ബിലാലുബ്നു റബാഹ്(റ) 07, 08

ഭാഗം 07

🗃നിരീക്ഷണം...

_കൂട്ടുകാരൻ വാചാലമായി സംസാരിച്ചു ബിലാൽ എല്ലാം ശ്രദ്ധയോടെ കേട്ടു അല്ലാഹു ഏകനാകുന്നു അവന് പങ്കുകാരില്ല അവനാണ് സൃഷ്ടാവ് ആകാശ-ഭൂമികൾ അവൻ പടച്ചു സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പടച്ചത്_ അവനാണ് സൃഷ്ടാവായ റബ്ബിനെ അനുസരിക്കണം അവനാണ് വെള്ളം തരുന്നത് അവൻ വായു തരുന്നു എല്ലാ സൗകര്യങ്ങളും തരുന്നു നാം അവനോട് നന്ദിയുള്ളവരായിരിക്കണം

ബിലാൽ എല്ലാം കേട്ടു വിശ്വസിച്ചു 

ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ കാലാകാലങ്ങളിൽ അല്ലാഹു നബിമാരെ അയക്കുന്നു അങ്ങനെ അയക്കപ്പെട്ട നബിമാരിൽ അവസാനത്തെ ആളാണ് അൽഅമീൻ ഇനിയൊരു നബിയില്ല

ബിലാൽ..... താങ്കൾ സാക്ഷ്യം വഹിക്കുക

അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും , മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക

നമുക്ക് നബിയെ കാണാം എന്നിട്ട് താങ്കളുടെ സത്യസാക്ഷ്യം വെളിവാക്കാം

ബിലാൽ ശാന്തനായി ചിന്തിച്ചു

താൻ പരിചയപ്പെട്ട മനുഷ്യരിൽ ഏറ്റവും യോഗ്യൻ അബൂബക്കർ ആകുന്നു സത്യം മാത്രം പറയുന്നവൻ  അബൂബക്കർ പറഞ്ഞതെല്ലാം ഞാൻ വിശ്വസിക്കുന്നു

യാത്ര കഴിഞ്ഞു വന്നു കൂട്ടുകാരനോടൊപ്പം നടന്നു
അൽഅമീൻ അവരെ സ്വീകരിച്ചു
ദാറുൽ അർഖം
എത്ര ചെറിയ വീട് എന്തൊരു ലാളിത്യം ഇസ്ലാം മതം സ്വീകരിച്ച ചിലരെ കണ്ടു

'അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും, മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു '

ബിലാൽ മുസ്ലിംമായി അക്കാര്യം രഹസ്യമാക്കി വെക്കാൻ നബി (സ) ഉപദേശിച്ചു

ബിലാലിന്റെ ചിന്തകളിൽ പുതിയ വെളിച്ചം അൽ-അമീൻ
മക്കായിലെ തെരുവോരങ്ങളിൽ എത്രയോ തവണ കണ്ടിട്ടുണ്ട് എന്തൊക്കെയോ സവിശേഷതകളുള്ളആളാണെന്ന് തോന്നിയിട്ടുണ്ട് കാണാനെന്തൊരഴക്

കണ്ണുകൾ, പുരികങ്ങൾ, നെറ്റി, മുടി, മൂക്ക്, കവിളുകൾ , കഴുത്ത്, വസ്ത്രം, ചെരിപ്പ് എല്ലാം താൻ ശ്രദ്ധിച്ചിട്ടുണ്ട്

കാണുംതോറും സ്നേഹവും ആദരവും കൂടിക്കൂടിവരും സംസാരത്തിന് വല്ലാത്തൊരു വശ്യത  സത്യം മാത്രമേ പറയുള്ളൂ അത് മക്കക്കാർക്കറിയാം മക്കക്കാരിൽ ഏറ്റവും വിശ്വസ്ഥൻ  അങ്ങനെ കിട്ടിയ പേരാണ് അൽ അമീൻ

