നൂഹ് നബി (അ)

【മുഖവുര】

മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...

പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ...

മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...

നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്രഹങ്ങൾ നിർമ്മിച്ചതും ആരാധിച്ചതും ആ ജനതയാണ്. സത്യ മതത്തിന്റെ ദഅവത്തുമായി വരുന്നവർക്ക് നേരിടേണ്ടി വരുന്ന എല്ലാ തസ്സങ്ങളും പ്രയാസങ്ങളും ആ ജനതയുടെ  ചരിത്രത്തിൽ  നാം കാണുന്നു...

ആധുനിക പ്രബോധകൻ അവയെല്ലാം അറിഞ്ഞിരിക്കൽ അനിവാര്യമാണ്. സത്യപ്രബോധകന്റെ വിളിക്കുത്തരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. ആ സത്യവും നൂഹ് (അ)ന്റെ ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്നു. കാലഘട്ടത്തെ കിടിലംകൊള്ളിച്ച ദുആ. ആ ദുആ സ്വീകരിക്കപ്പെട്ടു. മഹാപ്രളയം വരവായി. ഇതിൽ നിന്നെല്ലാം ആധുനിക മനുഷ്യർ ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. വായിച്ചറിയുക. ചിന്തിക്കുക. ചിന്തിക്കുന്നവർക്കാണല്ലോ സൗഭാഗ്യം. അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ ...

ജനങ്ങളെ സന്മാർഗത്തിലേക്കു ക്ഷണിക്കാൻ സർവശക്തനായ അല്ലാഹു നിയോഗിച്ച പ്രവാചകൻ. 950 രാവും പകലും ആ പ്രവാചകൻ ജനങ്ങളെ നേർമാർഗത്തിലേക്കു ക്ഷണിച്ചു. വളരെ ചുരുങ്ങിയ വ്യക്തികൾ മാത്രം വിശ്വസിച്ചു. മഹാഭൂരിപക്ഷം തിരസ്കരിച്ചു. സന്മാർഗത്തിലേക്കു വിളിക്കും തോറും അവർ അകന്നുപോയി. ഒടുവിൽ മഹാപ്രളയം വന്നു. രക്ഷകനായി നൂഹ് നബി (അ)മും. ലോകം എക്കാലവും ഭീതിയോടെ മാത്രം ഓർമിക്കുന്ന മഹാ സംഭവം...

ചരിത്രം രേഖപ്പെടുത്തിയ നോഹയുടെ പേടകത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു,