നിസ്‌കാരം 19, 20, 21


            നിസ്‌കാരം- 📩19
       
🪀ഔറത്ത് മറക്കല്‍..

          നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ
 ശർഥാണ്. പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്.

        *സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം.* പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്.

      അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.

        സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ മറയാറുണ്ടെങ്കിലും വശങ്ങിലോ പിന്‍ഭാഗത്തോ സമാനമായ ഉയരത്തില്‍ പലപ്പോഴും പാന്റ്‌സ് എത്താറില്ല. മാത്രമല്ല ധരിച്ചിരിക്കുന്ന സര്‍ട്ടിന്റെ കഴുത്ത് വീതി കൂടിയതുമാണ്. ആയതിനാല്‍ ശരിയായ രീതിയില്‍ നഗ്നത മറഞ്ഞതായി പരിഗണിക്കുന്നതുമല്ല. മാത്രമല്ല പാന്റുയര്‍ത്തി പൊക്കിളിന് സമാനമായുള്ള സ്ഥലം മറക്കാന്‍ ശ്രമിച്ചാല്‍ തന്നെയും സുജൂദിന്റെ അവസരത്തില്‍ പാന്റ് ഏതുവിധേനയും പിന്‍ഭാഗത്ത് അല്‍പം താഴോട്ടിറങ്ങും തന്മൂലം ഔറത്ത് വെളിവായി നിസ്‌കാരം ബാത്വിലാകും.

      എന്നാല്‍ അല്‍പം ഇറക്കുമുള്ള ഫിറ്റായ ബനിയന്‍ ധരിക്കുകയാണെങ്കില്‍ ഈയൊരു പ്രശ്‌നം ഒഴിവാക്കാം. എന്നാലും സുജൂദില്‍ പിന്‍ഭാഗം പ്രത്യേകം ശ്രദ്ധിക്കണം. നിസ്‌കാരത്തിലും അല്ലാത്തപ്പോഴും നഗ്നത മറക്കുന്നതുപോലെ വിജന സ്ഥലത്തും നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്.

      വസ്ത്രം നിലത്തിഴയുന്നവരുടെ നിസ്‌കാരം സ്വീകാര്യമല്ലാത്തതിനാല്‍ പാന്റ് പോലെയുള്ളത് മടക്കിവെക്കുന്നവരുമുണ്ട്. എന്നാല്‍ വസ്ത്രത്തിന്റെ അഗ്രഭാഗം മടക്കി വെക്കുന്നത് കറാഹത്താണെന്നതിനാല്‍ തിരുചര്യയല്ല. ഏറ്റവും ഉത്തമമായത് പാന്റ് തുടങ്ങിയ വസ്ത്രങ്ങള്‍ ഇറക്കം കുറച്ച് തയ്പിക്കലാണ്.

        സ്ത്രീകള്‍ മുഖമക്കന ധരിക്കുമ്പോള്‍ താടിയെല്ലിന്റെ താഴ്ഭാഗം വെളിവാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മുടിയെങ്കിലും മുഖത്തിന്റെ വശങ്ങളിലൂടെയോ പിന്‍ഭാഗത്തോ മറ്റോ കാണുന്നതും ശ്രദ്ധിക്കേണ്ടതാണ്. നീളക്കുപ്പായത്തിന്റെ കൈ കഫിന്റെ ഭാഗത്ത് ഇടുങ്ങിയതോ ബട്ടന്‍സ് വെക്കുന്നതോ ആയിരിക്കണം. കാരണം വീതി കൂടി നിസ്‌കാരക്കുപ്പായത്തിന്റെ കൈക്കുള്ളിലൂടെ നിസ്‌കരിക്കുന്നവളുടെ തണ്ടം കൈ വെളിവാകാനിടയുണ്ട്.

        സോക്‌സ് ധരിച്ച് നിസ്‌കരിക്കുന്നതവരും അല്ലാത്തവുരം കാല്‍വഴിയെ ഇറങ്ങിക്കിടക്കുന്ന നീളക്കുപ്പായമോ പര്‍ദയോ ധരിക്കണം. സുജൂദില്‍ പോകുമ്പോള്‍ നീളക്കുപ്പായവും മറ്റും കാല്‍പാദത്തിലേക്ക് വലിച്ചിട്ട് നടക്കണം. സുജൂദിന്റെ സമയത്ത് തണ്ടം കാല്‍ വെളിവാകാതിരിക്കാനാണിത്.

