നിസ്‌കാരം 22, 23, 24


            നിസ്‌കാരം- 📩22

♻നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍..

         നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍, അത് 14 എണ്ണമാകുന്നു.

*1.നിയത്ത്.
*2. തക്ബീറത്തുല്‍ ഇഹ്‌റാം.*
*3. ഖിയാം (നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്ന് നിസ്‌കരിക്കല്‍)*
*4. ഫാത്വിഹ.*
*5. റുകൂഹ്.*
*6. ഇഅ്തിദാല്‍.*
*7. ഓരോ റക്അത്തിലും രണ്ട് സുജൂദ്.*
*8. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം.*
*9. റൂകൂഅ്, ഇഅ്തിദാല്, രണ്ട് സുജൂദ്, ഇരുത്തം എന്നിവയിലെ അടക്കം.*
*10. ഒടുവിലത്തെ അത്തഹിയാത്ത്.*
*11. അവസാനത്തെ അത്തഹിയാത്തിന് ശേഷം നബി(സ്വ)യുടെ മേല്‍ സലാം ചൊല്ലുക.*
*12. അത്തഹിയാത്ത്, സ്വലാത്ത്, സലാം എന്നിവക്കുവേണ്ടി ഇരിക്കുക.*
*13. ഒന്നാം സലാം.*
*14. മുകളില്‍ പറഞ്ഞ ഫര്‍ളുകളെല്ലാം ക്രമത്തില്‍ പാലിക്കുക.*

*🕌നിസ്‌കാര രൂപം:-*

       സൃഷ്ടി സൃഷ്ടാവുമായുള്ള സംവദനത്തില്‍ സൃഷ്ടിപൂര്‍വ്വോപരി മുഖപ്രസന്നതയോടും ഉന്മേഷത്തോടെയും കൂടി കാണപ്പെടേണ്ടതുണ്ട്. *കാരണം തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നാഥനുമുന്നില്‍ ഹൃദയസാന്നിധ്യമില്ലാതെ അശ്രദ്ധവാനാകുന്നത് പാപം തന്നെ.*

       നിസ്‌കാരത്തിലേക്ക് അടിമ പ്രവേശിക്കുന്നതോടെ നിസ്‌കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ അനാവശ്യ അംഗചലനങ്ങളോ നിശിദ്ധമാണ്. *രഹസ്യവും പരസ്യവും അറിയുന്ന അല്ലാഹുവിനോട് സംഭാഷണത്തിലാണ് താനെന്ന അവനര്‍ഹിക്കുന്ന രൂപത്തില്‍ ആരാധന നിര്‍വഹിച്ചില്ലെങ്കില്‍ തന്റെ നിസ്‌കാരം തള്ളപ്പെടുമെന്നുമുള്ള ചിന്ത അവനെ തികട്ടികൊണ്ടിരിക്കണം.*

        *നിസ്‌കരിക്കാനുദ്ദേശിക്കുന്നവന്‍ ചുമര്, തൂണ് പോലുള്ള ഏതെങ്കിലും മുന്നില്‍ ഒന്ന് മറയാക്കി കാല്‍വിരലിലേക്ക് അഭിമുഖമായി രണ്ട് കാലുകള്‍ക്കിടയില്‍ ഒരു ചാണ്‍ അകലത്തില്‍ തലഅല്‍പം ചായ്ച്ച് സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി നില്‍ക്കണം.* എന്നിട്ടവന്‍ നിയ്യത്ത് ചെയ്യണം.

