പിതാവും പുത്രന്മാരും 7,8,9
ഭാഗം - 07
❂••••••••••••••••••••••••••••❂
യഅ്ഖൂബ് (عليه السلام)മിന് രണ്ട് ഭാര്യമാരിലും രണ്ട് അടിമസ്ത്രീകളിലുമായി പന്ത്രണ്ട് ആണ്‍മക്കളുണ്ടായിരുന്നുവെന്ന കാര്യം നാം അറിഞ്ഞു. ഇവരില്‍ യൂസുഫും ബിന്‍യാമീനും തന്‍റെ ഇഷ്ട ഭാര്യയായ റാഹീലിലൂടെയാണ് ജനിച്ചത്. സ്വാഭാവികമായും പിതാവിന്‍റെ ശ്രദ്ധയും വാല്‍സല്യവും ഇവര്‍ക്ക് ലഭിക്കുന്നതായി മറ്റു മക്കള്‍ക്ക് തോന്നി.
സുമുഖിയും സുന്ദരിയുമായ റാഹീലിന്‍റെ സന്തതിയായ യൂസുഫില്‍ അഴകും സൗന്ദര്യവും കരകവിഞ്ഞൊഴുകി. ആരെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തികവ്. കണ്ടവര്‍ കണ്ടവര്‍ കണ്ണെടുക്കാനാവാതെ കുഴങ്ങി. സഹോദരങ്ങള്‍ക്കിടയില്‍ അസൂയയും പകയും ഇളക്കി വിടാന്‍ ഇതും കാരണമായിരിക്കാം.
കൊച്ചു കുട്ടിയായ യൂസുഫ് ഒരുനാള്‍ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. ആ ഇളം മനസ്സിലാകെ ആധിയും ഉല്‍കണ്ഠയും നിറഞ്ഞു. തന്‍റെ ഈ രഹസ്യം ആരോട് പറയും? ഇതിന്‍റെ പൊരുളറിയാന്‍ ആരെ സമീപിക്കും? തുടിക്കുന്ന മനസ്സുമായി ആ കുഞ്ഞിളം പൈതല്‍ ഉപ്പയുടെ ചാരത്തേക്ക് ഓടിവന്നു.
“ബാപ്പാ, ഞാന്‍ ഇന്നലെ ഒരു കിനാവ് കണ്ടു, പതിനൊന്ന് നക്ഷത്രങ്ങള്‍, കൂടെ സൂര്യനും ചന്ദ്രനും. അവയെല്ലാം എന്‍റെ മുന്നില്‍ സാഷ്‌ടാംഗം നമിക്കുന്നു!”.
കേട്ട ഉടനെ പിതാവിന് കാര്യം പിടികിട്ടി... ഇത് പുറത്തറിഞ്ഞാല്‍ സഹോദങ്ങളുടെ അസൂയ വര്‍ധിക്കും. അതുവഴി യൂസുഫിന്‍റെ ജീവന്‍ അപകടത്തിലാകും. പിതാവ് പുത്രനെ ഉപദേശിച്ചു: “പൊന്നു മോനെ, ഈ സ്വപ്നത്തിന്‍റെ കാര്യം സഹോദരങ്ങളോട് വെളിപ്പെടുത്തരുത്! അവര്‍ നിന്നെ കെണിയില്‍ വീഴ്ത്തും. പിശാച് മനുഷ്യന്‍റെ കൊടിയ ശത്രു തന്നെയാണ്.” അതുകൊണ്ട് ജാഗ്രത പാലിക്കാന്‍ ആ പിതാവ് മകനെ ഉണര്‍ത്തി.
കിനാവിന്‍റെ പൊരുള്‍ പറഞ്ഞു കൊടുത്തില്ലെങ്കിലും അതിന്‍റെ സൂചനകള്‍ മകന് നല്‍കി. നാഥന്‍ നിന്നെ കരുതി വയ്ക്കുമെന്നും നിനക്ക് സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങള്‍ പഠിപ്പിച്ചുതരുമെന്നും അവന്‍റെ അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കുമെന്നും വിശദീകരിച്ചു. തന്‍റെ പിതാമഹന്മാരായ ഇസ്ഹാഖ് നബിക്കും ഇബ്റാഹീം നബിക്കും ലഭിച്ച സൗഭാഗ്യങ്ങളെ ഓര്‍മപ്പെടുത്തി.
അങ്ങനെ നാളുകള്‍ മുന്നോട്ടു നീങ്ങി. യഅ്ഖൂബ് നബിക്ക് മകന്‍ യൂസിഫിനോടും ബിന്‍യാമീനോടും പ്രത്യേക വാത്സല്യം ഉണ്ടെന്ന ധാരണ മറ്റു മക്കളില്‍ അമര്‍ഷം ജനിപ്പിച്ചു. അവര്‍ എന്തിനും പോരുന്ന യുവജനക്കൂട്ടം. എന്നിട്ടും അവരോടുള്ളതിനേക്കാള്‍ സ്നേഹം പിതാവ് കൊച്ചു കുട്ടികളായ യൂസിഫിനോടും ബിന്‍യാമീനോടും പ്രകടിപ്പിക്കുന്നു.
“നമ്മുടെ പിതാവ് വല്ലാത്ത വഴികേടിലാണ്” അവര്‍ ഏകസ്വരത്തില്‍ വിലയിരുത്തി. ഇതിനു പരിഹാരം കാണണം, എന്താണ് വഴി? അവര്‍ കൂടിയാലോചിച്ചു.
‘യൂസുഫിനെ നമുക്ക് കൊന്നു കളയാം’ ചിലര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ദൂരെദിക്കില്‍ അവനെ കൊണ്ടു പോയി ഉപേക്ഷിക്കാമെന്നായി മറ്റു ചിലര്‍.
കൊല്ലുകയൊന്നും വേണ്ട, ഏതെങ്കിലും കിണറിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയാമെന്നായി വേറൊരാള്‍. അവിടെ നിന്ന്‍ ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്തു കൊണ്ട് പോയ്ക്കൊള്ളുമല്ലോ!അങ്ങനെ പിതാവിന്‍റെ മുഖം നമുക്ക് മാത്രമായി ഒഴിഞ്ഞു കിട്ടും. അതോടെ നമുക്ക് നല്ല മക്കളായി കഴിഞ്ഞു കൂടാം.
(തുടരും ...)