മുന്നിൽ ഇരിക്കുകയും, ഓതിക്കൊടുക്കുകയും ചെയ്തപ്പോൾ ശിഷ്യന്റെ ബുദ്ധികൂർമ്മത കണ്ട് അത്ഭുതപ്പെട്ട ഉസ്താവർകൾ പറഞ്ഞു: "തീർച്ചയായും അല്ലാഹു നിന്റെ ഹൃദയത്തിൽ പ്രകാശം ഇട്ടുതന്നതായി ഞാൻ കാണുന്നു. അതിനെ പാപമാകുന്ന ഇരുൾ കൊണ്ട് നീ കെടുത്തിക്കളയരുത്! "
മറ്റൊരിക്കൾ ശാഫിഈ ഇമാം(റ) പാടി: ""എന്റെ ഗുരുവായ വകീഅ് (റ) വിനോട് ഞാൻ ഹിഫ്ളിന്‍റെ കുറവിനെക്കുറിച്ച് ആവലാതിപ്പെട്ടു. അവിടുന്ന് എന്നോട് പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചു.
അവിടുന്ന് പറഞ്ഞു: അറിയുക ഇൽമ് അല്ലാഹുവിന്റെ ഫള്ലാണ്. അല്ലാഹുവിന്റെ ഫള്ൽ പാപികൾക്ക് ലഭിക്കുകയില്ല.
(അദ്ദാഉ വദ്ദവാഅ് :52)
✍മുഹമ്മദ് ശാഹിദ് സഖാഫി