        നിയ്യത്തില്‍ പ്രധാനമായും 3 കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഇന്ന നിസ്‌കാരമാണെന്നും ഫര്‍ള് നിസ്‌കാരമെങ്കില്‍ ഫര്‍ള് എന്നും കരുതണം. റവാത്തിബ് സുന്നത്തുകളോ സമയ നിഷ്ട ആവശ്യമായ മറ്റു സുന്നത്ത് നിസ്‌കാരങ്ങളോ പ്രത്യേക കാരണത്തെ തുടര്‍ന്നുളള നിസ്‌കാരമോ നിര്‍വഹിക്കുന്നുങ്കില്‍ അത് വ്യക്തമാക്കും വിധമുള്ള വിശദീകരണം നിയ്യത്തില്‍ നിര്‍ബന്ധമാണ്. ഉദാഹരണത്തിന് ബലിപെരുന്നാള്‍ നിസ്കാരമാണ് നിസ്കരിക്കുന്നതെങ്കിൽ ബലിപെരുന്നാളിന്റെ സുന്നത് നിസ്‌കാരം എന്ന് കരുതുക.

*📨നിയ്യത്തിന്റെ പൂര്‍ണ്ണ രൂപം.*

      ഏതൊരു കര്‍മവും സ്വീകരിക്കപ്പെടാന്‍ നിയ്യത്ത് അനിവാര്യമാണ്. നിസ്കാരത്തിനും വേണം നിയ്യത്ത് "തീര്‍ച്ചയായും കര്‍മങ്ങള്‍ നിയ്യത്തുകള്‍ കൊണ്ടാണ് സ്വീകരിക്കപ്പെടുകയെന്ന പ്രഖ്യാപിതമായ നബിവചനമാണ് ഇതിനു തെളിവ്". നിയ്യത്ത് എന്നാല്‍ ഉദ്ദേശം, കരുത്ത് എന്നൊക്കെയാണ് അര്‍ത്ഥം. ഇത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല.മനസ്സില്‍ കരുതുകയും നാവുകൊണ്ട് കൂടി പറയുകയും ചെയ്‌താല്‍ കൂടുതല്‍ ഉചിതമായി. മനസ്സില്‍ കരുതാതെ നാവുകൊണ്ട് വിളിച്ചു പറഞ്ഞത് കൊണ്ട് ഒരു പ്രയോചനവുമില്ല. എല്ലാ കര്‍മങ്ങളുടെയും നിയ്യത്തുകളുടെ സ്ഥിതി ഇതാണ്.

     ഉദാഹരണമായി ളുഹര്‍ നിസ്കാരമാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതുക. *ളുഹര്‍ എന്ന ഫര്‍ള് നിസ്കാരം അള്ളാഹു (സു) ക്ക് വേണ്ടി നിര്‍വഹിക്കുന്നു എന്നാണ് മനസ്സില്‍ കരുതേണ്ടത്.* ജാമാഅത്തായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിനെ തുടര്‍ന്നു എന്നുകൂടി കരുതണം. *നിയ്യത്തോട് കൂടിയാണ് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത്.* നിസ്കാരം തീരുന്നത് വരെയും നിയ്യത്ത് മനസ്സിലുണ്ടാവണം.



            നിസ്‌കാരം- 📩23



🗳- തക്ബീറത്തുല്‍ ഇഹ്‌റാം..

         അങ്ങനെ ശരിയാം വിധം നിയ്യത്ത് ചെയ്ത് ഇരു കരങ്ങളും ചുമലിനു നേരെ ഉയര്‍ത്തി വിരലുകള്‍ കൈവെള്ളകള്‍ ഖിബലക്ക് നേരെ  തിരിക്കുകയും ചെയ്തു കൊണ്ട് الله أكبر ( അള്ളാഹു അക്ബര്‍) എന്ന് പറഞ്ഞു കൊണ്ട് നിസ്കാരത്തില്‍ പ്രവേശിക്കുക. ഇതിനാണ് തക്ബീര്ത്തുല്‍ ഇഹ്റാം എന്ന് പറയുന്നത്.

