ശീസ് (അ), ഇദ് രീസ് (അ) 16

വഴികേടിൽ പെട്ട സമൂഹം ... 2

ബിംബാരാധകരുടെ മനസ്സിൽ ശൈത്വാൻമാർ ഇരുപ്പുറപ്പിച്ചു. അവർക്ക് ബിംബാരാധന ആകർഷകമാക്കി തോന്നിപ്പിച്ചു. ബിംബാരാധനയെ ആരെങ്കിലും വിമർശിച്ചാൽ അവർക്കെതിരെ പടപൊരുതാൻവരെ അവർ സന്നദ്ധരായി. ഈ ജനതയിലേക്കാണ് നൂഹ് (അ) നിയോഗിക്കപ്പെട്ടത്. ദുഷിച്ച രണ്ട് നടപടികളാണ് ആ സമൂഹത്തിൽ നൂഹ് (അ) കണ്ടത്...
ലൈംഗിക അരാജകത്വം, ബിംബാരാധന...

'ബിംബാരാധന ഒഴിവാക്കണം. അത് ശിർക്കാണ്. ഏകനായ അല്ലാഹുവിനെ ആരാധിക്കണം. ഞാൻ അവന്റെ ദൂതനാണ്. എന്നെ വിശ്വസിക്കുക' - നൂഹ് (അ) ആ സമുദായത്തെ ഉണർത്തി. അതിന്ന് അവർ നൽകിയ മറുപടി സൂറത്ത് നൂഹ് എന്ന അധ്യായത്തിൽ കാണാം. ഇദ് രീസ് (അ)ന്ന് ശേഷം വന്ന പ്രവാചകനാണ് നൂഹ് (അ). സൂറത്ത് നൂഹിൽ നിന്ന് ആ സമൂഹത്തിന്റെ ശരിയായ ചിത്രം നമുക്ക് ലഭിക്കുന്നു. ഇദ് രീസ് (അ)ന്നും നൂഹ് (അ)ന്നും ഇടക്കുള്ള കാലഘട്ടത്തിൽ മനുഷ്യവർഗ്ഗം എന്ത് മാത്രം വഴിപിഴച്ചു പോയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അമ്പരപ്പിക്കുന്ന ചരിത്രം...

തൊള്ളായിരത്തി അമ്പത് കൊല്ലം ആ ജനതയെ നൂഹ് (അ) ക്ഷണിച്ചു. തൗഹീദിലേക്ക്. വളരെ കുറച്ചു പേർ മാത്രം വിശ്വസിച്ചു. ലക്ഷക്കണക്കിനാളുകൾ എതിർ ചേരിയിലായിരുന്നു. ശൈത്വാൻമാരുടെ കൂടെയായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസ്ഥയും അത് തന്നെ. അനേകകോടി ജനങ്ങൾ ശൈത്വാൻമാരുടെ കൂടെ. തൗഹീദിന്റെ കൂടെ കുറഞ്ഞ ആളുകൾ മാത്രം. മുസ്ലിംകൾ കോടിക്കണക്കിലുണ്ട്. തൗഹീദ് മുറുകെ പിടിച്ചവർ എത്ര പരിമിതം. ഒട്ടേറെ പേർ തൗഹീദ് തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചകന്മാരുടെ ചരിത്രം പറയുന്നതെന്തിനാണ്..? പാഠം പഠിക്കാൻ. എന്ത് പാഠം..? തൗഹീദിന്റെ പാഠം. സത്യവിശ്വാസിയുടെ റൂഹാണത്. അത് നഷ്ടപ്പെട്ട കാലഘട്ടത്തെക്കുറിച്ചാണിവിടെ പറയുന്നത് ...

ഇദ് രീസ് (അ)ന്റെയും നൂഹ് (അ)ന്റെയും ഇടക്കുള്ള കാലം. പിശാചിന്റെ സാമ്രാജ്യം വളർന്നു വികസിച്ച കാലമാണ്. ഇബ്ലീസിന്റെ ഭരണം ശക്തമായ കാലം. അതറിയാൻ സൂറത്ത് നൂഹിലെ ചില വചനങ്ങൾ നോക്കാം...
"നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് റസൂലായി അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിന്ന് മുമ്പായി നീ അവരെ താക്കീത് ചെയ്യണം എന്ന കല്പനയുമായി. " (71:1)
"അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ! തീർച്ചയായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരനാകുന്നു." (71:2)
"നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ, അവനെ സൂക്ഷിക്കുകയും ചെയ്യുവീൻ, എന്നെ അനുസരിക്കുകയും ചെയ്യുവീൻ." (7:13)

" എന്നാലവൻ നിങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതും ഒരു നിശ്ചിതാവധി വരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അല്ലാഹുവിന്റെ നിശ്ചയപ്രകാരമുള്ള അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതേയല്ല. നിങ്ങൾ അറിയുന്നവരായിരുന്നെങ്കിൽ." (71:4)