      മുഖവും മുന്‍കയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങളാണ് നിസ്‌കാരത്തിലെ സ്ത്രീയുടെ ഔറത്തെങ്കിലും വിവാഹം അനുവദീനയമായ അന്യപുരുഷന്‍മാര്‍ സഹപാഠികള്‍ (അധ്യാപകര്‍ വീട്ടിലെ സന്ദര്‍ശകര്‍ തൊഴിലാളികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) എന്നിവരെ തൊട്ട് സ്ത്രീയുടെ മുഖവും മുന്‍കൈയ്യും കൂടി ഉള്‍പ്പെട്ട ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറക്കല്‍ നിര്‍ബന്ധമാണ്.

*🪀ഖിബ്‌ലക്ക് മുന്നിടല്‍..*

         ഖിബ്‌ലയിലേക്ക്, കഅ്ബാലയത്തിലേക്ക് നെഞ്ചുകൊണ്ട് നേരിട്ട് നിസ്‌കരിക്കല്‍ നിസ്‌കാരത്തിന്റെ ശർത്വാണ്. ആയതിനാല്‍ ആ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയാകില്ല, നേരിടണം.
പള്ളികള്‍ പൊതുവെ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് നിര്‍മ്മിക്കുമെന്നതിനാല്‍ പള്ളിയുടെ ദിശ ശ്രദ്ധിച്ചാല്‍ മാത്രം മതി. *പക്ഷെ, സ്വഫില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ചിലര്‍ ചരിഞ്ഞ് നില്‍ക്കാറുണ്ട്. ഇത് നിസ്‌കാരം അസാധുവാകാന്‍ കാരമാകും . *

       വീടുകളില്‍ ഖിബ്‌ലയുടെ ദിശ നിര്‍ണയിച്ച് പ്രത്യേകം നിസ്‌കാര സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്നത് നല്ലതാണ്. സമ്മേളന നഗരിയിലും ഖിബ്‌ല കൃത്യമായി അടയാളുപ്പെടുത്താത്ത സ്ഥലങ്ങളിലും നിസ്‌കരിക്കുമ്പോള്‍ ഖിബ്‌ലുയുടെ ദിശ നിര്‍ണയിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം പല നഗരികളിലും ആര്‍ച്ചുപോലെ നില്‍ക്കുന്നത് നിത്യമാണ്. ഇവരുടെ നിസ്‌കാരം അസാധുവാകുന്നതാണ്. കാരണം ഖിബ്‌ല കൃത്യമായി നെഞ്ചുകൊണ്ട് നേരിടല്‍ ശര്‍ത്വാണല്ലോ.

         ഓടുന്ന വാഹനങ്ങളില്‍ നിസ്‌കരിക്കുമ്പോള്‍ കൃത്യമായി ഖിബ്‌ലയിലേക്ക് തിരിയാന്‍ കഴിയാത്തതിനാല്‍ നിസ്‌കാരം ഉപേക്ഷിക്കരുത്. മറിച്ച് സമയത്തെ മാനിച്ചുകൊണ്ട് സാധ്യമായ ദിശയിലേക്ക് നിസ്‌കരിക്കുകയും വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പ്രസ്തുത നിസ്‌കാരം മടക്കി നിസ്‌കരിക്കുകയും വേണം.


            നിസ്‌കാരം- 📩20
       
*🪀തയമ്മും..*

        വുള്വൂഅ് ചെയ്യാന്‍ വെള്ളം ലഭിക്കാതെ വരുമ്പോള്‍ വുള്വൂഇനു പകരം തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

          *വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.*

*🏐തയമ്മുമിന്റെ നിബന്ധനകള്‍..*
         
1 - വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.
(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2 - തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3 - തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. *യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്.* വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.  വിമാനത്തില്‍ നിസ്‌ക്കരിക്കുന്നതിന്റെ വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്.

4 - നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5 - ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

       *ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.*

6 - മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം. *(മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)*

*🏐തയമ്മുമിന്റെ ഫര്‍ള്വുകള്‍.*
       
1 - മണ്ണ് അടിച്ചെടുക്കണം. ചിലപ്പോള്‍ ഗള്‍ഫിലൊക്കെ ശക്തമായ കാറ്റില്‍ പൊടി മണ്ണ് പാറിപ്പറക്കും. അപ്പോള്‍ മുഖത്തും കയ്യിലും പറ്റിപ്പിടിക്കുന്ന മണ്ണ് കൊണ്ട് തടവിയാല്‍ മതിയാവുകയില്ല. എന്നാല്‍ ഒരാളുടെ സമ്മതത്തോടെ അയാള്‍ക്ക് മറ്റൊരാള്‍ തയമ്മും ചെയ്തു കൊടുക്കുന്നത് തെറ്റല്ല.

