അബൂദര്‍റില്‍ഗിഫാരി(റ)01, 02, 03

ഭാഗം 1

   പൗരാണിക കാലത്തെ അറേബ്യന്‍ ഉപദ്വീപിലെ ഹിജാസ് പ്രവിശ്യയില്‍ താമസിച്ചിരുന്ന ഒരു ഗോത്രമായിരുന്നു ഗിഫാര്‍. പുണ്യനബി(ﷺ)യുടെ പിതാമഹന്മാരില്‍ പെട്ട മഅദ്ദിന്‍റെ ഒരു ഉപഗോത്രമാണിത്. അബൂദര്‍റില്‍ ഗിഫാരി എന്ന പേരിലറിയപ്പെടുന്ന ജുന്‍ദുബുബ്നു ജുനാദ അവരുടെ നേതാവായിരുന്നു. കൊള്ളയും കവര്‍ച്ചയും പിടിച്ചുപറിയും കൊണ്ട് കുപ്രസിദ്ധി നേടിയ ഗോത്രമായിരുന്നു അന്ന്‍ ഗിഫാര്‍.*

     ഇവരുടെ നേതാവ് അബൂദര്‍റ് ഒരിക്കല്‍ മക്കയില്‍ വന്നു. ഇസ്‌ലാമിന്‍റെ ശൈശവനാളുകളായിരുന്നു അന്ന്‍. ആകെ നാലോ അഞ്ചോ ആളുകള്‍ മാത്രമേ പുണ്യമതം പുല്‍കിയിട്ടുള്ളൂ. അവര്‍ മാത്രമല്ല, നബി(ﷺ) തന്നെയും രഹസ്യവാസത്തിലാണ്.

     ഇവിടന്നങ്ങോട്ട് ഒരു സംഭവബഹുലമായ അധ്യായമാരംഭിക്കുകയാണ്. അതെ നബി(ﷺ)യുടെ കല്‍പനകളും ഉപദേശങ്ങളും അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തിയ അവിടുത്തെ സന്തത സഹചാരി അബൂദര്‍റ്(رضي الله عنه)വിന്‍റെ ജീവിതകഥ ഇന്നു മുതല്‍ ചരിത്രചെപ്പില്‍.

*കടപ്പാട്;*

*“ബഹുമാനാദരവുകള്‍ നിറഞ്ഞ “പ്രൊഫ. കൊടുവള്ളി അബ്ദുല്‍ഖാദിര്‍”.*

‘ഗിഫാറിന്‍റെ നായകന്‍, എന്ന ചരിത്രബുക്കില്‍ നിന്നും സമര്‍പിക്കുന്നു”.

   “ഇത് പൂർത്തിയാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ കഥ തുടങ്ങട്ടെ”…..

         ശക്തിയായ കാറ്റടിച്ചപ്പോള്‍ ഈത്തപ്പനമരങ്ങള്‍ ആടിയുലഞ്ഞു. കനത്ത കുലകളുള്ള ഈത്തപ്പനത്തലപ്പുകള്‍ കുനിഞ്ഞു. പൊടിപടലങ്ങളുയര്‍ന്നു. വഴിതെറ്റിയ മേഘങ്ങള്‍ ആകാശവീഥിയില്‍ അലഞ്ഞുനടന്നു.

   വെളുത്ത മണലില്‍ ഗിഫാര്‍ ഗോത്രക്കാര്‍ വട്ടമിട്ടിരിക്കുകയാണ്. അബൂദര്‍റില്‍ഗിഫാരിയും കൂട്ടുകാരും. സന്ധ്യാമേഘങ്ങള്‍ നോക്കി, കവിതയൂറുന്ന കണ്ണുകളുമായി മണല്‍ക്കുന്നുകള്‍ക്കരികില്‍ അവരെന്നും വളരെനേരം ചെലവഴിക്കും.

   ശാമിലേക്കുപോയ ഖാഫിലകളെക്കുറിച്ചായിരിക്കും ചിലപ്പോള്‍ ചര്‍ച്ച. മക്കയിലേക്ക് തിരിച്ച തീര്‍ത്ഥാടകരെക്കുറിച്ചായിരിക്കും ചിലപ്പോള്‍ സംസാരം. അന്നത്തെ സംഭാഷണമാകട്ടെ മക്കയിലെ പ്രവാചകനെക്കുറിച്ചായിരുന്നു.