നൂഹ് നബി (അ) ആ ജനതയെ നല്ല നിലയിൽ ഉപദേശിച്ചു. ഒരു പാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് ആഹാരവും പാനീയവും തരുന്നത് അവനാണ്. ആകാശത്ത് നിന്ന് അവൻ നിങ്ങൾക്ക് മഴ വർഷിപ്പിച്ചു തരുന്നു. കൃഷി വളർത്തിത്തരുന്നു. എന്തെല്ലാം ഉപദേശങ്ങൾ അല്ലാഹു തരുന്ന അനുഗ്രഹങ്ങൾ എണ്ണി പറഞ്ഞു. അവനെ നിങ്ങൾ ആരാധിക്കുക. ബിംബങ്ങളെ കൈ വെടിയുക. ഒന്നും ഫലിച്ചില്ല. നിരന്തര ശ്രമം തുടർന്നു. തൊള്ളായിരത്തി അമ്പത് കൊല്ലത്തെ ശ്രമം. നിരാശനായി. മനസ്സിൽ വേദന നിറഞ്ഞു. വേദനയോടെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയും സൂറത്ത് നൂഹിൽ കാണാം... അതിങ്ങനെ:

" നൂഹ് (അ) പറഞ്ഞു: എന്റെ റബ്ബേ ..! തീർച്ചയായും ഞാൻ എന്റെ ജനതയെ രാവും പകലും നിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചു." (71:5)
"എന്നിട്ട് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളയുകയാണ് ചെയ്തത്." (71:6)
"നീ അവർക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ ഇടുകയും, വസ്ത്രങ്ങൾകൊണ്ട് ശിരസ്സ് മൂടി പൊതിയുകയും, സത്യനിഷേധത്തിൽ ഉറച്ചു നിൽക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു." (71:7)

വിശുദ്ധ ഖുർആനിൽ നിന്നുള്ള ഇത്രയും വചനങ്ങൾ വെച്ചു നോക്കിയാൽ ആ സമൂഹത്തിന്റെ ചിത്രം നമ്മുടെ മുമ്പിൽ വ്യക്തമായി വരുന്നു. നൂഹ് (അ) അവർക്കെതിരെ അതിശക്തമായ പ്രാർത്ഥനയാണ് നടത്തിയത്. ആ പ്രാർത്ഥനയുടെ ശക്തി കണ്ടാലറിയാം ആ സമൂഹത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന്. ആ സമൂഹത്തിന്റെ നേതാക്കൾ പറഞ്ഞതെന്തായിരുന്നു..?

 "ജനങ്ങളേ..! നൂഹിന്റെ വാക്കുകൾ തള്ളിക്കളയുക. അവൻ പറയുന്ന റബ്ബിനെ നമുക്കാവശ്യമില്ല. നമുക്ക് നമ്മുടെ ബിംബങ്ങൾ മതി. നിങ്ങൾ അവയെ ഒരിക്കലും ഉപേക്ഷിക്കരുത്. വദ്ദിനെ കൈവെടിയരുത്.  സുവാഇനെയും യഗൂസിനെയും ഉപേക്ഷിക്കരുത്. യഊഖിനെയും നസ്വറിനെയും കളയരുത്. അവയാണ് നിങ്ങളുടെ ഇലാഹുകൾ. അവയ്ക്ക് മാത്രം ആരാധന നടത്തുക..."

ഇക്കാര്യം സൂറത്ത് നൂഹിൽ ഇങ്ങനെ കാണാം.... "അവർ പറഞ്ഞു: 'നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവെടിയരുത്. വദ്ദ്, സുവാഅ, യഗൂസ്, യഊഖ്, നസ്റ് എന്നിവയെ വിശേഷിച്ചും കൈവെടിയരുത്."(71:23) ബിംബാരാധനയിൽ മുങ്ങിപ്പോയ സമൂഹം. അവർക്കെതിരെ നൂഹ് (അ) പ്രാർത്ഥിച്ചതിങ്ങനെ: "നൂഹ് (അ) പ്രാർത്ഥിച്ചു:

 'എന്റെ റബ്ബേ..! സത്യനിഷേധികളിൽ പെട്ട ഒരാളെയും ഭൂമുഖത്ത് നീ വിട്ട് കളയരുതേ. " (71:26) നീ അവരെ നശിപ്പിക്കാതെ വിട്ടുകളയുന്നതായാൽ തീർച്ചയായും അവർ നിന്റെ അടിമകളെ വഴിതെറ്റിച്ചു കളയുന്നതാണ്. സത്യനിഷേധികളായ ദുർവൃത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല." (71:27) ഇദ് രീസ് (അ) ന്റെ കാലശേഷമുള്ള അവസ്ഥയാണ് നാം ഇവിടെ  കണ്ടത്. ഖാബീൽ വംശജരാണ് അവരെ വഴിതെറ്റിച്ചത്. എല്ലാ അക്രമങ്ങൾക്കും ഖാബീൽ വംശക്കാർ നേതൃത്വം നൽകിപ്പോന്നു. ശൈത്വാൻമാരുടെ സന്ദേശം സ്വീകരിച്ച ആ സമൂഹം സന്മാർഗത്തിന്റെ സകല കൈത്തിരികളും ഊതിക്കെടുത്താൻ ശ്രമിക്കുകയായിരുന്നു ...