ലുബാബയുടെ ഉപ്പ


       ❂••••••••••••••••••••••••••••❂

        പുരനിറഞ്ഞുനില്‍ക്കുന്ന മകളെ നോക്കി അദ്ദേഹം നെടുവീര്‍പ്പിട്ടു. അവളെ മാന്യമായി വിവാഹം ചെയ്തയക്കണം. എത്രയെത്ര ആലോചനകളായി വരുന്നു. വരുന്നവര്‍ക്കെല്ലാം അവളെ ഇഷ്ടമാണ്. നല്ല ബുദ്ധിയും അതിസാമര്‍ത്ഥ്യവുമുള്ളവളാണവള്‍. ആണ്‍പിറന്നോനായി വരുന്ന ആര്‍ക്കെങ്കിലും അവളെ പിടിച്ചുകൊടുത്താല്‍ പറ്റില്ല. സമര്‍ത്ഥനും മിടുമിടുക്കനുമായ ഒരു മണവാളനേ കൊടുക്കൂ.

   ഖിദാമിന്‍റെ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ഓളംവെട്ടി. വീടിന്‍റെ പൂമുഖത്തിരുന്ന്‍ അദ്ദേഹം ആലോചിക്കുകയായിരുന്നു. അതിരില്ലാത്ത ചിന്തകള്‍. അവസാനം എന്തോ ഉറച്ചഭാവത്തില്‍ അയാള്‍ വീടിനുള്ളിലേക്ക് നോക്കി നീട്ടിവിളിച്ചു.

     ‘ഖന്‍സാ.....   മോളേ ഖന്‍സാ....’

     ‘ലബ്ബൈക്ക് യാ അബതി’

  ഉള്ളില്‍നിന്ന്‍ ആ കിളിശബ്ദം ഒഴുകിയെത്തി. എന്താ ബാപ്പാ വിളിച്ചത്?

    ഖന്‍സാഇനെ ബാപ്പ ഖിദാം അരികെ നിര്‍ത്തി. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുതുടങ്ങി; “മോളെ, പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിയാണ് നീ. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ?”

   ‘ങ്ഹും.’ ഖന്‍സാ ഒന്ന്‍ മൂളി.

  നല്ല വരനെ കണ്ടെത്തി ഒരന്വേഷണവും കൂടാതെ നികാഹ് നടത്താന്‍ ബാപ്പക്കധികാരമുണ്ട്. എങ്കിലും മകളുടെ ഇഷ്ടവുംകൂടി അന്വേഷിക്കുന്നതു നല്ലതാണെന്ന് മുത്ത് നബി(ﷺ) പഠിപ്പിച്ചിട്ടുണ്ട്.

    ‘അതേ ബാപ്പാ! ബാപ്പ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ?’

  അതെ, ഉണ്ട്... മദീനയിലെ ഔഫിന്‍റെ മക്കളില്‍പ്പെട്ട ഒരു യുവാവിനെ.

    ഖന്‍സാ ഒന്നും മിണ്ടിയില്ല. അവളുടെ ഇളം മനസ്സ് തേങ്ങി. ബാപ്പയുടെ ശുദ്ധഗതിയില്‍ സന്തോഷിച്ച അവള്‍ക്ക് വരനെക്കുറിച്ചറിഞ്ഞപ്പോള്‍ സങ്കടമായി. ഒരു ദീര്‍ഘനിശ്വാസം. തലയും താഴ്ത്തിനിന്ന ആ സുന്ദരിക്കുട്ടി എന്തോ ആലോചനയിലാണ്ടു. മൗനം ഭഞ്ജിച്ചുകൊണ്ട് ഖിദാം ചോദിച്ചു.

    ‘നീ എന്താ ഒന്നും മിണ്ടാത്തത്?’

   ഖന്‍സാ പറഞ്ഞുതുടങ്ങി:

   “ബാപ്പാക്കാണ് പരമാധികാരം. എങ്കിലും എനിക്കൊരഭിപ്രായമുണ്ട്. ബാപ്പ അനുവദിച്ചാല്‍ ഞാനത് തുറന്നുപറയാം”.