       *തക്ബീര്‍ ചൊല്ലിയത്തിനു ശേഷം കൈകള്‍ താഴ്ത്തി വലതു കൈകൊണ്ട് ഇടതു കയ്യിന്‍റെ മണിബന്ധം പിടിച്ച് നെഞ്ചിനും പോക്കിളിനും ഇടയിലായി വെക്കുക. ഇതാണ് നിസ്കാരത്തിലെ കൈകേട്ടാല്‍.*

      *NOTE :കേള്‍വിത്തകരാറൊന്നും ഇല്ലാത്തവിധം ശബ്ദ കോലാഹലമില്ലാത്ത സാഹചര്യത്തിലും സ്വന്തം ദേഹം കോള്‍ക്കും വിധം തക്ബീര്‍ ചൊല്ലല്‍ നിര്‍ബന്ധമാണ്. ഫാത്വിഹ, അത്തഹിയാത്ത്, സലാം എന്നീ വാചിക ഫര്‍ളുകളും ഇത്തരം ഉച്ചത്തില്‍ തന്നെയാണ് ചൊല്ലേണ്ടത്. സുന്നത്തായ മറ്റു ദിക്‌റുകളും ഈ വിധം ചൊല്ലിയെങ്കിലേ സുന്നത്ത് കര്‌സ്തമാകൂ. മനസ്സിൽ ഓതിയത് കൊണ്ട്‌ കാര്യമില്ല എന്ന് ചുരുക്കം.*

*🗳 - ഖിയാം *

       നിസ്‌കാരത്തിന്റെ മൂന്നാമത്തെ ഫര്‍ളാണ് നില്‍ക്കാന്‍ കഴിവുള്ളവന്‍ നില്‍ക്കല്‍.
*സ്വന്തമായോ പരസഹായത്തോടെ നില്‍ക്കാനാവുമെങ്കില്‍ ഫര്‍ളു നിസ്‌കാരം നിന്നുകൊണ്ടേ ശരിയാവുകയുള്ളൂ. അതൊരു വസ്തുവിലേക്ക് ചാരി പൂര്‍ണ്ണമായും ആ വസ്തുവിനെ ആശ്രയിച്ചുള്ള നില്‍പുമാവാം.*

        എന്നാല്‍ നിന്ന് നിസ്‌കരിച്ചാല്‍ അസഹ്യ പ്രയാസം അനുഭവപ്പെടുന്നവന് ഇരുന്ന് നിസ്‌കരിക്കാവുന്നതാണ്. ഇതുപോലെ കപ്പല്‍ യാത്രക്കാരന് നിന്ന് നിസ്‌കരിക്കുന്ന പക്ഷം തലകറക്കവും മൂത്രവാര്‍ച്ചക്കാരന് ഇരുന്നില്ലെങ്കില്‍ മൂത്രം അനിയന്ത്രിത രീതിയില്‍ ഉണ്ടാകും എന്നീ അവസ്ഥയില്‍ ഇരുന്ന് നിസ്‌കാരിക്കാം.

  എന്നാല്‍ ഇരുന്ന് നിസ്‌കരിക്കുന്നവന്‍ റുകൂഇന് വേണ്ടി കാല്‍മുട്ടിന്റെ മുന്‍ഭാഗത്തേക്ക് നെറ്റി നേരിടും വിധം കുനിയേണ്ടതാണ്.
ഇരുന്ന് നിസ്‌കാരിക്കുമ്പോള്‍ ഇടതുഭാഗം പരത്തിവെച്ച് അതില്‍ ഇരിക്കുകയും വലതുഭഗം കുത്തിനിര്‍ത്തുകയും ചെയ്യുന്നരൂപത്തില്‍ ഇരിക്കലാണ് ഏറ്റവും നല്ലത്. എന്നാല്‍ പൃഷ്ടം നിലത്തും വലതുകാല്‍ ഇടത് തുടയുടെയും ഇടതുകാല്‍ വലത് തുടയുടെയും അടിയിലേക്ക് ചമ്രം പടിഞ്ഞിരിക്കുന്ന തറബ്ബുഇന്റെ രൂപവും പിന്നെ നാട്ടിയ വലതുപാദത്തിനടിയിലുടെ ഇടതുപാദം പുറത്തേക്കിട്ട് നിലത്തിരിക്കുന്ന തബര്‍റുകിന്റെ രൂപവും സ്വീകരിക്കാവുന്നതാണ്.

