മദീന അന്നും അങ്ങനെ തന്നെ...!


മദീനാ നിവാസിയും മസ്ജിദുന്നബവിയിലെ ഇമാമുമായിരുന്ന  അലിയ്യു ബിൻ മൂസ യുടെ അനുഭവക്കുറിപ്പുകൾ മദീനയുടെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരവലംബമാണ്. പുണ്യ മദീനയുടെ അകവും പുറവും ഗ്രന്ഥകാരൻ സ്പർശിക്കുന്നുണ്ട്. അബ്ദുൽ അസീസ്‌ രാജാവിന്റെ നേത്രത്വത്തിൽ ആരംഭിച്ച രണ്ടാം വഹ്ഹാബി മുന്നേറ്റത്തിനു ശേഷം  വിശുദ്ധ മദീനയിലുണ്ടായിരുന്ന ഇസ്‌ലാമിക സംസ്കാരത്തിനു ഏറ്റ ആഘാതങ്ങൾ ഗ്രന്ഥകാരൻ അനുസ്മരിക്കുന്നുണ്ട്.

മസ്ജിദുന്നബവിയിലെ വിളക്കുകളെ കുറിച്ച്  മാലികി മദ്ഹബുകാരൻ കൂടിയായിരുന്ന ഗ്രന്ഥകാരൻ എഴുതുന്നു:" മുന്നൂറിനടുത്ത തൂക്കു വിളക്കുകൾ നേരം പുലരുവോളം റമദാനിലെ എല്ലാ രാത്രികളിലും കത്തിച്ചു വെക്കാറുണ്ട്.ഇപ്രകാരം മൗലിദുശ്ശരീഫ് രാവിലും റജബ് ആദ്യ വെള്ളിയാഴ്ച രാവിലും മിഅറാജ് രാവിലും ശഅ ബാൻ പതിനഞ്ചാം രാവിലും രണ്ടു പെരുന്നാൾ രാവുകളിലും ആശൂറാ രാവിലും ശാമിലെയും മിസ്വ്രിലെയും 'മഹ്മൽ' മദീനയിൽ എത്തുന്ന രാവുകളിലും മസ്ജിദിനകത്തെ തൂക്കു വിളക്കുകൾ പുലരുവോളം തെളിക്കാരുണ്ട്."
അക്കാലത്ത് , നാല്പതു ദിവസം തികഞ്ഞ നവജാത ശിശുക്കളെ മസ്ജിദുന്നബവിയിൽ കൊണ്ടുവന്ന് ബറക്കത്തെടുക്കുന്ന പതിവുണ്ടായിരുന്നു.സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്ഥലത്തായിരുന്നു ഇതിനു സൗകര്യം ഒരുക്കിയിരുന്നത്.എല്ലാ വെള്ളിയാഴ്ച, തിങ്കളാഴ്ച രാവുകളിൽ ഇയ്യാവശ്യാർത്ഥം അവിടെ നല്ല തിരക്കുണ്ടാകാരുണ്ട്.ശിശുവിനെ രണ്ടോ മൂന്നോ മിനുട്ട് പ്രത്യേകം സജ്ജീകരിച്ച വിരിക്കു ചുവട്ടിൽ വെക്കും.പിന്നെ എടുത്ത് മാതാവിന് കൈമാറും.കുഞ്ഞിന്റെ മുഖത്ത് വല്ലാത്ത പ്രകാശം കാണുമായിരുന്നു.- ഗ്രന്ഥകാരൻ ഓർക്കുന്നു.