   ഖിദാം ഒന്നാലോചിച്ചു, ഏതായാലും വഴിതെറ്റിയ അഭിപ്രായമൊന്നും തന്‍റെ മകള്‍ പറയില്ലെന്നുറപ്പ്. തന്‍റെ ഇണയാകാന്‍ പോകുന്ന ആണിനെക്കുറിച്ച് കുറേ സങ്കല്‍പ്പങ്ങളൊക്കെ അവള്‍ക്കുമുണ്ടാകുമല്ലോ. അവള്‍ പറയട്ടെ...

   ‘ആ..... പറയൂ മകളേ....’

   ഖന്‍സായുടെ നാവ് മെല്ലെ ചലിച്ചു. ആ ശബ്ദം ഇടറിയ സ്വരത്തില്‍ പുറത്തുവന്നു.

   “എനിക്കിഷ്ടം മുന്‍ദിറിന്‍റെ മകനെയാണ്. എന്‍റെ വരനായി ബാപ്പ അദ്ദേഹത്തെ കണ്ടാല്‍ മതി.” ഒറ്റശ്വാസത്തില്‍ ഖന്‍സ പറഞ്ഞവസാനിപ്പിച്ചു.

     മകളുടെ അഭിപ്രായം കേട്ട പിതാവ് ഒന്നും പറഞ്ഞില്ല. മകളുടെ ആഗ്രഹം തള്ളാന്‍ പറ്റില്ല. താന്‍ ആശിച്ച വിവാഹം നടത്തുകയും വേണം. അദ്ദേഹം ചിന്തയിലാണ്ടു. അവസാനം പ്രശ്നം നബി(ﷺ)യുടെ മുന്നിലെത്തി. നബി(ﷺ) തങ്ങള്‍ പറയുന്ന തീരുമാനം എല്ലാവരും സമ്മതിക്കും. പ്രശ്നത്തിന്‍റെ നാനാവശവും പഠിച്ച നബി(ﷺ) തീരുമാനം പറഞ്ഞു: “ഖന്‍സായുടെ ആഗ്രഹം എന്തോ അതനുസരിച്ച് വിവാഹം നടത്തുക”.

    ഖന്‍സായുടെ ഭാഗ്യം. ധീരനായ സ്വഹാബിയെ പുതുമാരനായി ലഭിച്ചു. ആശിച്ച പോലെ കാര്യങ്ങള്‍ നടന്നു. ഭര്‍ത്താവിനെക്കുറിച്ച് ഖന്‍സാ നന്നായി പഠിച്ചിട്ടുണ്ട്. മദീനയിലാണദ്ദേഹം ജനിച്ചുവളര്‍ന്നത്. മണ്ണിന്‍റെ മണവും പാരമ്പര്യഗുണവും ഒത്തിണങ്ങിയ സുന്ദരനായ യുവാവ്. ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ചു. സമാധാനപ്രിയനാണെങ്കിലും ഒന്നാംതരം കുതിരപ്പടയാളി. നബിതിരുമേനി(ﷺ)ക്ക് അദ്ദേഹത്തെ വലിയ കാര്യമാണ്.

   മുസ്‌ലിം പട്ടാളം ബദറിലേക്ക് സേനാനീക്കം നടത്തിയപ്പോള്‍ മദീനയുടെ സംരക്ഷണച്ചുമതല നബി(ﷺ) ഏല്‍പിച്ചത്‌ അദ്ദേഹത്തെയായിരുന്നു. ശത്രുക്കളായ യഹൂദര്‍ക്കെതിരെ അദ്ദേഹം പോരാടി. നബി(ﷺ)യുടെ വിശ്വസ്തനായ ശിഷ്യനായി അദ്ദേഹം ഉയരുന്നതുകണ്ട് ഖന്‍സ അത്യധികം സന്തോഷിച്ചു. (ഖന്‍സയും മുന്‍ദിറിന്‍റെ മകനും തമ്മിലുള്ള ദാമ്പത്യത്തില്‍ പിറന്ന പെണ്‍കുഞ്ഞാണ് ലുബാബ. ചരിത്രത്തില്‍ ഖന്‍സയുടെ ഭര്‍ത്താവ്, അബൂലുബാബ(ലുബാബയുടെ ഉപ്പ) എന്നപേരില്‍ അറിയപ്പെട്ടു).


