അബ്ദുല്ലാഹി ബ്നു ഉമർ (റ) 15
ഉമ്മയും മകനും
_മരണംവരെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട രണ്ടു സ്വഹാബികളാണ് അബ്ദുല്ലാഹിബ്നു ഉമർ (റ),_ _അബ്ദുല്ലാഹിബ്നുസുബൈർ (റ) എന്നിവർ പ്രമുഖരുടെ പുത്രന്മാർ ശ്രേഷ്ഠഗുണങ്ങൾ നിറഞ്ഞവർ_
നബി (സ) തങ്ങളുടെ തിരുസന്നിധിയിൽ അവർ ഒന്നിച്ചുണ്ടായിരുന്നു വളരെ ചെറുപ്പം മുതൽ അടുത്ത കൂട്ടുകാർ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ ഒന്നിച്ചു പടപൊരുതി
അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെക്കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടത് ഇവിടെ അനിവാര്യമായിരിക്കുന്നു അദ്ദേഹത്തിന്റെ കുലീന കുടുംബത്തെ പരിചയപ്പെടാം
നബി (സ) തങ്ങളുടെ ഉപ്പ അബ്ദുല്ല എന്നവരാണ് അദ്ദേഹത്തിന്റെ ഉപ്പയാണ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന്റെ മകൾ സഫിയ്യ (റ) സഫിയ്യ (റ) യെ വിവാഹം ചെയ്തത് ആരാണെന്ന് പറയാം ഖദീജാ ബീവി (റ) യുടെ സഹോദരൻ അവ്വാം സഫിയ-അവ്വാം ദമ്പതികൾക്ക് ജനിച്ച പുത്രനാണ് സുബൈർ (റ)
ഇനി സുബൈർ (റ) ആരെ വിവാഹം ചെയ്തുവെന്ന് നോക്കാം അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ അസ്മാഅ് (റ) യെ ആഇശ ബീവി (റ)യുടെ സഹോദരി
അസ്മാഅ് (റ) ഗർഭിണിയായി ആ സമയത്താണ് ഹിജ്റഃ നടക്കുന്നത് പൂർണ ഗർഭിണിയായ അസ്മാഅ് (റ) മദീനയിലേക്കു പുറപ്പെട്ടു
ജൂതന്മാർക്ക് നബി (സ) തങ്ങൾ മദീനയിൽ വരുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല അവർ കുപ്രചരണങ്ങൾ പറഞ്ഞു പരത്തി തങ്ങളുടെ ജ്യോത്സ്യന്മാർ മുസ്ലിംകളെ മാരണം ചെയ്തു വന്ധീകരിച്ചിരിക്കുന്നു മുസ്ലിംകൾക്ക് ഇനി കുട്ടികളുണ്ടാവില്ല ഈ കുപ്രചരണം മുസ്ലിംകളെ വേദനിപ്പിച്ചു ഈ സഹചര്യത്തിലാണ് അസ്മാഅ് (റ) ഭർത്താവിനോടൊപ്പം വരുന്നത്
അവർ ഖുബാ എന്ന സ്ഥലത്തെത്തി അസ്മാഇന് ദീർഘയാത്രയുടെ ക്ഷീണം അതിന്നിടയിൽ പ്രസവ വേദനയും തുടങ്ങി
ഏറെക്കഴിഞ്ഞില്ല സന്തോഷവാർത്ത വന്നു അസ്മാഅ് (റ) പ്രസവിച്ചു ആൺകുഞ്ഞ്
കുഞ്ഞിന് നബി (സ) തൊട്ടുകൊടുത്തു സ്വന്തം ഉമിനീര് ആ ഉമിനീരാണ് കുഞ്ഞിന്റെ വയറ്റിൽ ആദ്യമെത്തിയത് അബ്ദുല്ല എന്ന് പേരിട്ടു
അബ്ദുല്ലാഹിബ്നു സുബൈർ (റ) വിന്റെ ജനനം മുസ്ലിംകൾ ആഘോഷിച്ചു ജൂത കുപ്രചരണം പൊളിഞ്ഞു ആ കുഞ്ഞ് വളർന്നു വലുതായി യുദ്ധനായകനായി മഹാപണ്ഡിതനായി അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ ഉറ്റ തോഴനായി
യസീദ് ഖലീഫയായപ്പോൾ ഇബ്നു സുബൈർ (റ) ബൈഅത്ത് ചെയ്തില്ല യസീദ് ഖിലാഫത്തിന് യോഗ്യനല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു
മക്കക്കാർ ഇബ്നു സുബൈറിനെ തങ്ങളുടെ ഭരണാധികാരിയായി നിയോഗിച്ചു
'അമീറുൽ മുഅ്മിനീൻ' എന്ന സ്ഥാനപ്പേരും നൽകി ഹിജാസ്, യമൻ, ബസ്വറ, കൂഫ, ഖുറാസാൻ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇബ്നു സുബൈറിനെ ഭണാധികാരിയായി അംഗീകരിച്ചു ശാമിന്റെ പല ഭാഗത്തുള്ളവരും ഇബ്നു സുബൈറിനെ അംഗീകരിച്ചു