   ‘മക്കയിലെ പ്രവാചകന്‍റെ സംസാരം ജനങ്ങളെ വല്ലാതെ ആകര്‍ഷിക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. സത്യാവസ്ഥ ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു’. അബൂദര്‍റിന്‍റെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചു.

   നിമിഷനേരത്തേക്ക് അവരുടെ ശ്രദ്ധ മക്കയിലേക്ക് പറന്നു. കഅ്ബയും പരിസരവും ഭാവനയില്‍ തെളിഞ്ഞു. വര്‍ഷംതോറും ധാരാളം തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന കേന്ദ്രം. വമ്പിച്ച വ്യാപാരം നടക്കുന്ന നാട്.... ‘അല്‍അമീന്‍’ ജനിച്ചത് അവിടെയാണ്. ആമിനയെന്നാണ് ഉമ്മയുടെ പേര്. ഉമ്മ ജീവിച്ചിരിപ്പില്ല. മകന് ആറു വയസ്സായപ്പോള്‍ ഉമ്മ മരണപ്പെട്ടു. മകന്‍ പിതാവിനെ കണ്ടിട്ടില്ല. മകന്‍ ജനിക്കുന്നതിനു മാസങ്ങള്‍ മുമ്പുതന്നെ പിതാവ് മരണമടഞ്ഞിരുന്നു.

   അല്‍അമീന്‍ വളര്‍ന്നുവലുതായി. പ്രവാചകത്വം ലഭിച്ചു. ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. ഇതോടെ മക്കയില്‍ സംഘര്‍ഷം ആരംഭിച്ചു.

   മക്കയില്‍ നിന്ന്‍ വന്നവരില്‍ നിന്നുകിട്ടിയ വിവരങ്ങളാണിതെല്ലാം. ആദ്യമൊന്നും അവരതത്ര കാര്യമാക്കിയില്ല. പിന്നെയും പിന്നെയും വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. പലരും ഇസ്‌ലാം മതം വിശ്വസിച്ചതായി അറിഞ്ഞു. അവരെ ഖുറൈശികള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റിയിട്ടും അവര്‍ ഇസ്‌ലാം മതം കൈവെടിഞ്ഞിട്ടില്ല. അതോടെ മുസ്‌ലിംകള്‍ ശ്രദ്ധിക്കപ്പെട്ടു.

    ‘ആരെങ്കിലും മക്കയില്‍ പോവണം. കാര്യങ്ങള്‍ നേരിട്ടറിഞ്ഞു വരണം’. അബൂദര്‍റിന്‍റെ ശബ്ദം വീണ്ടും കേട്ടു. സദസ്സ് ചിന്തയില്‍ നിന്നുണര്‍ന്നു. ആരാണ് മക്കയില്‍ പോവുക? പലരും അതെക്കുറിച്ച് ചിന്തിച്ചു.....

   പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അന്തിച്ചോപ്പു മാഞ്ഞു. വളരെ നേരം സംസാരിച്ചിരുന്ന ശേഷം സദസ്സ് പിരിഞ്ഞു.

   ദിവസങ്ങള്‍ പലതു കടന്നുപോയി. ഒരു ദിവസം ഗോത്രക്കാര്‍ ആ വാര്‍ത്തയറിഞ്ഞു...
__________________________

          🗳ഭാഗം - 02🗳
❂••••••••••••••••••••••••••••❂
     അബൂദര്‍റിന്‍റെ സഹോദരന്‍ മക്കയിലേക്ക് പുറപ്പെടുന്നു.

  ആളുകള്‍ യാത്രാമംഗളം നേര്‍ന്നു...

   ഗിഫാര്‍ ഗോത്രക്കാരുടെ താമസസ്ഥലത്തിനടുത്തുകൂടിയാണ് ഖാഫിലകള്‍ കടന്നുപോവുക. ശാമിലേക്കുള്ള പ്രധാന പാത അതിലൂടെ കടന്നുപോകുന്നു.

   ധീരന്മാരാണവര്‍ കൊള്ളക്കാരും പിടിച്ചുപറിക്കാരുമൊക്കെ കൂട്ടത്തിലുണ്ട്. യുദ്ധം ചെയ്യാനും രക്തം ചിന്താനും മടിയില്ലാത്ത വര്‍ഗം. അതുവഴി കടന്നുപോകുമ്പോള്‍ ഖാഫിലക്കാര്‍ക്ക് ഉള്ളില്‍ ഭയമാണ്. അവരുടെ പ്രതിനിധിയാണ് മക്കയിലേക്ക് പുറപ്പെടുന്നത്.