സുഗന്ധ പൂരിതമായ വിശുദ്ധ രൗദയിൽ നജ്ദികൾ നടത്തിയ കയ്യേറ്റത്തെ കുറിച്ച് എഴുതുന്നു:" വിശുദ്ധ ഖബ്രിടത്തിൽ , പഴയതിൽ നിന്നും ചില മാറ്റങ്ങൾ ഇപ്പോഴത്തെ ഭരണക്കാർ വരുത്തിയിട്ടുണ്ട്.ഉയർന്നു കാണുന്ന പച്ച ഖുബ്ബ മരത്തടികൾ കൊണ്ട് പണിതതും ചൈനയിൽ നിർമ്മിക്കപ്പെട്ട പ്രത്യേകയിനം പച്ച തകര കൊണ്ട് പൊതിഞ്ഞതുമായിരുന്നു.ഇപ്പോൾ കാണുന്നതിലും ഉയരത്തിലായിരുന്നു മുമ്പ്. മദീനക്കു കിഴക്കുള്ള നജ്ദിൽ (അവിടെ നിന്നും ഫിത്ന വരാനുണ്ടെന്ന ഹദീസ് പ്രവചനത്തിലെക്കാണ് സൂചന- ഞാൻ)നിന്നും വന്ന വഹാബി സംഘം മദീന മുനവ്വറ കയ്യേറിയപ്പോൾ , ഭൂമിയിൽ സമാനതയില്ലാത്തത്രയും വിലപിടിപ്പുള്ള തബറുക്കാത്തുകളും പവിഴ മരതക മുത്തു രത്നങ്ങളും ആ വിശുദ്ധ മുറിക്കകത്തുനിന്നും അവർ കവർച്ച ചെയ്തു. തുടർന്ന് ജന്നത്തുൽ ബഖീഇലെ ഖുബ്ബകൾ തകർക്കാൻ കല്പിച്ചു.പച്ച ഖുബ്ബക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കനക നിർമിത പതാക കൈക്കലാക്കാൻ വേണ്ടി ഖുബ്ബ പൊളിക്കാൻ അവർ ഉത്തരവിട്ടു.അതിനു ശ്രമിച്ചവരോക്കെയും തല ചുറ്റി നിലം പൊത്തിയപ്പോൾ , അപ ലക്ഷണം മനസ്സിലാക്കി ആ പദ്ധതി ഉപേക്ഷിച്ചു.തിരുനബിയുടെ പുണ്യ വദന സ്ഥാനം അടയാളപ്പെടുത്താൻ പഴയ കാലത്ത് തയ്യാർ ചെയ്ത അൽ കൗകബുദ്ദുറിയ്യ് എന്നറിയപ്പെടുന്ന അതിവിശിഷ്ടമായ  മാർബ്ൽ സമ്മാനം മോഷ്ടിച്ച വഹാബീ അമീറിന്റെ ബന്ധുക്കൾക്കുണ്ടായ ദുരനുഭവങ്ങളുടെ വാർത്തയും അവരെ ഭയപ്പെടുത്തി."

മസ്ജിദുന്നബവിയിലെ ഓരോ വാതിലും ജനവാതിലും വിളക്ക് സ്റ്റാന്റഉം മറയും ഗ്രന്ഥകാരൻ വിവരണത്തിൽ കടന്നു വരുന്നുണ്ട്.ഹുജ്രത്തുശ്ശരീഫ യെ കുറിച്ച്: " ഇവിടെ എല്ലാ സമയത്തും പ്രവേശനമില്ല പ്രത്യേക ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമാണ് പ്രവേശം.പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡ്യൂട്ടി പോലീസിന്റെ കൂടെ കടക്കാം.മഗ്രിബിനു 20 മിനിറ്റ് മുമ്പത്തെ " വിളക്ക് തെളിക്കൽ" സമയത്ത് മാത്രം.എന്നാൽ ഈ പോലീസുകാർക്കോ മറ്റുള്ളവർക്കോ മുറിക്കകത്തു കയറിയാൽ കാണുന്ന മറവിരിക്കപ്പുറത്തുള്ള കാര്യങ്ങളൊന്നും അറിയില്ല...പഴയ പൊലീസുകാർക്കരിയാം.കാരണം, 30-40 വർഷങ്ങൾക്കു പിറകെ ഹുജ്രത്തു ശ്ശരീഫയെ പുതപ്പിക്കാൻ ഉസ്മാനിയ്യ ഭരണ കൂടം കിസവാ കൊടുത്തുവിട്ടപ്പോൾ അത് ഘടിപ്പിക്കാൻ ഖുബ്ബയുടെ മുകളിൽ കയറിയവർ അവരായിരുന്നു...പൊടിക്കാറ്റു നിമിത്തം അവിടെ കുമിഞ്ഞു കൂടുന്ന നേരിയ മണൽ പൊടികൾ അവർ അടിച്ചെടുത്തു."ജൗഹറുശ്ശരീഫ്" എന്നാണു അവരതിനെ ബഹുമാനപൂർവ്വം പറയുക. പുറം നാട്ടുകാർ തബറുക്കിനു വേണ്ടി അത് എടുക്കാറുണ്ട്.ഖുബ്ബയുടെ മുകളിലെ പഴയ കിസവാ നീക്കി പുതിയത് സ്ഥാപിക്കാൻ മഹാഭാഗ്യം ലഭിച്ചവർ അല്ലാഹുവിനു ശുക്രായി മൂന്നോ നാലോ അടിമകളെ മോചിപ്പിക്കും. ധനശേഷി കുറഞ്ഞവരാനെങ്കിൽ നാലോ അഞ്ചോ ചെമ്മരിയാടുകളെ അറുക്കുകയോ ദാനം ചെയ്യുകയോ ചെയ്യും."