യസീദിന്റെ സൈന്യം മക്കയെ ആക്രമിച്ചു അക്രമം തുടരുന്നതിന്നിടയിൽ യസീദ് മരണപ്പെട്ടു അക്രമം നിർത്തി സൈന്യം തിരിച്ചുപോയി
മർവാൻ ഉമവി ഖലീഫയായി അദ്ദേഹത്തിന് ശേഷം അബ്ദുൽ മലിക് ഖലീഫയായി അബ്ദുൽ മലികിന്റെ ക്രൂരനായ ഗവർണറാണ് ഹജ്ജാജുബ്നു യൂസുഫ്
അബ്ദുല്ലാഹിബ്നു സുബൈർ (റ) വിനെ തകർക്കാൻ വേണ്ടി വൻ സൈന്യവുമായി മക്കയിലെത്തിയിരിക്കുകയാണ് ഹജ്ജാജ്
കഠിനമായ യുദ്ധം നടക്കാൻ പോവുന്നു തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് ഇബ്നു സുബൈറിന് തോന്നി ഇത് തന്റെ അവസാനത്തെ യുദ്ധമായിരിക്കാം എങ്കിൽ ഉമ്മയെ കാണണം യാത്ര പറയണം മകൻ ഉമ്മയുടെ മുമ്പിലെത്തി സലാം ചൊല്ലി
'ഉമ്മാ... ഹജ്ജാജ് നമ്മുടെ ജനങ്ങളെ ബീഷണിപ്പെടുത്തി ബുദ്ധിമുട്ടിച്ചു പലരെയും വശത്താക്കി സത്യവും നീതിയും മുറുകെ പിടിച്ച കുറച്ചാളുകൾ മാത്രമാണ് കൂടെയുള്ളത് ഞാൻ പൊരുതി മരിക്കാൻ തീരുമാനിച്ചുകഴിഞ്ഞു '
ഉമ്മ മറുപടി പറഞ്ഞതിങ്ങനെ:
മോനേ... സത്യത്തിനുവേണ്ടി പൊരുതുക ആ പോരാട്ടത്തിൽ ശഹീദാവുക അതാണ് അഭിമാനം എന്റെ മോനെയോർത്ത് എനിക്കഭിമാനം തോന്നുന്നു
നൂറ് വയസ് തികയാൻ അടുത്തിരിക്കുന്ന ഉമ്മ മകനെ കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു പ്രാർത്ഥിച്ചു
അല്ലാഹുവേ.... എന്റെ മോനെ നിനക്കറിയാം രാത്രിയിൽ വളരെ നേരം സുന്നത്ത് നിസ്കരിക്കും ധാരാളം സുന്നത്ത് നോമ്പെടുക്കും അത്യുഷ്ണ കാലത്തുപോലും നോമ്പെടുക്കും മാതാപിതാക്കളോടുള്ള കടമ നിർവഹിച്ചു അവനെ നീ അനുഗ്രഹിക്കേണമേ ഇവനെ ഞാനിതാ നിന്നിൽ ഏൽപിക്കുന്നു അല്ലാഹുവേ..... നിന്റെ തീരുമാനം ഞാൻ സന്തോഷത്തോടെ സ്വീകരിക്കും
കണ്ണീരോടെ സലാം പറഞ്ഞു പിരിഞ്ഞു അത് അന്ത്യയാത്രയായിരുന്നു അന്നത്തെ യുദ്ധം ഉഗ്രമായ യുദ്ധം
ധീരനായ അബ്ദുല്ലാഹിബ്നു സുബൈർ (റ) വെട്ടേറ്റ് വീണു വീരരക്തസാക്ഷിയായി
ഹജ്ജാജിന്റെ കൽപന പ്രകാരം ശിരസ് മുറിച്ചെടുത്തു കുന്തത്തിൽ നാട്ടി
അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഇതെല്ലാം കണ്ടു സഹിക്കേണ്ടിവന്നു അസ്മാ (റ) യെക്കുറിച്ചാണ് അദ്ദേഹം ഓർത്തത് അവർ തനിക്കും ഉമ്മയെപ്പോലെയാണ് ഇടക്കിടെ കാണാൻ പോകും, സംസാരിക്കും സ്വന്തം മകനെപ്പോലെയാണ് തന്നെ കരുതിയത്
അതാ വരുന്നു ഒരു കുലീന വനിത നൂറ് തികയാറായ അവർക്ക് ധൃതിയിൽ നടക്കാൻ പ്രയാസമുണ്ട് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ആളെ മനസ്സിലായി
അസ്മാഅ് (റ)
മകന്റെ ശിരസ് കാണാൻ വരികയാണ്
മാതാവും പുത്രനും നേരിൽ കാണുന്ന ആ നിമിഷം അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഉൾക്കിടിലമുണ്ടായി
കുന്തത്തിൽ നാട്ടിയ മകന്റെ ശിരസ് അതിലേക്കു ഉറ്റുനോക്കുന്ന ഉമ്മ
അബ്ദുല്ലാഹിബ്നു ഉമർ (റ) അരികിലെത്തി സ്നേഹപൂർവ്വം വിളിച്ചു ഉമ്മാ....
അസ്മാ (റ) ക്ക് ആളെ മനസ്സിലായി
ഉമ്മാ.... ക്ഷമിക്കുക ശഹീദായ മകനെയോർത്ത് അഭിമാനം കൊള്ളുക
അവരുടെ മുഖത്ത് വല്ലാത്തൊരു പ്രകാശം പരന്നു അപ്പോൾ അവർക്ക് തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു അവർ അബ്ദുല്ലാഹിബ്നു ഉമർ (റ) വിനോട് പറഞ്ഞു:
ഞാൻ ക്ഷമിക്കും എന്തിന് ക്ഷമിക്കാതിരിക്കണം? യഹ്‌യാ നബി (അ) ന്റെ ശിരസ് ഇസ്റാഈലി വംശത്തിൽ പെട്ട ഒരു വേശ്യക്ക് സമ്മാനമായി സമർപ്പിക്കപ്പെട്ടില്ലേ?
തൊണ്ണൂറ്റി ഏഴ് വയസ്സുള്ള അസ്മാഅ് (റ) യുടെ ഉപമ കാലത്തെ ഞെട്ടിക്കുന്നതാണ്
ഇസ്റാഈലി വംശത്തിലെ നീചയായ വേശ്യയായിരുന്നു സലോമി അവളുടെ സന്തോഷത്തിനു വേണ്ടി ഒരു ദുഷ്ടൻ യഹ്‌യാ നബി (അ) ന്റെ ശിരസ് സമർപ്പിച്ചു
ഉമ്മ മകന്റെ ഘാതകർക്കു നൽകിയ കടുകടുത്ത ശിക്ഷയായിരുന്നു ആ വാക്കുകൾ
പത്ത് നാളുകൾ വെറും പത്ത് നാളുകൾ മകൻ വധിക്കപ്പെട്ട് പത്ത് നാളുകൾ കഴിഞ്ഞപ്പോൾ അസ്മാ ബീവി (റ) വഫാത്തായി ഏതാനും മാസങ്ങൾക്കു ശേഷം അബ്ദുല്ലാഹിബ്നു ഉമർ (റ) വും വഫാത്തായി
രണ്ടു മരണങ്ങൾ
മകന്റെയും ഉമ്മയുടെയും മരണങ്ങൾ അവ അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ പിടിച്ചുലച്ചുകളഞ്ഞു ജീവിതത്തിലുടനീളം സൂക്ഷ്മത പാലിച്ച മാഹാനായിരുന്നു ഇബ്നു ഉമർ (റ) ഹദീസുകൾ ഉദ്ധരിക്കാൻ പേടിയാണ് അക്ഷരം പോലും തെറ്റിപ്പോകരുത് അക്ഷരംപ്രതി ഓർമയുണ്ടെങ്കിൽ ഉദ്ധരിക്കും കണിശമായ അവിടുത്തെ രിവായത്ത് ഇത്രയും കണിശത പുലർത്താൻ മറ്റാർക്കുമായിട്ടില്ലെന്ന് സമകാലീനർ പറഞ്ഞിട്ടുണ്ട്
ഇബ്നു ഉമർ (റ) റിപ്പോർട്ട് ചെയ്തത് 2630 ഹദീസുകളാണ്
ഫത് വ നൽകുന്ന കാര്യത്തിലും പേടിയായിരുന്നു എന്തെങ്കിലും സംശയം തോന്നിയാൽ അറിയില്ല എന്ന് പറയും അങ്ങനെ പറയാൻ മടിയില്ല
മദീനയിലെ പ്രധാന മുഫ്തിമാർ ഇവരായിരുന്നു:
ഇബ്നു ഉമർ (റ), ഇബ്നു അബ്ബാസ് (റ), അബൂ സഈദിൽ ഖുദ്രി (റ), അബൂഹുറൈറ(റ) , ജാബിറുബ്നു അബ്ദില്ലാഹ് (റ)
ഇവരിൽ ഏറ്റവും കുറഞ്ഞ ഫത് വ നൽകിയത് ഇബ്നു ഉമർ (റ) അവർകളായിരുന്നു വ്യക്തമായ നിർദേശം വിശുദ്ധ ഖുർആനിലോ പരിശുദ്ധ ഹദീസിലോ ഉണ്ടോയെന്നു നോക്കും അതു നോക്കി ഫത് വ നൽകും യുക്തിക്കനുസരിച്ച് മതവിധികൾ നൽകിയില്ല
ചിലർ വരുന്നത് നല്ല ഉപദേശത്തോടെയായിരിക്കില്ല അതു വേഗത്തിൽ മനസ്സിലാക്കും അവരോട് അധികം സംസാരിക്കാൻ നിൽക്കില്ല വേഗം പറഞ്ഞുവിടും ഒരിക്കൽ ഒരു സദസ്സിലിരിക്കുകയായിരുന്നു ഇബ്നു ഉമർ (റ) ഒരാൾ ഒരു ചോദ്യം ചോദിച്ചു ഇബ്നു ഉമർ (റ) പറഞ്ഞു: അറിയില്ല
സദസ്സിലുള്ള പലരെയും ആ ഉത്തരം തൃപ്തിപ്പെടുത്തിയില്ല ഒരാൾ ചോദിച്ചു: താങ്കൾ അറിയില്ല എന്ന് ഉത്തരം പറയാൻ കാരണമെന്ത്?
