പുളി രസമുള്ള ഓറഞ്ചിന്റെ മാധുര്യം
അയാൾ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യിൽ നിന്നും ഓറഞ്ചുകൾ വാങ്ങിക്കുമായിരുന്നു.
തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്റെ ബാഗിൽ ഇട്ടതിന് ശേഷം, പതിവായി അതിൽ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിന് ശേഷം, പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു.
വൃദ്ധ അതിൽ നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്റെ ആ ബാഗും എടുത്ത് അയാൾ പോയിരിക്കും. പലപ്പോഴും ഈ കഥ വീട്ടിലെത്തി അയാൾ ഭാര്യയോട് പറയുകയും ചെയ്യും.
അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും?
“ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?”
അയാൾ ചിരിച്ചുകൊണ്ട് പറയും
“ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്ക്കു ന്നുണ്ടെങ്കിലും, അതിൽ നിന്നും ഒരണ്ണം എങ്കിലും അവർ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോൾ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും, അവർക്ക് കഴിക്കുവാന്‍ സാധിക്കുമല്ലോ”
എല്ലാ ദിവസ്സവും ഇത് കാണുന്ന, തൊട്ടടുത്ത് പച്ചക്കറികൾ വില്ക്കുന്ന മറ്റൊരു സ്ത്രീ, വയസ്സായ സ്ത്രീയോട് ചോദിച്ചു?
“എപ്പോഴും അയാൾ നിങ്ങളുടെ ഓറഞ്ചിനെപ്പറ്റി കുറ്റം പറയുന്നെങ്കിലും തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ച് നിങ്ങള്‍ അയാൾക്ക് കൊടുക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ?”
വയസ്സായ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു
“എനിക്കറിയാം അയാൾ ഓറഞ്ചിനെ കുറ്റം പറഞ്ഞുകൊണ്ട്, തിരിച്ചു തരുന്നത് ഒരെണ്ണം എനിക്ക് കഴിക്കുവാന്‍ വേണ്ടിയാണ് എന്ന്, പക്ഷെങ്കില്‍ എനിക്കത് അറിയാം എന്ന് അയാൾക്ക് അറിയില്ല, അതുകൊണ്ടാണ് തൂക്കത്തില്‍ കൂടുതല്‍ ഓറഞ്ചുകൾ കൊടുക്കുന്നത്”!
ജീവിതത്തിന്റെ് മാധുര്യം, എന്ന് പറയുന്നത്, നമുക്ക് നമ്മുടെ സഹജീവികളോട് തോന്നുന്ന കൊച്ചു കൊച്ചു സ്നേഹവും ബഹുമാനവും, അത് പ്രകടിപ്പിക്കുന്ന രീതിയും ഒക്കെ ആണ്. ഇത്തരം നനു നനുത്ത അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴേ ജീവിതത്തിന്റെ നന്മയും, സന്തോഷവും, സംതൃപ്തിയും നമ്മുടെ മനസ്സിൽ വന്നു നിറയുകയുള്ളൂ.
പൈസ കൊണ്ട് മാത്രം ജീവിതത്തിൽ ഒന്നും നേടാനാകില്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ, സൗന്ദര്യമുണ്ടല്ലോ അതിനേക്കാൾ മഹത്തരമായ ഒരു അനുഭവം ഒരു മനുഷ്യ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകില്ല.