തന്റെ യജമാനൻ ഉമയ്യത്ത് ബ്നു ഖലഫ് യജമാനൻ പലപ്പോഴും അൽ അമീനെ വാഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട്  സത്യം മാത്രം പറയും വിനോദത്തിനുവേണ്ടിയിട്ടുപോലും കളവ് പറയില്ല വിശ്വസ്ഥനാണ്

യജമാനന് ഇപ്പോൾ സ്വരം മാറിയിട്ടുണ്ട് ഒരു മതിപ്പുമില്ലാതെ സംസാരിക്കുന്നു

'മുഹമ്മദ് എന്താണ് പറയുന്നത്? അവൻ നബിയാണെന്നോ?
അവൻ അല്ലാഹുവിന്റെ നബിയാണോ? അല്ലാഹുവിന് വേറെ ആരെയും കിട്ടിയില്ലേ നബിയാക്കാൻ അഹങ്കാരിയാണവൻ അവന്റെ അഹങ്കാരം നിർത്തണം മേലിൽ അവനിത് പറയരുത് '

ബിലാൽ എല്ലാം കേൾക്കുന്നു ഒന്നും പറഞ്ഞില്ല ഉമയ്യത്തിന്റെ കോപം ദിവസം ചൊല്ലുംതോറും വർദ്ധിച്ചു വരികയാണ് 
നേതാക്കളെല്ലാം ഉമയ്യത്തിന്റെ വീട്ടിൽ ഒരുമിച്ചുകൂടി ഒച്ചയും ബഹളവുമായി

മുഹമ്മദ് ലാത്തയെ തള്ളിപ്പറയുന്നു ഉസ്സയെയും മനാത്തയെയും അവഹേളിച്ചു നമ്മുടെ ദൈവങ്ങളോട് ഒട്ടും ബഹുമാനമില്ല കാണാത്ത ദൈവത്തെപ്പറ്റിയാണവൻ പറയുന്നത് വിടരുത് അവനെ നല്ല പാഠം പഠിപ്പിക്കണം അവനെ ആരെങ്കിലും കാണാൻ പോവുന്നുണ്ടോ എന്ന് നോക്കണം ഏതോ അടിമകൾ വിശ്വസിച്ചു എന്നു കേട്ടു അടിമകളുടെ ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം മുഹമ്മദിന്റെ കൂടെ കൂടിയവരെ  മടക്കിക്കൊണ്ടുവരണം

ബിലാൽ (റ) എല്ലാം കേൾക്കുന്നു മനസ്സിലാക്കുന്നു നാട്ടിലെന്തൊക്കെയോ നടക്കാൻ പോവുന്നു എല്ലാം കാണുന്നവൻ അല്ലാഹു അവൻ നിശ്ചയിക്കുന്നത് നടക്കും അവൻ തന്നെ തുണ

ബിലാൽ (റ) പകൽ മുഴുവൻ ജോലിയെടുത്തു രാത്രിയും ജോലി തന്നെ പാതിരാവാറായപ്പോഴാണ് ഒന്നു കിടന്നത് നന്നായൊന്നുറങ്ങണം ക്ഷീണം തീരണം കിടന്നപ്പോൾ മനസ്സിലെന്താണ് തെളിഞ്ഞത്?
അൽ അമീന്റെ സുന്ദര മുഖം
അല്ലാഹുവിന്റെ റസൂലേ
അങ്ങേക്ക് അല്ലാഹുവിന്റെ ഗുണവും രക്ഷയും ഉണ്ടാവട്ടെ

എന്തൊക്കെയാണ് ഇന്നാട്ടുകാർ അങ്ങയെപ്പറ്റി പറയുന്നത് വിശ്വസ്ഥനെന്നു വിളിച്ചു നടന്നവർ ഇപ്പോൾ അങ്ങയെ കള്ളനെന്ന് വിളിക്കുന്നു  സത്യമതപ്രബോധനം ബലം പ്രയോഗിച്ചു തടുക്കുമെന്നവർ പറയുന്നു  അങ്ങ് അന്ത്യപ്രവാചകനാണെന്ന സത്യം അവർ അംഗീകരിക്കുന്നില്ല അവരതിനെ എതിർക്കും  അങ്ങയെ പിൻപറ്റിയവരെ മർദ്ദിക്കും പീഢിപ്പിക്കും