   അബൂദര്‍റിന്‍റെ സഹോദരന്‍ ദിവസങ്ങള്‍ക്കു ശേഷം മക്കയിലെത്തി. കഅ്ബാലയത്തിന്‍റെ തണലിലിരുന്ന് നേതാക്കള്‍ സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.

   വഴിയില്‍ കണ്ട ചിലരോട് പ്രവാചകനെക്കുറിച്ചന്വേശിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് മുമ്പോട്ട് നടന്നിരുന്നത്. ഒടുവില്‍ നബി(ﷺ)യെ അദ്ദേഹം സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു.

   എന്തൊരു ഗാംഭീര്യം! എന്തൊരു തേജസ്സ്!! വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള വചനങ്ങള്‍ കേട്ടു, ഹൃദയത്തില്‍ ശക്തമായ ചലനങ്ങളുണ്ടായി. ഉടനെ മടങ്ങണം- തന്‍റെ ഗോത്രക്കാരെ വിവരങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹത്തിന്‍റെ ഹൃദയം നാട്ടിലെത്താന്‍ വെമ്പല്‍ കൊണ്ടു.

   ‘അല്‍അമീന്‍’ പറയുന്നതെല്ലാം സത്യമാണെന്ന് മനസ്സ് മന്ത്രിക്കുന്നു.

  അതിവേഗം നാട്ടിലേക്ക് തിരിച്ചു. മണല്‍ക്കുന്നുകള്‍ തകര്‍ത്തു വീഴ്ത്തി കാറ്റടിച്ചും മരീചിക മേയുന്ന മണല്‍ക്കാട്.... അദ്ദേഹം സ്വന്തം നാട്ടില്‍ തിരിച്ചെത്തി.

   അബൂദര്‍റ് ഉല്‍കണ്ഠയോടെ അന്വേഷിച്ചു: “എന്തായി.... പോയ കാര്യം എന്തായി?”

   സഹോദരന്‍ ആവേശത്തോടെ മറുപടി നല്‍കി: “പ്രവാചകന്‍ പറയുന്നതെല്ലാം സത്യമാണെന്ന് എനിക്ക് തോന്നുന്നു. സല്‍സ്വഭാവിയാണ്, ഒരു കുറവും കാണുന്നില്ല. പ്രവാചകന്‍ ചിലത് പാരായണം ചെയ്യുന്നുണ്ട്. അത് കവിതയല്ല. എന്നാല്‍ കവിതയേക്കാള്‍ ഭംഗിയുണ്ട്”.

   അബൂദര്‍റിന്‍റെ ജിജ്ഞാസ വര്‍ധിച്ചു. സഹോദരന്‍ നല്‍കിയ വിശദീകരണങ്ങള്‍ കൊണ്ടൊന്നും അദ്ദേഹത്തിന്‍റെ മനസ്സിന് സമാധാനം കൈവന്നില്ല.

   പ്രവാചകനെക്കുറിച്ച് കൂടുതല്‍ അറിയണം. ആ മുഖമൊന്ന്‍ ദര്‍ശിക്കണം. ആ വചനങ്ങള്‍ കേള്‍ക്കണം, ആ വചനങ്ങള്‍ കവിതയല്ല. കവിതയേക്കാള്‍ ഭംഗിയുള്ളതാണ്, അത് കേള്‍ക്കണം. മക്കയിലേക്ക് പുറപ്പെടണം.

   ഗിഫാര്‍ ഗോത്രത്തിന്‍റെ ധീരനായ നേതാവ് മക്കയിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചു.

   സന്ധ്യാമേഘങ്ങള്‍ ഒഴുകിക്കൂടിയപ്പോള്‍ ഗോത്രക്കാര്‍ വട്ടം കൂടിയിരുന്നു. ഗൗരവമായ ചര്‍ച്ചയില്‍ മുഴുകി: തങ്ങളുടെ ധീരനായകന്‍ മക്കയിലേക്ക് പോകുന്നു. പ്രവാചകനെ കാണാനുള്ള പുറപ്പാട്. സത്യം തേടിയുള്ള യാത്ര...

    അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു.

    മരുഭൂമിയില്‍ രാപ്പകലുകള്‍മാറിമാറിവന്നു. മണല്‍ക്കാട് ചൂടുപിടിക്കുകയും തണുക്കുകയും ചെയ്തു. 

  അബൂദര്‍റില്‍ ഗിഫാരി കഅ്ബാലയതിനു സമീപമെത്തി. ആളുകള്‍ കൂടിനിന്ന്‍ സംസരികുന്നത് ശ്രദ്ധിച്ചു. അവരെല്ലാം പ്രവാചകനെ കുറ്റപ്പെടുത്തുകയാണ്. ഇസ്‌ലാം മതത്തിന്‍റെ ശത്രുക്കളാണവര്‍. പ്രവാചകനെ പിന്തുടരുന്നവരെ അവര്‍ മര്‍ദ്ദിക്കുന്നു.

   പലരുടെയും സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു.

  പ്രവാചകന്‍ എവിടെയാണ് താമസം? എങ്ങനെ കണ്ടുപിടിക്കും? ആരോട് ചോദിക്കും?

   ശത്രുക്കളോട് പ്രവാചകനെക്കുറിച്ചന്വേഷിക്കുന്നതാപത്താണ്. തല്‍ക്കാലം തന്‍റെ ആഗമനോദ്ദേശ്യം മറച്ചുപിടിക്കുന്നതാണ് ഭംഗി.

    സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങി... പോക്കുവെയിലിന്‍റെ കസവുനൂലുകള്‍ മരുഭൂമിയില്‍ പരന്നുകിടന്നു.

   അലി(رضي الله عنه) കഅ്ബാലയത്തിനടുത്തുകൂടി നടന്നുവരികയാണ്. പരിസരത്ത് നടക്കുന്ന സംഭാഷണങ്ങളെല്ലാം കേള്‍ക്കുന്നുണ്ട്. ഇസ്‌ലാമിനെതിരിലാണ് അവരെല്ലാം ശബ്ദിക്കുന്നത്.

   സന്ധ്യയുടെ നേര്‍ത്ത ആവരണം വീണുകഴിഞ്ഞു.

  അപരിചിതനായ ഒരാള്‍ ഒറ്റക്കിരിക്കുന്നു. കൂടെ ആരുമില്ല. വിദേശിയാണ്‌. അയാള്‍ ഭക്ഷണമൊന്നും കഴിച്ചുകാണില്ല. ഇവിടെ പരിചയക്കാരാരും കാണില്ലെന്നുതോന്നുന്നു. വിശക്കുന്നുണ്ടാവും. വീട്ടില്‍ കൊണ്ടുപോയി ആഹാരം കൊടുത്താലോ? ആ മനസ്സലിഞ്ഞു. അപരിചിതനെ സഹായിക്കാന്‍ മനഃസാക്ഷി മന്ത്രിക്കുന്നു.

   അലി(رضي الله عنه) ആഗതനെ സമീപിച്ചു. വിദേശിയായ ആ മുസാഫിറിനെയും കൂട്ടി വീട്ടിലേക്ക് നടന്നു.

   മുസാഫിറിനോട്‌ ആഗമനോദ്ദേശ്യം ആരായുന്നത് മര്യാദയല്ലെന്ന്‍ തോന്നി. അതുസംബന്ധിച്ച് ഒന്നും ചോദിച്ചില്ല. രണ്ടുപേരും ഒപ്പം നടന്നു.

   വീട്ടിലെത്തി, ഇരുവരും ആഹാരം കഴിച്ചു. ശേഷം അതിഥിക്ക് കിടന്നുറങ്ങാനുള്ള സൗകര്യവും കൊടുത്തു. അദ്ദേഹം സുഖമായി ഉറങ്ങി.

   ഒരു രാത്രി കടന്നുപോയി. പ്രഭാതം പൊട്ടിവിടര്‍ന്നു. നേര്‍ത്ത പ്രകാശം മരുഭൂമിയില്‍ പരന്നപ്പോള്‍ മുസാഫിര്‍ ഉണര്‍ന്നു. അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി. കഅ്ബാലയത്തിനടുത്തേക്കുതന്നെ നടന്നു.

   പകല്‍ വളരുകയാണ്. മക്കാപട്ടണത്തില്‍ ആള്‍സഞ്ചാരം കൂടിക്കൂടിവന്നു.

  പ്രവാചകനെ കണ്ടുപിടിക്കണം. അതിനാണ് വന്നത്, പക്ഷേ, അക്കാര്യം ആരോടും പറയാന്‍ ധൈര്യമില്ല. ഫലം വിപരീതമായാലോ എന്ന ഭയം.