       കാലം ഏറെ കഴിഞ്ഞില്ല. ഖന്‍സയുടെ കണ്ണുകള്‍ നനഞ്ഞു. അവള്‍ വാവിട്ടുകരഞ്ഞു. ദുഃഖം കടിച്ചിറക്കി. അഭിശപ്തമായ ആ നിമിഷത്തെ അവള്‍ ശപിച്ചുകൊണ്ടിരുന്നു.

   ‘എന്തുപറ്റി തന്‍റെ ഭര്‍ത്താവിന്. അദ്ദേഹം ഒരിക്കലും ചതിക്കില്ല. വഞ്ചന അദ്ദേഹത്തിനറിയില്ല. പിന്നെയെങ്ങനെയാണ് ആ അബദ്ധം അദ്ദേഹത്തിനു പിണഞ്ഞത്?’

   ഭര്‍ത്താവിന്‍റെ സങ്കടമോര്‍ത്ത്‌ ഖന്‍സാ പരിതപിച്ചു. മദീനാ പള്ളിയിലെ ഒരു തൂണില്‍ അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുന്നു. അതോര്‍ക്കാന്‍ ഖന്‍സാക്കു കഴിഞ്ഞില്ല. ആരും പിടിച്ചുകെട്ടിയതല്ല. സ്വയം ചെയ്തതാണ്. ശരീരം തൂണിനോട് ചേര്‍ത്തുവെച്ച് കയര്‍കൊണ്ട് ചുറ്റിവരിഞ്ഞ് കെട്ടിയിരിക്കുന്നു. വിവരംകേട്ട് ഖന്‍സാ മദീനാപള്ളിയില്‍ ഓടിയെത്തി. ഭര്‍ത്താവിനെ കണ്ടു, സങ്കടം താങ്ങാന്‍ കഴിഞ്ഞില്ല. ഖന്‍സാ ഒന്ന്‍ വിതുമ്പി. പക്ഷേ, അബൂലുബാബ ആശ്വസിപ്പിച്ചു. ‘വിഷമിക്കല്ല ഖന്‍സാ’ നന്നായി ക്ഷമിക്കുക. ഞാനൊരബദ്ധം ചെയ്തുപോയി. അള്ളാഹു എനിക്ക് മാപ്പുതരട്ടേ. അതുവരെ ഞാന്‍ സ്വയം പശ്ചാതപിച്ചുകൊണ്ട് ഈ തൂണില്‍ ഉണ്ടാകും. എല്ലാ നിസ്കാരസമയത്തും നീ വരണം. എന്‍റെ കേട്ട് അഴിച്ചുതരണം. നിസ്കാരം കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും ഈ സ്ഥിതിയിലേക്ക് മടങ്ങും. നബി(ﷺ) എന്നെ വിശ്വസിച്ചേല്‍പ്പിച്ച ഒരു കാര്യത്തില്‍ ഞാന്‍ വിശ്വാസവഞ്ചന ചെയ്തുപോയി. തെറ്റാണെന്ന് ബോധ്യപ്പെട്ട ഉടനെ ഞാനിങ്ങോട്ടുപോന്നു.

