വാക്കുകള്‍ക്ക് ശക്തിയുണ്ട്


വനത്തിലൂടെ പോവുകയായിരുന്നു തവളകളുടെ ഒരു സംഘം. പെട്ടെന്ന് രണ്ടെണ്ണം ഒരു കുഴിയില്‍ വീണു. കരയ്ക്കു കയറാന്‍ പറ്റാത്ത ആഴം. മറ്റു തവളകള്‍ കുഴിയുടെ വക്കില്‍ ഇരുന്ന് പറഞ്ഞു.
'നോക്ക്, നിങ്ങളുടെ കാര്യം തീര്‍ന്നു. കയറി വരാന്‍ കഴിയാത്ത വിധം ആഴമുണ്ട് കുഴിക്ക്."
രണ്ടു തവളകളും അതു കേള്‍ക്കാതെ എല്ലാ ശക്തിയുമെടുത്ത് കരയിലേക്കു ചാടിക്കൊണ്ടിരുന്നു.
കരയിലിരുന്ന കൂട്ടുകാര്‍ വീണ്ടും വിളിച്ചു പറഞ്ഞു.
'രക്ഷയില്ല. അവിടെ കിടന്നു ചാവുകയേ മാര്‍ഗ്ഗമുള്ളു.'
കുറേനേരം ചാട്ടം തുടര്‍ന്നപ്പോള്‍ അതില്‍ ഒരു തവള ചാട്ടത്തിന്‍റെ ഊക്കുകുറഞ്ഞ് ഒടുവില്‍ കുഴഞ്ഞുവീണു. താമസിയാതെ ചാവുകയും ചെയ്തു.
എന്നാല്‍ മറ്റേ തവള ശ്രമം നിറുത്തിയില്ല. മാത്രമല്ല നിരുത്സാഹപ്പെടുത്തിക്കൊണ്ട് കൂട്ടുകാര്‍ എത്ര ഒച്ചയിട്ടിട്ടും അതിന്‍റെ ചാട്ടത്തിന് ഊക്കു കൂടിക്കൊണ്ടിരുന്നു. കൂടെയുള്ള തവള ചത്തു വീണതു പോലും അതിന്‍റെ ശ്രമത്തിന് തടസ്സമായില്ല. ഒടുവില്‍ ഒരു കുതിപ്പ്. ആ തവള കുഴിയുടെ വക്കില്‍ വന്നു പറ്റിപ്പിടിച്ചു. പിന്നെ പതുക്കെ കരയിലേക്കു പിടിച്ചു കയറി.
മറ്റു തവളകള്‍ക്ക് തങ്ങളുടെ അത്ഭുതമടക്കാനായില്ല. അവര്‍ ചോദിച്ചു
'കൂട്ടുകാരാ, നിനക്ക് ഇതെങ്ങനെ കഴിഞ്ഞു? ഞങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു, കഴിയില്ലെന്ന്.'
ചാട്ടക്കാരന്‍ മറുപടി നല്‍കി.
'എനിക്കു ചെവി കേള്‍ക്കില്ല. നിങ്ങള്‍ പറഞ്ഞതു ഞാന്‍ കേട്ടില്ല. എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നാണ് ഞാന്‍ കരുതിയത്. അതോടെ മൂച്ചു പിടിച്ച് ചാടാന്‍ എനിക്കായി.'
രണ്ടു തവളകളോടും കൂട്ടുകാര്‍ പറഞ്ഞത് ഒരേ കാര്യം. പ്രതീക്ഷ നശിപ്പിക്കുന്ന വാക്കുകള്‍ കേട്ട തവള ചത്തു. പ്രോത്സാഹിപ്പിക്കുന്നതാണെന്നു കരുതി ചാടിയ പൊട്ടന്‍ തവള രക്ഷപെട്ടു.
വാക്കുകള്‍ക്ക് വല്ലാത്ത ശക്തിയുണ്ട്. കഠിനമായി പരിശ്രമിക്കുന്നവരെയും മഹത്തായ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നവരെയും നിരുത്സാഹപ്പെടുത്താതെയിരിക്കുക. കഴിയുമെങ്കില്‍ പ്രോത്സാഹിപ്പിക്കുക. മഹത്തായ ലക്ഷ്യമുള്ളവര്‍ നിരുത്സാഹപ്പെടുത്തുന്നവരുടെ അരികില്‍ ചെവി കേള്‍ക്കാത്തവരായിരിക്കണം.


#drppvijayan #lifelinemcs #dailymotivation #motivationstory #lifecoaching #successcoaching