ഇബ്നു ഉമർ (റ) ഇങ്ങനെ പറഞ്ഞു: ഒരാൾ ഒരു കാര്യം ചോദിച്ചു എനിക്ക് അക്കാര്യം അറിയില്ല അക്കാര്യം തുറന്നു പറഞ്ഞു
സ്വർഗംകൊണ്ടു സന്തോഷവാർത്ത അറിയിക്കപ്പെട്ടവർ പലരുമുണ്ട് ഇബ്നു ഉമർ (റ) ഇതുസംബന്ധമായി ഒരു സ്വപ്നം കണ്ടു അദ്ദേഹം തന്നെ അതു വിവരിക്കുന്നു
ഒരു ഈത്തപ്പനത്തോട്ടം അവിടെ ഒരു സദസ് നബി (സ) ആ സദസ്സിലിരിക്കുന്നു ഞാൻ കൗതുകത്തോടെ നോക്കിയിരിപ്പാണ്
അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു കടന്നിരിക്കാനനുവാദം ചോദിച്ചു
നബി (സ) സദസ്യരോട് പറഞ്ഞു: അബൂബക്കറിന് അനുവാദം നൽകുക അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷവാർത്തയും അറിയിക്കുക
അതു കഴിഞ്ഞു പിന്നെ വരുന്നു, എന്റെ ഉപ്പ ഉമർ (റ) വന്നു സമ്മതം ചോദിച്ചു
നബി (സ) പറഞ്ഞു: സമ്മതം നൽകിക്കോളൂ സ്വർഗമുണ്ടെന്ന് സന്തോഷവാർത്തയും അറിയിക്കൂ
അതും കഴിഞ്ഞു പിന്നെ വരുന്നു ഉസ്മാൻ (റ) അദ്ദേഹവും സമ്മതം ചോദിച്ചു
നബി (സ) പറഞ്ഞു: സമ്മതം കൊടുത്തോളൂ വലിയ പരീക്ഷണങ്ങളുണ്ടാവുമെന്നറിയിക്കുക സ്വർഗമുണ്ടെന്ന സന്തോഷവാർത്തയും അറിയിക്കൂ
ഉസ്മാൻ (റ) കരഞ്ഞു പിന്നെ ചിരിച്ചു
ഇതെല്ലാം കണ്ടപ്പോൾ ഞാൻ ഉൽകണ്ഠയോടെ നബി (സ) തങ്ങളോട് പറഞ്ഞു:
അല്ലാഹുവിന്റെ റസൂലേ.... ഞാനും നബി (സ) സന്തോഷത്തോടെ മറുപടി നൽകി:
നീ നിന്റെ ഉപ്പയുടെ കൂടെയായിരിക്കും
എന്തൊരു സന്തോഷ വാർത്തയാണ് ഇബ്നു ഉമർ (റ) വിന് കിട്ടിയത്
വിശുദ്ധ ഖുർആൻ ഓതുമ്പോൾ ശിക്ഷയുടെ ആയത്തുകൾ വരുമ്പോൾ ഇബ്നു ഉമർ (റ) പൊട്ടിക്കരയുമായിരുന്നു ഉപ്പ ഉമർ (റ)വും അങ്ങനെയായിരുന്നു
അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദാരമതിയായിരുന്നു തനിക്കു കിട്ടുന്നതെല്ലാം ദാനം ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു ഒരു മടിയുമില്ലായിരുന്നു....
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