ആത്മവിചാരണയുടെ നാളുകൾ


✍ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

       റജബ് നമ്മിൽ നിന്നും വിടപറയുകയാണ്, ശഅബാൻ വരുന്നു, റമളാന്റെ ആഗമനത്തിന്റെ വിളിനാദവുമായി. ആത്മീയമായ ജാഗരണം നടക്കേണ്ട ദിനരാത്രങ്ങളാണ് മുന്നിലുള്ളത്. അല്ലാഹുവിലേക്കടുക്കാനുള്ള അസുലഭ സന്ദർഭങ്ങൾ. നാം സ്വയം വിചാരണ ചെയ്യുക. നാളത്തേക്ക് നാമത് നീട്ടിവെക്കരുത്. നഷ്ടപ്പെട്ടത് നമുക്ക് വീണ്ടെടുക്കാനായില്ലെങ്കിൽ യഥാർഥ ഹിസാബിന്റെ നാളിൽ നാം വിരൽ കടിക്കും. അന്ന് നമ്മൾ അല്ലാഹുവിനോട് യാചിക്കും; 'അല്ലാഹുവെ, 'സൽകർമം ചെയ്യാൻ ഞങ്ങളെ ഒന്നുകൂടി ഭൂമിയിലേക്ക് മടക്കിഅയക്കണം' അപ്പോൾ അവിടെ വെച്ചുപറയപ്പെടും; 'ഓ വിഡ്ഢീ അവിടെ നിന്നല്ലേ നീ വരുന്നത്'. ഇമാം ഗസ്സാലി (റ) നമ്മെ ഓർമപ്പെടുത്തുന്നുണ്ട്; 'കർമമില്ലാത്ത പഠനം അത് ഭ്രാന്താണ്. പഠനമില്ലാത്ത കർമം അപ്രസക്തവുമാണ്. തെറ്റിനെതൊട്ട് നമ്മെ അകറ്റാത്ത വിജ്ഞാനം, കർമങ്ങൾക്കായി നമ്മെ പ്രേരിപ്പിക്കാത്ത വിജ്ഞാനം നരകത്തെ തൊട്ട് നമ്മെ അകറ്റും എന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല.
നമ്മുടെ ആത്മാവിന് നാം ഈമാനിക സ്ഥൈര്യം കൊണ്ട് കരുത്ത് നൽകണം, ശരീരത്തെ നാം നന്നായി മെരുക്കിയെടുക്കണം ശരീരം മരിച്ചു എന്ന് കരുതി ഒന്ന് വിചാരണ ചെയ്തു നോക്കൂ? നാം കിടക്കേണ്ട നമ്മുടെ ഖബറിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?, ഖബറാളികൾ ഓരോ നിമിഷവും നമ്മെയും പ്രതീക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ട് കയ്യിൽ ഒന്നുമില്ലാതെ അവരിലേക്ക് നാം എങ്ങിനെയാണ് എത്തിച്ചേരുക. അബൂബക്കർ സ്വിദ്ദീഖ്(റ)പറഞ്ഞു 'ശരീരം പക്ഷിക്കൂട് പോലെയോ മൃഗങ്ങളുടെ വാസസ്ഥലം പോലെയോ ആണ്' അതിൽ ഏതാണ് നമ്മുടേത് എന്ന് നാം സ്വയം ചിന്തിക്കുക. നാം ഉയരങ്ങളിൽ പാറിപ്പറക്കുന്ന പക്ഷിയാണങ്കിൽ 'അല്ലാഹുവിലേക്ക് മടങ്ങൂ' എന്ന ശബ്ദം കേൾക്കുന്ന സന്ദർഭം ഉന്നതിയിലേക്ക് പറന്ന് സ്വർഗീയ ആരാമത്തിൽ നമുക്ക് വിശ്രമിക്കാം. നാമൊരിക്കലും മൃഗതുല്യരായിക്കൂടാ. നമ്മുടെ വീട്ടിന്റെ മൂലയിൽ നിന്നും നരകത്തിന്റെ കോണിലേക്ക് പോകുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? നരകത്തിന്റെ ഓർമ വന്ന സമയം ഹസനുൽ ബസ്വരി തങ്ങൾക്കുണ്ടായ അനുഭവമൊന്നു നോക്കൂ. ഹസൻ ബസ്വരിക്ക് കുടിക്കാൻ വെള്ളം കൊടുത്തു, കുടിക്കാൻ വേണ്ടി വെള്ളം ചുണ്ടിലേക്ക് അടുപ്പിച്ചപ്പോൾ അദ്ദേഹം ബോധം കെട്ടുവീണു. ഗ്ലാസ് താഴേക്ക് വീണു. ബോധം വന്നപ്പോൾ ആരോ ചോദിച്ചു, എന്ത് പറ്റി അബൂ സഈദ്? അദ്ദേഹം പറഞ്ഞു; നരകവാസികൾ സ്വർഗവാസികളോട് പറയുന്ന കാര്യം ഞാൻ ഓർത്തുപോയി; 'ഞങ്ങളുടെ മേൽ വെള്ളം ഒഴിച്ചുതരൂ അല്ലെങ്കിൽ നിങ്ങൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്നും വല്ലതും തരൂ'.
