ശീസ് (അ), ഇദ് രീസ് (അ) 14


ഖാബീൽ വംശക്കാർ

വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ് ഇവർ അഞ്ച് പേരും മഹാത്മാക്കളായിരുന്നു. അഞ്ച് പേരും ഇദ് രീസ് (അ) ന്റെ മക്കളായിരുന്നുവെന്ന് പല രേഖകളിലും കാണാം. അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ച മഹാപുരുഷന്മാർ. അവർ അഞ്ചു പേരും മഹാ പണ്ഡിതന്മാരായിരുന്നു. ആദം (അ), ശീസ് (അ), ഇദ് രീസ് (അ) ഈ മഹാപ്രവാചകന്മാരെക്കുറിച്ചു നന്നായറിഞ്ഞവർ. സ്വുഹ്ഫുകൾ ഓതി പഠിച്ചവർ. അവരുടെ പാണ്ഡിത്യം വളരെയേറെ ജനങ്ങൾക്ക് ഉപയോഗപ്പെട്ടു. സന്മാർഗത്തിന്റെ പ്രകാശം പരന്നൊഴുകി. മനുഷ്യ മനസ്സുകളിലെ അന്ധകാരം പോയി. ഹൃദയത്തിന്റെ പ്രഭ പരന്നു ...

ജനങ്ങൾ അവരെ വല്ലാതെ ഇഷ്ടപ്പെട്ടു. അവരുടെ വാക്കുകൾ കേൾക്കാൻ വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. പുണ്യപുരുഷന്മാർ പറയുന്നതെന്തും അവർ വിശ്വസിക്കും. ഒന്നിലും ഒരു സംശയവുമില്ല. ആദ്യ പിതാവിനെക്കുറിച്ചും ആദ്യ മാതാവിനെക്കുറിച്ചും അവരിൽ നിന്നാണ് ജനങ്ങളറിഞ്ഞത്. സ്വർഗത്തിൽ കഴിഞ്ഞ മാതാപിതാക്കൾ. വിലക്കപ്പെട്ട പഴം തിന്നു പോയി. അത് കാരണം ഭൂമിയിലെത്തി. കഷ്ടപ്പാടുകളായി. മലക്കുകൾ വന്നു. സഹായം നൽകി. ജിബ്‌രീൽ (അ) നിരവധി തവണ വന്നു. സന്മാർഗത്തിന്റെ പാത കാണിച്ചു. അമലുകൾ പഠിപ്പിച്ചു. എല്ലാം മുറപോലെ ചെയ്തു...

ആദം (അ) വഫാത്തായി. നിശ്ചിതകാലം ഭൂമിയിൽ ജീവിച്ച ശേഷം മടങ്ങിപ്പോയി. ഹവ്വ (റ) യും മടങ്ങിപ്പോയി. അവർ പ്രബോധനം ചെയ്ത മതം ഇസ്ലാം മതം. മനുഷ്യവർഗ്ഗത്തോടൊപ്പം ഇസ്ലാം മതവും ഉണ്ടാവും അന്ത്യനാൾ വരെ. അതിലൂടെ ജനങ്ങൾ സന്മാർഗം പ്രാപിക്കും. ആദം (അ) പ്രബോധനം ചെയ്തത് ഇസ്ലാം. അതിന്റെ തുടർപ്രബോധനം നടത്തിയത് ശീസ് (അ). ഇപ്പോൾ ആ ദൗത്യം നിർവ്വഹിക്കുന്നത് ഇദ് രീസ് (അ). മഹാന്മാർ ജനങ്ങളെ പഠിപ്പിച്ചത് ഇതൊക്കെയാണ്. അഞ്ച് മഹാത്മക്കളും ഒരു കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി. മനുഷ്യവർഗത്തിന്റെ വലിയ ശത്രു. ശപിക്കപ്പെട്ട ഇബ് ലീസ്. അവന്റെ സന്താനപരമ്പരയായ ശൈത്വാൻമാർ. അവർ മനുഷ്യരെ ചതിക്കുഴിയിൽ ചാടിക്കും. സൂക്ഷിക്കുക. ആദം (അ)ന്റെ മൂത്ത പുത്രനെ അവൻ ചതിക്കുഴിയിൽ ചാടിച്ചു കളഞ്ഞു. ഖാബീലിനെ...

മനുഷ്യരെ ശൈത്വാൻമാർ വലവീശിപ്പിടിക്കും. ഏതാണ് ആ വല..?  സ്ത്രികളുടെ സൗന്ദര്യം. ശൈത്വാൻ ഒരു പുരുഷന്റെ മനസ്സിൽ കയറിക്കൂടുന്നു. അവന്റെ ചിന്തകളും, വികാരങ്ങളും, താല്പര്യങ്ങളും പിന്നെ ശൈത്വാൻ നിയന്ത്രിക്കുന്നു. പുരുഷൻ ഒരു സ്ത്രീയെ കാണുന്നു. പിന്നെയും പിന്നെയും അവളെ കാണാൻ ശൈത്വാൻ പുരുഷനെ പ്രേരിപ്പിക്കുന്നു. അവന്ന് അവളെ കാണാൻ അത്യാഗ്രഹം വരുന്നു. സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ അവനെ ശൈത്വാൻ എത്തിക്കുന്നു. അവളുടെ ശബ്ദം അവനെ കോരിത്തരിപ്പിക്കുന്നു. അവളുടെ നോട്ടം അവന്റെ കരളിലേക്കെത്തുന്നു. അവർ മാലാഖയാണെന്ന് പിശാച് മന്ത്രിക്കുന്നു. അവനത് വിശ്വസിക്കുന്നു. അവളില്ലാത്ത ജീവിതം സങ്കല്പിക്കാനാവില്ല. അവളെ വിവാഹം ചെയ്യാൻ ഒരാൾ വരുന്നു. പിശാച് വെറുതെയിരിക്കില്ല. അവൻ പുരുഷന്റെ ചെവിയിൽ ഓതിക്കൊടുക്കും. എന്ത്..? വിവാഹം കഴിക്കാൻ വന്ന ചെറുപ്പക്കാരനെ വകവരുത്തുക. പുരുഷൻ എന്ത് സാഹസത്തിന്നും തയ്യാർ. കാലാകാലങ്ങളിൽ ഇത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാകാലത്തും, എല്ലാ സമൂഹത്തിലും ഇത് നടക്കുന്നു...

മനുഷ്യവർഗത്തിൽ തന്നെ ഇത് നടന്നു. ഖാബീൽ... ആദം (അ)ന്റെ മൂത്ത പുത്രൻ. ആ പുത്രൻ പിതാവിന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. ഇബ്ലീസിന്റെ ഉപദേശം സ്വീകരിച്ചു. ഖാബീലിന്റെ മനസ്സ് ശൈത്വാന്റെ ഇരിപ്പിടമായി. സ്ത്രീ സൗന്ദര്യംകൊണ്ടാണ് ഇബ്ലീസ് വലവീശിയത്. ഇബ്ലീസ് ശാപം വാങ്ങി സ്വർഗത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോൾ അല്ലാഹുവിനോട് ദുആ ഇരന്ന് ചില ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കാനുള്ള അടവുകൾ. അവയിൽ പെട്ടതാണ് സ്ത്രീ സൗന്ദര്യം കൊണ്ട് വലവീശൽ. ഖാബീലിന്റെ ഇരട്ടപെറ്റ സഹോദരിയാണ് ഇഖ് ലീമ. ഇഖ് ലീമയുടെ ഓളം വെട്ടുന്ന സൗന്ദര്യം കൊണ്ട് ശൈത്വാൻ ഖാബീലിനെ വലവീശിപ്പിടിച്ചു. മറ്റൊരു പ്രസവത്തിൽ ജനിച്ച ഹബീൽ ആണ് ഇഖ് ലീമയെ വിവാഹം ചെയ്യേണ്ടത്. ഹബീലിന്റെ സഹോദരി ലബൂദയെ ഖാബീൽ വിവാഹം ചെയ്യണം. ഖാബീലിന്റെ മനസ്സിൽ ശൈത്വാൻ കയറിയപ്പോൾ ലബൂദയുടെ ഗുണങ്ങൾ കാണാൻ അയാൾക്ക് കഴിഞ്ഞില്ല. ഖാബീലിന്റെ മനസ്സിൽ പകയായി...

