ഐകമത്യം മഹാബലം




        വിശ്വാസികൾക്കിടയിൽ ഐക്യവും സ്‌നേഹവും മുമ്പന്നത്തെക്കാളേറെ ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കണമെന്നും ഭിന്നിക്കരുതെന്നും വിശുദ്ധ ഖുർആൻ നമ്മെ ശക്തമായി ഉണർത്തുന്നുണ്ട്. *"വിശ്വാസികളേ,  നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട രൂപത്തിൽ സൂക്ഷിക്കുക. നിങ്ങൾ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്'' (ആലു ഇംറാൻ: 102)*

       ഐക്യമായി നീങ്ങേണ്ടതിനെ കുറിച്ച് മുത്ത് നബി (സ) ശക്തമായി നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. *'നിങ്ങൾ ഭിന്നതയെ സൂക്ഷിക്കുക. കാരണം പിശാച് ഒറ്റപ്പെട്ടവന്റെ കൂടെയാണ്. ഒന്നിക്കുന്ന രണ്ടാളുകളിൽ നിന്ന് അവൻ കൂടുതൽ അകന്നു നിൽക്കുന്നു' (തിർമുദി)*

       അടിസ്ഥാനപരമായ തൗഹീദിൽ വിശ്വസിക്കുന്ന, ആശയതലത്തിലും ആദർശത്തിലും ഒരൊറ്റ ചിന്താഗതിയുമായി പോകുന്ന എല്ലാവരും സംഘടനാപരമായ ഭിന്നമായ നിലപാടുകളുടെ പേരിൽ ഭിന്ന ചേരികളിൽ നിലയുറപ്പിക്കുമ്പോഴും പരസ്പരം സ്‌നേഹവും ഒരുമയും കാത്തുസൂക്ഷിച്ച് സമുദായത്തിന്റെ ജീവൽപ്രശ്‌നങ്ങളിൽ ഒന്നിച്ചുനിൽക്കാൻ നമുക്ക് കഴിയണം. ഓരോരുത്തരുടെയും അഭിമാനവും സ്വത്വബോധവും സംരക്ഷിച്ചുകൊണ്ട് തന്നെ ഒന്നിച്ചുനിൽക്കാൻ നമുക്ക് കഴിയണം. *മുത്ത് നബി (സ) ഓർമപ്പെടുത്തിയത് നോക്കാം, അബൂദ്ദർദാഅ് (റ) നിവേദനം: ‘വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ ക്ഷതംവരുത്തുന്നതിനെ പ്രതിരോധിച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു നരകത്തെ അവന്റെ മുഖത്തുനിന്നും തടുക്കുന്നതാണ്' (തിർമുദി 1932).*

         ഭിന്നാഭിപ്രായമുള്ള ദീനീസേവകരെയും പണ്ഡിതരെയും ഇടിച്ചുതാഴ്ത്തുന്ന സമീപനം എന്ത് നേട്ടമാണ് നമുക്ക് നേടിത്തരിക! *സഊദ്ബ്നു മുസ്വയ്യിബിനെ (റ) ഉദ്ധരിക്കട്ടെ; ‘ഏത് മാന്യനും പണ്ഡിതനും ശ്രേഷ്ഠനും ന്യൂനതകൾ ഇല്ലാതിരിക്കില്ല. കുറ്റങ്ങളും കുറവുകളും പറയാൻ പാടില്ലാത്തവരുമുണ്ട് ജനങ്ങളിൽ. ഒരാളുടെ യോഗ്യത അയാളുടെ പോരായ്മകളെക്കാൾ അധികമാണെങ്കിൽ ആ യോഗ്യതയാണ് ഉയർത്തിക്കാട്ടേണ്ടത്.'*

        അസൂയയും വിദ്വേഷവും ഒഴിവാക്കിയാൽ ഐക്യം സാധ്യമാണ്. ഓരോരുത്തരും സ്വന്തത്തിനുവേണ്ടി പ്രവർത്തിക്കാതെ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കണം. നാം നമ്മുടെ സഹോദരനുവേണ്ടി പ്രവർത്തിച്ചാൽ നമ്മുടെ മനസ്സിൽ നിന്നും പകയും വിദ്വേഷവും പോയിമറയും. അങ്ങനെ ഐക്യം സാധ്യമാകുകയും ചെയ്യും.
ശക്തമായ ഭീഷണികൾ നേരിട്ട് പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന മുസ്‌ലിം സമൂഹം മഹല്ല് തലത്തിൽ നിന്ന് തന്നെ ഐക്യത്തിന്റെ മധുരം നുണയണം. ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ് നാം ഐക്യപ്പെടുക? ചുമരില്ലെങ്കിൽ ചിത്രം വരക്കാൻ കഴിയുമോ?

      *നിസാര പ്രശ്‌നങ്ങളുടെ പേരിൽ, വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ, ഈഗോകളുടെ പേരിൽ, സ്ഥാനമാനങ്ങളുടെ പേരിൽ പരസ്പരം ഭിന്നിച്ചു നിൽക്കുന്നവർ എല്ലാം മറന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ഒന്നിച്ചുനിൽക്കാൻ കഴിയണം. ഇനിയും നാമതിന് തയ്യാറായില്ലെങ്കിൽ നാശം തന്നെയായിരിക്കും ഫലം.*

✍ഹുസൈൻ തങ്ങൾ വാടാനപ്പള്ളി