         ഈ മൂന്ന് രൂപങ്ങളും സാധിക്കാത്തവര്‍ക്ക് സാധ്യമായ രീതിയില്‍ നില്‌ത്തോ കസേരയിലോ ഒക്കെ ഇരിക്കാം. *നിര്‍ത്തംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയും നില്‍ക്കുന്നതിലുള്ള പ്രയാസവുമാണ് ഇരിക്കാന്‍ ഇളവ് അനുവദിച്ചത്. വെറും നടുവേദന, പുറം വേദന, പിടലിവേദന, കാല്‍മുട്ട് വേദന തുടങ്ങിയവ ഉള്ളവര്‍ക്ക് നില്‍ക്കാന്‍ പ്രയാസമില്ലെങ്കില്‍ നിന്നു നിസ്‌കരിക്കുകതന്നെ വേണം.*

        പള്ളിയിലേക്ക് സുഗമമായി നടന്നുവരുന്നവര്‍ ദീര്‍ഘനേരം സംസാരിച്ചും മറ്റും നില്‍ക്കുന്നവര്‍ തുടങ്ങിയവരെല്ലാം പലപ്പോഴായി ഇരുന്ന് നിസ്‌കരിക്കുന്നത് കാണാം. ഇതനുവദനീയമല്ല. നില്‍ക്കാന്‍ കഴിവുണ്ടായിരിക്കുകയും റുകൂഅ്, സുജൂദ് ഇവയിലേതെങ്കിലും പൂര്‍ണ്ണ രൂപത്തില്‍ നിര്‍വഹിക്കാന്‍ കഴിയതിരിക്കുകയും ചെയ്താല്‍ റുകൂഅ്, സുജൂദ് ചെയ്യാനായി കസേരയില്‍ ഇരിക്കരുത്. മറിച്ച് നിന്നുകൊണ്ട് തന്നെ അല്‍പം മുതുക് കുനിച്ച് കഴിയുന്ന രൂപത്തില്‍ ചെയ്താല്‍ മതിയാകും.

       ഇരുന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന്‍ മുഖം ഉള്‍പ്പെടെ ദേഹത്തിന്റെ മുന്‍ഭാഗം ഖിബ്‌ല അഭിമുഖമായി വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് നിസ്‌കരിക്കണം. ചെരിഞ്ഞ് കിടക്കാന്‍ ആവില്ലെങ്കില്‍ ഉള്ളം കാല്‍ ഖിബ്‌ലയിലേക്കാക്കി മലര്‍ന്ന് കിടന്ന് നിസ്‌കരിക്കണം. തലയണയോ മറ്റു വല്ല വസ്തുക്കളോ ഉപയോഗിച്ച് തലയുയര്‍ത്തി മുഖവും ഖിബ്‌ലയിലേക്ക് ആക്കല്‍ നിര്‍ബന്ധമാണ്. ഈ സമയത്ത് റുകൂഉം സുജൂദും ശരിയായി ചെയ്യാന് കഴിയില്ലെങ്കില്‍ ആംഗ്യം കാണിക്കണം. സുജൂദില്‍ റുകൂഇനേക്കാന്‍ കൂടുതല്‍ തലകുനിച്ച് ആംഗ്യം ഉണ്ടാവണമെന്ന് മാത്രം.



            നിസ്‌കാരം- 📩24



📨വജ്ജഹ്തു..

      തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ത്തന (വജ്ജഹ്‌തു) ഓതല്‍ സുന്നത്താണ്. മയ്യിത്ത നിസ്‌കാരം ഒഴികെയുള്ള ഫര്‍ളായതും സുന്നത്തായതുമായ എല്ലാ നിസ്‌കാരത്തിലും ഇത് സുന്നത്താണ്.