നബിയേ അങ്ങയെ കാണാൻ കൊതിയായി എങ്ങനെ വന്നു കാണും?
അങ്ങയെ കാണാൻ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് പിടികൂടിയാൽ എന്തും സംഭവിക്കാം തൽക്കാലം അങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത് പക്ഷേ, വരാതിരിക്കാനാവില്ല
നബിയേ എനിക്ക് അങ്ങയെ കാണണം ആ മുഖം ദർശിക്കണം ഞാൻ വരും നേരം വെളുക്കട്ടെ

വന്നാൽ ചാരന്മാരുടെ കണ്ണിൽ പെടും പിന്നെന്തൊക്കെയാണ് സംഭവിക്കുക വിരുദ്ധ വികാരങ്ങൾ ബിലാലിനെ പിടികൂടി പോവണോ? വേണ്ടയോ?  അങ്ങയെ കാണണം കണ്ടേ മതിയാവൂ എനിക്ക് അങ്ങയെ കണ്ടിട്ട്  മതിവന്നിട്ടില്ല

ചില ദിവസങ്ങൾ കടന്നു പോയി
ശത്രുക്കൾക്ക് എന്തോ സംശയം തോന്നി ബിലാൽ ഇസ്ലാം മതം സ്വീകരിച്ചുവോ?
ഗോത്രനേതാക്കൾ സംശയിച്ചു നിൽക്കുമ്പോൾ ബിലാൽ (റ) ശക്തനായ മുഅ്മിനായിത്തീരുന്നു....
__________________________
ഭാഗം 08

  🗃പീഢനങ്ങൾ..

_എന്താണ് കേൾക്കുന്നത്?_
_ഞെട്ടിക്കുന്ന വാർത്തകൾ ക്രൂര മർദ്ദനത്തിന്റെ വാർത്തകൾ എന്റെ റബ്ബ് അല്ലാഹുവാണെന്ന്_ പറയുന്നത് കുറ്റമോ? മുഹമ്മദ് അല്ലാഹുവിന്റെ നബിയാണെന്ന് പറയുന്നത് അപരാധമോ?

ഉമയ്യത്തിന്റെ മുഖത്തെക്ക് നോക്കി എന്തൊരു ഗൗരവം പിശാചിനെപ്പോലെയുണ്ട്

ബിലാൽ.....
അലറുംപോലെയുള്ള വിളി

ബിലാൽ ഓടിച്ചെന്നു വിനയത്തോടെ നിന്നു 

ഞാൻ ചിലതൊക്കെ കേട്ടു കേട്ടത് ശരിയാണോ എന്നറിയണം അതിനാണ് വിളിച്ചത്

ചിലരൊക്കെ മുഹമ്മദിനെ കാണാൻ പോവുന്നുണ്ട് നീ പോയിരുന്നോ?

ഒന്നും പറഞ്ഞില്ല

'ങാ.... നീ ബുദ്ധിയുള്ളവനാണ് അബദ്ധമൊന്നും കാണിക്കില്ലെന്നറിയാം എന്നാലും പറയുകയാണ് നീ അവനെ  കണ്ടെന്നോ മറ്റോ കേട്ടാൽ....'

പിന്നെ നിന്നെ ഞാൻ ജീവനോടെ വെച്ചേക്കില്ല
ഗൗരവം നിറഞ്ഞ മുന്നറിയിപ്പ്

ബിലാൽ (റ) ചിന്താധീനനായി

നബി(സ) യെ കാണാനുള്ള മോഹം മനസ്സിൽ വളർന്നു ആരും കാണാതെ പോയിക്കണ്ടു കുറച്ചു നേരം  സംസാരിച്ചു വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേട്ടു