എപ്പോഴും സ്വയം വിചാരണ ചെയ്തു ജീവിച്ച മഹാന്മാർ! അബൂബക്കർ സിദ്ദീഖ് (റ) ശ്വസാച്ഛോസം ചെയ്യുമ്പോൾ ചുട്ട കരളിന്റെ വാസന പുറത്തുവന്നിരുന്നുവത്രെ, വിധിന്യായനാളിന്റെ കഠിനമായ അവസ്ഥയെ കുറിച്ചോർത്ത്! ഉമർ ഇബ്‌നു ഖതാബ് (റ) വിന്റെ കവിളിൽ കറുത്ത രണ്ടു ചാലുകൾ കാണാമായിരുന്നുവത്രേ, വിധിനാളിലെ തന്റെ അവസ്ഥയെ കുറിച്ചോർത്ത് കരഞ്ഞു കൊണ്ടിരുന്ന വിലാപത്തിന്റെ ആധിക്യം കാരണത്താൽ. ഉസ്മാൻ ഇബ്‌നു അഫ്ഫാൻ (റ) തന്റെ താടി നനഞ്ഞു കുതിരുന്നത് വരെ കരയാറുണ്ടായിരുന്നു, ഖബറിൽ കിടക്കേണ്ട അവസ്ഥയെ കുറിച്ചോർത്ത്! അലിയ്യ് ഇബ്‌നു അബീ താലിബ് (റ) മിഹ്‌റാബിൽ പേടിച്ചു വിറച്ചു നിന്ന് കൊണ്ട് സ്വന്തം ശരീരത്തെ വിചാരണ ചെയ്തിരുന്നു, സ്വന്തം താടി പിടിച്ചു വലിച്ചു കൊണ്ട് അദ്ദേഹം ശരീരത്തെ കുറ്റപ്പെടുത്തുമായിരുന്നു. വിചാരണ നാളിലെ ദൈവ വിചാരണയെ ഭയന്ന് കൊണ്ട്! ഇബ്‌നു അബ്ബാസ് (റ) വിന്റെ മുഖത്തു കണ്ണീർ ചാലുകൾ പഴയ ചെരിപ്പിന്റെ വാറുകൾ പോലെയുള്ള അടയാളമുണ്ടാക്കിയിരുന്നു.
മഹാനായ ഉമർ ഇബ്‌നുൽ ഖതാബ് (റ) തന്റെ സഹചരിൽ കൂടുതൽ സൂക്ഷ്മജ്ഞാനിയായ ഒരാളെ വിളിച്ചുവരുത്തി ചോദിച്ചു.
'സുഹൃത്തെ! എന്റെ ജീവിതത്തിൽ അനിഷ്ടകരമായത് വല്ലതും അങ്ങേക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടോ?' അദ്ദേഹം പറഞ്ഞു 'പറയത്തക്ക ഒന്നുമില്ല, അങ്ങയുടെ സുപ്രയിൽ ചിലപ്പോൾ രണ്ടു പത്തിരി കാണാൻ കഴിഞ്ഞിട്ടുണ്ട്, അത് പോലെ രാത്രിയിലും പകലും വെവ്വേറെ വസ്ത്രങ്ങൾ ധരിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്'
ഇത് കേട്ട ഉമർ (റ) ചോദിച്ചു 'ഇത് രണ്ടുമല്ലാത്ത വല്ലതും?' അദ്ദേഹം പറഞ്ഞു 'ഇല്ല, മറ്റൊന്നുമില്ല' അപ്പോൾ ഉമർ (റ) പറഞ്ഞു 'ശരി, ഇത് രണ്ടും ഇനി എന്റെ ജീവിതത്തിൽ ആവർത്തിക്കുന്ന പ്രശ്‌നമില്ല'
ഉമർ (റ) പറഞ്ഞു 'കാഠിന്യമുള്ള വിചാരണക്ക് മുമ്പ് നീ സ്വയം വിചാരണ നടത്തുക. അതാണ് നിന്റെ ഉത്തമ ഭാവിക്ക് നല്ലത്. ആത്മ വിചാരണക്ക് തയ്യാറാവത്തവരുടെ പരലോകം ദുഖത്തിലും നഷ്ടത്തിലുമായിരിക്കും'. സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമർ (റ) ഒറ്റക്കിരുന്നു സ്വന്തത്തോട് പറയുമായിരുന്നു; 'അല്ലാഹുവിൽ സത്യം! ഖത്താബിന്റെ മകൻ ഉമറെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, ഇല്ലെങ്കിൽ അവൻ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെചെയ്യും. ആയിരുന്നുവെങ്കിൽ, കല്ലായിരുന്നുവെങ്കിൽ, ഒരു പുൽക്കൊടിയെങ്കിലുമായിട്ടായിരുന്നു എന്നെ നീ സൃഷ്ടിച്ചിരുന്നതെങ്കിൽ നിന്റെ വിചാരണക്ക് ഞാൻ വിധേയമാകേണ്ടി വരില്ലായിരുന്നുവല്ലോ അല്ലാഹ്'
ഒറ്റക്കിരുന്നു കരയുന്ന ആഇശ ബീവിയോട് മുത്ത് നബി (സ) കാര്യമന്വേഷിച്ചു; 'നരകത്തെ കുറിച്ചോർത്തു കരഞ്ഞതാണ് റസൂലേ!'നാം ഈ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആകുലപ്പെട്ടിട്ടുണ്ടോ? ആ ജീവിതാവസ്ഥയെ കുറിച്ച്.