ഒരു സലാം മതി ജീവിതം മാറിമറിയാൻ.


ഉമ്മ മരിച്ചപ്പോ ഏറ്റവും കൂടുതൽ കരഞ്ഞത്‌ അവളായിരുന്നു..
അവളെന്ന് വെച്ചാൽ എന്റെ ഭാര്യ ...

വിവാഹം കഴിഞ്ഞിട്ട്‌ ഒരു വർഷം കഴിഞ്ഞിരുന്നു..
പറയത്തക്ക സന്തോഷമൊന്നും ഞങ്ങൾ രണ്ടുപേർക്കിടയിലും വന്നിരുന്നില്ല,
എല്ലാമൊരു ചടങ്ങ്‌ പോലെ മുന്നോട്ട്‌ പോയ്ക്കൊണ്ടിരിക്കുന്ന സമയം..
ബപ്പാക്കെന്നെ വല്യ കാര്യമാ,പല ഉപദേശങ്ങളും തരും പലതും ഓക്കെ പറയുമെങ്കിലും ഒന്നും ലൈഫിൽ വർക്കൗട്ട്‌ ചെയ്യാൻ കഴിഞ്ഞിട്ടെ ഇല്ലായിരുന്നു..

കല്യാണം കഴിഞ്ഞ ശേഷം ഉപ്പാക്കും ഉമ്മാക്കും എന്റേയും അവളുടേയും കാര്യത്തിൽ വല്ലാത്തൊരു വിഷമം മൂടികെട്ടിയിരുന്നു..
നല്ല പോലെയൊന്ന് ചിരിച്ച്‌ രണ്ടാളും സംസരിക്കുന്നത്‌ കാണാൻ തന്നെ കഴിഞ്ഞിരുന്നില്ല,
ഒരു അർത്ഥത്തിൽ നോക്കിയാൽ ഞാനും അവളുമൊന്ന് മനസ്സറിഞ്ഞ്‌ മുഖത്ത്‌ നോക്കി പുഞ്ചിരിച്ചിട്ടില്ല,ചുമ്പിച്ചിട്ടില്ല..

ഫ്രെണ്ട്സിന്റെയൊക്കെ ഇടയിലെ അടിപൊളി ലൈഫിൽ നിന്നും കുടുംബത്തിലേക്ക്‌ പെട്ടന്ന് ചുരുങ്ങിയതാ എന്റെ മനസ്സ്‌ ചടച്ചത്‌,
അവൾക്കാണെങ്കിൽ നേർസ്സിംഗ്‌ പഠിക്കാനുള്ള മോഹം ഞാൻ വന്നപ്പോ മൂടികെട്ടിവെച്ചു..
ഉമ്മയും ഉപ്പയും എല്ലാ കാര്യത്തിലും ഒരു മാതൃകയായിരുന്നു സത്യം പറഞ്ഞാൽ..

സുഖമില്ലാണ്ട്‌ കിടന്നപ്പോ അവളേക്കാൾ അരികത്ത്‌ ബാപ്പയായിരുന്നു ഉണ്ടായത്‌,
ഞാനും സജ്നയും ഒന്ന് സന്തോഷത്തോടെ കഴിയുന്നത്‌ വല്ലാണ്ട്‌ ആശിച്ചിരുന്ന നിമിഷങ്ങൾ..
എനിക്കും അവൾക്കും ഉമ്മാന്റെ അവസ്ഥ കണ്ടപ്പോ വല്ലാതെ വിഷമം വന്നിരുന്നു..
അവശതയിൽ കഴിയുന്ന ബാപ്പാക്കും ഉമ്മാക്കും ആശ്വാസം മരുന്നിനേക്കാൾ മക്കളുടെ സന്തോഷമാണെന്ന് മനസ്സിലാക്കാൻ പറ്റി..