കേട്ടത് പഠിച്ചു കാണാതെ പഠിച്ചു രഹസ്യമായി മടങ്ങി പിന്നെയും പിന്നെയും പോയി വിശുദ്ധ ഖുർആൻ വചനങ്ങൾ പഠിച്ചു പഠിച്ചത് ആരും കേൾക്കാതെ ഓതിക്കൊണ്ടിരുന്നു ആരും കാണാതെ മടങ്ങിപ്പോയി

ഇപ്പോൾ മനസ്സ് വല്ലാതെ കൊതിക്കുന്നു ആ സന്നിധിയിലെത്താൻ ആ വചനങ്ങൾ കേൾക്കാൻ പിന്നെയും പോയി

ആരോ അത് കണ്ടുപിടിച്ചു പാർത്തും പതുങ്ങിയുമുള്ള പോക്ക് കാതുകളിൽ നിന്ന് കാതുകളിലേക്ക് വാർത്ത ഒഴുകി ഉമയ്യത്തിന്റെ ചെവിയിലുമെത്തി

ബിലാൽ..... ഇടിവെട്ടുംപോലുള്ള വിളി നീ മുഹമ്മദിനെ കാണാൻ പോയിരുന്നോ?

പോയിരുന്നു

ങാ....ഹാ ..... എന്നിട്ടെന്തുണ്ടായി

അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് അവന്റെ നബിയാണെന്നും ഞാൻ സാക്ഷ്യം വഹിച്ചു

ഉമയ്യത്തിന്റെ ബലമേറിയ കൈ ഉയർന്നു ബിലാലിന്റെ കവിളിൽ ആഞ്ഞുപതിച്ചു

വേദനകൊണ്ട് പുളഞ്ഞുപോയി

'അല്ലാഹു അഹദ് '

ബിലാലിൽ നിന്ന് പുറപ്പെട്ട വാക്കുകൾ

'മേലാൽ നീ അവനെ കാണരുത് ആ വിശ്വാസം നീ ഉപേക്ഷിക്കണം നമുക്കു നമ്മുടെ മതം അത് മതി മുഹമ്മദുമായി നിനക്കൊരു ബന്ധവും പാടില്ല മനസ്സിലായോ?'

'അല്ലാഹു അഹദ് '

ഇവൻ പിന്നെയും അല്ലാഹു അഹദ് എന്നാണല്ലോ പറയുന്നത് നീ നേരെയാകുമോ എന്ന് ഞാനൊന്നു നോക്കട്ടെ

പിന്നെ വന്നത് കിങ്കരന്മാരാണ്

അബൂജഹൽ, ഉത്ബത്തുബ്നു റബീഅ, ശൈബത്തുബ്നു റബീഅ, ഉഖ്ബത്തുബ്നു അബീ മുഈത്വ്, അബൂസു ഫ് യാൻ, പിന്നെ കുറെ മല്ലന്മാരും

'നന്ദികെട്ട അടിമ ഇവന്റെ കാര്യം ഞാൻ നിങ്ങൾക്കു വിട്ടുതരുന്നു ' ഉമയ്യത്ത് ഉറക്കെ പറഞ്ഞു

അവർ ചോദ്യം ചെയ്യാൻ തുടങ്ങി എല്ലാ ചോദ്യത്തിനും ഒരേ മറുപടി അല്ലാഹു അഹദ് 

മാറിമാറി അടിക്കാൻ തുടങ്ങി 

മർദ്ദനം ക്രൂരമായി ചവിട്ടും , തൊഴിയും , പീഢനം പലവിധം തളർന്നു തളർന്ന ശബ്ദം അല്ലാഹു അഹദ്

യജമാനന്മാരും അടിമകളും
അവർ തമ്മിലുള്ള അന്തരം അതാണിവിടെ കാണുന്നത് 

നബി (സ) തങ്ങളുടെ മുമ്പിൽ വന്നുനിന്ന ആ നിമിഷങ്ങളെക്കുറിച്ചോർത്തു 

അല്ലാഹുവിന്റെ സൃഷ്ടികൾ
ആദം സന്തതികൾ എല്ലാവരും സഹോദരങ്ങൾ ഒരാളെ അക്രമിക്കാൻ മറ്റൊരാൾക്കവകാശമില്ല എല്ലാ അക്രമികളും വിചാരണ ചെയ്യപ്പെടും വിചാരണയുടെ ദിനം വരും 