2 - *’ഫര്‍ള്വ് നിസ്‌ക്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു’ എന്ന് നിയ്യത്ത് ചെയ്ത്* (കരുതി) പൊടി മണ്ണില്‍ അടിക്കുക. ശേഷം മുഖത്തില്‍ നിന്നല്‍പ്പം തടവുന്നതുവരെ നിയ്യത്ത് മനസ്സില്‍ ഉണ്ടായിരിക്കണം.

3 - അടിച്ചെടുത്ത പൊടി മണ്ണ് കൊണ്ട് മുഖം തടവുക. *താടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി കിടക്കുന്ന താടി രോമത്തിനേയും മൂക്കിന്റെ മുന്‍ഭാഗത്തേയും ഈ തടവലില്‍ ഉള്‍ക്കൊള്ളിക്കണം.*

4 - രണ്ടാമത് അടിച്ചെടുത്ത പൊടിമണ്ണ് കൊണ്ട് രണ്ടു കൈമുട്ടുള്‍പ്പടെ തടവണം. *രണ്ടാമത് അടിക്കുന്ന സമയത്ത് മോതിരം ഊരല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ആദ്യമേ ഊരല്‍ സുന്നത്തുമാണ്.  അതുപോലെ രണ്ടു കൈയ്യും പൂര്‍ണ്ണമായി തടവുന്നതിനുള്ള സൗകര്യത്തിന് വാച്ചും വളകളും കൈകളില്‍ നിന്ന് മാറ്റേണ്ടതാണ്.*

5 - തര്‍ത്തീബ് (ക്രമം) പാലിക്കണം. അതായത് മുഖം തടവിയിട്ടേ കൈ തടവാകൂ.

*🟣ശ്രദ്ധിക്കുക :-*
          ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള്വ് മാത്രമേ നിസ്‌ക്കരിക്കാവൂ. *അപ്പോള്‍ തയമ്മും ചെയ്ത് ജംആക്കി നിസ്‌ക്കരിക്കുന്നവര്‍ ഒരു നിസ്‌ക്കാരം കഴിഞ്ഞ് രണ്ടാമത്തെ നിസ്‌ക്കാരത്തിന് വേണ്ടിയും തയമ്മും ചെയ്യണം.* എന്നാല്‍ ഒരു തയമ്മും കൊണ്ട് ഒന്നിലധികം സുന്നത്ത് നിസ്‌ക്കാരങ്ങളും മയ്യിത്ത് നിസ്‌ക്കാരങ്ങളും നിര്‍വ്വഹിക്കാം.  വുളൂഇനു പകരം തയ്യമ്മും ചെയ്യുന്നതുപോലെ കുളിക്കു പകരവും തയമ്മും ചെയ്യാം.  (തയമ്മുമിന്റെ ശര്‍ത്വുകള്‍, ഫര്‍ള്വുകള്‍, സുന്നത്തുകള്‍, തയമ്മുമിന്റെ രൂപം തുടങ്ങി ധാരാളം കാര്യങ്ങള്‍ തയമ്മുമായി ബന്ധപ്പെട്ടു പഠിക്കേണ്ടതുണ്ട്.  അതെല്ലാം പണ്ഡിതന്‍മാരെ കണ്ടെത്തി പഠിക്കാന്‍ ശ്രമിക്കുക.)


            *നിസ്‌കാരം- 📩21*

*🏐പ്ലാസ്റ്റര്‍ ഇട്ടാല്‍...*
          മുറിവ് കാരണം മുഖത്തോ കൈകാലുകളിലോ നിര്‍ബന്ധ സാഹചര്യത്തില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വന്നാല്‍ വുള്വൂഅ് ചെയ്യുന്ന സമയത്ത് അത് മാറ്റാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തയമ്മും ചെയ്യാം.  അപ്പോള്‍ തയമ്മും ചെയ്തു നിസ്‌കരിച്ച നിസ്‌ക്കാരത്തെ മടക്കണമോ വേണ്ടയോ എന്ന് ചോദിച്ചാല്‍ അഞ്ച് അവസ്ഥകളില്‍ നിന്ന് മൂന്ന് അവസ്ഥകളില്‍ മടക്കണമെന്നും രണ്ടവസ്ഥകളില്‍ മടക്കേണ്ടതില്ലെന്നും ഫത്ഹുല്‍ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ തര്‍ശീഹില്‍ നിന്ന് വ്യക്തമാകുന്നു.