   ആ ദുര്‍ബലനിമിഷം എന്നെ ചതിച്ചുകളഞ്ഞു. മദീനയില്‍ മുസ്‌ലിംകള്‍ക്ക് എന്നും ദ്രോഹവും സ്വൈരക്കേടും ഉണ്ടാക്കിയവരാണ് യഹൂദര്‍. അവരിലെ രണ്ട് പ്രമുഖ കുടുംബങ്ങളാണ് ബനൂനുളൈര്‍, ബനൂഖുറൈള. ഇവരില്‍ ആദ്യത്തെ കൂട്ടര്‍ ശാമിലെ അദ്രിആത്തിലേക്ക് നാടുകടന്നു. ബനൂഖുറൈളക്കാരോട് നബി(ﷺ) മൂന്നാലൊന്ന് അംഗീകരിക്കാനാവശ്യപ്പെട്ടു: ഒന്നുകില്‍ നാടുവിടുക, അല്ലെങ്കില്‍ ഇസ്‌ലാം സ്വീകരിച്ചു സമാധാനത്തോടെ കഴിയുക. രണ്ടിനും ഒരുക്കമില്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാവുക. സമാധാന നിര്‍ദ്ദേശങ്ങള്‍ രണ്ടും അവര്‍ തള്ളിയപ്പോള്‍ നബി(ﷺ) മദീനയില്‍ അവരെ ഉപരോധിച്ചു. ഉപരോധം ഇരുപത്തിയൊന്നു ദിവസം നീണ്ടു. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ വന്നപ്പോള്‍ അവരെ വധിക്കാന്‍ നബി(ﷺ) തീരുമാനിച്ചു. പക്ഷേ ഈ തീരുമാനം രഹസ്യമായിരുന്നു. അവസാനം ഒരു നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെച്ചു: “ഞങ്ങളുടെ വിവരങ്ങള്‍ സംസാരിക്കുന്നതിന് അബൂലുബാബയെ മധ്യസ്ഥനായി പറഞ്ഞയച്ചുതരിക”.

   നിര്‍ദ്ദേശത്തിനു വഴങ്ങി നബി(ﷺ) എന്നെ പറഞ്ഞയച്ചു. ചതിയും വഞ്ചനയുമില്ലാത്ത വിശ്വസ്തനായ നബിയുടെ (صلی اللہ علیہ وسلم) ശിഷ്യനായിരുന്നു ഞാന്‍. എന്നെ കണ്ടമാത്രയില്‍ ബനൂഖുറൈളയിലെ സ്ത്രീകളും കുഞ്ഞുങ്ങളും കാല്‍ക്കല്‍ വീണുകരയാന്‍ തുടങ്ങി. അവരുടെ സങ്കടംകണ്ട് മനസ്സലിഞ്ഞ എന്നോട് തന്ത്രപരമായി അവര്‍ ചോദിച്ചു: “നബിയുടെ ആദ്യത്തെ രണ്ട് നിര്‍ദ്ദേശങ്ങളും തള്ളിയ സ്ഥിതിക്ക് ഇനിയെന്താണുണ്ടാവുക?”

   മനസ്സലിഞ്ഞു ഞാന്‍ ആ രഹസ്യം പുറത്തുവിട്ടു. എന്‍റെ കഴുത്തില്‍ ആംഗ്യം കാണിച്ചുകൊണ്ട് വധസൂചന നല്‍കി അവരെ ഭയപ്പെടുത്തി. നബി(ﷺ) രഹസ്യമാക്കിവച്ചത് ഞാന്‍ പരസ്യമാക്കരുതായിരുന്നു. അതിനല്ലല്ലോ നബിതിരുമേനി(ﷺ) എന്നെ പറഞ്ഞയച്ചത്. അബദ്ധം പിണഞ്ഞതായി ബോധ്യംവന്നപ്പോള്‍ നബി(ﷺ)യുടെ അടുത്തേക്ക് പോകാതെ നേരെ പള്ളിയിലേക്ക് വന്നു. അള്ളാഹു എനിക്ക് മാപ്പുതരുന്നതുവരെ ഈ തൂണില്‍ തന്നെ ഞാന്‍ കഴിഞ്ഞുകൂടും. ഭക്ഷണവും വെള്ളവും ഉറക്കവും വിശ്രമവും ഒന്നും എനിക്ക് വേണ്ട. ഞാന്‍ ചെയ്തുപോയ പിഴവ് അള്ളാഹു എനിക്ക് മാപ്പാക്കിതരട്ടേ. അതില്‍ കുറഞ്ഞ ഒരു മാര്‍ഗവും എനിക്കില്ല.