   ഒരു പകല്‍ കൂടി എരിഞ്ഞവസാനിക്കുന്നു. വന്ന കാര്യം സാധിച്ചില്ല. മുഖത്ത് ദുഃഖത്തിന്‍റെ നേര്‍ത്ത ആവരണം വീണു. സന്ധയായി. ഇരുള്‍ പരക്കുകയാണ്.

   അലി(رضي الله عنه) അതുവഴി നടന്നുവരികയായിരുന്നു.

  ഒരാള്‍ ഒറ്റക്കിരിക്കുന്നു, സൂക്ഷിച്ചുനോക്കി. കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു.... ഇദ്ദേഹം സ്ഥലം വിട്ടില്ലേ? വന്ന കാര്യം പൂര്‍ത്തിയായിക്കാണില്ല.

   അലി(رضي الله عنه) അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവര്‍ നിശ്ശബ്ദരായി നടന്നു. വന്ന കാര്യം എടുത്തുചോദിക്കുന്നത് മര്യാദകേടാണെന്ന് തോന്നി. ഒന്നും ചോദിച്ചില്ല. മുസാഫിറാവട്ടെ ഒന്നും പറയുന്നുമില്ല.

   രണ്ടുപേരും ആഹാരം കഴിച്ചു. ഉറങ്ങാന്‍ സൗകര്യം നല്‍കി. മുസാഫിര്‍ ചിന്തയിലാണ്ടു. രണ്ടു ദിവസങ്ങള്‍ കടന്നുപോയിരിക്കുന്നു. വന്ന കാര്യം സാധിച്ചില്ല. ഇനിയെന്തു വഴി? പ്രവാചകനെ കണ്ടില്ല. എവിടെയാണ് താമസമെന്നും അറിയില്ല. ആരോട് ചോദിക്കും?

   ഉറക്കം കണ്‍പോളകളെ താഴുകിയതറിഞ്ഞില്ല. ഒരു പ്രഭാതം കൂടി വിടര്‍ന്നു. മുസാഫിര്‍ ഉറക്കം വിട്ടുണര്‍ന്നു. കഅ്ബാലയത്തിലേക്കു നടന്നു. പലരുടെയും സംസാരം ശ്രദ്ധിച്ചു. ഇസ്‌ലാം മതം സ്വീകരിച്ചവരെ ആക്ഷേപിക്കുന്നു. പ്രവാചകനെ വിമര്‍ശിക്കുന്നു. എല്ലാം കേട്ടുകൊണ്ട് അവിടെയൊക്കെ ചുറ്റിക്കറങ്ങി. ഒരു പകല്‍ കൂടി അവസാനിക്കുന്നു. പശ്ചിമചക്രവാളത്തില്‍ ചെഞ്ചായം പരന്നു. ഇരുട്ട് കട്ടപിടിക്കുകയാണ്.

   അലി(رضي الله عنه) അന്നും ആ കാഴ്ച തന്നെ കണ്ടു. മുസാഫിര്‍ അതേ ഇരിപ്പുതന്നെ. മനസ്സില്‍ ജിജ്ഞാസ വളര്‍ന്നു. ഇദ്ദേഹമെന്തിനിവിടെ വന്നു? ഇന്ന്‍ ഏതായാലും ചോദിച്ചറിയണം.

   മുസാഫിറിനെ കൂട്ടി വീട്ടിലേക്കു മടങ്ങി. ഇരുവരും ആഹാരം കഴിക്കാനിരുന്നു.

   അലി(رضي الله عنه) ചിന്തയിലാണ്ടു. ഇദ്ദേഹം ആരാണ്? എന്തിനിവിടെ വന്നു? അതെല്ലാം അറിയാന്‍ ആകാംക്ഷയുണ്ട്. എങ്ങനെ ചോദിക്കും? എവിടെ നിന്ന്‍ തുടങ്ങണം? ഇദ്ദേഹം ഇങ്ങോട്ടൊന്നും പറയാത്തതെന്ത്? മനസ്സില്‍ പല സംശയങ്ങള്‍.

   ആഹാരം കഴിഞ്ഞു, കൈ കഴുകി. അലി(رضي الله عنه) അദ്ദേഹത്തിനടുത്തു വന്നിരുന്നു. ‘നിങ്ങളാരാണ്‌? എന്തിനാണിവിടെ വന്നത്?’ അലി(رضي الله عنه) ചോദിച്ചു.