ഈ അക്രമവും അന്ന് ചോദ്യം ചെയ്യപ്പെടും അല്ലാഹുവേ ക്ഷമിക്കാൻ കഴിവ് തരേണമേ

ബിലാൽ (റ)വിനെ പട്ടിണിക്കിട്ടു വിശന്നു പൊരിഞ്ഞു ദാഹിച്ചു വലഞ്ഞു ഒരിറ്റ് വെള്ളം നൽകിയില്ല

ലാത്തയെ വിളിക്കൂ....ഉസ്സയെ വിളിക്കൂ.....
നിനക്ക് വെള്ളം തരാം ഭക്ഷണം തരാം

അല്ലാഹു അഹദ്

വെയിൽ കത്തിപ്പടരുന്ന മരുഭൂമി എന്തൊരു ചൂട് ബിലാലിന്റെ കൈകാലുകൾ ബന്ധിച്ചു വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി പതക്കുന്ന മണൽക്കാട്ടിൽ നഗ്നമായ ശരീരം വലിച്ചിട്ടു ചൂട് കത്തിപ്പടരുന്നു തൊലി കരിയുന്നു

മർദ്ദകന്മാരുടെ അട്ടഹാസം
ലാത്തയെ വിളിക്കൂ.....ഉസ്സയെ വിളിക്കൂ....

അല്ലാഹു അഹദ്...അഹദ്...അഹദ്....

വലിയ പാറക്കല്ല് വലിച്ചു കൊണ്ടുവന്നു കുറെപേർ ചേർന്നു വലിച്ചിട്ടു നീങ്ങാൻ പ്രയാസം എല്ലാവരും കൂടി വലിച്ചുപൊക്കി ബിലാലിന്റെ നെഞ്ചിൽ വെച്ചു

എന്തൊരു ഭാരം ശ്വാസമയക്കാൻ പറ്റുന്നില്ല ശക്തി ചോർന്നുപോവുകയാണ് ഈ നിലയിൽ ഏറെ നേരം തുടരാനാവില്ല ശ്വാസം നിലച്ചുപോകും മരിക്കട്ടെ രക്തസാക്ഷിയാവട്ടെ ഈമാൻ കൈവെടിയില്ല അഹദ്.... അഹദ്...

ഉമയ്യത്ത് ബ്നു ഖലഫ് ക്ഷീണിച്ചു തന്നെ അടിമ പരാജയപ്പെടുത്തിയിരിക്കുന്നു  ഇവനെ കൈവെടിയുന്നതാണ് നല്ലത് പക്ഷെ, എങ്ങനെ?
വെറുക്കപ്പെട്ട അടിമ
ആരോ ഒരാൾ നടന്നുവരുന്നുണ്ടല്ലോ ?
ധൃതിയിലാണല്ലോ വരവ്   

പലരും വന്നു കൂടിയിട്ടുണ്ട് വാർത്ത നാടാകെ പരന്നിട്ടുണ്ട് എല്ലാവരും കാഴ്ച കാണുകയാണ് 

അടിമ അനുസരിക്കുമെന്നാണ് പ്രതീക്ഷിച്ചത് അനുസരിക്കുന്ന ലക്ഷണമില്ല അവൻ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയാണ് മരിച്ചാലും വിശ്വാസം കൈവെടിയില്ല എന്തൊരു വാശി എന്തൊരു ദൃഢത  വരുന്നത് അബൂബക്കർ ആണല്ലോ വിവരം കേട്ടറിഞ്ഞ് വരികയായിരിക്കും മുഹമ്മദിന്റെ ആളാണ് വരട്ടെ വന്ന് കാണട്ടെ
കൺ നിറയെ കണ്ടോട്ടെ...
__________________________
              (തുടരും)
ദുആ വസിയ്യത്തോടെ......
                                 സാദിഖ് ...