ശഅ്ബാന്‍ പാഠങ്ങള്‍

 01
✍സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍

     നിരവധി സവിശേഷതകള്‍ നിറഞ്ഞ പുണ്യമാസമാണ് ഹിജ്റ കലണ്ടറിലെ എട്ടാം മാസമായ ശഅ്ബാന്‍. റജബ് മാസത്തിന്‍റെ ആഗമനത്തോടെ വിശ്വാസി മനങ്ങളില്‍ വിരിയുന്ന സന്തോഷപ്പൂക്കള്‍ക്ക് ശഅ്ബാനില്‍ അല്‍പംകൂടി സൗരഭ്യം അനുഭവപ്പെടുന്നു. റജബില്‍ നേടിയ ആത്മീയാനുഭൂതിയും റമളാനിനെ വരവേല്‍ക്കാനുള്ള അമിതാവേശവും മൂലം ശഅ്ബാന്‍ മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കാനാണ് വിശ്വാസി ശ്രമിക്കുന്നത്.

ശാഖ എന്നര്‍ത്ഥമുള്ള ശഅബ് എന്ന മൂലപദത്തില്‍ നിന്നാണ് ശഅ്ബാന്‍ നിഷ്പന്നമായത്. ആസന്നമാവുന്ന റമളാനിനെ സല്‍കര്‍മങ്ങള്‍ കൊണ്ട് സമ്പന്നമാക്കുന്നതിനുവേണ്ടി നന്മകൊണ്ട് പിശീലിപ്പിക്കുകയെന്നതാണ് ശഅ്ബാന്‍ എന്ന ശാഖ ചെയ്യുന്നത് (ഗുന്‍യ 1/187)

തിരുനബി(സ്വ)യും അനുചരരും അതിപ്രാധാന്യത്തോടെ കണ്ടിരുന്ന വിശുദ്ധ മാസം ഒട്ടനവധി സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നമുക്കു ധാരാളം പാഠങ്ങള്‍ നല്‍കുന്നതുമാണ്.

1 - മഹത്ത്വമേറിയ മാസം
        നിരവധി നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന മാസമാണ് ശഅ്ബാന്‍. തിരുനബി(സ്വ) മറ്റു മാസങ്ങളേക്കാള്‍ ഇതിന് പ്രാധാന്യം നല്‍കിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ആഇശ(റ) പറയുന്നു: തിരുനബി(സ്വ) ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നിനേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുമായിരുന്നില്ല (സ്വഹീഹുല്‍ ബുഖാരി 1834). ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ തിരുനബി(സ്വ) ശഅ്ബാനിലെ ചില ദിനങ്ങളൊഴികെ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുമായിരുന്നുവെന്നാണുള്ളത് (മുസ്ലിം 1957).

ഈ രണ്ട് ഹദീസുകളില്‍ രണ്ടാമത്തേത് ഒന്നാമത്തേതിന്‍റെ വിശദീകരണമാണെന്നും ശഅ്ബാന്‍ മുഴുവനും എന്ന ആഇശ(റ)യുടെ പ്രസ്താവനയുടെ വിവക്ഷ ശഅ്ബാന്‍ കൂടുതലുമെന്നാണെന്നും പണ്ഡിതന്മാര്‍ വിവരിക്കുകയുണ്ടായി. ചില വര്‍ഷങ്ങളില്‍ ശഅ്ബാന്‍ മുഴുവനായും മറ്റു ചില വര്‍ഷങ്ങളില്‍ കൂടുതല്‍ ദിവസങ്ങളിലും നോമ്പനുഷ്ഠിച്ചിരുന്നുവെന്നാണ് അതിന്‍റെ ഉദ്ദേശ്യമെന്ന് വിശദീകരിച്ച പണ്ഡിതരുമുണ്ട്. തിരുനബി(സ്വ) പ്രാധാന്യം കല്‍പിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ശഅ്ബാനിനെ പൂര്‍ണാര്‍ത്ഥത്തില്‍ വരവേല്‍ക്കുകയും തിരുനബി(സ്വ) സ്നേഹിച്ചതുപോലെ സ്നേഹിക്കുകയും ചെയ്യുകയെന്നതാണ് വിശ്വാസികളുടെ ബാധ്യത.

2 - കര്‍മ രേഖകള്‍
         സൃഷ്ടികളുടെ കര്‍മങ്ങള്‍ സ്രഷ്ടാവിനു പ്രദര്‍ശിപ്പിക്കപ്പെടുന്ന മാസമത്രെ ശഅ്ബാന്‍. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ തിരുനബി(സ്വ) പറയുന്നു: ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണത്. ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്നതാണ് എനിക്കിഷ്ടം (തുര്‍മുദി, നസാഈ).

