അല്‍ അസ്മാഉല്‍ ഹുസ്ന


     ആകാശഭൂമികളഖിലവും സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിന്റെ അത്യധികം ഉത്തമങ്ങളായ വിശേഷണങ്ങളെ കുറിക്കുന്ന സംജ്ഞകള്‍ക്കാണ് “അസ്മാഉല്‍ ഹുസ്ന” (ഉല്‍കൃഷ്ട നാമങ്ങള്‍) എന്ന് പറയുന്നത്. രണ്ട് അറബി വാക്കുകള്‍ ചേര്‍ന്നതാണിത്. അല്‍ അസ്മാഅ് (നാമങ്ങള്‍), അല്‍ ഹുസ്ന (ഉല്‍കൃഷ്ടമായത്)

 ആ നാമങ്ങള്‍ ഉത്കൃഷ്ടാശയത്തെ കുറിക്കുന്നതുകൊണ്ടും അവകൊണ്ട് നാമകരണം ചെയ്യപ്പെട്ടവന്‍ ഉത്കൃഷ്ടനായതുകൊണ്ടുമാണ് അവയ്ക്ക് ഈ പേര്‍വന്നത്. വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അസ്മാഉല്‍ ഹുസ്നയെക്കുറിച്ച് പരാമര്‍ശമുണ്ട്.”അത്യുത്തമമായ നാമങ്ങള്‍ അല്ലാഹുﷻവിനുള്ളതത്രെ. ആ നാമങ്ങളില്‍ നിങ്ങളവനോട് പ്രാര്‍ത്ഥിക്കുക”
  (അല്‍ അഅ്റാഫ്: 180)

 അബൂഹുറൈറയില്‍ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ ദൂതന്‍ അരുള്‍ ചെയ്തിരിക്കുന്നു: “നിശ്ചയമായും അല്ലാഹുﷻവിന് 99 നാമങ്ങളുണ്ട്. അതായത് നൂറിന് ഒന്ന് കുറവ്. അവ ഉള്‍ക്കൊണ്ടവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും”...
••===••===••===••===••==••

*1 - അല്ലാഹു ✨الله✨*
      സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ നാമമാണിത്. ദൈവിക ഗുണങ്ങളുടെ സകല മഹത്വങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നാമം മറ്റാര്‍ക്കും പ്രയോഗിക്കാവതല്ല. ‘അല്ലാഹു’ ഒഴികെ മറ്റെല്ലാ നാമങ്ങളും അവന്റെ വിശിഷ്ടഗുണങ്ങളെയും ‘അല്ലാഹു’ എന്നത് അവന്റെ സത്തയെയും പ്രതിനിധീകരിക്കുന്നു. ഈ നാമം ഖുര്‍ആനില്‍ 2647 സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്...

“അല്ലാഹു: അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്തുനില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്”
  (അല്‍ബഖറഃ: 255)```