    പാതിരാകഴിഞ്ഞിരിക്കുന്നു. എങ്ങും കൂരിരുട്ട്. റൂമില്‍നിന്ന്‍ ഒരു ചിരിയുടെ ശബ്ദം പുറത്തുവരുന്നു. ഉമ്മുസല്‍മ(رضي الله عنها) കാതോര്‍ത്തു. പൊട്ടിച്ചിരിയല്ല. എങ്കിലും സന്തോഷം കലര്‍ന്ന ചിരിയാണ്. ഭര്‍ത്താവായ നബിയല്ലാതെ മറ്റാരും റൂമിലില്ല. നബിയുടെ (صلی اللہ علیہ وسلم) ചിരിയല്ലേ; കാര്യമില്ലാതെ ചിരിക്കില്ലല്ലോ. എതായാലും ഒന്നന്വേഷിച്ചുകളയാം. ഉമ്മുസലമ(رضي الله عنها) റൂമിലേക്കു ചെന്നു കാര്യംതിരക്കി.

   അവിടുന്ന്‍ ചിരിക്കുന്നു. കാര്യം മനസ്സിലായില്ല.

  ‘അബൂലുബാബക്ക് അള്ളാഹു മാപ്പുചെയ്തിരിക്കുന്നു’. നബി(ﷺ) പറഞ്ഞു.

   ബീവി ഉമ്മുസലമയുടെ (رضي الله عنها) സന്തോഷത്തിന് അതിരില്ലായിരുന്നു. ഏഴു ദിവസമായി അദ്ദേഹം തൂണില്‍ ബന്ധിക്കപ്പെട്ടു കിടക്കുന്നു. പാവം മനുഷ്യന്‍, അദ്ദേഹത്തിന്‍റെ മനസ്സ് എത്ര ശുദ്ധമാണ്. അദ്ദേഹത്തിനു വന്നുപോയ പിഴവ് ആരോടും അറിയിക്കാതെ മൂടിവെക്കാമായിരുന്നല്ലോ. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. അല്ലെങ്കിലും അതുകൊണ്ട് കാര്യമില്ലല്ലോ. റബ്ബിന്‍റെ കോടതിയില്‍ മൂടിവെക്കാന്‍ പറ്റില്ലല്ലോ. ത്യാഗപൂര്‍ണമായ ഏഴുനാളുകള്‍ക്കുശേഷം ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ തൗബ സ്വീകരിച്ച് ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നു.

   “നബിയേ, ഈ സന്തോഷവാര്‍ത്ത ഞാന്‍ ജനങ്ങളെ അറിയിക്കട്ടേ”. ഉമ്മുസലമ(رضي الله عنها) ചോദിച്ചു.

   സ്ത്രീകള്‍ ശബ്ദമുയര്‍ത്തി വിളിച്ചുപറയല്‍ അപ്പോള്‍ നിരോധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് നബി(ﷺ) സമ്മതംകൊടുത്തു.

   വീടിന്‍റെ ഉമ്മറപ്പടിയില്‍നിന്ന്‍ ഉമ്മുസലമ(رضي الله عنها) ആ വാര്‍ത്ത ഉറക്കെ വിളിച്ചറിയിച്ചു. വീടുകളില്‍നിന്ന്‍ ശബ്ദം കേട്ടവരൊക്കെ പുറത്തിറങ്ങി. എല്ലാവര്‍ക്കും വലിയ സന്തോഷം. കേട്ടവര്‍ കേട്ടവര്‍ പള്ളിയിലേക്കോടി. മദീനയില്‍ ഒരു പെരുന്നാളിന്‍റെ പ്രതീതി. പള്ളിയില്‍ എത്തിയവര്‍ക്കെല്ലാം അബൂലുബാബയുടെ കെട്ടഴിച്ചു അദ്ദേഹത്തെ ആശ്ലോഷിക്കണം. പക്ഷേ അദ്ദേഹം ആരെയും അനുവദിച്ചില്ല.

   “നബി(ﷺ)യുടെ തൃക്കരംകൊണ്ട് തന്നെ എന്‍റെ കെട്ടഴിച്ചുവിടണം”.

  നേരം പുലര്‍ന്നു. സുബ്ഹിക്ക് നബി(ﷺ) പള്ളിയിലേക്ക് വന്നു. കെട്ടഴിച്ചു. ലുബാബയുടെ ഉപ്പ മോചിതനായി.....
__________________________