*▪മടക്കേണ്ട അവസ്ഥകള്‍ :-*
1 - പ്ലാസ്റ്റര്‍ തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍.
(മുഖത്തിലും രണ്ടു കൈകളിലുമാണെങ്കില്‍)
*കാരണം വുള്വൂഉം പകരമുള്ള തയമ്മുമും അപൂര്‍ണ്ണമാണ്.*

2 - പ്ലാസ്റ്റര്‍ തയമ്മുമിന്റെ അംഗത്തിലല്ലെങ്കില്‍ അത് പിടിച്ചു നില്‍ക്കാനാവശ്യമായതിലപ്പുറം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്ററില്‍ ഉള്‍പ്പെടുക.

3 - വലുതോ ചെറുതോ ആയ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താതെ പ്ലാസ്റ്ററിടുക.

*▫മടക്കേണ്ടതില്ലാത്ത അവസ്ഥകള്‍ :-*

1 - ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധിയായ അവസ്ഥയില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ അത് പിടിച്ചു നില്‍ക്കാനായ സ്ഥലം മാത്രം മുറിവില്ലാത്ത സ്ഥലത്ത് നിന്ന് ഉള്‍പ്പെടുന്ന അവസ്ഥ.

2 - ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്തിയില്ലെങ്കിലും മുറിവിന്റെ അപ്പുറം തീരെ പ്ലാസ്റ്ററില്‍ ഉള്‍പ്പെടാത്ത അവസ്ഥ.

      *പ്ലാസ്റ്റര്‍ ഇട്ടത് തയമ്മുമിന്റെ അവയവം അല്ലാത്ത കാലിനും തലക്കും ആകുമ്പോഴാണ് നിസ്‌ക്കാരം മടക്കേണ്ടതില്ലായെന്നു പറയുന്ന ഈ രണ്ട് അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നത്.* പ്ലാസ്റ്റര്‍ മാറ്റി വുള്വൂഅ് ചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയക്കുന്ന സമയത്താണ് തയമ്മും അനുവദിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

      രോഗം കാരണം തയമ്മും ചെയ്തവരും കെട്ടോ പ്ലാസ്റ്ററോ ഇല്ലാത്ത മുറിവിനു വേണ്ടി തയമ്മും ചെയ്തവരും നിസ്‌ക്കാരം മടക്കേണ്ടതില്ല. *എന്നാല്‍ കെട്ടാത്ത മുറിവില്‍ ധാരാളം രക്തമുണ്ടാവുകയും അത് കഴുകിക്കളയുന്നത് ഭയക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിര്‍വ്വഹിച്ച നിസ്‌ക്കാരം മടക്കേണ്ടതാണ്.*

      ശക്തമായ തണുപ്പുള്ളപ്പോള്‍ തണുപ്പ് മാറ്റാനോ വെള്ളം ചൂടാക്കാനോ സൗകര്യം ലഭിക്കുന്നതോടൊപ്പം തയമ്മും ചെയ്തു നിസ്‌ക്കരിക്കാന്‍ പാടില്ല.  *എന്നാല്‍ അതിന് അസൗകര്യം നേരിട്ടാല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.*

      *സാധാരണ വെള്ളം കിട്ടുന്ന ഒരു സ്ഥലത്ത് അപൂര്‍വ്വമായി വെള്ളം കിട്ടാതെ വരുമ്പോള്‍ അവിടെയും തയമ്മും ചെയ്തു നിസ്‌ക്കരിക്കുകയും പിന്നെ മടക്കുകയും വേണം.*