        എന്നാല്‍ തക്ബീറത്തുല്‍ ഇഹ്‌റാമിന് ശേഷം ഫാതിഹയോ അതിന് മുന്നോടിയായ അഊദുവോ ഓതിത്തുടങിയാല്‍ മറന്നിട്ടാണെങ്കിലും – പിന്നെ വജ്ജഹ്തു ഓതല്‍ സുന്നത്തില്ല.*

       وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ

    *(അര്‍ത്ഥം: ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിങ്കലെക്ക് ഞാനിതാ എന്‍റെ ശരീരം തിരിച്ചിരിക്കുന്നു. ഞാന്‍ സത്യത്തില്‍ ഉറച്ചവനും അനുസരണയുള്ളവനുമാണ്. ഞാന്‍ ഒരിക്കലും ബഹുദൈവാരാധകരില്‍ ഉള്‍പ്പെട്ടവനല്ല. തീര്‍ച്ചയായും എന്‍റെ നിസ്കാരവും മറ്റു ആരാധനാ കര്‍മങ്ങളും എന്‍റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാണ്. അവനു ഒരു പങ്കുകാരനുമില്ല. ഈ യാഥാര്‍ത്യം അംഗീകരിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാകുന്നു.)*

📨 അഊദു..

      എല്ലാ നിസ്‌കാരങ്ങളിലും അഊദു ഓതല്‍ സുന്നത്താണ്. വജ്ജഹ്തു ഓതല്‍ സുന്നത്തുള്ള നിസ്‌കാരങ്ങളോ അല്ലെങ്കില്‍ പെരുന്നാള്‍ നിസ്‌കാരമോ ആണെങ്കില്‍ വജ്ജഹ്തുവിനും തക്ബീറുകള്‍ക്കും ശേഷമാണ് ഇത് ഓതേണ്ടത്. *എന്നാല്‍ അഊദു ഓതാതെ ഫാത്വിഹ ഓതിത്തുടങ്ങിയാല്‍ പിന്നെ അഊദു സുന്നത്തില്ല. മാത്രമല്ല, എല്ലാ റക്അത്തിന്റെ തുടക്കത്തിലും അഊദു ഓതല്‍ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്.*

  (ഊദുവിന്റെ അർത്ഥം: ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിങ്കല്‍ ഞാന്‍ അഭയം തേടുന്നു)

📨 ഫാത്വിഹ..

       അഊദു ഓതിയ ശേഷം ഫാത്വിഹ ഓതിത്തുടങ്ങണം. എല്ലാ റക്ഹത്തിലും ഫാത്വിഹ ഓതല്‍ നിര്‍ബന്ധമാണ്. ബിസ്മി ഫാത്വിഹയുടെ ഭാഗമായതിനാല്‍ അത് ഓതല്‍ നിര്‍ബന്ധമാണ്.

       അക്ഷരങ്ങളും സദ്ദുകളും സൂക്ഷ്മതയോടെ ഉച്ചരിക്കണം. അക്ഷരങ്ങള്‍ യഥാസ്ഥാനത്ത് മൊഴിഞ്ഞും ഫാത്വിഹ പൂര്‍ത്തിയാക്കണം. ഫാത്വിഹയില്‍ 14 സ്ഥലത്താണ് സദ്ദുകള്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ സദ്ദുള്ള ഒരക്ഷരമെന്നാല്‍ അതു രണ്ട് അക്ഷരമാണെന്ന് അര്‍ത്ഥം. എന്നു ദീര്‍ഘമില്ലാതെ ഓതിയാല്‍ 141 അക്ഷരങ്ങളും സദ്ദുമുള്‍പ്പെടെ 155 അക്ഷരങ്ങളാണ് ഫാത്വിഹയിലുള്ളത്.