   മറുപടി ലഭിക്കാന്‍ കാത്തിരുന്നു. ആ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കിയിരുന്നു. നിശ്ശബ്ദമായ നിമിഷങ്ങള്‍............
__________________________


             🗳ഭാഗം - 03🗳
❂••••••••••••••••••••••••••••❂
     ഒടുവില്‍ ആ ചുണ്ടുകള്‍ ചലിച്ചു: ‘ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുമോ?’

   ‘ശരിയായ ഉത്തരം നല്‍കും’.

   “സത്യം?”

   ‘സത്യം’.

   ‘ഞാന്‍ ഗിഫാര്‍ ഗോത്രക്കാരനാണ്. പേര് അബൂദര്‍റ്. എനിക്ക് പ്രവാചകനെ കാണണം. ഇതുവരെ കാണാന്‍ തരപ്പെട്ടില്ല. ചോദിക്കാന്‍ പറ്റിയ ഒരാളെയും ഞാന്‍ കണ്ടില്ല. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു’.

   അലി(رضي الله عنه)വിന്‍റെ മുഖം വികസിച്ചു.

    ഗിഫാര്‍ ഗോത്രക്കാരനായ ചെറുപ്പക്കാരന്‍. സത്യം തേടിയെത്തിയ തീര്‍ത്ഥാടകന്‍. ശക്തനായ യോദ്ധാവ്. മനസ്സിന്‍റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മുഖം.

   ആഗതന്‍ അലി(رضي الله عنه)വിന്‍റെ മുഖത്തേക്കുറ്റുനോക്കി. തന്‍റെ ആഗമനോദ്ദേശ്യം ആദ്യമായി ഒരാളെ അറിയുക്കുകയാണ്. എന്തായിരിക്കും പ്രതികരണം? തന്നെ സഹായിക്കുമോ? അതോ വഞ്ചിക്കുമോ?

   സത്യം പറയുമെന്ന് വാക്കുതന്നിട്ടുണ്ട്. മനസ്സില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തെളിയുന്നു.

   വിടര്‍ന്ന പുഞ്ചിരിയോടെ മറുപടി വന്നു: ‘നാളെ രാവിലെ ഞാന്‍ നിങ്ങളെ റസൂല്‍ (صلی اللہ علیہ وسلم) യുടെ സമീപത്തെത്തിക്കാം’.

   അവിശ്വസനീയമായ വാക്കുകള്‍. മനസ്സിലെവിടെയോ കൊള്ളിയാന്‍ വീശി. സന്തോഷത്തിന്‍റെ അലകളുയര്‍ന്നു. ഈ രാത്രി അവസാനിച്ചാല്‍ പ്രവാചകന്‍റെ മുഖം ദര്‍ശിക്കാം.

   ഈ കറുത്ത കര്‍ട്ടന്‍ മാറ്റിയാല്‍ പ്രഭാതത്തിന്‍റെ സുന്ദര വദനം ദര്‍ശിക്കാം. അതിന്നിനിയും വളരെ സമയം വേണം. ഈ രാത്രി ഒന്നു വേഗം അവസാനിച്ചെങ്കില്‍!

   അവര്‍ വളരെ നേരം സംസാരിച്ചിരുന്നു. പിന്നെ ഉറങ്ങാന്‍ കിടന്നു. കിടന്നിട്ടുറക്കം വരുന്നില്ല. പ്രഭാതവും കാത്ത് കിടന്നു.

   അലി(رضي الله عنه)വിന്‍റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞുനിന്ന്‍ പ്രകാശം പരത്തുന്നു.

   അല്‍അമീന്‍!  സത്യപ്രവാചകന്‍!!  അന്ത്യപ്രവാചകന്‍!!!

  ഈ ലോകത്തിന്‍റെയും പരലോകത്തിന്‍റെയും നേതാവ്. മനുഷ്യസമൂഹത്തിന്‍റെ വിമോചകന്‍. പ്രവാചകനെ പിന്‍പറ്റിയവര്‍ വിജയികള്‍.

   ആ തിരുസന്നിധിയിലെത്താനെന്തൊരു വെമ്പല്‍! ആ തിരുമൊഴികള്‍ ശ്രവിക്കാനെന്തൊരു തിടുക്കം!
__________________________