മദീന സന്ദർശിക്കുന്നവരെ കൌതുകപ്പെടുത്താറുള്ള ആവേശകരമായ ഇഫ്ത്വാർ ഇപ്പോൾ തുടങ്ങിയതല്ലെന്നു ഗ്രന്ഥം വെളിപ്പെടുത്തുന്നു. ആത്മീയ നിർവൃതി നല്കുന്ന റമദാൻ രാവുകൾ, തരാവീഹ് നിസ്കാരം, ഖത്മുൽ ഖുറാൻ രീതി എന്നിവയും പഴയത് തന്നെ." മദീന ഹറം ശരീഫ് പെരുന്നാൾ രാവുകളിൽ പൂർണ്ണമായും തുറക്കും.തൂക്ക് വിളക്കുകൾ പുലരുവോളം നിറഞ്ഞു കത്തും.ചെറിയ-വലിയ പെരുന്നാൾ നിസ്കാരങ്ങൾ ഹറം ശരീഫിലാണ് നിർവ്വഹിക്കുക.മദീന നഗരിയിലെയും ഗ്രാമങ്ങളിലെയും വിശ്വാസികൾ അവിടെ ഒത്തുകൂടും." " ചെറിയ പെരുന്നാൾക്ക് മദീനക്കാർ നിസ്കാരാനന്തരം തിരുനബിയെയും അവിടുത്തെ രണ്ടു കൂട്ടുകാരെയും സിയാറത്ത് ചെയ്ത ശേഷം ബഖീ ഇലേക്ക് ഒന്നിച്ചു നീങ്ങും.ബഖീ ഇലെ സ്വഹാബത്തിനെയും അഹ്ലുൽ ബൈതിനെയും തിരുനബി പത്നിമാരെയും പുത്രിമാരെയും സന്ദർശിക്കും.ഓരോരുത്തരും അവരവരുടെ ബന്ധുമിത്രാദികളുടെ ഖബരുകൾ  സന്ദർശിക്കും...." മൂന്നു നാല് ദിവസങ്ങൾ നീണ്ടുനില്കുന്നതായിരുന്നു ഈദാഘോഷം.മദീനക്കാരുടെ സവിശേഷ ആഘോഷ സദസ്സുകളും അഭ്യാസ പ്രകടനങ്ങളും ആഘോഷത്തിന് തിളക്കമേറ്റും.
വെള്ളിയാഴ്ചകളിൽ ഖത്വീബ് കടന്നുവരുന്ന രംഗം രസാവഹമാണ്.പ്രധാന മിനാരത്തിന്റെ കവാടത്തിങ്കൽ ഖത്വീബ് പ്രത്യക്ഷപ്പെട്ട് ചടങ്ങ് ആരംഭിക്കാൻ " മുക്രി"ക്കു സമ്മതം നല്കും.മുക്രി തിരു ഖബർ ശരീഫിനു നേരെയുള്ള ജനലിനടുത്തു വന്ന് ഏഴു സൂക്തങ്ങൾ പാരായണം ചെയ്യും.അഞ്ചെണ്ണം മുസ്ത്വഫാ നബിയെ കുറിച്ചും ഓരോന്ന് അബൂബകർ,ഉമർ എന്നിവരെ കുറിച്ചും പരാമര്ശിക്കുന്നവയാണ്.പിന്നെ, "ഇന്നല്ലാഹ വ മലാ ഇകത്തഹൂ.... "എന്നാ സൂക്തം ഓതും.അപ്പോൾ ഖത്വീബ് കടന്നു വരും.അവിടെ സിയാറത്ത് ചെയ്യും.അപ്പോൾ രണ്ടാം വാങ്ക് മുഴങ്ങും.നിശ്ശബ്ദരായിരിക്കാൻ ആഹ്വാനം ചെയ്യുന്ന ഹദീസ് വിളിച്ചു പറഞ്ഞാൽ ഖുത്വുബ ആരംഭിക്കും.