       ഒരക്ഷരത്തിന് പകരം മറ്റൊന്ന് ഉച്ചരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. പരസ്പരം ഉച്ചാരണത്തിന് സാമ്യമുള്ള അക്ഷരാണെങ്കില്‍ പോലും അക്ഷരണങ്ങളുടെ ഉച്ചാരണം മാറി ഉച്ചരിച്ചാല്‍ നിസ്‌കാരം ബാഥ്വിലാകും. ഒരു കൂട്ടുക്ഷരത്തെ ലഘുവായി ഉച്ചരിച്ചാല്‍ ഉദാഹരം അര്‍റഹ്മാന്‍ എന്നതിന് പകരം അല്‍ റഹ്മാന്‍ എന്ന് ഓതിയാല്‍ നിസ്‌കാരം ബാഥ്വിലാകും
ഫാതിഹയിലെ ആയത്തുകള്‍ തുടര്‍ച്ചായി പാരായണം ചെയ്യണം. വാചകങ്ങള്‍ക്കിടയില്‍ ഒരു ശ്വാസത്തിന്റെയോ വിക്കിന്റെയോ അടക്കത്തത്താള്‍ കൂടുതല്‍ നിശബ്ദത പാടില്ല. മറ്റൊരു സൂറത്തില്‍ ആയത്തില്‍ നിന്നുള്ള ഭാഗമോ തുമ്മിയാലുള്ള ‘അൽഹംദുലില്ലാഹ്’ എന്ന കുറഞ്ഞ വാചകങ്ങളോ ആണെങ്കിലും അത് ഫാത്തിഹയെ ഇടര്‍ച്ച വരുത്തിയാല്‍ ഫാത്വിഹ ആവര്‍ത്തിക്കണം.

     ബിസ്മി ഉള്‍പ്പെടെ ഫാത്തിഹയുടെ ഓരോ ആയത്തിന്റെയും അവസാനം നിര്‍ത്തി ഓതല്‍ സുന്നത്താണ്.

  *(അര്‍ത്ഥം: പരമ കാരുണ്ണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിന്ന് സര്‍വ സ്തുതിയും. അവന്‍ പരമ കാരുണ്ണികനും കരുണാനിധിയുമാണ്. പ്രതിഫല ദിനത്തിന്‍റെ ഉടമസ്ഥനാണ്. (അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു. ഞങ്ങളെ നീ ശരിയായ മാര്‍ഗത്തില്‍ നയിക്കേണമേ! നിന്‍റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍ നിന്‍റെ കോപത്തിനു ഇരയായവരും വഴിതെറ്റിയവരും അല്ലാത്തവരുടെ മാര്‍ഗത്തില്‍  (അല്ലാഹുവേ) ഞങ്ങളുടെ പ്രാര്‍ത്ഥന നീ സ്വീകരിക്കേണമേ! )*

     ഫാ‍തിഹ ഓതുമ്പോഴും ഇമാമിന്റെ ഓത്ത് ശ്രദ്ധിയ്ക്കുമ്പോഴും ഫാതിഹയുടെ ആശയങ്ങൾ ചിന്തിക്കുകയും മനസ്സിൽ ദൃഢമാക്കുകയും ചെയ്യുന്നത് ഇഖ്‌ലാസോടെ  നിസ്കരിക്കാൻ  സഹായിക്കും.

📨 ആമീന്‍..

       ഫാത്തിഹ കഴിഞ്ഞാലുടന്‍ ആമീന്‍ പറയല്‍ സുന്നത്താണ്.  ഫാത്തിഹ കഴിഞ്ഞ് ഒരു ലഘു നിശബ്ദതക്ക് ശേഷമായിരിക്കണം. ആമീനിന്റെയും സൂറത്തിന്റെയും ഇടയിലും സൂറത്ത് കഴിഞ്ഞും റുകൂഇലേക്കുള്ള തക്ബീറിനും ഇടയിലും തക്ബീറത്തുല്‍ ഇഹ്‌റാമിനും വജ്ജഹ്തുവിനും ഇടയിലും വജ്ജഹ്തുവിനും അഊദുവിനും ഇടയിലും അഊദുവിനും ബിസ്മിക്കും ഇടയിലും സുബ്ഹാനല്ലാഹ് എന്ന് പറയാന്‍ മാത്രമുളള ഒരു ചെറിയ നിശബ്ദത സുന്നത്തുണ്ട്.