ഹാബീൽ ഇഖ് ലീമയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചു സങ്കല്പിക്കാൻ പോലും ഖാബീലിന്ന് കഴിഞ്ഞില്ല.ഖാബീൽ സഹോദരൻ ഹബീലിനെ വധിച്ചു. മഹാപാപം ചെയ്ത ഖാബീൽ. ഖാബീൽ ഇഖ് ലീമയെയും കൂട്ടി നാട് വിട്ടു. അവർ അരുതാത്തത് ചെയ്തു. ഇണകളായി ജീവിച്ചു. വിശുദ്ധിയില്ലാത്ത ജീവിതം. അവർ വഴി പിഴച്ചു. അവർക്ക് ജനിച്ച മക്കളും വഴിപിഴച്ചു. മക്കൾ വളർന്നു. വിവാഹിതരായി. തലമുറകളുണ്ടായി.  വഴിപിഴച്ചവരുടെ  സംഘം.  ദുർനടപ്പുകാരുടെ കൂട്ടം. അവർ സൈന്യം രൂപീകരിച്ചു. ഹബീൽ പരമ്പരയെ ശത്രുവായി കണ്ടു. ഹാബീൽ പരമ്പരക്കാരും, മറ്റു മക്കളുടെ പരമ്പരകളും ശീസ് നബി (അ) യുടെ  നേതൃത്വം അംഗീകരിച്ചു. സത്യവാദികളായി. ഖാബീൽ പരമ്പര സത്യത്തെ നശിപ്പിക്കാൻ നിലകൊണ്ടു...

ഇദ് രീസ് (അ)ന്റെ കാലം വന്നു. ഖാബീൽ സൈന്യം ശക്തി പ്രാപിച്ചു. അവർ യുദ്ധത്തിന്നു വന്നു. നേർക്കുനേരെയുള്ള യുദ്ധം. ആദ്യ അനുഭവമാണിത്. ചരിത്രത്തിൽ ആദ്യമായി വാളും പരിചയും ഉപയോഗിച്ചത് ഇദ് രീസ് (അ) ആകുന്നു. ഖാബീൽ സൈന്യത്തിനെതിരെയായിരുന്നു. സത്യം ജയിച്ചു. സത്യനിഷേധികൾ തകർന്നു. നിരവധി പേർ ബന്ധികളായി. അടിമകളായി. അവരിൽ നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചു നല്ല ജീവിതം നയിച്ചു. ഖാബീൽ വംശത്തിന്റെ ശക്തി പിന്നെയും വർദ്ധിക്കുകയായിരുന്നു...

ഇഖ് ലീമ അതീവ സുന്ദരിയായിരുന്നു. അവരുടെ പെൺമക്കളും സുന്ദരികൾ തന്നെ. ഖാബീൽ വംശത്തിലെ പെണ്ണുങ്ങളെല്ലാം സൗന്ദര്യവതികൾ. സൗന്ദര്യത്തിന്റെ പൊലിമ കൂട്ടുന്ന വസ്ത്രങ്ങളും ആദരണങ്ങളും ഏതൊക്കെയാണെന്ന് ശൈത്വാന്മാർ പറഞ്ഞു കൊടുത്തു. ഖാബീൽ വംശത്തിലെ സ്ത്രീകൾ ആ വംശത്തിലെ പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപെടും. സ്ത്രീ-പുരുഷന്മാർ സംഗമിക്കും. സംസാരിക്കും. തമാശകൾ പറയും. പൊട്ടിച്ചിരിക്കും. എത്ര നേരം വർത്തമാനം പറഞ്ഞിരുന്നാലും മതിവരില്ല. കൂടിക്കാഴ്ചകൾ നീണ്ടു പോയി. ശൈത്വാൻമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശൈത്വാൻമാർ പുതിയൊരു ആശയം രൂപപ്പെടുത്തി. ഖാബീൽ വംശത്തിലെ സ്ത്രീകളുടെ സൗന്ദര്യം കൊണ്ട് എതിർ ചേരിയിലെ പുരുഷന്മാരെ വലവീശുക. എതിർ ചേരിയിലെ പുരുഷന്മാർ ആരോഗ്യവാന്മാരും കാണാൻ നല്ല ചന്തമുള്ളവരുമാണ്. അവരെ വലവീശിപ്പിടിക്കണം. എന്ത് വഴി..?

 സത്യവിശ്വാസികളാണവർ. ഇദ് രീസ് (അ) അവരെ ഒന്നിപ്പിച്ചു നിർത്തിയിരിക്കുന്നു. അവരിൽ നിന്ന് കുറച്ചു പേരെ അടർത്തിയെടുക്കണം. സ്ത്രീ സൗന്ദര്യംകൊണ്ടവരെ വലവീശിപ്പിടിക്കണം. ശൈത്വാൻമാർ അതിന്ന് പദ്ധതി തയ്യാറാക്കി ...