       ഹറാമായി ഗണിക്കപ്പെടുന്ന യാത്ര ചെയ്യുന്നവരും തയമ്മും ചെയ്തു നിസ്‌ക്കരിച്ചാല്‍ മടക്കേണ്ടതാണ്.  *(ഹറാമായ യാത്രക്ക് ഉദാഹരണം : സുന്നത്തായ ഹജ്ജ് ഉംറ, സിയാറത്ത് തുടങ്ങിയക്കു വേണ്ടിയാണെങ്കില്‍ പോലും ഭര്‍ത്താവോ വിവാഹബന്ധം ഹറാമായ മഹ്‌റമോ കൂടെ ഇല്ലെങ്കില്‍ മറ്റു സ്ത്രീകള്‍ സംഘത്തിലുണ്ടെങ്കിലും ശരി അവളുടെ യാത്ര ഹറാമാണ്.  സുന്നത്തായ ഇബാദത്തുകള്‍ക്കു വേണ്ടിയുള്ള യാത്രയെക്കുറിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അനുവദനീയമായ മറ്റു യാത്രകളെക്കുറിച്ച് പറയേണ്ടതുണ്ടോ? ഇത്തരം സ്ത്രീകള്‍ക്ക് ഖസ്ര്‍ ജംഇന്റെ ആനുകൂല്യവും ഇല്ല.  കാരണം ജംഉം ഖസ്‌റും ആക്കാനുള്ള ഒരു നിബന്ധന കുറ്റകരമായ യാത്ര ആകരുതെന്നാണ്.)*

*🏐തടവേണ്ടതുണ്ടോ?*
        വുള്വൂവോ തയമ്മമോ ചെയ്യുമ്പോള്‍ അവയവത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ വെള്ളമോ മണ്ണോ കൊണ്ട് തടവണമോ എന്നു നോക്കാം.

1 - അവയവത്തിലുള്ള മുറിവില്‍ മറയില്ലെങ്കില്‍ വെള്ളം കൊണ്ട് തടവേണ്ടതില്ല. തയമ്മുമിന്റെ അവയവമാണെങ്കില്‍ മറയില്ലാതിരിക്കുമ്പോള്‍ മണ്ണുകൊണ്ട് തടവണം അത് നിര്‍ബന്ധമാണ്.

2 - എടുത്തുമാറ്റാന്‍ പ്രയാസമുള്ള മറ അവയവത്തില്‍ ഉണ്ടെങ്കില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്. മണ്ണ് കൊണ്ട് തടവേണ്ടതില്ല.

       ഉദാ: തയമ്മുമിന്റെ അവയവമായ കൈയ്യില്‍ കുറച്ചു സ്ഥലം വെച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ പ്രസ്തുത അവയവത്തിനു വേണ്ടി തയമ്മും ചെയ്യുമ്പോള്‍ വെച്ച് കെട്ടില്ലാത്ത സ്ഥലത്ത് തയമ്മും ചെയ്യുകയും വുള്വൂഅ് ചെയ്യുമ്പോള്‍ വെച്ചുകെട്ടില്ലാത്ത സ്ഥലം കഴുകുന്നതോടൊപ്പം വെച്ചു കെട്ടിന്റെ മുകളില്‍ വെള്ളം കൊണ്ട് തടവുകയും വേണം.

*🏐ഒന്നിലധികം തയമ്മും*
          വുള്വൂഇന്റെ അവയവങ്ങളില്‍ ഒന്നിലധികം മുറിവുണ്ടെങ്കില്‍ ഒന്നിലധികം തയമ്മും വേണ്ടിവരും.  ഏതൊരു അവയവത്തെ കഴുകുമ്പോഴാണ് മുറിവുള്ളതെങ്കില്‍ മുറിവില്ലാത്ത സ്ഥലം കഴിവിന്റെ പരമാവധി കഴുകി പ്രസ്തുത അവയവത്തിനു തയമ്മും കൂടി ചെയ്ത ശേഷമേ അടുത്ത അവയവത്തിലേക്ക് കടക്കാവൂ.  അവയവങ്ങള്‍ കഴുകുന്നതിനുമുമ്പോ ശേഷമോ തയമ്മും ചെയ്യാം.  വലതു കൈയ്യിലും ഇടതുകൈയ്യിലും മുറിവുണ്ടെങ്കില്‍ ഒരു തയമ്മും മതിയാകും.  അതുപോലെ തന്നെ രണ്ടുകാലിനും ഒരെണ്ണം മതി.  കാരണം രണ്ടു കൈയ്യ് ഒരവയവമായും രണ്ടു കാല് മറ്റൊരു അവയവുമായാണ് കണക്കാക്കപ്പെടുന്നത്.

*🕌നിസ്‌കാരം*

*♻നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍..*
 
         നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍, അത് 14 എണ്ണമാകുന്നു.