മദീനാ ഹറം ശരീഫിലെ നബിദിനാഘോഷം ഗംഭീരമായിരുന്നു. " റബീഉൽ അവ്വൽ 12 സൂര്യനുദിച്ച ശേഷം മൗലീദു പാരായണ സദസ്സു സമാരംഭിക്കും. വിശിഷ്ടരായ നാല് ഇമാമുമാർ അടങ്ങുന്ന സംഘത്തെയാണ് ഇതിനു ചുമതലപ്പെടുത്തുക . ഹറം ശരീഫിനകത്ത് പ്രത്യേകം ഏർപ്പെടുത്തുന്ന വേദിയിലാണ് പരിപാടി.മൌലിദ് പാരായണം ചെയ്യാൻ ഒരുക്കിയിട്ടുള്ള പ്രത്യേക കസേരയിൽ ഒരാൾ വന്ന് പാരായണം തുടങ്ങും.ഒരു "ഹദീസ്" ഓതി സുല്ത്വാനുവേണ്ടി ദുആ ചെയ്ത് അയാള് താഴെ ഇറങ്ങും.രണ്ടാമൻ വന്ന് പുണ്യപ്പിറവിയുടെ അനുഗ്രഹീത നിമിഷങ്ങൾ അനുസ്മരിക്കുന്ന ഭാഗം ഓതും.ദുആ ചെയ്ത് ഇറങ്ങും.മുലകുടി മുതലുള്ള സംഭവങ്ങളാണ് മൂന്നാമൻ  ഓതുക . ഹിജ്രയാണ് നാലാമന്റെ ഭാഗം. മൗലിദിനു ശേഷം " ശിർബീത് " എന്ന് വിളിക്കാറുള്ള പാനീയം കുടിച്ച്, മധുരപലഹാരം കഴിച്ച് എല്ലാവരും പിരിയും."

മസ്ജിദുന്നബവിയിൽ കെങ്കേമമായി മിഅറാജ്‌ രാവ് ആഘോഷിച്ചിരുന്നു എന്ന് കാണാം. റജബ് 26 അസ്വ്രിനു ശേഷം ആഘോഷം തുടങ്ങും.നല്ല ജന ബാഹുല്യമായിരിക്കും. മക്ക,ജിദ്ദ,യൻബൂഹ് തുടങ്ങിയ നഗരങ്ങളിൽ നിന്നും മറ്റു പ്രാന്ത പ്രദേശങ്ങളിൽ നിന്നും ധാരാളം സന്ദർശകർ മദീനയിലെത്തുന്ന സമയമാണത്. ഒരാൾ മൌലിദ് ഓതും.ചീരണി വിതരണം ഉണ്ടാകും.
അന്ന് അഞ്ചു മുഖ്യ കവാടങ്ങളായിരുന്നു  മസ്ജിദിന്. കവാടങ്ങളിൽ കൊത്തിവെച്ച ആയത്തുകളും കവിതകളും ഗ്രന്ഥകാരൻ എഴുതി സൂക്ഷിച്ചിട്ടുണ്ട്.ബാബുസ്സലാമിന്റെ ഒരു വശത്ത് " റസൂലല്ലാഹ് , ഇന്നീ മുസ്തജീറുൻ .." ( അല്ലാഹുവിൻറെ തിരു ദൂതരേ, ഞാൻ ഇതാ അഭയാർഥിയായി വന്നിരിക്കുന്നു...) എന്ന് തുടങ്ങുന്ന ഖസ്വീദ കാണാം.സുൽത്വാൻ അബ്ദുൽ മജീദ്‌ പണിത "ബാബുത്തവസ്സുലി"ൽ തിരു നബിയെ തവസ്സുലാക്കാൻ നിർദ്ദേശിക്കുന്ന സൂറത്ത് മാഇദ യിലെ 35 - ആം സൂക്തം രേഖപ്പെടുത്തിയിരിക്കുന്നു. " താങ്കളുടെ ഏതു ഭാരവും ഇവിടെ ഇറക്കി വെക്കുക " എന്ന കാവ്യ ശകലമാണ് ബാബു ജിബ്രീലിന്റെ പിൻ വശത്ത് . റൌള ശരീഫിന്റെ ഒരു ഭാഗത്ത് സ്വർണ്ണ ലിപികളിലെഴുതിയ താഴെ കവിത ഉദ്ദരിച്ച് മദീനയുടെ ഈ അമൂല്യ ചരിത്ര ഗ്രന്ഥം അവസാനിക്കുന്നു.
          " وقفنا على أعتاب فضلك سيدي
             لتقبيل ترب حبذا ذاك من ترب
             وقمنا تجاه الوجه نرجو شفاعة
            إلى الله في محو الإساءة و الذنب