സജ്നയോട്‌ ഞാൻ മിണ്ടാടുണ്ട്‌,അവളിങ്ങോട്ടും സംസാരിക്കാടുണ്ട്‌..എന്തെങ്കിലും വേണോ എന്നു ചോദിക്കാറുണ്ട്‌ പക്ഷെ ഖൽബിലൊരു മാറാല പറ്റിപ്പിടിച്ച പോലെ എന്തോ ഒരു അകൽച്ച ഫീൽ ചെയ്തിരുന്നു സത്യം പറഞ്ഞാൽ..

"ഓള വിളിക്ക്‌ മോനെ എന്റെ അടുത്ത്‌ ഇരിക്കാൻ പറയി."
ഉമ്മ പറഞ്ഞപ്പോൾ ഞാൻ അവളുടെ അടുത്തെത്തി പറഞ്ഞു
"ഉമ്മ നിന്നെ വിളിക്കുന്നുണ്ട്‌ സജ്ന."
"ഹ്മ്മ് "
തലയിലെ തട്ടം നേരയാക്കി അകത്തേക്ക്‌ അവൾ നീങ്ങി..

കുറേ നേരം അവർ തമ്മിൽ സംസാരിച്ചിരിന്ന ശേഷം ഉമ്മയവളെ തുരുതുരെ ഉമ്മ വെയ്ക്കുന്നത്‌ കണ്ടു.
സത്യം പറഞ്ഞാൽ ഞാനിതു വരെ അവളെയിങ്ങനെ ഉമ്മ വെച്ചുകാണില്ല,
ഇത്ര സ്നേഹത്തോടെ സപർശ്ശിച്ചു കാണില്ല...വല്ലാതെ മനസ്സിൽ കൊണ്ടെനിക്ക്‌..

ഉപ്പ എന്നോടായ്‌ പറഞ്ഞു:
"മോനെ അന്നോട്‌ ഒരു കാര്യം പറഞ്ഞാ മോനു സ്വീകരിക്കോ ആ ഉപദേശം ,എപ്പോഴും കേൾക്കുമ അല്ലാതെ ചെയ്യുന്നത്‌ കണ്ടില്ല ദേഷ്യമൊന്നും തോന്നില്ലെങ്കിൽ പറഞ്ഞോട്ടെ ടാ.."
"ഉപ്പ പറഞ്ഞോളി ഞാൻ കേക്ക്കാം.."
"ഇപ്പൾത്തെ കാലത്ത്‌ ഒരു ബാപ്പാക്ക്‌ പറയാൻ പറ്റണ കാര്യാണോന്ന് എനിക്കറിയൂല എന്നാലും പറയാ"
"എന്താ ഉപ്പാ എന്തായാലും പറഞ്ഞോളി.."
"നിന്റെ സജ്നക്ക്‌ സുഖം തന്നെ അല്ലെ .."
"ഹ്മ്മ്.." ഞാൻ മൂളി..
"മോന്റെം മോളേം മുഖത്ത്‌ കല്യാണം കഴിഞ്ഞ ശേഷം ഒരു സന്തോഷവും കാണാൻ കയ്യാത്തോണ്ട്‌ ചോദിക്കാ,
ഇങ്ങൾക്ക്‌ രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമില്ലായിരുന്നോ ഈ വിവാഹത്തിനു.."
"ഉപ്പാ..അത്‌.."

"മോനെ നിന്റെ ഉമ്മ അവളുടെ പതിനേഴാം വയസ്സിൽ കയറി വന്നതാ,ഇതു വരെ ഞാൻ സങ്കടപ്പെടുത്തിയിട്ടില്ല,ഇനി ചൂടായാലും നിന്റെ ഉമ്മാനോട്‌ പിന്നേം മിണ്ടാൻ പോവും ഞാൻ,അതങ്ങനാ മോനെ മഹറിനേക്കാൾ വലിയൊരു മഹർ മനസ്സിൽ കെട്ടാനുണ്ട്‌ ഞങ്ങൾ ആണുങ്ങൾക്ക്‌.."

ഉപ്പാന്റെ വാക്ക്‌ കേട്ടപ്പോ മനസ്സ്‌ ഒന്ന് പതറി..
മനസ്സിലുള്ളത്‌ തുറന്നങ്ങ്‌ പറഞ്ഞു,ഈ അകൽച്ചയൊന്ന് മാറാൻ എന്താ വഴിയെന്നാലോചിക്കുകയാ ഞാനെന്നും പറഞ്ഞപ്പോൽ
ഉപ്പ അവസാനമൊരു ഉപദേശം തന്നു..

"നീ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും കയറി വരുമ്പോഴും അവളോട്‌ സലാം പറയുക "
എന്ന്..
ഓർമ്മ വെച്ച കാലം തൊട്ടെ ഞാൻ എന്റെ ഉപ്പയിലും ഉമ്മയിലും കണ്ട കഴ്ച..യാ റബ്ബ്‌ എന്റെ ജീവിതത്തിലേക്കും അത്‌ കടന്നു വന്നിരിക്കുന്നു..

പിന്നെയത്‌ പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള പരിശ്രമമായിരുന്നു എനിക്ക്‌..
ജോലിക്കിറങ്ങുമ്പോ അവളോട്‌ സലാം പറയാൻ നാവ്‌ പുറത്തേക്ക്‌ വരുമെങ്കിലും എന്തോ ഒരു അസ്സ്വസ്ഥത ഇടക്കിടക്ക്‌ ഖൽബിലേക്ക്‌ കയറി വരും,
നാണം വരുന്ന പോലെയും എന്നിലെ പുരുഷൻ ഇല്ലാണ്ടാവുമോ എന്നൊരു ചിന്തയുമൊക്കെയുമായ്‌ പലപ്പോഴായ്‌ ഞാൻ പരാജയപ്പെട്ടു...

ഒടുക്കം ഒരു വെള്ളിയാഴ്ച്ച..
രാവിലെ ജോലിയുടെ ആവശ്യത്തിനായ്‌ ദൂര യാത്രക്ക്‌ വേണ്ടി പുറപ്പെടാൻ നേരം..
മനസ്സിലെ പിരി മുറുക്കങ്ങളും മാറാലകളും കഴുകിക്കളഞ്ഞ്‌ കൊണ്ട്‌ ഞാനവളെ വിളിച്ചു:

"സജ്നാ.."
പതിവില്ലാത്ത ആ വിളിയിൽ അവൾ പെട്ടന്ന് തന്നെ ഉമ്മറത്തേക്ക്‌ ഓടി വന്നു..
"ഞാൻ പോയി വരാം അസ്സലാമു അലയ്ക്കും.."
സലാം മടക്കും മുൻപേ അവൾ അരികത്തേക്ക്‌ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു,
നെറ്റിയിലൊരു ചുമ്പനം തന്നവൾ പറഞ്ഞു:
"വ അലയ്കുമുസ്സലാം ഇക്ക.."

അവൾക്കന്നു വരെ ഞാൻ കാണാത്ത മൊഞ്ച്‌..
എന്റെ കണ്ണു നിറഞ്ഞു..അവളും കരയുന്നു..
"എന്താടി.."
ഞാൻ ചിരിച്ചു കൊണ്ട്‌ ചോദിച്ചു..
ഒന്നുമില്ലാന്ന് പറയും പോലെ തലയാട്ടി കണ്ണും നിറച്ച്‌ ചിരിച്ചു അവൾ..

മഴപെയ്തു തോർന്നപ്പൊ മുൻപെങ്ങോ നഷ്ടപ്പെട്ടുപോയ ഏറ്റവും വിലപ്പെട്ട നിധി മഴവെള്ളപാച്ചലിൽ അരികത്ത്‌ വന്നണഞ്ഞ പോലെ മനസ്സ്‌ നിറഞ്ഞു..
ഉപ്പയാ സമയം ഉമ്മാന്റെ അരികത്ത്‌ നിന്നും പുറത്തേക്ക്‌ വന്നു..

"അല്ലാ ഇയ്യ്‌ പോവണില്ലെ.."
"ആ പോവാണുപ്പാ,ഞാൻ പോട്ടെ പെണ്ണേ.."
ഇതും പറഞ്ഞ്‌ രണ്ടു സെകന്റ്‌ ഞാനവളുടെ കണ്ണുകളിലേക്ക്‌ നോക്കി..
ഉപ്പാനോടുള്ള ബഹുമാനം എന്നോണം അവൾ ചിരിച്ച്‌ അകത്തേക്കോടി..

ഉപ്പ പറഞ്ഞത്‌ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ എനിക്ക്‌ ലഭിച്ചത്‌ എന്റെ ജീവിതമാണെന്നെനിക്ക്‌ തോന്നി..
അന്നു ജു മുാക്ക്‌ പള്ളിയിലെ കുതുബയിൽ ഉസ്താദ്‌ പറഞ്ഞത്‌ ദാമ്പത്യത്തെ കുറിച്ചായിരുന്നു..
അതും നബി തങ്ങൾ (സ) പറഞ്ഞത്‌:
"നിങ്ങൾ നിങ്ങളുടെ വീടു വിട്ടിറങ്ങുമ്പോൾ നിന്റെ ഭാര്യയോടോ ഉമ്മയോടോ സലാം പറയുക,കഴിയുമെങ്കിൽ ഒന്നു മുത്തം വെയ്ക്കുക.."

ഇന്നിത്‌ പറയുമ്പോൾ എനിക്കെന്റെ ഉമ്മയില്ല..
നാഥന്റെ വിളിക്കുത്തരം നൽകി ഉമ്മ പോയി,
സജ്ന കരഞ്ഞു തീർത്ത രാത്രികളിൽ എന്റെ നെഞ്ചിന്റെ ഭാഗത്ത്‌ കണ്ണീർ ചാലുകൾ കൊണ്ട്‌ നനഞ്ഞിരു കുതിർന്നിരുന്നു..
പിന്നെയാ അവളെന്നോട്‌ പറഞ്ഞത്‌:

"ഇക്കാ അന്ന് ഉമ്മയെന്നെ അരികത്ത്‌ വിളിച്ചു ഒരുപാട്‌ സംസാരിച്ചത്‌ ഓർമ്മയുണ്ടോ.."
"ഹ്മ്മ് ഉണ്ട്‌ സജ്ന എന്താ."
"ഇങ്ങളന്ന് എന്നോട്‌ സലാം പറഞ്ഞപ്പോൾ തിരിച്ചു ഞാൻ നിങ്ങളെ മുത്തം വെച്ചില്ലെ,അതു ഉമ്മ പറഞ്ഞു തന്നതാ ഇക്കാ.."

ഇതും പറഞ്ഞവൾ തേങ്ങി
പെട്ടന്നെന്റെ ഉപ്പാന്റെ മുഖമെനിക്ക്‌ ഓർമ്മ വന്നു..
ഞാൻ റൂമിൽ നിന്നിറങ്ങി ഉപ്പ കിടക്കുന്ന റൂമിനകത്തേക്ക്‌ കയറി ചെന്നു..
"ഉപ്പ ഉറങ്ങിയില്ലെ "
"ഇല്ലെടാ വാ വന്നിവിടെ കിടക്ക്‌.."
ഞാൻ ഉപ്പാനോട്‌ ചേർന്ന് കിടന്നു..എന്നിട്ട്‌ ചോദിച്ചു ,
"ഉപ്പാക്ക്‌ സങ്കടണ്ടോ "
"എന്തിനെടാ "
"ഉമ്മ പോയതിൽ.."
ഉപ്പയൊന്ന് ചിരിച്ചു കൊണ്ട്‌ തലമുടി തലോടിക്കൊണ്ട്‌ പറഞ്ഞു:

"നിന്റെ ഉമ്മയുടെ കാര്യത്തിൽ എനിക്ക്‌ വേജാറില്ലെടാ മോനെ അത്രക്ക്‌ എന്റെ ജീവിതം ഓൾ സന്തോഷിപ്പിച്ചിക്ക്ണൂ,നിന്നോടങ്ങനെ നിന്റെ സജ്നയോട്‌ സലാം പറഞ്ഞ്‌ തുടങ്ങാൻ അവളാ പറഞ്ഞതെന്നോട്‌ .."
സ്വന്തം മക്കളാ ജീവിതത്തിൽ കാണുന്ന ചെറിയ ചെറിയ പ്രെശ്നങ്ങൾ പോലും ബപ്പാക്കും ഉമ്മാക്കും സഹിക്കാൻ പറ്റൂലെടാ മോനെ ,
പലപ്പോഴും അതിലിടപെടാൻ ഞങ്ങൾക്കൊക്കെ പേടിയാ അതാണധിക കുടുംബത്തിലും സംഭവിക്കുന്നതും.."

"ഹ്മ്മ് "
ഞാൻ മൂളി കേട്ടുകൊണ്ട്‌ കിടന്നു..
"ഇപ്പൊ നീ റാഹത്തല്ലെ മോനെ.."
"അതെ ഉപ്പാ,ഒരുപാട്‌ സന്തോഷവും അതുപോലെ സങ്കടവും കുന്നോലം ഉണ്ടെന്റെ മനസ്സിൽ,സജ്നക്ക്‌ ഉമ്മാനെ ഓർത്ത്‌ സങ്കടപ്പെടാനെ സമയമുള്ളൂ..

"അതൊക്കെ മാറിക്കോളും പടച്ചോൻ മറവി എന്നൊരു സാധനം അതിനെക്കൊണ്ടൊക്കെയാ തന്നെ,മോൻ പോയി ഓള അടുത്ത്‌ കിടക്ക്‌..ഹ്മ്മ് ചെല്ല്.."

സജ്നയും ഞാനും ഇന്നൊരുപാട്‌ സ്നേഹത്തിലാ..സന്തോഷത്തിലാ..
ഖൽബിലടഞ്ഞു കൂടിയ മാറാലകളൊക്കെ ഒരൊറ്റ സലാം പറയലിൽ പെയ്തില്ലാതായി..
ഒരു പ്രയാസവുമില്ലാത്ത പെട്ടന്നു പ്രാവർത്തികമാക്കാൻ പറ്റുന്നൊരു കുഞ്ഞു കാര്യം കൊണ്ട്‌ ഒരായുസ്സ്‌ മുഴുവൻ സ്നേഹിച്ചു തീരാൻ മാത്രം കിട്ടിയെനിക്ക്‌..
അവളെയും...

നമ്മളൊക്കെ ശെരിക്കും നമ്മുടെ ഉപ്പാന്റേയും ഉമ്മാന്റേയും ജീവിതം അനുകരിക്കാൻ ശ്രെമിക്കണം..
കാലം മാറുന്നതനുസരിച്ച്‌ നമ്മളും മാറണമെന്നതൊക്കെ ഒരു കോമഡിയായെ കാണാൻ പറ്റൂ..
അവരിലാ നന്മയുള്ളത്‌,
സ്നേഹമുള്ളത്‌,
കരുതലുകളുള്ളത്‌,
പാഠങ്ങളുള്ളത്‌.....
**********************
കണ്ടിട്ടുണ്ട്‌ പല സുഹുർത്തുക്കളുടേയും വിവാഹ ശേഷം ട്രീറ്റ്‌ ചെയ്യാൻ കൂട്ടം കൂടുമ്പോൾ അവർക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു അകലം..അഭിനയം..എല്ലാം..
അതെല്ലാം മാറണം
ഖൽബിൽ മഴ പെയ്യണം..പരിമളം വീശണം..സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും മുന്നോട്ടു നീങ്ങണം...

Comments