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വല്ലവനും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനതയിലാണുള്ളത്. അവനിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപ്പോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ തന്ത്രം നാശമടയുകതന്നെചെയ്യും (ഫാത്വിര്‍ 35).

3 - പാപമോചനം
        ശഅ്ബാന്‍ മാസം പാപമോചനത്തിന്‍റെ മാസമാണ്. അല്ലാഹു തന്‍റെ അടിമകള്‍ക്ക് കൂടുതല്‍ പൊറുത്തുകൊടുക്കുന്ന മാസം. ശഅ്ബാന്‍ പതിനഞ്ചിന് അല്ലാഹുവിന്‍റെ പ്രത്യേക റഹ്മത്ത് ലഭ്യമാവുന്നതാണ്. അന്ന് അല്ലാഹു എല്ലാ അടികകള്‍ക്കും പൊറുത്തുകൊടുക്കും. മുശ്രിക്ക്, വിദ്വേഷം വച്ചുപുലര്‍ത്തുന്നവര്‍ എന്നിവര്‍ക്കൊഴികെ (ഇബ്നുമാജ)

ഹൃദയശുദ്ധി വരുത്താനും സര്‍വ വിശ്വാസികളോടും സ്നേഹമസൃണമായി പെരുമാറാനും വിശ്വാസി പഠിക്കണമെന്ന് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു. സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയതുതന്നെ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസികളായി മുമ്പ് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസികളോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവുമുണ്ടാക്കരുതേ (ഹശ്ര്‍ 10) എന്നാണല്ലോ.

4 - തിരുസുന്നത്ത്
      ശഅ്ബാന്‍ തിരുനബി(സ്വ)യുടെ മാസമാണ്. മാസങ്ങളുടെ സവിശേഷതകള്‍ പറയുന്നിടത്ത് പണ്ഡിതന്മാര്‍ ശഅ്ബാനിനെ റസൂല്‍(സ്വ)യുടെ മാസമെന്ന് പ്രത്യേകം പറഞ്ഞതു കാണാം. ഇമാം മഗ്റബി(റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം മൂലം മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് റമളാനാണ്. പിന്നീട് ശ്രേഷ്ഠതയുള്ളത് തിരുനബി(സ്വ) ജനിച്ച റബീഉല്‍ അവ്വലിനും. ശേഷം റജബാണ്. അത് യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതും അല്ലാഹുവിന്‍റെ മാസവുമാണ്. അടുത്ത ശ്രേഷ്ഠത ശഅ്ബാനിനാണ്. അത് അല്ലാഹുവിന്‍റെ ഹബീബിന്‍റെ മാസവും പ്രവര്‍ത്തനങ്ങളും അവധികളും വിതരണം ചെയ്യുന്ന മാസവും റജബ്, റമളാന്‍ എന്നിവയുടെ മധ്യത്തില്‍ നില്‍ക്കുന്നതുമാണ്. മഹത്ത്വമുള്ള രണ്ട് മാസങ്ങള്‍ക്കിടയിലാണെന്ന സവിശേഷതയും ശഅ്ബാനിനുണ്ട്. വെള്ളിയാഴ്ചയുടെ സമീപത്തുള്ള വ്യാഴത്തിനും ശനിക്കും പ്രാധാന്യമുള്ളതുപോലെയാണിത് (റൂഹുല്‍ ബയാന്‍ 8/401).

ശഅ്ബാനിലെ അധിക ദിവസങ്ങളിലും നബി(സ്വ) നോമ്പെടുത്തതുകൊണ്ടാണ് ആ മാസത്തെ ഹബീബിന്‍റെ മാസമെന്നു വിശേഷിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: മാസങ്ങളില്‍ നബി(സ്വ)ക്ക് നോമ്പെടുക്കാന്‍ ഏറ്റവും ഇഷ്ടം ശഅ്ബാനായിരുന്നു. തുടര്‍ന്ന് അവിടുന്ന് റമളാനിലും നോമ്പനുഷ്ഠിക്കും. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ) രണ്ട് മാസം തുടരെ നോമ്പെടുക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാനും റമളാനുമൊഴികെ (അബൂദാവൂദ്, തുര്‍മുദി).

തിരുനബി(സ്വ)യെ അനുധാവനം ചെയ്ത് ശഅ്ബാനില്‍ കൂടുതല്‍ വ്രതമനുഷ്ഠിക്കാന്‍ ശ്രമിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.